അല്ലാഹു സത്യവിശ്വാസികള്‍ക്ക് സമ്മാനിച്ച രണ്ട് ആഘോഷദിനങ്ങളാണ് ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹായും. വര്‍ഷംതോറും രണ്ടു പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണ് ആവര്‍ത്തിച്ചു വരുക എന്നര്‍ത്ഥമുള്ള 'ഔദ്' എന്ന ക്രിയാധാതുവില്‍ നിന്നു 'ഈദ്' വന്നത്.

ഇസ്‌ലാം ഉദയം ചെയ്തപ്പോള്‍ ജനുവരി ഒന്നിനു നൈറൂസ് എന്ന പേരിലും തുലാം ഒന്നിന് മഹര്‍ജാന്‍ എന്ന നാമത്തിലും ജൂത-ക്രിസ്തീയ വിഭാഗം ആഘോഷ ദിനം കൊണ്ടാടിയിരുന്നു. കേവലം തീറ്റയും കുടിയും കുളിയുമായിരുന്നു അവരുടെ ആഘോഷം. നബി(സ) സ്വഹാബത്തിനോടു പറഞ്ഞു: അല്ലാഹു ഇവയേക്കാള്‍ ഉത്തമമായത് നിങ്ങള്‍ക്ക് പകരം തന്നിരിക്കുന്നു. വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണിത്. (അബൂദാവൂദ്, തുര്‍മുദി, മിര്‍ഖാത്ത് 2/252)

പെരുന്നാളില്‍ മുസ്‌ലിംകള്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളും അനുവദനീയമായ വിനോദവും ഇസ്‌ലാം സമഗ്രമായി വിവരിച്ചു തന്നിട്ടുണ്ട്. കര്‍മ്മശാസ്ത്ര പണ്ഡിതര്‍ തെളിവിന്റെ വെളിച്ചത്തില്‍ അവ സ്പഷ്ടമാക്കിയിട്ടുണ്ട്.

ഉള്ഹിയ്യത്ത്

ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുളള സമയങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി പ്രത്യേക നിബന്ധനകളോടെ അറക്കപ്പെടുന്ന മൃഗങ്ങള്‍ക്കാണ് ഉള്ഹിയ്യത്തെന്നു പറയുക. സൂര്യന്‍ ഉദിച്ച ശേഷമുള്ള ആദ്യസമയം എന്നര്‍ത്ഥമുള്ള 'ളഹ്‌വത്ത്' എന്ന പദത്തില്‍ നിന്നു വന്നതാണ് ഉള്ഹിയ്യത്ത്. ബലിപെരുന്നാള്‍ ദിനത്തിലെ ളുഹാ നിസ്‌കാരത്തിന്റെ സമയത്താണ് മൃഗബലിയുടെ ആദ്യസമയം വന്നെത്തുന്നത് എന്ന ബന്ധം പരിഗണിച്ചാണ് ഈ നാമം വന്നത്. (തുഹ്ഫ 9/343)

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ മൂന്നു പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഉള്ഹിയ്യത്ത്. ബലിപെരുന്നാള്‍ ദിന ചെലവുകള്‍ കഴിച്ച് ഉള്ഹിയ്യത്തിനുതകുന്ന ധനം വല്ലതും ബാക്കിവന്ന, പ്രായ പൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്തു കര്‍മം നടത്തല്‍ ശക്തമായ സുന്നത്താണ്. നബി(സ) തങ്ങള്‍ക്ക് ഉള്ഹിയ്യത്തറക്കല്‍ നിര്‍ബന്ധമായിരുന്നു. (തുഹ്ഫ, ശര്‍വാനി 9/344)

നബി(സ) പറഞ്ഞു: ''ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ഉള്ഹിയത്തിനേക്കാള്‍ അവനുഇഷ്ടപ്പെട്ട ഒരു കര്‍മവുമില്ല. കൊമ്പ്, കുളമ്പ് എന്നിവയൊന്നും നഷ്ടപ്പെടാതെ അറക്കപ്പെടുന്ന മൃഗം പൂര്‍ണ രൂപത്തില്‍ അന്ത്യനാളില്‍ ഹാജരാക്കപ്പെടും. ഭൂമിയില്‍ അതിന്റെ രക്തം വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹു ആ കര്‍മത്തെ സ്വീകരിക്കുന്നതാണ്. അതിനാല്‍ ഉള്ഹിയ്യത്ത് അറത്തുകൊണ്ട് ശരീരശുദ്ധിവരുത്തുക.''(തുര്‍മുദി)

പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് അവരുടെ ധനത്തില്‍നിന്നു സന്താനങ്ങള്‍ക്കു വേണ്ടി ഉള്ഹിയ്യത്തറക്കാവുന്നതാണ്. അറത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയത്തിന്റെയും പ്രതിഫലം ലഭിക്കും. കുട്ടിയുടെ ധനത്തില്‍നിന്ന് ഉള്ഹിയത്തറക്കാന്‍ പാടില്ല. (ഹാശിയത്തുന്നിഹായ, ശര്‍വാനി 9/367)

ഉള്ഹിയത്തറക്കാന്‍ ഉദ്ദേശിച്ചവന്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചതു മുതല്‍ അറവ് നടത്തുന്നതുവരെ ശരീരത്തിലെ മുടി, നഖം ആദിയായ ഒന്നും നീക്കാതിരിക്കല്‍ സുന്നത്തും നീക്കല്‍ കറാഹത്തുമാണ്. ഒന്നിലധികം മൃഗത്തെ അറക്കുന്നുവെങ്കില്‍ ഒന്നിനെ അറവ് നടത്തുന്നതോടുകൂടി കറാഹത്ത് നീങ്ങും. എങ്കിലും ഉത്തമം എല്ലാത്തിനെയും അറക്കുന്നതുവരെ നീക്കാതിരിക്കലാണ്. (തുഹ്ഫ 9/347, ശര്‍വാനി, മുഗ്‌നി 4/284)

ഒന്നിലധികം അംഗങ്ങളുള്ള കുടുംബത്തിനു ഉള്ഹിയത്ത് സുന്നത്തു കിഫായാണ്. കുടുംബത്തില്‍ ഒരാള്‍ അറത്താല്‍ മറ്റെല്ലാവരെ തൊട്ട് സുന്നത്തായ ത്വലബ് (തേട്ടം) ഒഴിവാകും. അറത്തവനു മാത്രമേ പ്രതിഫലം ലഭിക്കൂ. (തുഹ്ഫ 9/345)

മാംസലഘൂകരണത്തിനോ മാംസം ചീത്തയാകുന്നതിനോ നിമിത്തമാകുന്ന ന്യൂനതയുള്ളത് മതിയാവില്ല. ഗര്‍ഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞുപോകല്‍ എന്നിവയൊന്നും മൃഗത്തിനുണ്ടാവരുത്. ഉള്ഹിയ്യത്തറക്കാന്‍ ഉദ്ദേശിച്ചവന്‍ പുരുഷനാണെങ്കില്‍ അവന്‍ തന്നെ അറക്കലാണ് പുണ്യം. സ്ത്രീയുടെ ഉള്ഹിയ്യത്താണെങ്കില്‍ പുരുഷനെ ഏല്‍പ്പിക്കലാണ് നല്ലത്. (തുഹ്ഫ 9/148)

മൃഗത്തെ ഖിബ്‌ലയിലേക്ക് തിരിക്കുക, അറക്കുന്നവന്‍ ഖിബ്‌ലയിലേക്ക് മുന്നിടുക, അറവ് സമയം ബിസ്മി ചൊല്ലുക, നബി(സ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക, ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു പ്രാവശ്യം തക്ബീര്‍ ചൊല്ലുക, ഉള്ഹിയ്യത്തു സ്വീകരിക്കാന്‍ പ്രാര്‍ത്ഥന നടത്തുക എന്നിവ ഉള്ഹിയ്യത്തു സമയം പാലിക്കേണ്ട സുന്നത്തുകളില്‍പ്പെട്ടതാണ്. (തര്‍ശീഹ് 205) അറവ് കഴിഞ്ഞ ശേഷം രണ്ട് റക്അത്തു നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (അല്‍ബറക 411) ഒരു മൃഗത്തെ അറത്തു കത്തി കഴുകാതെ തന്നെ അതുകൊണ്ട് വീണ്ടും അറക്കുന്നതിനു വിരോധമില്ല. (തുഹ്ഫ 1/176)

നിയ്യത്ത്

ഉള്ഹിയ്യത്ത് അംഗീകരിക്കപ്പെടാന്‍ നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്തു ഞാന്‍ അറക്കുന്നു. ഞാന്‍ അറക്കാന്‍ കരുതുന്നു എന്നെല്ലാം നിയ്യത്ത് ചെയ്യാം. അറവിനു മറ്റൊരാളെ ഏല്‍പ്പിക്കുമ്പോള്‍ നിയ്യത്തും ഏല്‍പ്പിക്കാവുന്നതാണ്. ഉള്ഹിയ്യത്തിന്റെ വിഷയത്തിലുള്ള കര്‍മശാസ്ത്രവശം പഠിച്ചവരെ ഏല്‍പ്പിക്കലാണ് പുണ്യം. (ശര്‍വാനി 9/348)

സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസത്തില്‍ നിന്നും അല്‍പമെങ്കിലും സകാത്തുവാങ്ങാന്‍ അര്‍ഹതപ്പെട്ട ഫഖീര്‍, മിസ്‌കീനിനു നല്‍കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ നല്‍കലോടെ ഉള്ഹിയ്യത്ത് നിറവേറിയെന്നു പറയാവുന്നതാണ്. സംഘടിതമായ ഉള്ഹിയ്യത്തിലും ഓരോര്‍ത്തരുടെ ഓഹരിയില്‍ നിന്നും അല്‍പമെങ്കിലും അവകാശികള്‍ക്കെത്തണം. (ഇബ്‌നു ഖാസിം 9/394 നോക്കുക.)

ഒന്നിലധികം പേര്‍ പങ്കുചേര്‍ത്തറക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഏല്‍പ്പിച്ചതു പ്രകാരം ഒരാളോ അവര്‍ എല്‍പ്പിക്കുന്നതുപ്രകാരം പുറത്തുള്ളവരോ അറവും വിതരണവും നടത്തല്‍ സാധുവാണ്. താന്‍ ഓഹരി ചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുടമയും അറിയണം. മഹല്ലു കമ്മിറ്റിക്കാരോ മറ്റോ ഒരു നിശ്ചിത സംഖ്യ കണക്കാക്കി നിരവധി പേരില്‍ നിന്നും പണം സ്വരൂപിച്ച് നിരവധി മൃഗങ്ങളെ ഒന്നിച്ചുവാങ്ങി അറവ് നടത്തുന്ന ഒരു സമ്പ്രദായം ഇന്ന് ചില നാടുകളില്‍ കാണുന്നു. അത് അസ്വീകാര്യവും തെറ്റുമാണ്. അത് ഒരിക്കലും ഉള്ഹിയ്യത്തായി പരിഗണിക്കില്ല. ഓരോ ഷെയറുകാരനും തന്റെ ഓഹരി ഏത് മൃഗത്തിലാണെന്നോ ആ ഓഹരിയുള്ള മൃഗത്തിന്റെ വിലയെത്രയാണെന്നോ ആ വിലയുടെ ഏഴിലൊന്ന് താന്‍ കൊടുത്ത കാശുണ്ടോ എന്നൊന്നും ഈ പറഞ്ഞ സംഘടിത രൂപത്തിലാവുമ്പോള്‍ അവന്‍ അറിയുന്നില്ല. ഉള്ഹിയ്യത്ത് സാധുവാകാന്‍ ഇതെല്ലാം അറിയേണ്ടതുണ്ട്.

ഉള്ഹിയ്യത്തു നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകും. നിര്‍ബന്ധ ഉള്ഹിയ്യത്ത് മുഴുവനും ദരിദ്രര്‍ക്ക് വിതരണം ചെയ്യണം. സുന്നത്തും ഫര്‍ളുമായ ഉള്ഹിയ്യത്തിന്റെ തോല് വില്‍പന നടത്തല്‍ നിഷിദ്ധമാണ്. വില്‍പന സാധുവല്ല. (തുഹ്ഫ 9/365)

തക്ബീര്‍

പെരുന്നാള്‍ പ്രമാണിച്ച് മഹത്തായ ഒരു പുണ്യകര്‍മമാണ് തക്ബീര്‍. രണ്ടു വിധമാണിത്. ഒന്ന്, മുര്‍സലായ തക്ബീര്‍. പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതു വരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണിത്. മുത്വ്‌ലഖായ തക്ബീര്‍ എന്നും ഇതിന് പേരുണ്ട്. പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിസ്‌കരിക്കുന്നില്ലെങ്കില്‍ സ്വന്തമായി നിസ്‌കരിക്കുന്നതു വരെ തക്ബീര്‍ ചൊല്ലാനുള്ള സമയമുണ്ട്. പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാത്തവന്‍ ളുഹ്‌റിന്റെ സമയം പ്രവേശിക്കുന്നതുവരെയും. രണ്ട്, മുഖയ്യദായ തക്ബീര്‍. അറഫ ദിനം, സുബ്ഹ് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനം വരെയാണ് ഇതിന്റെ സമയം. ഈ സമയത്തു നിസ്‌ക്കരിക്കുന്ന എല്ലാ നിസ്‌കാരങ്ങളുടെയും ഉടനെയും ഈ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. നിസ്‌കാരാനന്തരമുളള ദിക്ര്‍, ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. മുഖയ്യദായ തക്ബീര്‍ ചെറിയ പെരുന്നാളിനില്ല.

ദുല്‍ഹിജ്ജയുടെ ആദ്യ പത്തു ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നിവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു അക്ബര്‍ എന്നു ഒരു തവണ ചൊല്ലല്‍ സുന്നത്തുണ്ട്. (ശര്‍വാനി 3/54)

തക്ബീറുകളില്‍ വളരെ പുണ്യമുള്ള വചനം 'അല്ലാഹു അക്ബറുല്ലാഹു... വലില്ലാഹില്‍ ഹംദ്' എന്ന പ്രസിദ്ധിയാര്‍ജ്ജിച്ച തക്ബീറാണ്. ഈ വാചകത്തിലെ ആദ്യത്തെ മൂന്നു തക്ബീര്‍ ചേര്‍ത്തുകൊണ്ട് (അല്ലാഹു അക്ബറുല്ലാഹു) ഉച്ചരിക്കണം. മുറിച്ചു മുറിച്ചല്ല(അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍) ചൊല്ലേണ്ടത്. (അദ്കാര്‍ പേജ് 156)

പെരുന്നാള്‍ ഖുത്വുബ

നബി(സ)യുടെ ഉമ്മത്തിന്റെ സവിശേഷതയാണ് പെരുന്നാള്‍ നിസ്‌കാരം. മുന്‍സമുദായങ്ങള്‍ക്കൊന്നും അത് നിയമമാക്കപ്പെട്ടിട്ടില്ല. പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ പുരുഷന്‍മാര്‍ക്ക് രണ്ട് ഖുത്ബ സുന്നത്തുണ്ട്. അവരില്‍ ആരെങ്കിലും ഒരാള്‍ ഇത് നിര്‍വഹിക്കണം. സ്ത്രീകള്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന നിസ്‌കാരശേഷം ഖുതുബ സുന്നത്തില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണല്ലോ കൂടുതല്‍ പുണ്യം. (മഹല്ലി 1/222) മഅ്മൂമുകള്‍ മുഴുവന്‍ സ്ത്രീകളാണെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി പുരുഷന്‍ ഖുതുബ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. (ശര്‍വാനി 3/40)

ഒന്നും രണ്ടും ഖുത്വുബയിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ ഓരോന്നും മുറിച്ച് മുറിച്ചു (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) കൊണ്ടാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. ഖത്വീബുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണം. (തുഹ്ഫ 3/46, നിഹായ 2/392)

ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ വര്‍ധിപ്പിക്കലും ഖുത്വുബയുടെ ആദ്യത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ക്കു പുറമെ രണ്ടു ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ കൊണ്ടു പിരിക്കലും സുന്നത്താണെന്നു ഇമാം സുബ്കി(റ) പ്രസ്താവിച്ചിട്ടുണ്ട്. (അലിയ്യുശ്ശബറാമല്ലിസി 2/392)

അപ്പോള്‍ രണ്ടാം ഖുത്വുബ നിര്‍വഹിക്കാന്‍ ഏഴുന്നേറ്റു നിന്ന ശേഷം 'അല്ലാഹു അക്ബര്‍' എന്നു ഒരു തവണ ചൊല്ലി സുബ്ഹാനല്ലാഹ് എന്നതിന്റെ തോതില്‍ മൗനം പാലിച്ചു ഏഴ് തക്ബീര്‍ ചൊല്ലി ഖുത്വുബ ആരംഭിക്കണം. (തഖ്‌രീറു ഫത്ഹുല്‍ മൂഈന്‍, പേജ് 101)

പെരുന്നാള്‍ ആശംസ

പെരുന്നാളിന് പരസ്പരം ആശംസകള്‍ അര്‍പ്പിക്കല്‍ സുന്നത്താണ്. ''തഖബ്ബലല്ലാഹു മിന്നാ വമിന്‍കും' (അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കട്ടെ) എന്ന വചനമാണ് ഇമാം ബുഖാരി(റ) ആശംസാവചനമായി ഉദ്ധരിച്ചത്. എന്നാല്‍, ഈ ആശംസയോടൊപ്പം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. അതു സുന്നത്തില്ലെന്നു മാത്രമല്ല കറാഹത്തും കൂടിയാണ്. ഈ ബിദ്അത്തു നാം പ്രചരിപ്പിക്കരുത്. ശാഫിഈ മദ്ഹബിന്റെ വീക്ഷണപ്രകാരം ദീര്‍ഘയാത്ര കഴിഞ്ഞു വരുന്നവരെ സ്വീകരിക്കുമ്പോള്‍ മാത്രമാണ് കെട്ടിപ്പിടിച്ചാശ്ലേഷിക്കല്‍ സുന്നത്തൊള്ളൂ. സ്വഹാബികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ കൈ പിടിച്ചു മുസാഫഹത്തു ചെയ്യും. യാത്രകഴിഞ്ഞു വരുമ്പോള്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്യും. (ത്വബ്‌റാനി) സജ്ജനങ്ങളുടെയോ സയ്യിദന്മാരുടെയോ പണ്ഡിതന്‍മാരുടെയോ കൈകള്‍ പിടിച്ചു മുസാഫഹത് ചെയ്യുമ്പോള്‍ കൈ ചുംബിക്കല്‍ സുന്നത്താണ്. (മുസാഫഹത് നടത്തിയ തന്റെ കൈ സ്വയം ചുംബിക്കുന്നതും പുണ്യം തന്നെ.) (ബിഗ്‌യ: 187 നോക്കുക)

വിനോദം അനുവദനീയവും പ്രോത്സാഹനമര്‍ഹിക്കുന്നതുമായ കായികവിനോദവും പാട്ടുകളും ആസ്വദിക്കുന്നതും നടത്തുന്നതും പെരുന്നാള്‍ ദിനങ്ങളില്‍ അനുവദിക്കപ്പെട്ടതാണ്. ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ ഏതാനും പെണ്‍കുട്ടികള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ) അവിടെ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച സിദ്ദീഖ്(റ) ഇതു കണ്ട് മകളെ ശകാരിച്ചു ''നബി തങ്ങള്‍ കിടക്കുമ്പോളാണോ ഈ പാട്ട്?'' -സിദ്ദീഖ്(റ) ചോദിച്ചു. നബി(സ) മുഖം തുറന്നു സിദ്ദീഖ്(റ)നോട് പറഞ്ഞു: ''അബൂബക്കര്‍, ഇന്ന് പെരുന്നാളെല്ലേ  അവര്‍ പാടി ആസ്വദിക്കട്ടെ.''

ഒരു പെരുന്നാള്‍ ദിനത്തില്‍ അന്നത്തെ പ്രധാന യുദ്ധോപകരണമായ ചെറുകുന്തങ്ങളെറിഞ്ഞും അതുകൊണ്ടു കുത്തിയും പരസ്പരം കളിച്ചു നബി(സ) തങ്ങളെ കാണാന്‍ മസ്ജിദുന്നബവിയിലേക്ക് വന്ന അബ്‌സീനിയന്‍ സംഘത്തിന്റെ കായിക പരിശീലനവും വിനോദവും ആയിശ(റ)യുടെ വീടിന്റെ വാതില്‍ക്കലില്‍ നിന്നു വീക്ഷിച്ച നബി തങ്ങളോടൊപ്പം നബിയുടെ മറവില്‍ അരികുപറ്റി പ്രിയപത്‌നി ആഇശ(റ)യും കാണാന്‍ തുനിഞ്ഞപ്പോള്‍ നിനക്കും കാണണോ എന്നു ചോദിച്ചുകൊണ്ട് നബി(സ) അവരോട് വീണ്ടും കളിക്കാനാവശ്യപ്പെടുകയും മണവാട്ടിയായ ആഇശ(റ)യുടെ പൂതി തീരുവോളം വാതില്‍പടിയില്‍ നിന്നുകൊടുക്കുകയും ചെയ്ത സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹുല്‍ മുസ്‌ലിമിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം വിലക്കു കല്‍പ്പിക്കാത്ത ഏത് വിനോദവും നടത്താം, കാണാം, ആസ്വദിക്കാം. പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന പെരുന്നാളില്‍ ഇബാദത്തില്‍ മുഴുകി ധന്യമാക്കാന്‍ ശ്രമിക്കുക. അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter