പെരുന്നാള്‍ സുന്നത്തുകള്‍
പെരുന്നാള്‍ മഹത്തരമായൊരു ആരാധനയാണെന്ന് നാം പറഞ്ഞു. അത് കൊണ്ട് തന്നെ ഈ ആരാധന പൂര്‍ണ്ണമാകാനും അതിന്റെ പൂര്‍ണ്ണ പ്രതിഫലം ലഭിക്കാനും ധാരാളം അനിവാര്യ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങളും സുന്നത്തുകളും ചേരുവകളും ഒന്നിച്ചു വരുമ്പോഴാണ് പെരുന്നാള്‍ സുദിനം ധന്യമാകുന്നത്.
പെരന്നാള്‍ പ്രഭാതമാകുന്നതോടെ അതിന്റെ സുന്നത്തുകള്‍ ആരംഭിക്കുന്നു.പെരുന്നാള്‍ കുളി കുളിക്കുക എന്നതാണ് ആദ്യത്തേത് . ഇത് കേവലം ഒരു കുളിയായി നമ്മള്‍ മനസ്സിലാക്കരുത്. ്‌പെരുന്നാളിന്റെ സുന്നത്ത് കുളിയെ ഞാന്‍ കുളിക്കുന്നു വെന്ന നിയ്യത്തോടെ തന്നെവേണം കുളി നടക്കാന്‍. എങ്കിലേ കുളിയുടെ പ്രതിഫലം ലഭിക്കുകയുള്ളൂ. അല്ലാതെ, കുറെ എണ്ണ തേച്ച് പുതിയ സോപ്പ് ഉപയോഗിച്ച് കുളിച്ചത് കൊണ്ട് കാര്യമില്ല. നിയ്യത്തുകള്‍ കൊണ്ടാണ് ആരാധനകള്‍ സ്വീകരിക്കപ്പെടുന്നത്. അര്‍ദ്ധരാത്രിയോടെയാണ് പെരുന്നാള്‍ കുളിക്കുള്ള സമയം പ്രവേശിക്കുക. അതിന് ശേഷം നിസ്‌കാരത്തിന് മുമ്പ് എപ്പോഴും അത് നിര്‍വ്വഹിക്കാവുന്നതാണ്.
സുഗന്ധം പൂശല്‍, പുതിയ വസ്ത്രം ധരിക്കല്‍,ഭംഗിയുള്ള വസ്ത്രം ധരിക്കല്‍ തുടങ്ങിയവയാണ് മറ്റുസുന്നത്തുകള്‍. പള്ളിയിലേക്കു പോകാന്‍ ഒരു വഴിയും തിരിച്ചുവരാന്‍ മറ്റൊരു വഴിയും തെരെഞ്ഞെടുക്കല്‍ നല്ലതാണ്. പോവുന്നത് ദൂരം കൂടിയ വഴിയിലൂടെയും തിരിച്ചുവരുന്നത് ദൂരം കുറഞ്ഞ വിഴിയിലൂടെയും ആകേണ്ടതാണ്. ചവിട്ടടികള്‍ക്കനുസരിച്ച് പ്രതിഫലം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്.
തക്ബീര്‍ ചൊല്ലല്‍ പെരുന്നാളിന്റെ മധുരവും സൗന്ദര്യവും മുറ്റിനില്‍കുന്നതാണ് തക്ബീര്‍ ധ്വനികള്‍. സമയാവുന്നതോടെ വിശ്വാസിയുടെ അധരങ്ങളില്‍ നിന്നും തക്ബീറിന്റെ മന്ത്ര ധ്വനികള്‍ ഉയരുന്നു. അത് കേട്ടുകൊണ്ടാണ് ഇതരമതസ്ഥര്‍ പെരുന്നാളിന്റെ സമാഗമം മനസ്സിലാക്കുന്നത.് വിശ്വാസികള്‍ തന്നെ അതിന്റെ മായാവലയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അന്തരീക്ഷം മുഴുക്കെ ദിവ്യസ്മരണകള്‍ കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്.പെരുന്നാളില്‍ മനുഷ്യന്‍ പുനര്‍ജനിക്കുന്നതിന്റെ മറ്റൊരു ഘട്ടമാണിത്. ഏകനായ റബ്ബിന്റെ പരീക്ഷണത്തില്‍ വിജയിച്ചതിന് നന്ദി സൂചകമായി മഹാനായ ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ജിബ്‌രീലും മുഴക്കിയ തക്ബീര്‍ ധ്വനികളുടെ അനുരണനങ്ങളാണിവ. അവ ഇന്നും മാലോകര്‍ക്കുമുമ്പില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തൗഹീദിന്റെ ഈ വിജയാഘോഷങ്ങള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. ഒരു നിമിഷം നമുക്കിത് ഏറ്റുചെല്ലാം.....അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹുഅക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
പ്രധാനമായും പെരുന്നാളിനോട് അനുബന്ധിച്ച് ചൊല്ലുന്ന തക്ബീറുകള്‍ മൂന്ന് വിധത്തിലാണ്. ചെല്ലേണ്ട സമയത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണയം.
ആദ്യമായി ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്ത് വരെയുള്ളകാലം . അതിനിടക്ക് ആട്, മാട്, ഒട്ടകം തുടങ്ങിയവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നാല്‍ക്കാലി മൃഗങ്ങളെ അവര്‍ക്ക് നല്‍കിയതിന് അറിയപ്പെട്ട ചില നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തനം ചെയ്യാന്‍ വേണ്ടി(സൂറത്തുല്‍ ഹജ്ജ് 28)എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണിത്. അറിയപ്പെട്ട ദിനസങ്ങള്‍ എന്നത് കൊണ്ടുള്ള വിവക്ഷ ദുല്‍ ഹിജ്ജ് മാസം ഒന്നുമുതല്‍ പത്ത് വരെ ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ്(റ)വും ഇമാം ശാഫിഈ(റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
പെരുന്നാളിന്റെ രാത്രി മഗ്‌രിബ് മുതല്‍ നേരം വെളുത്ത് പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം തക്ബീര്‍ കെട്ടുന്നത്‌വരെ ചെല്ലുന്ന തക്ബീറാണ് രണ്ടാമത്തേത്. രണ്ട് പെരുന്നാളിലും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരത്തിന് ശേഷം എന്നോ മറ്റോഉള്ള ഉപാധികള്‍ ഇല്ലാത്തതിനാല്‍ മുഥ്‌ലഖായ അഥവാ മുര്‍സലായ തക്ബീര്‍എന്നാണ് ഇവ അറിയപ്പെടുന്നത്. നിസ്‌കാരാനന്തരം ഇത് ചൊല്ലുന്നപക്ഷം നിസ്‌കാര ശേഷമുള്ള ദിക്‌റുകളും ദുആയും കഴിഞ്ഞ ശേഷംമാത്രമേ ചൊല്ലാന്‍ പാടുള്ളൂ. നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിന് അല്ലാഹുവിന് തക്ബീര്‍ചൊല്ലുവാനും(2:185) എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇത് ചെറിയ പെരുന്നാളിനുള്ള തെളിവാണെങ്കിലും വലിയ പെരുന്നാളും ഇതിലേക്ക് ഖിയാസാക്കി പരിഗണിക്കപ്പെടുന്നു.
പുരുഷന്മാര്‍ ശബ്ദമുയര്‍ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്. എന്നാല്‍ അന്യപുരുഷന്മാരുള്ളിടത്ത് സ്ത്രീകള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ല. ആരുമില്ലെങ്കില്‍ അവര്‍ക്കും ഉച്ചത്തില്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പക്ഷേ പുരുഷന്മാരെ പോലെ ശബ്ദമുഖരിതമാക്കേണ്ടതില്ല എന്നുമാത്രം. ഈ തക്ബീറിന് എവിടെ വെച്ച് എങ്ങനെയെന്ന യാതൊരു നിബന്ധനയുമില്ല. എവിടെ വെച്ചും എപ്പോഴും അത് ചൊല്ലിക്കൊണ്ടേയിരിക്കണം. വീടുകളും പള്ളികളും റോഡുകളും അങ്ങാടികളും തക്ബീര്‍കൊണ്ട് മുഖരിതമാകണം. നിന്നും ഇരുന്നും കിടന്നും നടന്നും തക്ബീര്‍ ചൊല്ലാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, ദിക്ര്‍ ചൊല്ലല്‍, സ്വാലാത്ത് തുടങ്ങിയവയേക്കാള്‍ പെരുന്നാളിന്റെ രാത്രി തക്ബീര്‍ ചൊല്ലുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.
ഉപാധി (മുഖയ്യദ്)യുള്ള തക്ബീറുകളാണ് മൂന്നാമത്തേത്. നിസ്‌കാരത്തിന്റെശേഷം എന്ന ഉപാധിയുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. അറഫ ദിവസത്തിലെ സുബ്ഹ് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്നിലെ അസ്‌റ് വരെയുള്ള ഓരോ നിസ്‌കാര ശേഷവും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. തക്ബീറുകള്‍ ചൊല്ലിയ ശേഷമാണ് നിസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകള്‍ ചൊല്ലേണ്ടത്. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമെ ഈ സമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്‌കാരങ്ങള്‍, ഖളാഅ് വീട്ടുന്ന നിസ്‌കാരങ്ങള്‍, ജനാസ നിസ്‌കാരം തുടങ്ങിയവക്ക് ശേഷവും തക്ബീര്‍ സുന്നത്താണ്. എന്നാല്‍ തക്ബീര്‍ സുന്നത്തുള്ള കാലയളവില്‍ നഷ്ടപ്പെട്ട നിസകാരം പിന്നീട് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ ചൊല്ലേണ്ടതില്ല. നിശ്ചിത സമയം കഴിഞ്ഞ് പോയി എന്നത്‌കൊണ്ടാണിത്. എന്നാല്‍ നിസ്‌കാര ശേഷം അത് ചൊല്ലാന്‍ മറന്നുപോയാല്‍ ഓര്‍മ്മ വരുമ്പോള്‍ അത്‌വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍ അയ്യാമുത്തശ്‌രീഖ് കഴിയുന്നതോടെ അതിനുള്ളഅവസരവും നഷ്ടമാകുന്നു.
പെരുന്നാള്‍ രാവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കല്‍ പ്രതിഫലമുള്ള കാര്യമാണ്. പെരുന്നാളിന്റെ രണ്ട് രാത്രിയും ഒരാള്‍ ഇബാദത്തുകള്‍ കൊണ്ട് സജ്ജീവമാക്കിയാല്‍ മരിക്കുന്ന ദിവസം അയാളുടെ ഹൃദയം മരിക്കില്ല എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പെരുന്നാള്‍ രാവും വെള്ളിയാഴ്ച്ചരാവും ഒത്ത്‌വരുമ്പോള്‍ അന്നത്തെ സുകൃതങ്ങളുടെ പ്രതിഫലം ഇരട്ടിയായിട്ടാണുണ്ടാവുക. വെള്ളിയാഴ്ചദിവസത്തെപോലെ പെരുന്നാള്‍ ദിവസവും പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള ദിവസങ്ങളാണ്.
Leave A Comment