സമസ്ത

മലയാളക്കരയിലെ മുസ്‌ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബിദ്അത്തിന്റെ കരിനാഗങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിനു മേല്‍ പത്തി വിടര്‍ത്തി ആടിയ ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിക്കാന്‍ മുഖ്യധാരാ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഉമ്മത്തിനെ മൊത്തത്തില്‍ വിവുങ്ങാന്‍ മുഅ്തസിലിയ്യത്ത് വാപിളര്‍ത്തി നില്‍ക്കുമ്പോഴാണല്ലോ അഹ്‌ലുസുന്നയുടെ തേരുതെളിയിച്ചുകൊണ്ട് ഇമാം അശ്അരി(റ) മുന്നോട്ടുവന്നത്. അഹ്‌ലേ ഹദീസും ദയൂബന്ദിയ്യത്തും ഉത്തരേന്ത്യയില്‍ കാലൂഷ്യം പരത്താല്‍ ഒരുമ്പെട്ടപ്പോഴാണ് അഅ്‌ലാ ഹസ്‌റത്ത് പൊതുസമൂഹത്തെ സംഘടിപ്പിച്ചു സുന്നീ സരണിയെ ശക്തിപ്പെടുത്തിയതും. ഇപ്രകാരം ഐക്യസംഘക്കാര്‍ ബിദ്അത്തിന്റെ വിഷബീജങ്ങള്‍ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ സംഘടിക്കുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു രൂപം നല്‍കുന്നതും. 1925-ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട് ചേരുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ വെച്ച് സംഘടിത രൂപം പ്രാപിച്ച മതനവീകരണ ചിന്തകള്‍ മലബാറിലും വ്യാപിപ്പിക്കുകയായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യം ഇതു തിരിച്ചറിഞ്ഞ ഉലമാക്കള്‍ 1925-ല്‍ തന്നെ കോഴിക്കോട് ജുമുഅത്തു പള്ളിയില്‍ ഒരുമിച്ചുകൂടുകയും ഒരു താല്‍ക്കാലിക കമ്മിറ്റിക്കു രൂപം നല്‍കുകയും ചെയ്തു.

സൂഫീവര്യനായിരുന്ന മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും പാറോല്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായിരുന്നു. കേരളത്തിലെ ഉലമാക്കളില്‍ നല്ലൊരു വിഭാഗം ദര്‍സിലും ഇബാദത്തിലുമായി ഒതുങ്ങിക്കഴിയുന്നവരായിരുന്നു. വറഇന്റെയും ഇഖ്‌ലാസിന്റെയും പ്രതീകങ്ങളായ ആ പണ്ഡിതന്മാര്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരക്കാരെ ഒരു പണ്ഡിത സഭയുടെ പ്രസക്തിയെക്കുറിച്ചും ബിദ്അത്തിന്റെ കുതന്ത്രങ്ങളെ കുറിച്ചും ഉണര്‍ത്തി വിപുലമായ ഒരു പണ്ഡിത സംഗമം വിളിച്ചു ചേര്‍ക്കുകയായിരുന്നു താല്‍കാലിക കമ്മിറ്റിയുടെ ചുമതല. അതിനു വേണ്ടി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയവരും മുന്നിട്ടിറങ്ങി. ഉന്നത ദര്‍സുകള്‍ നടക്കുന്നയിടങ്ങളില്‍ ചെന്ന് ഉലമാക്കളെ നേരില്‍ കാണുകയും ക്ഷണിക്കുകയും ചെയ്തു. അങ്ങനെ 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ സംഗമിച്ചു. സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, സര്‍വ്വാദരണീയനും ആത്മീയ നായകനുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സുദീര്‍ഘമായ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. ടൗണ്‍ഹാളില്‍ സംഗമിച്ച പണ്ഡിത സഹസ്രങ്ങളുടെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപംകൊണ്ടു.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1840-1932) പ്രസിഡണ്ടും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ഹി. 1305-1365), വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1298-1385), പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (1313-1363), കെ.പി. മീറാന്‍ മുസ്‌ലിയാര്‍, എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ (1881-1950) ജനറല്‍ സെക്രട്ടറിയും വലിയ കൂനേങ്ങല്‍ മുഹമ്മദ് മൗലവി സെക്രട്ടറിയുമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 40 മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. സര്‍വ്വാദരണീയരായ പണ്ഡിത പ്രതിഭകള്‍ നേതൃത്വം നല്‍കിയതു കൊണ്ട് തന്നെ മുസ്‌ലിം കേരളം സമസ്തയെ നെഞ്ചേറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ആമുഖങ്ങളില്ലാതെ മലയാളികള്‍ക്കെല്ലാം അറിയുന്ന മഹാപ്രസ്ഥാനമായി അതു മാറി. ആദ്യ കാലങ്ങളില്‍ സമ്മേളനങ്ങളിലൂടെയായിരുന്നു സമസ്തയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. 1927 ഫെബ്രുവരി 27-ന് താനൂരില്‍ ഒന്നാം സമ്മേളനവും ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനവും 1929 ജനുവരി 7ന് വല്ലപ്പുഴ ചെമ്മന്‍കുഴിയില്‍ മൂന്നാം സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ് സംഘടനക്ക് മുഖപത്രം തുടങ്ങാന്‍ തീരുമാനിച്ചത്. 1929 ഡിസംബര്‍ മാസത്തില്‍ അല്‍ ബയാന്‍ മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. 1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട് നാലാം സമ്മേളനവും 1931 മാര്‍ച്ച് 11ന് വെളിയഞ്ചേരിയില്‍ അഞ്ചാം സമ്മേളനവും നടന്നു. സമസ്തയുടെ ചരിത്രത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളനമായിരുന്നു 1933 മാര്‍ച്ച് 5-നു ഫറോക്കില്‍ ചേര്‍ന്ന ആറാം വാര്‍ഷിക സമ്മേളനം. മൗലാനാ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രസ്തുത സമ്മേളനം മുടക്കാന്‍ വഹാബികള്‍ സര്‍വ്വ തന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു.

അവര്‍ 1933-ല്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമ റജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ആ പേരില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഫറോക്കില്‍ യോഗം ചേരുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ ലോയര്‍ നോട്ടീസയച്ചു. തുടക്കത്തിലുണ്ടായിരുന്ന 'സമസ്ത' എന്ന പദം ഗൗനിക്കാതെയാണവര്‍ ലോയര്‍ നോട്ടീസയച്ചത്. അതുകൊണ്ടുതന്നെ ഫറോക്കിലെ സമ്മേളനം 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെതാണെന്നും അതിനു 'കേരള ജംഇയ്യത്തുല്‍ ഉലമ'യുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ചു സുന്നികള്‍ മറുപടി നല്‍കിയതോടെ വഹാബികള്‍ ഇളിഭ്യരായി. സമ്മേളനം തടസ്സപ്പെടുത്താനുള്ള വഹാബികളുടെ ശ്രമത്തെ അപലപിക്കുന്നതായിരുന്നു സമ്മേളനത്തിലെ ഒന്നാം പ്രമേയം. 'ഹീലത്തു റിബാ'യിലൂടെ പരിശ ഹലാലാക്കാനുള്ള ഐക്യസംഘത്തിന്റെ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു മൂന്നാം പ്രമേയം. ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്നു വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണു കൊടുക്കാനോ മുസ്‌ലിംകളുടെ ശ്മശാനങ്ങളില്‍ മറവു ചെയ്യാനോ പാടില്ലെന്ന് അറിയിക്കുന്നതായിരുന്നു നാലാം പ്രമേയം.

ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് 1969-ലാണ് സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് പ്രഖ്യാപിച്ചത്. അതേ വര്‍ഷം തന്നെയാണ് പാകിസ്ഥാനിലെ ജംഷാബാദ് ഫാമിലി സിവില്‍ കോടതി അവര്‍ മുസ്‌ലിംകളല്ലെന്നു വിധിച്ചതും. 1933-ല്‍ തന്നെ ഖാദിയാനിസം ഇസ്‌ലാമിനു പുറത്താണെന്നു പ്രഖ്യാപിച്ച 'സമസ്ത'യുടെ നിലപാട്, മുസ്‌ലിം ലോകത്ത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ നടന്ന പ്രസ്ഥാനമാണതെന്ന് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു. മദ്‌റസകളില്‍ പുത്തനാശയക്കാര്‍ കടന്നുകൂടുന്നതിനെതിരെ മദ്‌റസാ ഭാരവാഹികളെ ഉണര്‍ത്തുന്നതായിരുന്നു അഞ്ചാം പ്രമേയം. ഇബ്‌നു ഹസം, ഇബ്‌നു തീമിയ്യ, ഇബ്‌നു ഖയ്യിം, ഇബ്‌നു അബ്ദില്‍ വഹാബ്, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയവരെ കുറിച്ചുള്ള പൂര്‍വ്വീക പണ്ഡിതന്മാരുടെ ഫത്‌വകളും തീരുമാനങ്ങളും വ്യക്തമാക്കുന്നതായിരുന്നു ആറാം പ്രമേയം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മണ്ണാര്‍ക്കാട് കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതാണ് ഏഴാം പ്രമേയം. സമ്മേളനാധ്യക്ഷനായിരുന്ന ശാലിയാത്തി തന്നെ അവതരിപ്പിച്ച എട്ടാം പ്രമേയം സുന്നികളെയും അസുന്നികളെയും വേര്‍തിരിച്ചു കാണിക്കുന്നു. അതിങ്ങനെ വായിക്കാം: ''കേരളത്തിലെ മുസ്‌ലിംകളില്‍ അനേകം കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും ഇപ്പോഴും നടത്തുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്നു സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു. സംഗതികള്‍ 1.     മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ദാത്തുകൊണ്ടും ജാഹ്, ഹഖ്, ബറകത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് മതിക്കലും. 2.   

 മരിച്ചുപോയ അമ്പിയാ, ഔലിയാ മുതലായവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുന്നതിനുവേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട് മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവു ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മറ്റു സ്ഥലങ്ങളില്‍ വെച്ചും ഖുര്‍ആന്‍ഓതലും ഓതിക്കലും. 3.     ഖബ്ര്‍ സിയാറത്ത് ചെയ്യലും ഖബ്‌റാളികള്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ദുആ ഇരക്കലും ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യലും. 4.     ആയത്ത്, ഹദീസ്, മറ്റു മുഅള്ളമായ അസ്മാഅ് ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ചു കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും. 5.     ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരുടെ കൈതുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബാവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹ്ര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും. 6.     മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്തു ബൈത്ത്, ബദര്‍മാല, മുഹ്‌യദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.

ഇതു കൂടാതെ മറ്റു പല പ്രമേയങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു ഫറോക്ക് സമ്മേളനം. കര്‍മ്മരേഖയും സംഘ ചലനങ്ങളും അഹ്‌ലുസുന്നത്തി വല്‍ ജമാഅ എന്നറിയപ്പെടുന്ന ഇസ്‌ലാമിന്റെ മുഖ്യധാരയെയാണ് സമസ്ത പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ സച്ചരിതരായ പൂര്‍വീകരുടെ നിലപാടുകള്‍ക്കു വിരുദ്ധമായി പുതിയൊരു വീക്ഷണവും അത് രൂപപ്പെടുത്തിയിട്ടില്ല. ഓരോ കാലത്തും പുതിയ വാദങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ദീനിന്റെ യഥാര്‍ത്ഥ വീക്ഷണം സമൂഹത്തിനു പറഞ്ഞുകൊടുക്കുന്നു എന്നു മാത്രം. 7-ാം സമ്മേളനത്തില്‍ ശാലിയാത്തി അവതരിപ്പിച്ച 8-ാം പ്രമേയത്തില്‍ അതാണ് പ്രതിഫലിക്കുന്നത്. ഇങ്ങനെ ഓരോ ഘട്ടത്തിലും പ്രമേയങ്ങളിലൂടെയും മറ്റും സമസ്ത അതിന്റെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. 1926-ല്‍ രൂപപ്പെടുത്തി 1934-ല്‍ രജിസ്റ്റര്‍ ചെയ്ത സമസ്തയുടെ ഭരണഘടന സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിലെ പ്രധാന വകുപ്പുകള്‍ ശ്രദ്ധിക്കുക. വകുപ്പ്: എ. പരിശുദ്ധ ഇസ്‌ലാംമതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. വകുപ്പ്: ബി. അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധമുണ്ടാക്കുകയും ചെയ്യുക. വകുപ്പ്: സി. മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.

വകുപ്പ് ഡി: മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധം ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക. സമസ്തക്കാര്‍ പിന്തിരിപ്പന്മാരും ഭൗതിക വിദ്യാഭ്യാസത്തിന് എതിരു നിന്നവരുമായിരുന്നു എന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നവരുണ്ട്. സമസ്തയെയും അതിന്റെ നേതാക്കളെയും മനസ്സിലാക്കാത്തവരാണ് അവരെന്ന് ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ വിളിച്ചുപറയുന്നു. വ്യവസ്ഥാപിതമായ ചുവടുവെപ്പിലൂടെ മുന്നോട്ടു നീങ്ങിയ കേരളത്തിലെ പ്രഥമ പണ്ഡിതസഭയമാണ് സമസ്ത. മതവിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ വന്നപ്പോള്‍, അതിനോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച ഏക പ്രസ്ഥാനവും അതുതന്നെ. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തോടെ ആരംഭിച്ച 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലോകത്ത് തുല്യതയില്ലാത്ത മതവിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. ഇന്ന് പതിനായിരത്തോളം മദ്‌റസകളും പത്തു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമായി, ചേളാരിയിലെ റിമോര്‍ട്ട് കണ്‍ട്രോളിനനുസരിച്ച് ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുന്ന ഒരു മഹാ സംരംഭമായി മാറിയിരിക്കുന്നു.

17-9-1951ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് പിന്തിരിപ്പന്മാരെന്നു മുദ്രകുത്തപ്പെട്ട ആലിമീങ്ങള്‍ തുടക്കം കുറിച്ച ഈ വൈജ്ഞാനിക സംരംഭത്തിനു തുല്യമായ മറ്റൊന്ന് ലോകത്തെവിടെയെങ്കിലും ഇന്നുള്ളതായി അറിവില്ല. സമസ്തയുടെ മദ്‌റസകള്‍ നാട്ടിലുടനീളം വേരുപിടിച്ചതിനു ശേഷമാണ് പുരോഗമനത്തിന്റെ അപോസ്തലന്മാരായി വിരാജിക്കാറുള്ള നദ്‌വത്തുകാര്‍ പോലും മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. 1956 മാര്‍ച്ച് 31ന് ചേര്‍ന്ന നദ്‌വത്തുല്‍ മുജാഹിദീന്റെ സംയുക്ത കണ്‍വെന്‍ഷനില്‍ വെച്ചാണവര്‍ ഒരു മതവിദ്യാഭ്യാസ ബോര്‍ഡിനെ കുറിച്ച് ചിന്തിക്കുന്നത് പോലും. കാലത്തിനു മുമ്പേ സഞ്ചരിക്കാനും സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാനും പ്രാപ്തിയുള്ള ഒരു നേതൃത്വമാണ് സമസ്തയെ നയിച്ചതെന്ന് ഇവിടെ വ്യക്തമാണ്. ജീര്‍ണതയുടെ ചിലന്തിവലകള്‍ സമുദായത്തിനു ചുറ്റും മാര്‍ഗതടസ്സം സൃഷ്ടിക്കാനൊരുമ്പട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മുന്നില്‍ നിന്നത് 'സമസ്ത'യായിരുന്നു. മഹാത്മാക്കളുടെ മഖ്ബറകളെ ചുറ്റിപ്പറ്റി അനാചാരങ്ങളും നേര്‍ച്ചയുടെ പേരില്‍ വേണ്ടാത്തരങ്ങളും ആരംഭിച്ചപ്പോള്‍ 1951 മാര്‍ച്ച് 23,24,25 തിയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനം അതിനെതിരെ പ്രമേയം കൊണ്ടുവന്നു ജനങ്ങളെ ഉണര്‍ത്തി. തസവ്വുഫിന്റെയും ത്വരീഖത്തിന്റെയും പേരില്‍ വ്യാജന്മാര്‍ രംഗത്തിറങ്ങിയപ്പോള്‍ സമസ്ത അവരെ പിടിച്ചുകെട്ടി.

കോരൂര്‍, ചോറൂര്‍, ശംസിയ്യ എന്നിവയെ തൊലിയുരിഞ്ഞു കാണിച്ചു. 1974 ഡിസംബര്‍ 16നു ചേര്‍ന്ന മുശാവറ, ഹൈദരാബാദില്‍ നിന്നും വന്ന നൂരിഷാ ത്വരീഖത്തിന്റെ ആത്മീയ ചൂഷണങ്ങള്‍ കണ്ടെത്തി സമൂഹത്തോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ നിന്ന് യൂസുഫ് സുല്‍ത്താന്‍ എന്ന പേരില്‍ ഒരാള്‍ ആത്മീയ വാണിഭവുമായി രംഗത്തിറങ്ങിയപ്പോള്‍, അവരുടെ വൈകല്യങ്ങള്‍ കണ്ടെത്തി സമസ്ത സമുദായത്തോട് തുറന്നു പറഞ്ഞു. 2006 മാര്‍ച്ച് 29-ന് ആലുവാ ത്വരീഖത്ത് വ്യാജമാണെന്ന് കൈരളിയോടത് വിളിച്ചുപറഞ്ഞു. ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം പിന്നോക്കാവസ്ഥയും അധഃസ്ഥിതിയും തുടച്ചുനീക്കാന്‍ 1964-ല്‍ എം.ഇ.എസ്. (മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി) രൂപം കൊണ്ടപ്പോള്‍ സമസ്ത അതിനെ പിന്തുണച്ചു; പ്രോത്സാഹിപ്പിച്ചു. പക്ഷേ, മതബോധമില്ലാത്ത ചിലര്‍ അതിന്റെ നേതൃത്വത്തില്‍ കയറിപറ്റി ശരീഅത്തിനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തില്‍ മതത്തിന്റെ കാവലാളുകളായ ഈ പണ്ഡിതസഭക്ക് അതിനെ എതിര്‍ക്കേണ്ടിവന്നു. 27-10-1970നു ചേര്‍ന്ന സമസ്ത മുശാവറ എം.ഇ.എസ്സിന്റെ ശരീഅത്തു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍കരിച്ചു. മുസ്‌ലിം യുവത വികാരത്തിന്റെ അടിമകളായിക്കൂടാ എന്നു നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സമസ്ത. ഭീകരവാദവും തീവ്രവാദവും സമുദായത്തെ പിന്നാക്കം നയിക്കുമെന്ന ചരിത്രസത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്തു.

1992 ഡിസംബര്‍ 6-ലെ ബാബരി ദുരന്തത്തെ തുടര്‍ന്നുണ്ടായ കലുഷിതാന്തരീക്ഷം മുതലെടുത്തു സമൂഹത്തില്‍ തീവ്രചിന്ത കുത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സമസ്തയും പോഷക ഘടകങ്ങളും അതിനെ പ്രതിരോധിക്കാനിറങ്ങി. ഇത്തരം ചില തീരുമാനങ്ങള്‍ സംഘടനാപരമായി ചില്ല നഷ്ടങ്ങള്‍ സമസ്തക്കുണ്ടായിരുന്നെങ്കിലും ഉമ്മത്തിന്റെ പൊതുവിലുള്ള സുരക്ഷയും കെട്ടുറപ്പും മാനിച്ച് അതെല്ലാം അവഗണിക്കുകയായിരുന്നു. ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പാലിച്ച സ്വാതികരമായ പണ്ഡിതന്മാരാണ് സമസ്തയെ നയിച്ചത്. വറഅ്, തഖ്‌വ, ഇഖ്‌ലാസ് തുടങ്ങിയ സദ്ഗുണങ്ങളുടെ ചലിക്കുന്ന ഉദാഹരണങ്ങളായിരുന്നു അവര്‍. ആദര്‍ശപരമായും സംഘടനാപരമായും സമസ്തയോടു വിയോജിച്ചവരും എതിര്‍ത്തവരും ആ പണ്ഡിത പ്രതിഭകളുടെ ജീവിത വിശുദ്ധിയെ ആത്മാര്‍ത്ഥമായി അംഗീകരിച്ചവരായിരുന്നു. ഈ പണ്ഡിതസഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ച മഹാത്മാക്കള്‍ ഇവരാണ്. 1. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1926-1932), 2. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (1932-1946), 3. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1946-1965), 4. കെ.കെ. സ്വദഖത്തുള്ള മുസ്‌ലിയാര്‍ (1965-1967), 5. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (1967-1993), 6. കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് (1933-1995), 7. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയക്കോയ തങ്ങള്‍ അല്‍ അസ്ഹരി (1995-2004). കാര്യദര്‍ശികളായി ചുക്കാന്‍ പിടിച്ചവര്‍. 1. പി.വി. മുഹമ്മദ് മൗലവി കോഴിക്കോട് (1926-1950), 2. പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (1950-1957), 3. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (1957-1996) എന്നിവരാണ്.

അസ്ഹരി തങ്ങള്‍ക്കു ശേഷം ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ശംസുല്‍ ഉലമയുടെ പിന്‍ഗാമിയായി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലീയാരുമാണ് സമസ്തയെ നയിച്ചുകൊണ്ടിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നീ യുവജന സംഘം, സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍, സുന്നീ ബാലവേദി എന്നിവ പ്രധാന കീഴ്ഘടകങ്ങളാണ്. സമസ്തയുടെ ഊന്നുവടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹുജന പ്രസ്ഥാനമാണ് സുന്നി യുവജനസംഘം (എസ്.വൈ.എസ്).

1954-ല്‍ താനൂരില്‍ നടന്ന സമസ്തയുടെ ഇരുപതാം വാര്‍ഷികത്തോടെയാണ് എസ്.വൈ.എസിനു തുടക്കം കുറിക്കപ്പെട്ടത്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ എം.എം. ബശീര്‍ മുസ്‌ലിയാര്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ എസ്.വൈ.എസിന്റെ അധ്യക്ഷ്യ പദവി അലങ്കരിച്ച പ്രമുഖരാണ്. മുക്കം മോയിമോന്‍ ഹാജി, കെ.പി. ഉസ്മാന്‍ സാഹിബ്, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കാര്യദര്‍ശികളില്‍ പെടുന്നു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. 1964 മുതല്‍ മുഖപത്രമായി സുന്നീ ടൈംസും 1977 മുതല്‍ സുന്നീ വോയ്‌സും പ്രസിദ്ധീകരിച്ചിരുന്നു. സുന്നീ അഫ്കാര്‍ വാരികയാണ് നിലവില്‍ മുഖപത്രം. മഹല്ലുകള്‍ ശക്തിപ്പെടുത്താനും ഉമറാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും രൂപീകൃതമായ സംഘടനയാണ് സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) 16-1-89നു ചേര്‍ന്ന സമസ്ത മുശാവറയാണ് ഔദ്യഗിക കീഴ്ഘടകമായി എസ്.എം.എഫിനെ അംഗീകരിച്ചത്.

ശംസുല്‍ ഉലമ പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും യു. ബാപ്പുട്ടി ഹാജി ട്രഷററുമായുള്ളതാണ് പ്രഥമ കമ്മിറ്റി. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എസ്.എം.എഫിന്റെ സംഭാവനയാണ്. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍. പുനഃസംഘടിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമാണ് സമസ്ത കേരള സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) 1989 ഫെബ്രുവരി 19നാണ് രൂപീകരണം. സമസ്തയുടെ ഏറ്റവും സജീവമായ കീഴ്ഘടകമാണിത്. സംഘടനക്കു കീഴില്‍ നിരവധി ഉപഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 'സത്യധാര' ദൈ്വവാരികയാണ് മുഖപത്രം. സംഘടനാ പ്രശ്‌നങ്ങള്‍ ഒരു വലിയ സംഘടനാ എന്ന നിലക്ക് സമസ്തയില്‍ ചിലപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വൈജാത്യങ്ങളും ഉണ്ടായിട്ടുണ്ട്. ആദര്‍ശത്തെക്കാളുപരി അതു പലപ്പോഴും സംഘടനാപരം മാത്രമായിരുന്നു. 16-10-1965ന് കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്നു കണ്ടെത്തി. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ചില പണ്ഡിതന്മാര്‍ 'അഖില കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന ഒരു സംഘടനക്കു രൂപം നല്‍കി. ശൈഖ് ഹസന്‍ ഹസ്‌റത്ത്, മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാനുല്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. സമസ്തയോട് കടുത്ത അസൂയ വെച്ചുപുലര്‍ത്തിയിരുന്നവരാണ് ഇതിലേക്ക് ചേക്കേറിയ പലരും.

അവര്‍ സമാന്തര മുശാവറയും 'ജംഇയ്യത്ത്' എന്ന പേരില്‍ പത്രവുമെല്ലാം ആരംഭിച്ചിരുന്നു. സമസ്തക്കെതിരെ കൊടുങ്കാറ്റായി വരുമെന്നു പ്രതീക്ഷപ്പെട്ട അഖില, അകലെയാവുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. തബ്‌ലീഗിനെ കുറിച്ച് അവര്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയും സമസ്ത കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെക്കുകയായിരുന്നു. അതോടെ അതിന്റെ പതനമാരംഭിച്ചു. പിരിച്ചുവിടാന്‍ പോലും ആളില്ലാത്തവിധം നാമാവശേഷമായി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യകാലത്ത് അഖിലയുടെ പ്രവര്‍ത്തകനായിരുന്നത്രെ. 8-4-67നു കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ, വാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. എന്നാല്‍ പ്രസ്തുത തീരുമാനത്തിനു വിരുദ്ധമായി സമസ്തയുടെ പ്രസിഡണ്ട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പേരില്‍ വാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ പാടില്ലെന്ന പത്രപരസ്യം വന്നു. അതോടെ വിഷയം വിവാദമായി. 6-5-1967ന് അദ്ദേഹം സമസ്തയുടെ പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ചുകൊണ്ട് മുശാവറക്കു കത്തയച്ചു. 1967 മെയ് 25നു ചേര്‍ന്ന മുശാവറ അത് അംഗീകരിക്കുകയും കണ്ണിയത്ത് ഉസ്താദിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്തു.

കര്‍മശാസ്ത്രപരമായ ഒരു മസ്അലയുടെ പേരില്‍ സമസ്തയില്‍ നിന്നും മാറിനിന്ന സ്വദഖത്തുല്ല മുസ്‌ലിയാര്‍, പിന്നീട് തന്റെ ചില ശിഷ്യന്മാരുടെയും കൂട്ടുകാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മറ്റൊരു സംഘടന രൂപീകരിച്ചു. അങ്ങനെ 1967 നവംബര്‍ 24ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ' രൂപീകൃതമായി. അംഗുലീപരിമിതമായ അനുയായികള്‍ മാത്രമാണ് സംസ്ഥാനക്കുള്ളത്. ഒരു സംഘടന എന്ന നിലയില്‍ വളരാനോ മുന്നേറാനോ അവര്‍ക്ക് സാധിച്ചില്ല. സുന്നി യുവജന ഫെഡറേഷന്‍ (എസ്.വൈ.എഫ്) പോഷക ഘടകമാണ്. വണ്ടൂരിലെ ജാമിഅ വഹബിയ്യയും മഞ്ചേരിയിലെ ദാറുസുന്നയുമാണ് സ്ഥാപനങ്ങള്‍. നുസ്രത്തുല്‍ അനാം, ബുല്‍ബുല്‍ എന്നിവ പ്രസിദ്ധീകരണങ്ങളാണ്. 1986-നു ശേഷം കത്തിനിന്ന ശരീഅത്ത് പ്രശ്‌നമാണ് സമസ്തയില്‍ പ്രകമ്പനം സൃഷ്ടിച്ച മറ്റൊരു വിഷയം. ശരീഅത്ത് വിവാദ കാലത്ത് എല്ലാ മുസ്‌ലിം സംഘടനകളെയും സംഘടിപ്പിച്ചു കോഴിക്കോട് ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നപ്പോള്‍, ഇതര പ്രസ്ഥാന നേതാക്കളോടൊപ്പം സമസ്തയുടെ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ വേദി പങ്കിട്ടു എന്നതായിരുന്നു ചിലര്‍ ഉയര്‍ത്തിക്കാണിച്ച പ്രശ്‌നം. അക്കാരണം ചൂണ്ടിക്കാട്ടി അവര്‍ സംഘടനയില്‍ കലാപം സൃഷ്ടിച്ചു. സുന്നീ യുവജന സംഘത്തിന്റെയും വിദ്യാര്‍ത്ഥി ഘട്ടമായ സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും നേതൃത്വത്തിലുള്ളവരായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. പല മസ്വ്‌ലഹത്ത് ശ്രമങ്ങളും നടന്നിരുന്നെങ്കിലും വിജയിച്ചില്ല.

1989 ജനുവരി 19-22ന് എസ്.വൈ.എസ്. നേതൃത്വം സമസ്ത മുശാവറയുടെ തീരുമാനം ധിക്കരിച്ചുകൊണ്ട് എറണാകുളത്ത് സമ്മേളനം നടത്തിയതോടെ സംഘടനാ രംഗം കലുഷിതമായി. അതിനുവേണ്ടി ചരടുവലികള്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളും ഉള്‍പ്പെടെ ആറുപേര്‍ സമസ്ത മുശാവറയില്‍ നിന്നു ഇറങ്ങിപ്പോവുകയും സമസ്തയുടെ പേരില്‍ പുതിയ മുശാവറയും കീഴ് ഘടകങ്ങളും രൂപീകരിക്കുകയുമായിരുന്നു പിന്നീട്. അതോടെ കേരളത്തിലെ സുന്നീ സമൂഹം രണ്ടു ചേരികളിലായി. ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രസിഡണ്ടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായ സമാന്തര സമസ്തയുടെ ആസ്ഥാനം കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സാണ്. എസ്.എസ്.എഫ്. വിദ്യാര്‍ത്ഥി ഘടകവും എസ്.വൈ.എസ്. യുവജന ഘടകവുമാണ്. സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് എന്ന പേരില്‍ സമാന്തര ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. രിസാല, സുന്നിവോയ്‌സ്, അല്‍ ഇര്‍ഫാദ് എന്നിവ പ്രസിദ്ധീകരങ്ങളാണ്.

കേരള മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും സി.കോയക്കുട്ടി മുസ്ലിയാരും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പാണക്കാട് സാദാത്തീങ്ങളും നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായോടൊപ്പമാണ്. മറ്റു സംഘടനകള്‍ക്കെല്ലാം ധാരാളം പള്ളികളും സ്ഥാപനങ്ങളുമെല്ലാം ഉണ്ടെങ്കിലും സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റായ മഹല്ലു മഹല്ലുകളില്‍ സമസ്തക്കാണ് ആധിപത്യം. കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത പ്രസ്ഥാനമായി മലയാളികള്‍ ഇപ്പോഴും നോക്കിക്കാണുന്നത് സമസ്തയെ തന്നെയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. കേരളക്കരക്കു ലഭിച്ച മഹാ അനുഗ്രഹമാണീ സംഘശക്തി. മുസ്‌ലിം കേരളത്തിന്റെ ഈമാനിനു കാവല്‍ നില്‍ക്കുന്ന ഈ പണ്ഡിതസഭ എന്നും നമുക്ക് ആശയും പ്രതീക്ഷയുമാണ്. ഊര്‍ജ്ജവും ഉന്മേഷവുമാണ്. താങ്ങും തണലുമാണ്. അന്ത്യനാള്‍ വരെ അല്ലാഹു അത് നിലനിര്‍ത്തുമാറാകട്ടെ, ആമീന്‍.

(മുഖ്യധാരയും വിഘടിത ചേരികളും: പി.എ. അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

10 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter