അന്നഹ്ദ മൂവ്മെന്‍റ്: സമകാലിക ടുണീഷ്യയെ രൂപപ്പെടുത്തിയ കൂട്ടായ്മ

അറബ് ലോകത്തെ പ്രമുഖ മോഡറേറ്റ് ഇസ്‍ലാമിസ്‌റ്റും ടുണീഷ്യയിലെ അന്നഹ്ദ പാർട്ടിയുടെ മുൻ ചെയർമാനുമയിരുന്ന റാഷിദുൽ ഗന്നൂഷിയെ അറസ്റ്റ് ചെയ്തിട്ട് 100 ദിവസം തികയാനിക്കെ അറബ് മുസ്‍ലിം ലോകത്തെ പ്രമുഖരായ 800 പേർ ഒപ്പിട്ട കത്ത്  അറബ് മാധ്യമങ്ങളിൽ വളരെ വലിയ ചർച്ചാ വിഷയമായിരുന്നു. നിലവിലെ ടുണീഷ്യൻ പ്രസിഡണ്ട്  കൈസ് സഈദ് 2022  ജനുവരിയിൽ  പാർലമെൻറ് പിരിച്ചുവിട്ടതിനുശേഷം തൻറെ ഏകാധിപത്യ ഭരണത്തിന് വെല്ലുവിളിയാകുന്ന ഓരോരുത്തരെയും ജയിലിൽ അടച്ച് നിശബ്ദമാക്കി കൊണ്ടിരിക്കുകയാണ്. മുൻ ഏകാധിപതിയായിരുന്ന സൈനുൽ ആബിദീൻ ബിൻ അലിയുടെ മർദ്ദക ഭരണത്തിൽ നിന്നും മുല്ലപ്പൂ വിപ്ലവത്തിലൂടെ മോചിതമായ ടുണീഷ്യ വീണ്ടും ഏകാധിപത്യത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ടുണീഷ്യൻ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള അന്നഹ്ദ മൂവ്മെന്റ്, സ്ഥാപിതമായത് മുതൽ ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ശക്തമായ തലവേദന സൃഷ്ടിച്ച പാർട്ടിയാണ്.   അറബ് ലോകത്തെ മുഖ്യധാര ഇസ്‍ലാമിസ്റ്റ് മൂമെന്റുകളിൽ ഏറ്റവും മിതവാദികൾ എന്നാണ് റാഷിദ് അൽ ഗന്നൂശിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട അന്നഹ്ദ മൂവ്മെൻറ് അറിയപ്പെടുന്നത്. ടുണീഷ്യയിലെ രാഷ്ട്രീയ ചാണക്യൻ ആയ റാഷിദ് ആൽ ഗന്നൂശിയുടെ കാലോചിതമായ നയങ്ങളാണ് അന്നഹ്ദ മൊമെന്റിനെ ടുണീഷ്യൻ രാഷ്ട്രീയത്തിൽ ശക്തമായി നിലനിർത്തിയത്.

1981 ൽ മൂവ്മെന്റ് ഓഫ് ഇസ്‍ലാമിക് ടെൻഡൻസി  (എം.ഐ.ടി) എന്ന പേരിൽ സ്ഥാപിതമായ ഈ പാർട്ടി  മുസ്‌ലിം ബ്രദർഹുഡ് പോലോത്ത ആധുനിക ഇസ്‍ലാമിസ്റ്റ് പാർട്ടികളുടെ പ്രതിരൂപങ്ങളാണെങ്കിലും അവയിൽ നിന്നും വ്യത്യസ്തമായ നിലപാടുകൾ ആയിരുന്നു  സ്വീകരിച്ചിരുന്നത്. മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുന്ന രാഷ്ട്രീയ രീതിയെ ശക്തമായി എതിർത്ത എം.ഐ.ടി ടുണീഷ്യയിൽ ഇസ്‍ലാമിക ശരീഅത്തനുസരിച്ചുള്ള ഭരണം നിലവിൽ വരണം എന്ന് വാദിച്ചു. ആധുനിക രീതിയിൽ എങ്ങനെയാണ് ഇസ്‍ലാമികമായ ഭരണം നടപ്പാക്കുക എന്ന രീതിയിലുള്ള ആശയങ്ങൾ മുന്നോട്ടുവച്ച എം.ഐ.ടി തന്റെ സെക്കുലറിസ്റ്റ് ഭരണകൂടത്തിന് ഒരു വെല്ലുവിളിയാണ് എന്ന് അന്നത്തെ ഭരണാധികാരിയായിരുന്ന  ബൂർഗീബ മനസ്സിലാക്കിയിരുന്നു.  തങ്ങളുടെ മുഖ്യ ശത്രുവായ ഭരണകൂടത്തിൽ ഇരിക്കുന്ന പാർട്ടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം എന്ന പ്രമേയവുമായി 1981 എം.ഐ.ടി  തങ്ങളുടെ ആദ്യ കോൺഗ്രസ് സംഘടിപ്പിച്ചു. എന്നാൽ ടുണീഷ്യൻ ഭരണകൂടം ഈ നീക്കത്തെ ശക്തമായി ആണ് നേരിട്ടത്. എം.ഐ.ടിയുടെ നിയമ സാധുത ഇല്ലാതാക്കുകയും അതിൻറെ നേതാക്കളെ 1981ല്‍ വിചാരണ ചെയ്യുകയും റാശിദുൽ ഗനൂശിയെ 1984 വരെ ജയിലിൽ അടക്കുകയും ചെയ്തു. 1987 അവശ്യസാധനങ്ങൾക്ക് ശക്തമായ വിലക്കയറ്റം നടന്നതോടെ ഗവൺമെന്റിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമർത്തിയ ഗവൺമെൻറ്, ആ അവസരം ഉപയോഗപ്പെടുത്തി ഇസ്‍ലാമിസ്റ്റ് നേതാക്കളെ വിചാരണക്ക് വിധേയരാക്കുകയും റാശിദ് ആൽ ഗന്നൂശിയെ  നാടുകടത്തുകയും ചെയ്തു. 

രണ്ടുമാസത്തിനുശേഷം ടുണീഷ്യൻ രാഷ്ട്രീയത്തിൽ  ശക്തമായ ഒരു മാറ്റത്തിന് സാക്ഷിയായി പ്രധാനമന്ത്രിയായിരുന്ന സൈനുൽ ആബിദീൻ ബിൻ അലി, പ്രസിഡണ്ട് ബൂർഗീബ  ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും സ്വയം പ്രസിഡണ്ടായി അവരോധിതനാവുകയും ചെയ്തു. അധികാരത്തിലേറിയ ബിൻ അലി ജനാധിപത്യ വ്യവസ്ഥ തിരികെ കൊണ്ടുവരും എന്നും ബഹുസ്വരമായ രീതിയിൽ ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും വാഗ്ദാനം നൽകി എങ്കിലും അത് പാലിക്കപ്പെടാതെ പോയി.

ടുണീഷ്യയിലെ ശക്തമായ രാഷ്ട്രീയ സാന്നിധ്യമായിരുന്ന ഇസ്‍ലാമിസ്റ്റുകളുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ഇസ്‍ലാമിസ്റ്റ് പാർട്ടിക്ക് മേൽ ഉണ്ടായിരുന്ന വിലക്ക് നീക്കുകയും പാർട്ടി അംഗങ്ങളെ ജയിൽ മോചിതരാക്കുകയും നാടുകടത്തപ്പെട്ടവരെ തിരിച്ചു വരാൻ അനുവദിക്കുകയും ചെയ്തു. അബ്ദുൽ ഫത്താഹ് മോറ എന്ന നേതാവിലൂടെ നാഷണൽ ഹൈ കൗൺസിൽ ഇസ്‍ലാമിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അവസരം  നൽകിയ ബിൻ അലി ഇസ്‍ലാമിക് സ്റ്റുഡൻസ് യൂണിയൻ  സ്ഥാപിക്കാനും ഒരു മാഗസിൻ പുറത്തിറക്കാനുമുള്ള അനുവാദവും നൽകി. 1989ലെ പൊതു തെരഞ്ഞെടുപ്പിൽ പാർലമെൻറിലേക്ക് മത്സരിക്കാനുള്ള അനുവാദം കൂടി നൽകിയതോടെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ബിൻ അലിക്ക് അവര്‍  പിന്തുണ പ്രഖ്യാപിച്ചു. നിയമപരമായി ഒരു രാഷ്ട്രീയ പാർട്ടി ആയി മാറിയ എം.ഐ.ടി, ഭരണഘടന പ്രകാരം മത രാഷ്ട്രീയ പാർട്ടികള്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍, പേര് മാറ്റി ഉയിർത്തെഴുന്നേല്‍പ് എന്ന് അർത്ഥം വരുന്ന അന്നഹ്ദ എന്ന ആക്കി മാറ്റുകയും തങ്ങളുടെ രാഷ്ട്രീയ അജണ്ടയിൽ മിതത്വം സ്വീകരിക്കുകയും ചെയ്തു.

എം.ഐ.ടിയുടെ സ്ഥാപക അജണ്ടകളിൽ നിന്നും വ്യതിചലിച്ചില്ല എങ്കിലും അന്നഹ്ദ പാർട്ടി മുമ്പുള്ളതിനേക്കാൾ ജനാധിപത്യപരവും ലിബറലും ആവുകയും ജനങ്ങളുടെ പരമാധികാരത്തിന് ഊന്നൽ നൽകുന്ന റിപ്പബ്ലിക് രീതിയിലുള്ള നിലവിലെ ഭരണകൂടത്തെ സംരക്ഷിക്കുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി, തങ്ങൾ  മുസ്‍ലിം ബ്രദർ ഹുഡിൽ നിന്നും വിഭിന്നമാണ് എന്ന് പ്രഖ്യാപിക്കാനും അവര്‍ മറന്നില്ല. പാർട്ടിയുടെ സ്ഥാപകരായിരുന്ന റാശിദ് അൽ ഗന്നൂശിയും അബ്ദുൽ ഫത്താഹും മുസ്‍ലിം ബ്രദർഹുഡ് നേതാക്കൾ ആയിരുന്ന ഹസനുൽ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും  ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു എങ്കിലും മുസ്‍ലിം ബ്രദർ ഹുഡിന്റെ പാരമ്പര്യേതര ആശയങ്ങളെയും ഖുമൈനിയുടെയും  അലി ശരീഅതിയുടേയും രാഷ്ട്രീയ ആശയങ്ങളെയും സമന്ന്വയിപ്പിച്ച ഒരു രാഷ്ട്രീയ പതിപ്പായാണ് അവര്‍ അന്നഹ്ദ മൂവ്മെന്റിനെ വളര്‍ത്തിയത്.

റാശിദ് അൽ ഗന്നൂശി 1987ൽ ജയിൽ മോചിതനയാതോടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ ടുണീഷ്യയിൽ ജനാധിപത്യ വ്യവസ്ഥ തിരികെ കൊണ്ടുവരണം എന്ന ഉപാധി പ്രഖ്യാപിച്ചതോടെ പ്രസിഡണ്ടും പാർട്ടിയും ഇരു ധ്രുവങ്ങളിലായി. 1989ലെ പാർലമെൻറ് ഇലക്ഷനിൽ പാർലമെൻറിൽ മൃഗീയമായ ഭൂരിപക്ഷത്തോടെ ഭരണം നേടാനുള്ള ലക്ഷ്യം മുന്നിൽക്കണ്ട് ശക്തമായ പ്രചാരണം നടത്തിയ അന്നഹ്ദ പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാൻ ആകാതെ  വന്നപ്പോൾ ഭരണകൂടം തെരഞ്ഞെടുപ്പിൽ തിരിമറി നടത്തുന്നുണ്ട് എന്ന ആരോപണമുന്നയിച്ചു.  1990 കളിലെ ഇറാഖ് കുവൈത്ത്  യുദ്ധം മുതലെടുത്ത്, ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച അന്നഹ്ദ മൂവ്മെന്റ് നേതാക്കളെ ടൂണീഷ്യന്‍ സര്‍ക്കാര്‍ നാടുകടത്തുകയും പാർട്ടി പത്രമായിരുന്ന അൽഫജർ നിരോധിക്കുകയും വിദ്യാർത്ഥി സംഘടന പിരിച്ചുവിടുകയും ചെയ്തു.

നാടുകടത്തലിനു ശേഷം ലിബറൽ ഡെമോക്രാറ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ച അന്നഹ്ദ പാർട്ടി ഇസ്‍ലാമികമായ രീതിയിലുള്ള ഒരു ജനാധിപത്യ വ്യവസ്ഥ മുന്നോട്ടുവച്ചു. ക്രിസ്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായി ക്രിസ്ത്യൻ ഡെമോക്രസി രൂപപ്പെട്ടതുപോലെതന്നെ ഇസ്‍ലാമിക് ഡെമോക്രസി നടപ്പിലാക്കാൻ സാധിക്കും എന്ന് റാശിദ് അൽ  ഗന്നൂശി സമർത്ഥിച്ചു . ഈ രീതിയിൽ തന്നെ ഇസ്‍ലാമിക രാഷ്ട്രീയ മൂല്യങ്ങൾ ആയ ശൂറയും നീതിയും പൊതു നന്മയും  ലിബറൽ ഡെമോക്രസി മൂല്യങ്ങളുമായി സംയോജിപ്പിച്ച ഒരു രാഷ്ട്രീയ ഘടന അദ്ദേഹം  സ്ഥാപിച്ചെടുത്തു. തീവ്ര സലഫി ആശയങ്ങൾ തദ്ദേശീയമായി ടുണീഷ്യയിൽ സ്വാധീനം ചെലുത്തി തുടങ്ങിയതോടെ അന്നഹ്ദ പാർട്ടി തങ്ങളുടെ മിത നിലപാടിനെ ഉയർത്തി കാട്ടുകയും തീവ്രവാദ പ്രവർത്തനങ്ങളെ അപലപിക്കുകയും ചെയ്തു. ശക്തമായ സെക്കുലർ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് കാരണത്താലാണ് തീവ്രവാദ ആശയങ്ങൾക്ക് സ്വാധീനം ലഭിക്കുന്നത് എന്ന് ഊന്നിപ്പറയുകയും ചെയ്തു. 

2011ല്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം പാർട്ടിക്ക് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ടുണീഷ്യൻ രാഷ്ട്രീയത്തിലേക്ക് വീണ്ടും ഒരു ചുവടുവെപ്പിന് അവസരം നൽകി. ഭരണകൂടത്തിന്റെ അഴിമതിയും വിലകയറ്റവും കാരണം പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു എങ്കിലും ശക്തമായ ജനരോഷത്തിന് മുമ്പിൽ ബിന്‍അലിക്ക് രാജിവെക്കേണ്ടിവന്നു. വിപ്ലവത്തിൽ അന്നഹ്ദ പാർട്ടിക്ക് പങ്ക് ഉണ്ടായിരുന്നില്ല എങ്കിലും അട്ടിമറിക്കപ്പെട്ട ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായ പ്രധാന പ്രതിപക്ഷമായ അന്നഹ്ദ പാർട്ടിക്ക് വിപ്ലവത്തിന് ശേഷം ജനങ്ങൾക്കിടയിൽ ശക്തമായ സ്വീകാര്യത ലഭിച്ചു.

ഈ അവസരം മുതലെടുത്ത് തങ്ങൾക്കിടയിൽ ഉള്ള ഭിന്നതകൾ അവസാനിപ്പിച്ച് നിയമ സാധുത നേടിയെടുത്ത അന്നഹ്ദ പാർട്ടി മിത സെക്യുലറിസ്റ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കുകയും ടുണീഷ്യൻ ജനതയുടെ വ്യത്യസ്തമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരു മധ്യമ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ നീക്കങ്ങളുടെ പ്രതിഫലനം എന്നോണം നാഷണൽ കോൺസ്റ്റിടുവൻഡ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടിയായി മാറി. ഇതിനെ തുടർന്ന് അന്നഹ്ദ പാർട്ടി അടങ്ങുന്ന സഖ്യം ബിൻ അലിയുടെ ഭരണകൂടത്തിനു ശേഷം ടുണീഷ്യ ഭരിച്ചു.

അന്നഹ്ദ പാർട്ടിയുടെ ശക്തമായ മുന്നേറ്റം കാരണത്താൽ ടുണീഷ്യയിലെ സെക്കുലറിസ്റ്റ്-ഇസ്‍ലാമിസ്റ്റ് പോര് മുറുകുകയും പാർട്ടികൾക്കിടയില്‍ ശക്തമായ വാദപ്രതിവാദങ്ങൾ അരങ്ങേറുകയും ചെയ്തു.  2013 ഈജിപ്തിൽ  സൈനിക അട്ടിമറി നടന്നതോടെ ഇരു പാർട്ടികളും തമ്മിലുള്ള  തർക്കം അതിന്റെ ഉച്ചിയിൽ എത്തിയിരുന്നു.  2014 ൽ വിജയകരമായ രീതിയിൽ ഇരു പാർട്ടികൾക്കിടയിലെ സന്ധി സംഭാഷണം നടത്തുകയും ഇരു പാർട്ടികൾക്കും അംഗീകരിക്കാവുന്ന രീതിയിലുള്ള ഒരു ഭരണഘടനയിൽ ഒപ്പുവെക്കുകയും ചെയ്തു. അന്നഹ്ദ പാർട്ടിക്ക് ഈയൊരു പ്രശ്നം മറികടക്കാനായി എങ്കിലും, പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന രീതിയിലുള്ള ആവശ്യങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഉയരാൻ തുടങ്ങി. പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയായ ഈയൊരു ആശയം 80 ശതമാനം ഭൂരിപക്ഷത്തോടെ നടപ്പാക്കപ്പെട്ടു.  പലരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു എങ്കിലും മറ്റു പലരും ലജ്ജാകരമായ അടിയറവ് വെക്കൽ ആയാണ് ഇതിനെ വിലയിരുത്തിയത്. വിമർശനങ്ങൾക്കും പിന്തുണകൾക്കും ഇടയിൽ പുതിയ ഘടന നേടിയെടുത്ത അന്നഹ്ദ പാർട്ടി സ്വത്വ രാഷ്ട്രീയത്തെ ഉപേക്ഷിച്ച് പ്രായോഗികമായ രാഷ്ട്രീയ രീതി സ്വീകരിച്ചു മുന്നോട്ട് നീങ്ങി. ഇതോടെ ഈജിപ്തിലെ മുസ്‍ലിം ബ്രദർഹുഡുമായുണ്ടായിരുന്ന ബന്ധം കുറയുകയും ചെയ്തു. 

പാർട്ടിയുടെ അടിസ്ഥാനപരമായ ഘടനയിലും പ്രത്യയ ശാസ്ത്രത്തിലും വന്ന ഈ ഒരു മാറ്റം പാർട്ടിയുടെ ലക്ഷ്യത്തിലോ അജണ്ടകളിലോ ഒരു തീവ്രമായ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നില്ല. മറിച്ച് ഗന്നൂശിയുടെ വാക്കുകൾ പ്രകാരം അത് ഒരു ഫംഗ്ഷണൽ സ്പെഷ്യലൈസേഷൻ  മാത്രമായിരുന്നു. അതിന് ശേഷവും തന്റെ പ്രഭാഷണങ്ങളിൽ മതനിരാസത്തെ ശക്തമായി എതിർത്ത ഗന്നൂശി  സമൂഹത്തിൽ മതത്തിനുള്ള പ്രാധാന്യത്തെ ഊന്നി പറയുകയും ചെയ്തിരുന്നു.

എന്നാൽ 2019 ന് ശേഷം പ്രസിഡൻസി തെരഞ്ഞെടുപ്പിൽ ഖൈസ് സഈദ് വിജയിക്കുകയും   പാർലമെൻറിലെ ഏറ്റവും വലിയ പാർട്ടിയായ അന്നഹ്ദ പാർട്ടി അവശേഷിക്കുകയും ചെയ്തു.  2022 മാർച്ചിൽ ഖൈസ് സൈദ് പാർലമെൻറ് പിരിച്ചുവിടുകയും ഭരണഘടന ഭേദഗതി നടത്തി അധികാരം തന്നിൽ ചുരുക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ റാശിദുൽ ഗന്നൂശിയും പാർട്ടിയും ഇതുവരെ തങ്ങളുടെ നയം പ്രഖ്യാപിച്ചിട്ടില്ല. പതിറ്റാണ്ടുകളായി തങ്ങളുടെ സമാധാനപരമായ നീക്കങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വന്ന അന്നഹ്ദ പാർട്ടി 2011ലെ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടുകൾ 89 സീറ്റുകൾ നേടി പാർലമെൻറിൽ ഏറ്റവും വലിയ പാർട്ടിയായിരുന്നു. എന്നാൽ 2014ല്‍ അത് 69 സീറ്റ് ആവുകയും 2019 ഓടെ 52 ലേക്ക് ചുരുങ്ങുകയും ചെയ്തു. 2021ല്‍ വീണ്ടും ചുരുങ്ങി ഭരണം നഷ്ടപ്പെട്ട് പാർലമെന്റിലെ ഏറ്റവും വലിയ പാർട്ടിയായി അവശേഷിക്കേണ്ടിവന്ന പാര്‍ട്ടി കിംഗ് മേക്കർ ആയി തുടരുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് നിലവിലെ പ്രശ്നങ്ങളെ പാര്‍ട്ടിയും ഗന്നൂശിയും നോക്കിക്കാണുന്നത്. ഭരണകൂടത്തിന് അടിച്ചമർത്താനുള്ള അവസരങ്ങള്‍ നൽകാതെ,  തങ്ങളുടെ രാഷ്ട്രീയ മൂവ്മെന്റിന് നിയമ സാധുത ഉറപ്പ് വരുത്തി, ജനങ്ങളോടൊപ്പം നിന്ന് വീണ്ടും ശക്തമായി തിരിച്ച് വരാനുള്ള ശ്രമങ്ങളായിരിക്കും വരും നാളുകളില്‍ അവര്‍ നടത്തുക. അതിനായുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ടൂണിഷ്യന്‍ രാഷ്ട്രീയത്തിന്റെയും അന്നഹ്ദ പാര്‍ട്ടിയുടെയും ഭാവി എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter