നിഷിദ്ധ കാര്യങ്ങള്‍

ഇഹ്‌റാം ചെയ്താല്‍ നിഷിദ്ധമായ കാര്യങ്ങള്‍ പന്ത്രണ്ടാണ്:

1) സംയോഗം ചെയ്യല്‍.

2) ചുംബിക്കല്‍, വികാരത്തോടുകൂടി അന്യോന്യം സ്പര്‍ശിക്കല്‍.

3) കൈകൊണ്ട് ഇന്ദ്രിയം പുറപ്പെടീക്കല്‍.

4) വിവാഹം ചെയ്തു കൊടുക്കലും, അത് സ്വീകരിക്കലും.

5) ശരീരത്തിലോ വസ്ത്രത്തിലോ മറ്റോ സുഗന്ധം പൂശല്‍.

6) താടിയിലോ തലയിലോ എണ്ണ ഉപയോഗിക്കല്‍.

7) ശരീരത്തില്‍ നിന്ന് ഒരു മുടിയെങ്കിലും നീക്കല്‍.

8) നഖത്തില്‍ നിന്ന് അല്‍പമെങ്കിലും മുറിക്കല്‍.

9) പുരുഷന്മാര്‍ തല മറയ്ക്കല്‍.

10) പുരുഷന്മാര്‍ വൃത്താകൃതിയില്‍ നെയ്യപ്പെട്ടതോ തുന്നപ്പെട്ടതോ ആയ വസ്ത്രം ധരിക്കല്‍. എന്നാല്‍ പ്രതിബന്ധങ്ങളുള്ളപ്പോള്‍ ഇത് അനുവദനീയമാകും.

11) സ്ത്രീകള്‍ മുഖം മറയ്ക്കല്‍. കൈ ഉറ ഒഴികെ വൃത്താകൃതിയിലുള്ള എല്ലാ വസ്ത്രങ്ങളും സ്ത്രീകള്‍ക്കനുവദനീയമാണ്.

12) ഭക്ഷിക്കല്‍ അനുവദനീയമായ മൃഗങ്ങളെ വേട്ടയാടല്‍.

മേല്‍പറഞ്ഞ കാര്യങ്ങളില്‍ സംയോഗമല്ലാത്ത ഏതെങ്കിലും കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിന്ന് പായശ്ചിത്തമായി ഉള്ഹിയ്യത്തിന്ന് പറ്റുന്ന ഒരാടിനെ അറുത്തു കൊടുക്കുകയോ മൂന്ന് സാഅ് ഭക്ഷണധാന്യം ആറ് സാധുക്കള്‍ക്ക് ധര്‍മ്മം ചെയ്യുകയോ മൂന്ന് നോമ്പ് നോല്‍ക്കുകയോ ചെയ്യണം. സംയോഗം ചെയ്തവന്റെ ഹജ്ജ് നിഷ്ഫലമാകുന്നതാണ്. അവന്‍ ഓരൊട്ടകത്തിനെ അറുത്ത് ദാനം ചെയ്യുകയും അടുത്ത വര്‍ഷം തന്നെ ഹജ്ജ് ഖളാവീട്ടുകയും വേണം. മുടി, നഖം എന്നിവ മൂന്നെണ്ണം തുടര്‍ച്ചയായി ഒരേ സമയത്തും സ്ഥലത്തും വെച്ച് നീക്കിയാല്‍ മാത്രമേ മുന്‍പറഞ്ഞ ആടിനെ അറുത്ത് ദാനം ചെയ്യല്‍ നിര്‍ബന്ധമാകുകയുള്ളൂ. മൂന്നില്‍ കുറഞ്ഞാല്‍ നീക്കപ്പെട്ടതിന്റെ എണ്ണം കണ്ട് ഓരോ മുദ്ദ് ഭക്ഷണം സദഖ ചെയ്താല്‍ മതി. (അതിന്ന് സാധിക്കാത്ത പക്ഷം അത്ര എണ്ണം നോമ്പ് നോല്‍ക്കണം.) മറന്നോ, അറിവില്ലാതെയോ നീക്കിയാലും ഇത് നിര്‍ബന്ധമാകും. സുഗന്ധ സാധനങ്ങള്‍ മറന്നോ അറിവില്ലാതെയോ ഉപയോഗിച്ചാല്‍ ഒന്നും നിര്‍ബന്ധമില്ല.

സംയോഗം കൊണ്ട് ഹജ്ജ് നിഷ്ഫലമാക്കിയവര്‍ ഒട്ടകത്തെ അറുത്ത് ദാനം ചെയ്യാന്‍ സാധിക്കാത്ത പക്ഷം പശുവിനേയും അതില്ലെങ്കില്‍ ഏഴ് ആടുകളെയും ബലി അര്‍പ്പിക്കണം. അതിന്നും അസാധ്യമായാല്‍ ഒട്ടകത്തിന്നു വില നിശ്ചയിച്ചു ആ സംഖ്യക്കുള്ള ഭക്ഷണം ധര്‍മ്മം ചെയ്യേണ്ടതാണ്. അതിന്നും കഴിയാത്ത പക്ഷം ഓരോ മുദ്ദിന്ന് പകരവും ഓരോ നോമ്പ് അനുഷ്ഠിക്കണം. സ്ത്രീക്ക് ഈ കാര്യങ്ങളൊന്നും നിര്‍ബന്ധമില്ല. പക്ഷേ, അവള്‍ കുറ്റക്കാരിയാകും. നിഷ്ഫലമായ ഹജജ് ചെയ്തു തീര്‍ക്കേണ്ടതും പിറ്റേ കൊല്ലം തന്നെ 'ഖളാ' വീട്ടേണ്ടതുമാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter