ഹജ്ജിന്റെ വാജിബാത്ത്

ഹജ്ജിന്റെ വാജിബാത്ത് ആറാകുന്നു. ഒഴിഞ്ഞു പോയാല്‍ അതിന്ന് പ്രായശ്ചിത്തമായി അറുത്തു കൊടുത്താല്‍ മതിയാകുന്നവക്കാണ് വാജിബാത്ത് എന്ന് പറയുന്നത്.

1) ഓരോ നാട്ടുകാരും അവര്‍ക്കുനിശ്ചയിക്കപ്പെട്ട സ്ഥലത്തില്‍ നിന്ന് ഇഹ്‌റാം ചെയ്യല്‍. ശവ്വാല്‍, ദുല്‍ഖഅ്ദ എന്നീ രണ്ട് മാസങ്ങളും ദുല്‍ഹിജ്ജയുടെ പത്ത് ദിവസങ്ങളുമാണ് ഹജ്ജിന്ന് ഇഹ്‌റാം ചെയ്യേണ്ട സമയം. ഈ സമയത്തല്ലാതെ ഹജ്ജിന്ന് ഇഹ്‌റാം ചെയ്താല്‍ ശരിയാകുന്നതല്ല. ഉംറക്ക് ഏത് മാസത്തിലും ഇഹ്‌റാം കെട്ടാം. ഹജ്ജിന്റെ ഇഹ്‌റാമിന്നു നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ താഴെ പറയുന്നവയാണ്: മക്കയിലെ സ്ഥിരതാമസക്കാര്‍ക്കും ഹജ്ജിനോ മറ്റോ വന്നു അവിടെ താമസിക്കുന്നവര്‍ക്കും മക്കതന്നെയാണ് മീഖാത്ത്. മദീനയില്‍ നിന്ന് വരുന്നവര്‍ക്ക് 'ബീര്‍അലി' എന്ന പേരില്‍ (ഇപ്പോള്‍) അറിയപ്പെടുന്ന ദുല്‍ഹുലൈഫ. സിറിയ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജുഹ്ഫയാണ്. അവിടേക്ക് മക്കയില്‍ നിന്ന് മൂന്ന് 'മര്‍ഹല' ദൂരമുണ്ട്- യമനിലെ 'തിഹാമ'യില്‍ നിന്നു വരുന്നവര്‍ക്കും ജിദ്ദയില്‍ വന്ന് കപ്പലിറങ്ങുന്നവര്‍ക്കും യലംലമും അതിനോട് സമാന്തരമായി നില്‍ക്കുന്ന 'ശുഅബുല്‍ മുഹറം' എന്ന സ്ഥലവുമാകുന്നു. യമനിലെ നജ്ദില്‍ നിന്നും ഹിജാസിലെ നജ്ദില്‍ നിന്നും വരുന്നവര്‍ക്ക് ഖറന്‍. ഇറാഖില്‍ നിന്നും മശ്‌രിഖി(പൗരസ്ത്യ ദേശത്തി)ല്‍ നിന്നും വരുന്നവര്‍ക്ക് 'ദാത്തുഇര്‍ഖ്'. നിശ്ചിത സ്ഥലം ഇല്ലാത്ത രാജ്യക്കാര്‍ മേല്‍പറഞ്ഞ ഏതെങ്കിലും സ്ഥലത്തുകൂടി വന്നാല്‍ അവിടെ വെച്ചു ഇഹ്‌റാം ചെയ്യണം. ആ വഴി വന്നില്ലെങ്കില്‍ അതിനോട് നേരിടുന്ന സ്ഥലത്തുവെച്ചാണ് ഇഹ്‌റാം കെട്ടേണ്ടത്. മേല്‍പറഞ്ഞ സ്ഥലത്തിനോട് നേരിടുന്നുമില്ലെങ്കില്‍ അവര്‍ മക്കയില്‍ നിന്ന് രണ്ട് മര്‍ഹല ദൂരെയുള്ള സ്ഥലത്തുവെച്ച് ഇഹ്‌റാം കെട്ടണം. മക്കയുടേയും പ്രസ്തുത സ്ഥലങ്ങളുടേയും ഇടയില്‍ താമസിക്കുന്നവര്‍ വീട്ടില്‍ വെച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഹജ്ജും ഉംറയും ഉദ്ദേശ്യമില്ലാതെ വരികയും ഇഹ്‌റാമിന്റെ നിശ്ചിത സ്ഥാനം വിട്ട് കടക്കുകയും ചെയ്തശേഷം പിന്നീട് ഹജ്ജ് ചെയ്യുവാനുദ്ദേശിക്കുന്ന പക്ഷം ആ ഉദ്ദേശ്യം ഉണ്ടായ സ്ഥാനത്തുവെച്ചു തന്നെ ഇഹ്‌റാം കെട്ടണം. ഹജ്ജും ഉംറയും ഉദ്ദേശിച്ചു വരുന്നവര്‍ ഇഹ്‌റാം കെട്ടാതെ നിശ്ചിത സ്ഥാനങ്ങള്‍ വിട്ടു കടക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ വിട്ടുകടന്നാല്‍ നിശ്ചിത സ്ഥലത്തേക്ക് മടങ്ങി ഇഹ്‌റാം ചെയ്യല്‍ നിര്‍ബന്ധമാണ്. അങ്ങോട്ട് മടങ്ങാതെ മറ്റു സ്ഥലത്ത് നിന്ന് ഇഹ്‌റാം കെട്ടിയാല്‍ ബലിഅറുക്കല്‍ നിര്‍ബന്ധമാകും. മറ്റു സ്ഥലങ്ങളില്‍ വെച്ച് ഇഹ്‌റാം ചെയ്ത ശേഷം ഹജ്ജിന്റെയും  ഉംറയുടെയും കര്‍മ്മങ്ങളില്‍ പ്രവേശിക്കുന്നതിന്നു മുമ്പായി നിശ്ചിത സ്ഥലത്തേക്കുതന്നെ മടങ്ങി ഇഹ്‌റാം കെട്ടിയാല്‍ ബലി അറുക്കല്‍ നിര്‍ബന്ധമില്ല. ഹറമില്‍ താമസിക്കുന്നവര്‍ (ഇതില്‍ വിദേശികളും സ്വദേശികളും പെടും) ഉംറക്ക് ഇഹ്‌റാം കെട്ടേണ്ടത് ഹറമിന്റെ പുറത്തുള്ള സ്ഥലത്തുവെച്ചാണ്. അതിന്ന് ഏറ്റവും ശ്രേഷ്ഠമായത് 'ജിഇര്‍റാനത്ത്' എന്ന സ്ഥലമാണ്. അതിന്നുശേഷം തന്‍ഈമും, പിന്നെ ഹുദൈബിയ്യ (ഇപ്പോള്‍ 'ശുമൈസി') യുമാകുന്നു. 2) പെരുന്നാള്‍ രാവ് പകുതിയായതിന്നു ശേഷം മുസ്ദലിഫയില്‍ അല്‍പസമയമെങ്കിലും രാത്രി താമസിക്കുക. പിറ്റേദിവസത്തെ ഏറിന്നുവേണ്ടി അവിടന്ന് ഏഴ് കല്ലുകള്‍ എടുക്കല്‍ സുന്നത്തുണ്ട്. 3) ദുല്‍ഹിജ്ജ 10-ാം ദിവസത്തിന്റെ സൂര്യന്‍ അസ്തമിക്കുന്നതിന്നു മുമ്പായി 'ജംറത്തുല്‍ അഖബ'യില്‍ ഏഴ് കല്ല് എറിയുക. അയ്യാമുത്തശ്‌രീഖിന്റെ (ദുല്‍ഹിജ്ജ 11,12,13) അവസാനം വരെ ഈ ഏറ് അനുവദനീയമാണ്. ഏറിന്റെ നിബന്ധനകള്‍ താഴെ പറയുന്നു: ഏഴ് പ്രാവശ്യം എറിയുക, കൈകൊണ്ടായിരിക്കുക, കല്ലിന്റെ വിഭാഗത്തില്‍ പെട്ടതുകൊണ്ടായിരിക്കുക, എറിയുന്നസ്ഥാനത്തെ കരുതിക്കൊണ്ടായിരിക്കുക, ആ സ്ഥാനത്ത് കല്ല് എത്തിയിരിക്കുന്നു എന്ന് ഉറപ്പാക്കുക, ജംറത്തുല്‍ അഖബ ഒഴികെയുള്ള എറിയേണ്ട സ്ഥാനത്ത് (തൂണിന്റെ) ചുറ്റുഭാഗവും മൂന്ന് മുഴമാണ് അതിന്റെ അതിര്‍ത്തി. ജംറത്തുല്‍ അഖബയുടെ ഒരു ഭാഗം മാത്രമേ മൂന്നു മുഴമുള്ളു. (ഈ അതിര്‍ത്തി ഇന്ന് ചുറ്റിക്കെട്ടിയിട്ടുണ്ട്. അത് നബി   യുടെ കാലത്ത് ഉണ്ടായിരുന്നില്ല.) 4) അയ്യാമുത്തശ്‌രീഖിന്റെ രാവുകളില്‍ അധിക ഭാഗവും മിനായില്‍ താമസിക്കല്‍. 5) അയ്യാമുത്തശ്‌രീഖിന്റെ പകലില്‍ എല്ലാ ദിവസവും ഉച്ചക്കുശേഷം മൂന്ന് ജംറകളില്‍ (ഊലാ, വുസ്ഥാ, അഖബ) ഏഴ് കല്ലുകള്‍ കൊണ്ട് മേല്‍പറഞ്ഞ മൂന്നു മുഴത്തിന്റെ ഉള്ളിലേക്ക് മുന്‍പറഞ്ഞ ക്രമത്തില്‍ എറിയുക. എറിയുന്ന കല്ലുകള്‍ അമരപ്പയര്‍ വലിപ്പമുള്ളതാവല്‍ സുന്നത്താണ്. സ്വന്തം എറിയാന്‍ സാധിക്കാത്തവര്‍ അതിന്ന് മറ്റുള്ളവരെ ഏല്‍പിച്ചാല്‍ മതി. പെരുന്നാള്‍ ദിവസത്തിന്റെ ഏറും അയ്യാമുത്തശ്‌രീഖിന്റെ ഏതെങ്കിലും ദിവസങ്ങളിലെ ഏറും അയ്യാമുത്തശ്‌രീഖിന്റെ മറ്റു ദിവസങ്ങളില്‍ നിര്‍വഹിച്ചാല്‍ മതിയാകുന്നതാണ്. മൂന്നു ദിവസത്തെ ഏറും ഒന്നിച്ചു ഉപേക്ഷിച്ചാല്‍ ബലി അറുക്കല്‍ നിര്‍ബന്ധമാകുന്നു. 6)ഹജ്ജ് കഴിഞ്ഞു മക്കയില്‍ നിന്ന് യാത്രതിരിക്കുമ്പോള്‍ 'വിദാഇ'ന്റെ ത്വവാഫ് ചെയ്യല്‍. യാത്രാവസരം ആര്‍ത്തവം മുതലായ തടസ്സങ്ങളുള്ള സ്ത്രീകള്‍ക്കിത് നിര്‍ബന്ധമില്ല. മേല്‍പറഞ്ഞ വാജിബാത്തുകളില്‍ ഒന്നിനെ ഉപേക്ഷിച്ചാല്‍ അതിന്ന് പ്രായശ്ചിത്തമായി ബലി അറുത്താല്‍ മതിയാകുന്നതാണ്. ഇതിന്നു കഴിവില്ലാത്തവര്‍ ഇഹ്‌റാം ചെയ്ത ശേഷവും പെരുന്നാളിന്നു മുമ്പും ആയി മൂന്നു നോമ്പും ഭാര്യ സന്താനങ്ങള്‍ മുതലായവരുള്ള സ്വന്തം രാജ്യത്തേക്കു മടങ്ങിയാല്‍ ഏഴു നോമ്പും അനുഷ്ഠിക്കണം. മക്കയില്‍ പ്രവേശിച്ച ഉടന്‍ ഖുദൂമിന്റെ ത്വവാഫ് ചെയ്യുക, അറഫാരാവില്‍ മിനായി രാപാര്‍ക്കുക, മശ്അറുല്‍ ഹറാമില്‍ നില്‍ക്കുകയും അവിടെവെച്ചു ദിക്‌റുകള്‍ അധികമാക്കുകയും ഖിബ്‌ലക്ക് മുന്നിട്ട് നേരം പുലരുന്നതുവരെ നിന്നു ദുആ ഇരക്കുകയും ചെയ്യുക, ഓരോ സ്ഥലത്തും സയത്തും കൊണ്ടു വരേണ്ട പ്രത്യേക പ്രാര്‍ത്ഥനകളും ദിക്‌റുകളും ചൊല്ലുക, ഹജ്ജ് ഉദ്ദേശ്യമില്ലാതെ പോയവരാണെങ്കിലും മദീനയില്‍ പോയി നബി യുടെ റൗളാശരീഫ് സന്ദര്‍ശിക്കുക, സംസംവെള്ളം വയറുനിറയെ കുടിക്കുക എന്നി വയെല്ലാം ശക്തിയായ സുന്നത്തുകളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter