ബലിയാടുകളും വിശുദ്ധ പശുക്കളും: കൊവിഡ് കാലത്തെ പോലീസും മാധ്യമങ്ങളും തബ്‌ലീഗ് ജമാഅത്തും
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിച്ചിട്ടും ഇന്ത്യയിൽ വൈറസ് അപകടകരമായ വിധത്തിൽ പിടിമുറുക്കിയ സാഹചര്യമാണുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം മൂലം ജനത ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ വൈകി മാത്രം തുടങ്ങിയതിനാൽ കൊറോണ പ്രതിരോധം പാളിയ കാഴ്ചയാണ് കാണുന്നത്. ഫെബ്രുവരി തുടക്കം മുതൽ തന്നെ വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച നമസ്തേ ട്രംപ് പരിപാടിയും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ കമലയും മൂലം രാജ്യത്തെ ഭരണകൂടം പൂർണമായും തിരക്കിലായിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 22ന് ജനതാ കർഫ്യുവും 24 മുതൽ പൂർണ്ണമായ ലോക് ഡൗണും പ്രഖ്യാപിക്കപ്പെട്ടു. സർക്കാരിന്റെ പ്രതിരോധം പരാജയപ്പെട്ടത് മൂലം കോവിഡ് കേസുകൾ കുതിച്ചുയർന്നു. എന്നാൽ ഈ പരാജയത്തിന്റെ ഉത്തരവാദിത്തം വെച്ചു കെട്ടാനായി സർക്കാറിന് ഒരു സുവർണാവസരം ലഭിച്ചു തബ്‌ലീഗ് ജമാഅത്ത് സമ്മേളനം! വാർത്താ മാധ്യമങ്ങളിലൂടെ മുസ്‌ലിം വിരുദ്ധ പ്രചരണവും ഇതിലൂടെ നടന്നു. എന്നാൽ അതേ സമയത്ത് തന്നെ രണ്ട് ലക്ഷം ആളുകൾ പങ്കെടുത്ത നമസ്തെ ട്രംപ് പരിപാടിക്ക് യാതൊരു തരത്തിലുള്ള വിമർശനവും നേരിടേണ്ടി വന്നിരുന്നില്ല. ഡൽഹിയിലെ മർക്കസ് നിസാമുദ്ദീൻ സമ്മേളനം നടക്കുന്ന സമയത്ത് മറ്റു ക്ഷേത്ര ഉത്സവങ്ങളു മറ്റും നിയമപരമായി നടന്നിരുന്നു. ഇന്ത്യയിലേക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ തബ് ലീഗ് അംഗങ്ങൾ എത്തിയത് പൂർണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും എയർപോർട്ടിലെ സ്ക്രീനിങിന് വിധേയമായി കൊണ്ടുമായിരുന്നു. എന്നാൽ തബ്‌ലീഗിനെ ലക്ഷ്യമിട്ടാൽ അത് മുസ്‌ലിം സമൂഹത്തെ മൊത്തം അപകീർത്തിക്കെടുത്താമെന്ന കണക്കുകൂട്ടലിലാണ് ഇത് വലതുപക്ഷ സംഘങ്ങൾ പ്രചരിപ്പിച്ചത്. ചില വർഗീയ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് തബ്‌ലീഗുകാർ ഇന്ത്യയിൽ ബോധപൂർവ്വം കൊറോണ പരത്തുകയാണെന്നായിരുന്നു. കൊറോണ ജിഹാദ്, കൊറോണ നോമ്പ് എന്ന പേരിലും തബ് ലീഗ് സമ്മേളനത്തെ ചേർത്തി കെട്ടാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. ഇതേ തുടർന്ന് മുസ്‌ലിം കച്ചവടക്കാർക്കും ഡ്രൈവർമാർക്കുമെല്ലാം ജനങ്ങളുടെ കോപം ഭയന്ന് രക്ഷപ്പെടേണ്ടി വന്നു. ചിലത് തബ്‌ലീഗുകാർ ഹോസ്പിറ്റലിൽ അഡ്മിറ്റാകുക കൂടി ചെയ്തപ്പോൾ വ്യാജവാർത്ത പ്രചാരകർക്കതൊരു ഉത്സവമായി മാറി. തബ്‌ലീഗുകാർ നഴ്സുമാരോട് ലൈംഗികചുവയുള്ള ആംഗ്യ വിക്ഷേപങ്ങൾ കാണിക്കുന്നു, ഡോക്ടർമാരുടെ നേരെ തുപ്പുന്നു, റൂമുകളിൽ വസ്ത്രമില്ലാതെ നടക്കുന്നു എന്നൊക്കെ ഇത്തരം മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇതെല്ലാം ഇന്ത്യയിലെ വളർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്ക് വളമേകി. പോലീസാകട്ടെ ഇതൊരു അവസരമായി കണ്ട് വിദേശ തബ് ലീഗ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ഇതെല്ലാം വെറും വ്യാജ വാർത്തകളാണെന്ന് വ്യക്തമാകാൻ അധികം സമയമെടുത്തില്ല. തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരോട് ഭരണകൂടം സ്വീകരിച്ച നടപടികളും മാധ്യമങ്ങൾ നടത്തിയ വിദ്വേഷ പ്രചരണങ്ങളും പൂർണ്ണമായും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമർശനവുമായി വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി വിഷയത്തിൽ നിരീക്ഷണം നടത്തിയിരുന്നു. ഔറംഗാബാദ് ഹൈകോടതി ബെഞ്ച് അംഗങ്ങളായ ടിവി നളവാടെ, എംജി സിവ് ലികർ എന്നീ ജഡ്ജിമാരാണ് മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിനെത്തിയ വിദേശി പൗരന്മാരാണ് രാജ്യത്ത് കൊറോണ പരത്തിയതെന്ന് മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നും പോലീസ് വിദേശ തബ് ലീഗ് പ്രവർത്തകരെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു . ഭരണകൂടത്തിലെ വീഴ്ചകൾ മറക്കുവാനായിരുന്നു മുസ്‌ലിംകളെ ബലിയാടാക്കി മാറ്റിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. എല്ലാ സംഭവങ്ങളും മുസ്‌ലിംകൾക്കെതിരെയാക്കി മാറ്റാമെന്ന മുന്നറിയിപ്പാണ് സർക്കാരിന്റെ ഈ നീക്കം ബോധ്യപ്പെടുത്തുന്നതെന്നും കോടതി കൂട്ടിച്ചേർക്കുന്നുണ്ട്. ഒരു രാജ്യം അതിന്റെ മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന നിലപാടിന്റ കേസ് സ്റ്റഡിയായി വേണം കോടതിയുടെ ഈ പ്രതികരണത്തെ വിലയിരുത്താൻ കോവിഡ് 19 നമുക്ക് ബോധ്യപ്പെടുത്തി തരുന്നത് എന്ത് കാര്യത്തിനും മുസ്‌ലിംകളെ വേട്ടയാടാമെന്ന ലക്ഷ്യവുമായി മാധ്യമങ്ങൾ നടക്കുന്നുവെന്ന സത്യത്തെയാണ്. മാത്രമല്ല, എന്ത് പ്രവർത്തനങ്ങൾ നടത്തിയാലും വിശുദ്ധ പശുക്കളായി പരിഗണിക്കപ്പെടുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് കൂടി വ്യക്തമാവുകയാണ്. ഡൽഹിയിൽ പൗരത്വ പ്രക്ഷോഭത്തിൽ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനംചെയ്തവർ നിയമനടപടികൾ നേരിടുമ്പോൾ പ്രകോപന പ്രസംഗങ്ങൾ നടത്തിയ അനുരാഗ് താക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര തുടങ്ങിയവർ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് ഇവർ വിശുദ്ധ പശുക്കളായി പരിഗണിക്കപ്പെടുന്നത് കൊണ്ടാണ്. 2006-2008 കാലയളവിൽ ഇന്ത്യയിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ പ്രതികളായവർക്ക് നേരേയും സമാനമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനത്തിനും ശേഷം നിരവധി മുസ്‌ലിം ചെറുപ്പക്കാരാണ് അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത് . പിന്നീട് തെളിവിന്റെ അഭാവത്തിൽ അവരെയെല്ലാം കോടതി വെറുതെ വിട്ടു. എന്നാൽ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട പ്രഗ്യാ സിങ് താക്കൂർ നിയമനടപടികളിൽ നിന്ന് മോചിതയായി നിയമനിർമാണസഭയിൽ എത്തിയിരിക്കുകയാണ്. ഇവിടെ നടക്കുന്നതെല്ലാം പക്ഷപാതപരമായ നിലപാടാണ്. ചിലരെ മതത്തിന്റെ പേരിൽ ലക്ഷ്യം വെക്കലും മറ്റ് ചിലരെ മതത്തിൻറെ പേരിൽ കേസുകളിൽ നിന്ന് രക്ഷപ്പെടുത്തലുമാണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter