ഒരുങ്ങാന്‍ വിളിയുയരുന്ന നാട്ടുമൗലിദ്
കേരളത്തില്‍ ഇസ്‌ലാമിക പ്രവേശനത്തോളമുണ്ട് താനൂരിന്റെ മഹിമ. ഇവിടെ ഇസ്‌ലാമിക പ്രബോധനത്തിന് നേതൃത്വം വഹിച്ചത് മാലിക്ബ്‌നുദീനാറി(റ)ന്റെ സഹോദരപുത്രന്‍ ഹബീബ് മാലിക് ആണെന്നാണ് പ്രബലാഭിപ്രായം. കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തിലെ സുന്ദരമായ ഏടുകള്‍ താനൂരിനു സ്വന്തമായുണ്ട്. മഹാന്മാരായ ഒരുപാട് ഔലിയാക്കളും സയ്യിദന്‍മാരും ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നു. പ്രവാചകന്റെ 24-ാം പൗത്രന്‍ സയ്യിദ് ഹാശിം ഹള്‌റത്ത് പരമ്പരയിലെ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മൂച്ചിക്കലിലെ അറബി ഉപ്പാപ്പ, താനൂര്‍ ഉമര്‍ ഖാസി(റ), കണ്ണന്തളി തങ്ങന്‍മാര്‍, അബ്ദുറഹ്മാന്‍ നഖ്ശബന്തി, കെ.കെ ഹസ്‌റത്ത്, പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഇവരില്‍ പ്രധാനികളാണ്. നൂറ്റാണ്ടുകളുടെ ദര്‍സ് പാരമ്പര്യം പേറുന്ന വലിയകുളങ്ങര പള്ളിയടക്കം നിരവധി പുരാതന പള്ളികള്‍ താനൂരിലും സമീപസ്ഥലങ്ങളിലുമുണ്ട്. ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് താനൂരിലെ ഖിലാഫത്ത് സ്മരണകളുറങ്ങുന്ന പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ്.
താനൂരിലും പരിസരങ്ങളിലും വര്‍ഷങ്ങളായി നടന്നുവരുന്ന അനുഷ്ഠാനമാണ് നാട്ടുമൗലിദ്. ഉത്ഭവത്തെക്കുറിച്ച് നിരവധി ചരിത്രഭാഷ്യങ്ങള്‍ നിലവിലുണ്ട്. ഒരു കാലത്ത് താനൂരിന്റെ നാനാഭാഗത്തും തീപ്പിടുത്തമുണ്ടായി. അഗ്നിയില്‍ നിന്നുള്ള മോചനത്തിനു വേണ്ടി അന്നത്തെ പൗരപ്രമുഖന്‍മാരെല്ലാം ഇന്ന് താനൂര്‍ ടൗണ്‍ ജുമുഅത്ത് പള്ളിയുടെ സാമീപ്യം അന്ത്യവിശ്രമം കൊള്ളുന്ന സ്വൂഫിയായ സയ്യിദ് വെളിയങ്കോട് ആറ്റക്കോയ തങ്ങളെ സമീപിച്ചു. തങ്ങളാണ് പരിഹാരമായി മൗലിദോതാന്‍ നിര്‍ദേശിച്ചത്. ഈ അഭിപ്രായമാണ് ഏറ്റവും പ്രബലം.
തീയുടെ ശല്യം ഇല്ലാതിരിക്കാന്‍ സയ്യിദ് ഹാശിം തങ്ങള്‍(റ) കല്‍പ്പിച്ചുവെന്നാണ് മറ്റൊരു അഭിപ്രായം. തീ പടര്‍ന്നു പടര്‍ന്ന് തങ്ങളുടെ വീടിന്റെ അരികിലെത്തി. വീട്ടിലെ വലിയുമ്മ ഓടിവന്ന് പരമ്പരാഗതമായി ലഭിച്ച കൊടി സൂക്ഷിച്ച മതിലിന്റെ മീതെ പറഞ്ഞു: ‘ഇതാ തീ നമ്മുടെ വീട്ടിലേക്ക് പടരുന്നു. എല്ലാം കത്തി നശിക്കും. ഇത് കേള്‍ക്കേണ്ട താമസം അലമാര പൊട്ടിപ്പിളരുകയും കൊടി പാറിപ്പോവുകയും ചെയ്തു. തീ ഉടനെ അണഞ്ഞു. സയ്യിദ് ഹാശിം തങ്ങള്‍(റ) വീട്ടിലെത്തി വിവരമറിഞ്ഞു. കൊടി പാറിപ്പോയതില്‍ അതീവ ദുഃഖിതനായി കരയാന്‍ തുടങ്ങിയ തങ്ങള്‍ അവശതയോടെ കിടന്നുറങ്ങി. വലിയപാടത്തു കരിയിലകള്‍ക്കിടയില്‍ കിടക്കുന്ന കൊടി തങ്ങള്‍ സ്വപ്നത്തില്‍ കണ്ടു. ഉടനെ ഒരു പുരുഷാരം വാദ്യമേളങ്ങളോടെ അവിടെയെത്തുകയും കൊടി കൊണ്ടു വരികയും ചെയ്തു. തുടര്‍ന്ന് താനൂരിലെ നിവാസികളോട് മൗലിദ് പതിവാക്കാന്‍ നിര്‍ദേശിച്ചു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്.
റബീഉല്‍ ആഖിര്‍ മുതല്‍ ജമാദുല്‍ ആഖിര്‍ വരെയുള്ള മൂന്നു മാസങ്ങളിലായി വെള്ളിയാഴ്ച രാവുകളിലാണിത് നടക്കുക. ഈ മാസങ്ങളിലെ ഓരോ ആഴ്ചയും ഓരോ മഹല്ലത്തിലായിരിക്കും പരിപാടി. പക്ഷേ, ചിലയവസരങ്ങളില്‍ അങ്ങാടിപ്പള്ളിയുടെ വലത്-ഇടതു വശങ്ങളിലെ മഹല്ലുകള്‍ എന്ന വിഭജനത്തില്‍ രണ്ടു ഘട്ടമായി രണ്ടാഴ്ചയില്‍ ഓതുക്കാറുമുണ്ട്. മൗലിദിന് ഒരാഴ്ച മുമ്പെങ്കിലും പ്രഖ്യാപനമുണ്ടാകും. മഹല്ലത്തിലെ പള്ളിയില്‍ നിന്നും മൈക്കിലൂടെ മൗലിദിനു വേണ്ടി ഒരുങ്ങി നില്‍ക്കാന്‍ വിളിച്ചുപറയും. അതോടെ മഹല്ലത്തിലെ ഓരോ വീട്ടുകാരും ധനിക-ദരിദ്ര വ്യത്യാസമില്ലാതെ മൗലിദിന് തയ്യാറെടുക്കും. വീടും പരിസരവും വൃത്തിയാക്കി പരമാവധി മോടികൂട്ടുന്നു. മൗലിദ് ആഗതമായാല്‍ വിദൂരസ്ഥലത്ത് നിന്നുപോലും മുതഅല്ലിമുകളും പണ്ഡിതരും എത്തിത്തുടങ്ങും. മൗലിദ് നടക്കുന്ന മഹല്ലത്തിലെ പള്ളിയില്‍ ചെല്ലുകയും അവിടെ നിന്ന് നാട്ടുകാരും വീട്ടുകാരും അവരുടെ കഴിവനുസരിച്ച് ഒന്നോ അതില്‍ കൂടുതലോ മുതഅല്ലിമുകളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. ഇശാ നിസ്‌കാരശേഷമാണ് മൗലിദ് ആരംഭിക്കുക. ആദ്യചടങ്ങ് ആളെ തയ്യാറാക്കലാണ്. വിഭവസമൃദ്ധമായ സദ്യയോടെ മൗലിദ് ഓതാനെത്തിയവരെ വീട്ടുകാര്‍ തയ്യാറാക്കും. ഏതു ദരിദ്രനാണെങ്കിലും ഉള്ളതു കൊണ്ട് ഓണം പോലെ കഴിക്കും. പിന്നീടുണ്ടാകുന്ന അറിയിപ്പോടെ മൗലിദ് ആരംഭിക്കുകയായി. ഉദ്ദേശം മൂന്നു മണിക്കൂറോളം മൗലിദ് നീണ്ടുനില്‍ക്കും. മന്‍ഖൂസ്, മുഹ്‌യിദ്ദീന്‍, രിഫാഈ എന്നീ മൗലിദുകളാണ് യഥാക്രമം പാരായണം ചെയ്യുക. ശേഷം ‘ശറഫുല്‍ അനാമിലെ’ ‘അശ്‌റഖ.’ ബൈത്തോതും. ഹജ്ജില്‍ അറഫയെന്ന പോലെയാണ് നാട്ടുമൗലിദില്‍ ‘അശ്‌റഖ’ ഈ സമയത്ത് പനനീര്‍വെള്ളം തളിക്കപ്പെടുന്നു. വിവിധ മഹല്ലുകളിലായി മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന മൗലിദ്, അങ്ങാടി മൗലിദോടുകൂടിയാണ് സമാപിക്കുക. അതിന്നായി അങ്ങാടിയിലെ ഓരോ കടയും ഒരുക്കിയിട്ടുണ്ടാകും. ഓരോ കടയിലും വീടുകളിലേതുപോലെ മൗലിദ് നടക്കും.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തില്‍ താനൂര്‍ നിവാസികളെ പിടിച്ച് നിര്‍ത്തുന്നതില്‍ നാട്ടുമൗലിദിന് വലിയ പങ്കുണ്ട്. പ്രവാചക അപദാനങ്ങളെ പൊതുജനങ്ങള്‍ മാറോടണക്കുന്നത് നാട്ടുമൗലിദിലൂടെയാണ്. മൗലിദിനെത്തുന്ന മുസ്‌ലിയാക്കന്‍മാരുമായുള്ള സമ്പര്‍ക്കമൂലം ഇസ്‌ലാമിക തനിമയോടെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നു. ഇല്‍മിനോടും മുതഅല്ലിമുകളോടുമുള്ള ഇവരുടെ ബന്ധം ദൃഡീകരിക്കാന്‍ സാധിക്കുമെന്നു മാത്രമല്ല, അനാചാരങ്ങളുടെ ആധിപത്യത്തില്‍ നിന്ന് മോചിതമാക്കാനും ഇതു സഹായിക്കും.
പുത്തന്‍വാദികളുടെ കടന്നുകയറ്റം ചെറിയതോതില്‍ വിപരീത സ്വാധീനം ചെലുത്തുന്നുണ്ട്.
സയ്യിദ് ഹാശിം(റ)
താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിന് സമീപം അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദ് ഹാശിം തങ്ങള്‍ ഏകദേശം ഹിജ്‌റ 1190-ല്‍ മക്കയില്‍നിന്ന് വന്നവരാണ്. നബി(സ)യുടെ 24-ാമത്തെ പൗത്രനാണ്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പരമ്പരയിലുള്ളവരാണ് ഹാശിം തങ്ങള്‍. അദ്ദേഹം മക്കയില്‍ നിന്നും വരുന്ന സമയം കൂടെ ഒരു ഖാദിമുമുണ്ടായിരുന്നു.
പായക്കപ്പലില്‍ സഞ്ചരിച്ച് താനൂര്‍ എടക്കടപ്പുറത്ത് കുഞ്ഞന്റെ ജാറം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഒരഭിപ്രായപ്രകാരം ഇദ്ദേഹമാണ് നൗട്ടുമൗലിദ് നിര്‍ദേശിച്ചത്.
സയ്യിദ് ഹാശിം തങ്ങളുടെ മകന്‍ അബ്ദുല്‍ കരീം എന്ന കുട്ടിയുടെ മഖ്ബറയാണ് കുഞ്ഞന്റെ ജാറം. പ്രസവിച്ച ഉടനെ തന്നെ അസാധാരണമായി കുട്ടി സംസാരിക്കാനും നടക്കാനും തുടങ്ങി. ചില അത്ഭുതസംഭവങ്ങള്‍ കുട്ടിയില്‍ നിന്ന് ഉണ്ടാവുകയും ഒമ്പതാം വയസില്‍ മരണപ്പെടുകയും ചെയ്തു. അവരെ മറമാടിയ എടക്കടപ്പുറം മുക്കാല്‍ തോടിനടുത്തുള്ള കുഞ്ഞന്റെ ജാറം ഹാശിം തങ്ങളുടെ പരമ്പരയിലുള്ള ഒട്ടനവധി സാദാത്തുകളുടെയും മഖ്ബറയാണ്.
ആറ്റക്കോയ തങ്ങള്‍
വെളിയങ്കോട് ഉമര്‍ ഖാസിയുടെ ജാറത്തിനു പിറകിലുള്ള ഹള്ര്‍ മൗത്ത് തങ്ങന്‍മാരുടെ മഖ്ബറ നില്‍ക്കുന്നയിടത്താണ് ആറ്റക്കോയ തങ്ങളുടെ ജനനം. തങ്ങളുടെ പിതാക്കള്‍ അന്ത്യവിശ്രമംകൊള്ളുന്നത് ഇവിടെയാണ്. പിന്നീട് താനൂരിലേക്ക് വന്ന സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങളുടെ മഖ്ബറ താനൂര്‍ ടൗണ്‍ ജുമുഅത്ത് പള്ളിക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. വാക്കിന് ഫലമുള്ള തങ്ങളുടെ ആത്മീയ നേതൃത്വം താനൂരിന് വലിയ അനുഗ്രഹമായിരുന്നു. മൗലിദ് നിര്‍ദേശിച്ചത് തങ്ങളാണെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. പ്രസവവേദനകളില്‍ ശിഫാക്ക് വേണ്ടി തങ്ങളുടെ മഖ്ബറയിലേക്ക് പ്രത്യേകമായ പ്രാര്‍ത്ഥന നടക്കാറുണ്ട്. തങ്ങളുടെ മാഹാത്മ്യം വര്‍ണിക്കുന്ന മാല വിരചിതമായിട്ടുണ്ട്. പഴമക്കാര്‍ക്കിടയില്‍ ഇത് ഇന്നും ലഭ്യമാണ്.
ആപത്തുകള്‍ ജനങ്ങളില്‍ പടരുമ്പോള്‍ ഔലിയാക്കളുടെയും അമ്പിയാക്കളുടെയും മഹത്വങ്ങള്‍ കൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നത് പാരമ്പര്യമായി മുസ്‌ലിംകളുടെ സ്വഭാവവിശേഷമാണ്. പില്‍ക്കാലത്ത് തവസ്സുലിനെയും ഇസ്തിഗാസയെയും ഇത്തരം നാട്ടുനടപ്പുകളെയും എതിര്‍ത്ത് പുത്തന്‍വാദികള്‍ രംഗത്തുവന്നെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇന്നും ജനങ്ങള്‍ ഇവ നിലനിര്‍ത്തുന്നു. അതിനു മാതൃകകള്‍ നിരവധിയുണ്ട്. ബുര്‍ദ (ബുര്‍ഉദ്ദാഅ്) തന്നെ അതിന് മതിയായ തെളിവാണ്. പേര് സൂചിപ്പിക്കുംപോലെ തന്നെ രോഗചികിത്സക്കായി രചിക്കപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യമാണല്ലോ അത്. തനിക്ക് പിടിപെട്ട മാറാവ്യാധിയില്‍ നിന്ന് മുക്തമാവാന്‍ ഇമാം ബൂസ്വൂരി(റ) രചിച്ചതാണ് ഈ കാവ്യം. ഇതിന്റെ രചന തികച്ചും രോഗപ്രതിരോധത്തിനു വേണ്ടിയായിരുന്നു. മന്‍ഖൂസ് മൗലിദ് സൈനുദ്ദീന്‍ മഖ്ദൂം രചിക്കാനുള്ള പാശ്ചാത്തലവും പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും പടര്‍ന്ന മാറാവ്യാധി തന്നെയാണ്. അബ്ദുല്ലാഹ്‌സല്‍ അലവി ഹദ്ദാദ് തങ്ങളുടെ ഹദ്ദാദ് റാത്തീബിന്റെ രചനാപശ്ചാത്തലവും മറ്റൊന്നല്ലെന്ന് ചരിത്രം പറഞ്ഞുതരും.
നാട്ടുമൗലിദിനെക്കുറിച്ച് രസകരമായ ചില സംഭവങ്ങളും പറയപ്പെടുന്നുണ്ട്. താനൂരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഭയപ്പെട്ടിരുന്ന സാഹചര്യം നാട്ടുമൗലിദിന്റെ ഒരുക്കങ്ങള്‍ തുടങ്ങാന്‍ വേണ്ടി ചേക്കുട്ടി എന്നൊരാള്‍ പള്ളിയില്‍നിന്ന് ‘ഒരുങ്ങിക്കോളീന്‍’ എന്നു വിളിച്ചുപറഞ്ഞു. ഉടനെത്തന്നെ പള്ളിയിലേക്ക് പോലീസുകാര്‍ ഇരച്ചുകയറുകയും അദ്ദേഹത്തെ പിടിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. കലാപത്തിന് ഒരുങ്ങാനാണ് ഈ പ്രഖ്യാപനമെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്.
മലബാറില്‍ ഗവണ്‍മെന്റിനെതിരെ ഖിലാഫത്ത് നിസ്സഹകരണം പ്രഖ്യാപിച്ച അവസരത്തിലാണ് കടല്‍തീരത്ത് സ്വകാര്യ വ്യക്തികള്‍ തെങ്ങിന്‍ തൈകള്‍ വെച്ചു പിടിപ്പിച്ചത്. കടല്‍തീരത്ത് തൈ നടല്‍ നിയമലംഘനമായിരുന്നു. പ്രശ്‌നം അന്വേഷിക്കാന്‍ തുക്ടി സായ്പും സഹചാരികളും എത്തി. നാട്ടുമൗലിദിന്റെ ദിവസമായിരുന്നു അവരെത്തിയത്. മൗലിദ് ആഘോഷത്തിന്റെ ഭാഗമായി കടകളും തെരുവോരങ്ങളും അണിയിച്ചൊരുക്കിയതിനാല്‍ സൂപ്രണ്ടിനെയും സഹചാരികളെയും താനൂര്‍ ടൗണ്‍ പാലത്തിനപ്പുറം കടക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി കുഞ്ഞിക്കാദര്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ രംഗത്തുവന്നു. അപമാനിതരായി തിരിച്ചുപോയ സൂപ്രണ്ടിനും സഹചാരികള്‍ക്കും ഖിലാഫത്ത് സമരക്കാര്‍ക്കെതിരെ വിദ്വേഷം വര്‍ധിച്ചുവെന്നതാണ് ചരിത്രം.
Leave A Comment