അത്താ തുര്‍ക്കിന്റെ നാട്ടില്‍ മൗലിദ് പാടുന്നവര്‍

അങ്കാറ

ഇസ്‍ലാമിക സംസ്‌കാരത്തെയും വിശ്വാസങ്ങളെയും മ്യൂസിയത്തിലെ ചില്ലുകള്‍ക്കിടയില്‍ താഴിട്ട് പൂട്ടുകയും അറബി അക്ഷരം പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു പുതുതലമുറയെ വാര്‍ത്തെടുത്തുമാണ് അത്താ തുര്‍ക്ക് പരിഷ്‌കാരിയും രാജ്യത്തിന്റെ രാഷ്ട്രപിതാവുമൊക്കെയായത്. അവിടുന്നിങ്ങോട്ട് റെജബ് ത്വയ്യിബ് എര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുണ്ട്; തുര്‍ക്കിയില്‍ ശക്തി പ്രാപിക്കുന്ന ഇസ്‍ലാമികമായ ഉണര്‍വിനും.

ഒരു കാലത്ത് ഇസ്‌ലാമികമായ മുഴുവന്‍ ചിഹ്നങ്ങളും കര്‍ശനമായി വിലക്കിയിരുന്ന ഒരു നാട്ടിലായിരുന്നു ഈ വര്‍ഷത്തെ നബിദിനാഷോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. 02/01/2015 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനായി എത്തിയത് അങ്കാറയിലെ ‘എസന്‍തപെ ജാമി’യിലായിരുന്നു. റബീഉല്‍ അവ്വലിനെക്കുറിച്ചും നബിയുടെ ജന്മദിനത്തിലെ അത്ഭുത സംഭവങ്ങളെക്കുറിച്ചും പ്രദേശത്തെ ഖത്തീബ് തന്നെയാണ് ഔദ്യോഗികമായി ആളുകളെ ഉണര്‍ത്തിയത്. മനോഹരമായ വിവരണത്തിന് ശേഷം ഖുത്തുബയുടെ അവസാനം വിശ്വാസികളോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു:

‘സഹോദരന്മാരെ, ഇത് റബീഉല്‍ അവ്വല്‍ മാസമാണല്ലോ, തിരുദൂതര്‍ (സ)യുടെ ജന്മദിനമാണ് ഈ ദിവസങ്ങളില്‍ നാം ആഘോഷിക്കുന്നത്. ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം പള്ളിയില്‍ വെച്ച് മൗലീദ് പാരായണം, സൂറത്തുല്‍ യാസീന്‍, ഫത്ഹ് പാരായണം, കൂട്ടുപ്രാര്‍ത്ഥനാ മജ്‌ലിസ് എന്നിവയുണ്ടായിരിക്കുതാണ്. എല്ലാവരും പള്ളിയിലേക്കെത്തിച്ചേരുക.’

തനി നാട്ടിന്‍പുറത്ത പള്ളിയില്‍ നിന്നും കേട്ട് വരാറുള്ള ഒരു നാടന്‍ മുസ്‍ലിയാരുടെ വിവരണമല്ല ഇത്. പരിഷ്‌കാരങ്ങളും പുത്തന്‍ ചിന്തകളും വേണ്ടുവോളം ജീവിതത്തിലുള്ളവരുടെ നാട്ടിലെ ഖത്തീബാണ് ഇത് പറയുന്നത്.

മഗ്‌രിബ് നിസ്‌കാരാനന്തരം ‘ത്വലഅല്‍ ബദ്‌റു അലൈനാ..’യുടെ അകമ്പടിയോടെ പുണ്യറസൂലിനെ വരവേല്‍ക്കുന്നു. ശേഷം തുര്‍ക്കി ഭാഷയില്‍ പ്രത്യേകം തയ്യാറാക്കിയ (gül yüzünü rüyamýzda görelim ya Resul allah) മൗലീദ് പാരായണവും സ്വലാത്തുകള്‍, ഖുര്‍ആന്‍ പാരായണം, പിന്നെ നിറഞ്ഞ് നില്‍ക്കുന്ന വിശ്വാസികള്‍ക്കഭിമുഖമായിരിന്ന് ഇമാമിന്റെ നീണ്ട പ്രാര്‍ത്ഥനയും. അറബിയിലും തുര്‍ക്കി ഭാഷയിലുമായിരുന്നു കൂട്ടുപ്രാര്‍ത്ഥന. പ്രവാചകാനുരാഗത്തിന് മധുരമേകാന്‍ ചീരണിയും അവര്‍ മറില്ല.

turkey meeladഅങ്കാറയില്‍ ഓരോ നൂറ് മീറ്റര്‍ ഇടവിട്ട് ഓരോ പള്ളിയെന്നാണ് കണക്ക്. ഈ പള്ളികളിലെല്ലാം ആയിരങ്ങളാണ് നബിദിനാഘോഷത്തിനായി തടിച്ച് കൂടിയത്. ആഘോഷം അനിസ്‌ലാമികമാണെ് നെഞ്ചത്തടിച്ച് കരയു പുത്തനാശാന്മാരോ പോസ്റ്ററുകളോ കരിമഷിപ്രയോഗങ്ങളോ എവിടെയും കണ്ടില്ല എന്നത് മറ്റൊരു കാര്യം.

പള്ളിയിലെ പൊതു പരിപാടികള്‍ കഴിഞ്ഞാണ് യഥാര്‍ഥ ആഘോഷം. കുടുംബങ്ങള്‍ ഒത്ത് ചേര്‍ന്ന് പ്രവാചകസ്മരണക്കായി പുസ്തകപാരായണവും മറ്റു മത്സരങ്ങളും സംഘടിപ്പിക്കും. ഓരോ ജമാഅത്തുകളും അവരുടെ വീടുകളിലും ഓഡിറ്റോറിയങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടികള്‍ വേറെയും. നബിയുടെ ജീവിത ചരിത്രപാരായണവും, ഹദീസ് വിശദീരകരണങ്ങളും, ഖുര്‍ആനിലെ ജുസ്ഉകള്‍ സുഹൃത്തുക്കളില്‍ വീതിച്ച് ഖത്മ് ഓതലും, തസ്ബീഹ് നിസ്‌കാരവും, നാട്ടുഭാഷയിലുള്ള മൗലീദുകളും ഒക്കെ ഇതില്‍ പെടും. നബിദിനത്തോട് അനുബന്ധിച്ച് കേക്ക്, കുറബി, ഹല്‍വ പോലോത്ത  പ്രത്യേക മധുരങ്ങളും ഇവര്‍ വീടുകളില്‍ പാകം ചെയ്യും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊച്ചു കൊച്ചു പ്രോഗ്രാമുകളും ഉണ്ടാകും. കൊനിയയിലെ മൗലാനാ റൂമി (റ)യുടെ പരിസരങ്ങളിലും പള്ളികളിലും ഇസ്തംബൂളിലെ ലോകപ്രശസ്തമായ സുല്‍ത്താന് അഹ്മദ് ജാമിയിലുമെല്ലാം (ബ്ലൂ മോസ്ഖ്) നിറഞ്ഞ മനസ്സോടുകൂടെ ആയിരങ്ങളാണ് നബിദിനാഘോഷ പരിപാടികള്‍ക്കായി ഒരുമിച്ചു കൂടുത്.

turkeyssകൊന്യ

മുനവ്വിര്‍
(കൊന്യയിലെ മെവ്‍ലാന യൂനിവേഴ്സിറ്റി വിദ്യാര്‍ഥി)

ചന്ദ്രകലകള്‍ മാറി മാറി മാസം റബീഉല്‍ അവ്വലിലെത്തുമ്പോള്‍ തുര്‍ക്കിയിലെ കൊനിയയില്‍ കഴിയുന്ന ഞങ്ങള്‍ക്കും സന്തോഷമേറെയായിരുന്നു. കൈനിറയെ കിട്ടുന്ന മിഠായികളുടെയും ആഹ്ലാദത്തിമര്‍പ്പിന്റെ നബിദിന റാലികളുടെയും ഗൃഹാതുര സ്മരണകള്‍ വേട്ടയാടുന്നുണ്ടെങ്കിലും ഞങ്ങള്‍ യാ അക്റമ-യുടെയും അശ്റഖ­-യുടെയും ഈരടികളില്‍ ആശ്വാസം കൊണ്ടു. വെള്ളിയാഴ്ച (റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ തലേന്ന്) ജുമുഅ ഖുതുബക്ക് ശേഷം ഖതീബ് മിമ്പറില്‍ നിന്നും പ്രഖ്യാപിച്ചു നാളെ മഗ്‍രിബിന് ശേഷം മീലാദ് ജശ്ന ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും പങ്കെടുക്കുക. ഞങ്ങള്‍ക്ക് സന്തോഷമായി.

ശനിയാഴ്ച ശരിക്കും ആഘോഷം തന്നെയായിരുന്നു. എല്ലാ പള്ളികളിലും മഗ്‍രിബിനു ശേഷം ദിക്റ്, മൌലിദ് പരായണം, മദ്ഹ് പ്രഭാഷണങ്ങള്‍… പള്ളിയുടെ ലൌഡ് സ്പീക്കറിലൂടെ നാടൊട്ടുക്കും മീലാദിന്റെ സുഗന്ധം വ്യാപിക്കുന്ന പോലെ. നബിയേ ശഫാഅത്തിന്റെ ദിവസം കോടിക്കണക്കിന് ആളുകള്‍ നിറയുമ്പോള്‍ അവിടന്ന് ഞങ്ങളെയും ഉള്‍പ്പെടുത്തണേ- എന്ന് ഖത്തീബ് ഹൃദയം നിറഞ്ഞ് ദുആ ചെയ്യുന്നത് കേട്ടപ്പോള്‍ കണ്ണ് നനഞ്ഞു പോയി.

ഇശ്ഖിന്റെ ചരിത്രത്തില്‍ തുര്‍ക്കിയുടെ സ്ഥാനവും ചെറുതല്ല. ദൈവിക പ്രണയത്തിന്റെ ഏറ്റവും പ്രസിദ്ധമായ കവ്യം ‘മസ്നവി’യുടെ നാടാണ് തുര്‍ക്കി. ഇസ്‍ലാമിക ചരിത്രത്തില്‍ ‘ഖൂനിയ’ എന്നറിയപ്പെടുന്ന കൊന്യയിലാണ് മൌലാനാ റൂമിയുടെ മഖ്ബറ. ഇലാഹീ ഭക്തിയില്‍ ദര്‍വേശുകള്‍ ‘സമാ’ ചെയ്യുകയും മസ്നവിയുടെ വരികള്‍ക്ക് പ്രകൃതി താളം പിടിക്കുകയും ചെയ്ത ഭൂമിയാണ് കൊന്യ. ‘മെവ്‍ലാന കള്‍ച്ചറല്‍ സെന്ററിന്റെ’ മീലാദ് പരിപാടികളായിരുന്നു ഇത്തവണത്തെ നബിദിനം അവിസ്മരണീയമാക്കിയത്.

കൊന്യയില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ യൂനിവേഴ്സിറ്റിയില്‍ (മെവ്‍ലാന യൂനിവേഴ്സിറ്റി) രാത്രി മീലാദ് ജശ്നയുണ്ടായിരുന്നു. മണിക്കൂറുകളോളം സ്വലാത്തും മദ്ഹ് ഗാനങ്ങളും തസ്ബീഹ് നിസ്കാരവും. ഇങ്ങനെയാണ് നബിയെ ആഘോഷിക്കേണ്ടതെന്ന് ഞങ്ങള്‍ക്ക് തോന്നിയ നിമിഷങ്ങള്‍…

ഏറ്റവും കൌതുകമായി തോന്നിയത് രാവിലെത്തന്നെ കിട്ടിയ മീലാദ് സമ്മാനമായിരുന്നു. സുബ്ഹിക്ക് എഴുന്നേറ്റ് പത്രം നോക്കുമ്പോള്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ പത്രമായ സമാന്‍ ന്യൂസ് പേപ്പറിന്റെ കൂടെ ബഹുവര്‍ണ മീലാദ് പതിപ്പ്. 8 പേജ് വരുന്ന പതിപ്പില്‍ തുര്‍ക്കിയിലെ നബിദനാഘോഷങ്ങളുടെ ചിത്രസഹിതമുള്ള വിവരണങ്ങളായിരുന്നു.

പ്രമുഖ ടെലിവിഷന്‍ ചാനലുകളൊക്കെ 3 സമയങ്ങളിലായി മീലാദ് സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ ഒരുക്കിയിരുന്നു. തുര്‍ക്കിയിലെയും പുറത്തെയും പ്രമുഖ ഗായകര്‍ അണി നിരക്കുന്ന മദ്ഹ് കണ്‍സേര്‍ട്ടുകളായിരുന്നു ചാനലുകളുടെ സ്പെഷ്യല്‍ വിഭവം. കാലം മാറിയപ്പോള്‍ മീലാദ് ആഘോഷിക്കാന്‍ ഇവര്‍ പുതിയ വഴികളും കണ്ടു പിടിച്ചിട്ടുണ്ടെന്ന് ഇതു കണ്ടപ്പോള്‍ മനസിലായി. മീലാദ് സമയത്ത് മുഴുവന്‍ ഓഡിറ്റോറിയങ്ങലും ഗ്രൌണ്ടുകളും ആഘോഷ പരിപാടികള്‍ക്കായി ബുക്ക് ചെയ്തിരിക്കുമത്രെ.

ഇശ്ഖ് ഭാഷകള്‍ക്കും അതിരുകള്‍ക്കുമപ്പുറം പരന്നൊഴുകുന്ന അനന്തമായ സമുദ്രമത്രെ.

“ഇശ്ഖ്, ഒരു പൊരിതീയാണ്
കത്തിപ്പടരുമ്പോള്‍
പ്രേമഭാജനമൊഴികെ എല്ലാം കരിഞ്ഞു തീരും”
എന്നു റൂമി.

(ലേഖകന്‍ അങ്കാറയിലെ തുര്‍ഗുത് ഒസല്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter