ഓമാനൂര്‍ ശുഹദാക്കള്‍: വിശ്വാസമികവിന്റെ ഓര്‍മ

ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനം മുതല്‍ വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ മുസ്‌ലിംകള്‍ നിര്‍വഹിച്ച സമരതീക്ഷ്ണമായ ജീവിതസാക്ഷ്യം അംഗീകൃത ചരിത്രഭാഷ്യങ്ങളില്‍ ഇന്നും അവ്യക്തമായിത്തന്നെ നില്‍ക്കുന്നു. കേരളത്തിന്റെ മുഖ്യധാരയെയും പൊതുബോധത്തെയും നിര്‍ണയിക്കാന്‍ അധികാരമുള്ള ചരിത്രപണ്ഡിതന്‍മാര്‍ മുസ്‌ലിം ചരിത്രസംബന്ധിയായി നിര്‍മിച്ചുവച്ച പ്രതീതരേഖകളാണ് ഇന്ന് ചരിത്രവസ്തുതകളായി കാണപ്പെടുന്നത്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കേരളീയചരിത്രത്തെ സത്യസന്ധമായി വായിച്ചെടുക്കാന്‍ മനസ്സ് വച്ചവര്‍ക്ക് ഇസ്‌ലാമിക ചരിത്രത്തെ വിചിത്രമായി അനുഭവപ്പെട്ടാല്‍ അവരെ നാം പഴിച്ചിട്ടു കാര്യമില്ല.

കേരളീയ മുസ്‌ലിം ചരിത്രത്തെ യാഥാര്‍ത്ഥ്യബോധത്തോടെ വായിച്ചെടുക്കുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ സമരതീക്ഷ്ണമായ ചരിത്രസാക്ഷ്യങ്ങളെ അംഗീകൃത ചരിത്രഭാഷ്യങ്ങള്‍ വികലവും അവ്യക്തവുമായാണു ചിത്രീകരിച്ചതെന്നു മനസ്സിലാക്കാന്‍ വലിയ ചരിത്രബോധമൊന്നും ആവശ്യപ്പെടുന്നില്ല. ഇസ്‌ലാമിക ആഗമനചരിത്രം ഔദ്യോഗിക ചരിത്രങ്ങളില്‍ വായിക്കാനാവുന്നുവെങ്കില്‍ ശേഷമുള്ള വായന വൈദേശിക ശക്തികളെ കെട്ടുകെട്ടിക്കാന്‍ മുസ്‌ലിം നേതൃത്വം കാണിച്ച ധീരതയിലും സ്ഥൈര്യത്തിലുമായി ഒതുങ്ങുന്ന കാഴ്ച അതിധാരുണമാണ്. ഈ നീണ്ട കാലയളവില്‍ ഇസ്‌ലാമിക ചലനങ്ങളെ രേഖപ്പെടുത്താന്‍ ചരിത്രകാരന്മാര്‍ വൈമനസ്യംകാണിച്ചുവെന്നോ, കേരളീയ മുസ്‌ലിംകള്‍ മൗനികളായി രംഗം വിട്ടുനിന്നു വെന്നോ കരുതേണ്ട അവസ്ഥയാണുള്ളത്. 1921ലെ മലബാര്‍ സമരത്തിന്റെ ചരിത്രവായനയെ കലുഷിതമാക്കി, അതുയര്‍ത്തിയ പുകച്ചുരുളുകളില്‍ മുസ്‌ലിം കൈരളിയുടെ ചരിത്രസത്യങ്ങളെ തിരസ്‌കരിച്ചുവെന്ന് കരുതുന്നതാവും ഒരുവിധം ചരിത്രത്തോട് ചെയ്യുന്ന നീതി. രേഖപ്പെടുത്തപ്പെട്ട ഇസ്‌ലാമിക ചരിത്രത്തിലുടനീളം ഔദ്യോഗിക അംഗീകൃതഭാഷ്യങ്ങള്‍ക്കപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട് എന്നത് അനിഷേധ്യമാണ്. ചരിത്രമെഴുത്തില്‍ ശക്തമായ അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ട് എന്നതാണ് ഈ ചരിത്രവായനകളെല്ലാം ശരിവയ്ക്കുന്നത്. ഇതര പ്രദേശങ്ങളില്‍നിന്നു കേരളക്കരയെ വ്യതിരിക്തമാക്കുന്നത് ഇസ്‌ലാമിക ആശയാദര്‍ശങ്ങളെ ഇരുകരവും നീട്ടി സുമനസ്സാലെ പുല്‍കാന്‍ കേരളജനത തയ്യാറായി എന്നതാണ്. പുണ്യനബിയുടെ കാലത്തുതന്നെ മഹിതമായ ഇസ്‌ലാമിക സന്ദേശം ശിരസ്സാവഹിക്കാന്‍ സൗഭാഗ്യംലഭിച്ച അനുഗൃഹീത മണ്ണായി കേരളത്തെ ഗണിക്കുന്നു. ഇസ്‌ലാമിക പ്രചാരണ പ്രവര്‍ത്തനത്തിന് അനുകൂലമണ്ണ് പാകെപ്പടുത്തുന്നതില്‍ കടലിരമ്പങ്ങളോട് മല്ലിട്ട് കരയണയാന്‍ വെമ്പല്‍ക്കൊണ്ട അറേബ്യന്‍ കച്ചവടസംഘത്തിന്റെ സാന്നിധ്യം അതിപ്രധാനമായിരുന്നു. വിലപിടിപ്പുള്ള വാണിജ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന അതേ പ്രാധാന്യതയിലും ശ്രദ്ധയിലുമായിരുന്നു മാനവകുലത്തിന്റെ വിജയ വിളിയാളം ഉദ്‌ഘോഷിച്ച സംസ്‌കാരത്തെയും സംസ്‌കൃതിയെയും അവര്‍ കൈമാറ്റംചെയ്തത്. കേരളത്തിലെ ഇസ്‌ലാമിക ആഗമനം ഇത്രമേല്‍ ചര്‍ച്ചയായതിന്റെ കാരണമാരായുമ്പോള്‍ ചില ചരിത്രപരമായ ശേഷിപ്പുകളിലേക്ക് നാം എത്തിച്ചേരുന്നു. ജാതീയതയും കുടിപ്പകയും കൊടികുത്തിവാഴുന്ന ചെറുനാട്ടുരാജ്യങ്ങളായിട്ടായിരുന്നു ആദ്യകാല കേരളീയ സമൂഹികവ്യവസ്ഥയെന്നത് നിലനിന്നിരുന്ന ചരിത്രപരമായ കാരണങ്ങളില്‍ സുപ്രധാനമാണ്.

ദക്ഷിണേന്ത്യയില്‍തന്നെ ജാതിചിന്ത ഏറ്റവുംകൂടുതല്‍ നിലനിന്നുരുന്നത് കേരളത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വിശിഷ്യാ മലബാറിന്റെ മലയോരമേഖലയിലുമായിരുന്നു എന്നതാണ് സത്യം. ബ്രാഹ്മണീയത ശക്തമായ നിലയില്‍, ദൈവത്തിന്റ ദല്ലാളന്മാരെന്ന അചഞ്ചലബോധം സമൂഹത്തിനിടയില്‍ ഊട്ടിയുറപ്പിക്കാന്‍ ഇവിടത്തെ ബ്രഹ്മണീയര്‍ക്ക് സാധിച്ചിരുന്നു. ബ്രാഹ്മണീയതയും ഭൂപ്രഭുത്വവും ഒന്നിച്ചു ഭൂരിപക്ഷജനതയെ ശൂദ്രതയില്‍ തളച്ചിട്ട് യൂറോപ്പില്‍ നിലനിന്നിരുന്ന ഭൂര്‍ഷ്വാ അസമത്വത്തെവരെ പിന്നിലാക്കിയ സാമൂഹിക ഘടനയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഇതില്‍ നിന്ന് ഒരു മോചനമാഗ്രഹിച്ച് വിശാലസുന്ദര സമത്വലോകത്തെ സ്വപ്നം കണ്ട് കൊണ്ടിരുന്ന ജനതയുടെ മുമ്പിലേക്കാണ് ശാന്തി- സമത്വത്തിന്റെ ഉണര്‍ത്തുപാട്ടുമായി ഇസ്‌ലാം കടല്‍ക്കടന്നെത്തുന്നത്. ജാതീയത അടര്‍ത്തിമാറ്റാനാവാത്ത അര്‍ബുധമായി കാലങ്ങളോളം കേരളീയ സമൂഹത്തെ വരിഞ്ഞുമുറുക്കിയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 19ാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവായി കടന്നുവന്ന വിവേകാനന്ദന്റെ മലബാര്‍ പരാമര്‍ശങ്ങള്‍ അടിവരയിടുന്നു: മലബാറില്‍ എനിക്ക് ബോധ്യപ്പെട്ടതുപോലുള്ള ഒരു വിഢ്ഢിത്തം ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ~ഒരു സവര്‍ണ ഹിന്ദു നടക്കുന്ന തെരുവുകളിലൂടെ ഒരുപാവം പറയന് നടക്കാനാവില്ലെന്നോ... മലബാറില്‍ ജനങ്ങള്‍ ഭ്രാന്തന്മാരാണോ? അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളോ? ഇത്തരം നികൃഷ്ടമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ നാണംകെട്ടവരാണ്. സാഹചര്യങ്ങളായിരുന്നു ഇസ്‌ലാമിന്റെ അതിദ്രുത വളര്‍ച്ചയ്ക്ക് കേരളക്കരയെ പ്രാപ്തമാക്കിയതിലെ പ്രധാന ഘടകം. ഈ നിഗമനത്തോട് യോജിക്കുന്ന കണ്ടെത്തലുമായിട്ടാണ് ദക്ഷിണേന്ത്യയിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ ചരിത്രമെഴുതിയ ജാഫര്‍ ശരീഫ് കുറിച്ചിടുന്നത്. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം മുഖ്യമായും സാമൂഹിക കാരണങ്ങളാലായിരുന്നു. തൊട്ട്ക്കുടാത്തവരും തീണ്ടികുടാത്തവരുമായ ഹീനജാതിക്കാര്‍ ബ്രാഹ്മണീയതയെ ഒരു മഹാ ശാപമായാണ് കണ്ടത്. അതില്‍ നിന്നു രക്ഷപ്പെടാന്‍ തങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ സമത്വം ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാംമതത്തെ അവര്‍ സ്വീകരിച്ചു. ഈ ചരിത്രപരമായ ഉള്‍ബലങ്ങള്‍വഴി ചെറു ചെറു നാട്ടുരാജ്യങ്ങളില്‍ ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് നിലക്കാതെ തുടര്‍ന്നു.

ഈ മഴവെള്ളപ്പാച്ചില്‍ കണക്കേയുള്ള ഒഴുക്കിനെ ചിറകെട്ടി തടുക്കാന്‍ ചില നാട്ടുപ്രമാണിമാരുടെയും നാട്ടു മുഖ്യന്മാരുടെയും നേതൃത്വത്തില്‍ കച്ചകെട്ടിയപ്പോള്‍ രംഗം ചില സംഘട്ടനങ്ങള്‍ക്കു വഴിമാറി. അതില്‍ പ്രധാന സംഘട്ടനമായി ഓമാനൂര്‍ ശുഹദാക്കളുടെ ചരിത്രസംഭാവനകളെ വിലയിരുത്തുന്നു. രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മധ്യമലബാറില്‍ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടിക്കടുത്ത് എട്ടുകിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഓമാനൂര്‍ എന്ന കൊച്ചു പ്രദേശത്താണ് ഈ വീരേതിഹാസചരിത്രങ്ങള്‍ അരങ്ങേറുന്നത്. ഹിന്ദു-മുസ്‌ലിം മൈത്രിക്ക് എന്നും കേളികേട്ട പ്രദേശമായിരുന്നു ഇവിടം. നേരത്തേ സൂചിപ്പിച്ച ചരിത്രകാരന്മാരായിരുന്നു ഇവിടെയും നായകവേഷമണിഞ്ഞത്. തിരൂരിലെ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു ഉയര്‍ന്ന കുടുംബത്തിലെ സ്ത്രീയെ അതേ സമുദായാംഗം മാനഭംഗപ്പെടുത്തി. അദ്ദേഹത്തെ ഊരുവിലക്കേര്‍പ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയതതു ഫലമായി സ്വന്തം വീടും നാടും വിട്ടിറങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ആ സമുദായത്തില്‍ ഒരാള്‍ പോലും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. മാത്രമല്ല, തരം കിട്ടിയാല്‍ അദ്ദേഹത്തെ വധിക്കാനും അവര്‍ പദ്ധതി തയ്യാറാക്കി. ഈ സങ്കീര്‍ണഘട്ടത്തിലാണ് അക്കാലത്ത് ബിംബനൂര്‍ എന്ന പേരായ ഓമാനൂരിലേക്ക് അദ്ദേഹം പ്രാണരക്ഷാര്‍ത്ഥം ചെന്നെത്തുന്നത്. അന്നവിടെ ചെറുതോടില്‍ പുരയില്‍ താമസിച്ചിരുന്ന അലിഹസ്സന്‍ തറവാട്ടിലെ കുഞ്ഞാലി എന്നവരുടെ വീട്ടില്‍ അദ്ദേഹത്തിന് അഭയം നല്‍കി.

വിവരമറിഞ്ഞ തിരൂര്‍ നായര്‍ കുടുംബം അദ്ദേഹത്തെ വിട്ട്തരണമെന്നാവശ്യപ്പെട്ട് ബിംബനൂരിലെ കുഞ്ഞാലിയുടെ വീട് വളഞ്ഞു. ഈ സന്ദര്‍ഭത്തില്‍ കുഞ്ഞാലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ''അദ്ദേഹം പൊറുക്കാനാവാത്ത തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അദ്ദേഹത്തിന് നിങ്ങള്‍ മാപ്പ് നല്‍കുക. അദ്ദേഹം നിങ്ങള്‍ പറയുന്നതെന്തും അംഗീകരിക്കാന്‍ തയ്യാറാണ്.'' അവരിത് കേള്‍ക്കാന്‍ കുട്ടാക്കാത്തപ്പോള്‍ അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: ''ഞാനദ്ദേഹത്തിന് അഭയം നല്‍കിക്കഴിഞ്ഞു. അതു പിന്‍വലിക്കല്‍ എനിക്കും എന്റെ വിശ്വാസത്തിനും അനുഗുണമല്ല.'' ഈ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറാവാതെ അവര്‍ കോപാകുലരായി തിരിച്ചു പോവുകയും തക്കംനോക്കി നായരെ വകവരുത്തുകയും ചെയ്തു. ഈ സംഭവം ഒരു സംഘട്ടനത്തിന് വഴിവയ്ക്കരുതെന്ന് കരുതി അവരോട് പ്രതികാരം ചോദിക്കാനോ പ്രതികരിക്കാനോ തയ്യാറാവാതെ കുഞ്ഞാലി സമാധാനിച്ചു. ഈ സംഭവമാണ് ഓമാനൂര്‍ സംഘട്ടനങ്ങളുടെ പ്രഥമകാരണമായി വിലയിരുത്തുന്നത്. ആയിടക്കാണ് മാവൂരിനു സമീപം ചെറൂപ്പക്കടുത്ത് പാലായ് എന്ന ഗ്രാമത്തില്‍ അമ്പലവും പരിസരവും പരിപാലിച്ചു കൊണ്ടിരുന്ന അമ്മാളുഅമ്മ എന്ന അമുസ്‌ലിം സ്ത്രീ യാതൊരുവിധ പ്രകോപനങ്ങളോ പ്രലോപനങ്ങളോ കൂടാതെ മുസ്‌ലിമായി ഹലീമാ എന്ന പേര് സ്വീകരിച്ച് ഇല്ലത്ത് അബ്ദുറഹിമാനുമായി വിവാഹബന്ധം സ്ഥാപിക്കുന്നത്.

നാട്ടുമുഖ്യനായ കരുണാകരന്‍ നമ്പൂതിരിയുടെ സഹോദരിയായിരുന്നു ഈ സ്ത്രീ. ഇതൊരു പ്രശ്‌നകാരണമായി എടുക്കുകയും മുസ്‌ലിം പ്രേരണമൂലമാണ് അവള്‍ മതം മാറിയതെന്ന് പറഞ്ഞ് സ്വാഭിപ്രായം മുസ്‌ലിമായ അമ്മാളു അമ്മയെ നിര്‍ബന്ധപൂര്‍വം മാറിടം മറച്ചിരുന്ന കുപ്പായം വലിച്ചുകീറി പഴയ മതത്തിലേക്ക് ചേര്‍ത്തു. ഇത് മുസ്‌ലിംകളെ വേദനിപ്പിച്ചുവെങ്കിലും അവര്‍ ആത്മസംയമനം പാലിച്ചു. ഇതിനിടക്ക് ഹിന്ദു-മുസ്‌ലിം വിരോധത്തിന് ഹേതുവായ ഒരു സംഭവം അരങ്ങേറി. ചില സാമൂഹികദ്രോഹികള്‍ മുസ്‌ലിംകള്‍ക്ക് നിഷിദ്ധമായ പന്നിയെ കൊന്ന് അതിന്റെ തല പാവനമായ പാലായി പള്ളിയില്‍ കൊണ്ടു പോയിട്ടു. സഹികെട്ട മുസ്‌ലിംകള്‍ പശുവിനെ പിടിച്ചറുത്ത് അതിന്റെ കുടല്‍മായ അമ്പലത്തിലെ ബിംബത്തില്‍ ചാര്‍ത്തിയാണ് ഇതിനോട് പ്രതികരിച്ചത്. ഈ പ്രവര്‍ത്തനത്തില്‍ കലികയറിയ പൂജാരി ഇപ്രകാരം പ്രതിജ്ഞയെടുത്തു. എട്ട് ചതുരശ്രകാതം (32 ചതുരശ്ര നായിക)ചുറ്റളവില്‍ ഒരൊറ്റ മാപ്പിളയെയും വച്ചേക്കില്ല. ഈ ശപഥത്തെ അക്ഷരം പ്രതി നടപ്പിലാക്കുന്നതായിരുന്നു ശേഷമുള്ള കാഴ്ച. നാട്ടുമുഖ്യനായ കരുണാകരന്റെ നേതൃത്വത്തില്‍ അച്യുതന്‍, കണ്ണുണ്ണി, സുപ്രന്‍, കൃഷ്ണന്‍, കുഞ്ഞുണ്ണി എന്നിവര്‍ സംഘടിച്ച് പാലായി പള്ളി തീ വെച്ച് നശിപ്പിച്ചു. അരിശം തീരാതെ പല മുസ്‌ലിം വീടുകളും തകര്‍ത്തു. അണപൊട്ടിയ മലവെള്ളം കണക്കെ പ്രവഹിച്ച അവര്‍ മുസ്‌ലിം കൃഷിയിടങ്ങളില്‍ നൃത്തമാടുകയും കണ്ണില്‍ കണ്ട നിത്യോപയോഗ സാധനങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍ പ്രദേശങ്ങളിലേക്കോടി. പാലായ് സംഭവം കേട്ടറിഞ്ഞ ബിംബനൂരിലെ (ഓമാനൂര്‍) കുഞ്ഞാലിയും സഹോദരീ മകന്‍ മൊയ്തീനും അവിടേക്ക് പുറപ്പട്ടു. ഇസ്‌ലാം ദീനിനായി ശഹീദാവാന്‍ പ്രതിജ്ഞയെടുത്തായിരുന്നു ഇരുവരുടെയും പുറപ്പാട്. പക്ഷേ, ഹിന്ദു കലാപകാരികളെ കണ്ടുമുട്ടാതെ അവര്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. വിവരമറിഞ്ഞ നാട്ടുമുഖ്യന്‍ കരുണാകരന്റെ നേതൃത്വത്തില്‍ രോഷാകുലരായ ഒരു വലിയ സംഘം ബിംബനൂരിലേക്ക് പുറപ്പെട്ട് കുഞ്ഞാലിയുടെ വീട് അഗ്നിക്കിരയാക്കി. കായികാഭ്യാസികളായ കുഞ്ഞാലിയും മൊയ്തീനും സഹോദരീ പുത്രനായ കുഞ്ഞിപ്പോക്കരും ഈ പരാക്രമം കണ്ട് ശത്രുനേതാക്കളെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. തുടര്‍ന്ന് ഘോരമായ രണ്ട് സംഘട്ടനങ്ങള്‍ അരങ്ങേറി.

ജനബാഹുല്യം കൊണ്ട് ഗര്‍വ്‌നടിച്ച ശത്രുപക്ഷത്തിന് ഒട്ടനവധി ജീവനുകളെ ഈ പേര്‍ക്കു മുമ്പില്‍ അടിയറവുനല്‍കേണ്ടിവന്നു. ഇതില്‍ വെപ്രാളപ്പെട്ട് ബ്രഹ്മണന്‍മാരും നായന്‍മാരും എല്ലാം ഉപേക്ഷിച്ച് വിളയില്‍ പറപ്പൂരിലേക്ക് ഓടിരക്ഷപ്പെട്ടു. അവര്‍ണ ഹിന്ദുക്കളുടെ പിന്തുണയും സഹായവും മുസ്‌ലിംകള്‍ക്കായതിനാല്‍ അവരും മുസ്‌ലിംകളും ഓമാനൂരില്‍ അവശേഷിച്ചു. തങ്ങളുടെ ജീവിതാഭിലാഷമായ ദീനിനുവേണ്ടി ശഹീദാവാന്‍ സാധിക്കാത്തതിലുള്ള ദുഃഖവും നീരസവും ഈ മൂന്ന് യോദ്ധാക്കളില്‍ തളംകെട്ടിനിന്നിരുന്നു. അവര്‍ ഇരുകൈകളുമുയര്‍ത്തി അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ശേഷം അവര്‍ ഒരു തീരുമാനത്തിലെത്തി. നാം മൂന്നു പേര്‍ ഇറങ്ങി യുദ്ധം ചെയ്യുകയാണെങ്കില്‍ നമുക്ക് മുമ്പില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്നുവരില്ല. അതിനാല്‍ നമുക്ക് ഓരോരുത്തരായി യുദ്ധത്തിനിറങ്ങാം. അങ്ങനെ, സ്വപ്നം പൂവണിയിക്കാമെന്നവര്‍ കണക്കു കൂട്ടി. ഈ അഭിപ്രായത്തോട് മൂവരും യോജിച്ചു. ശേഷം ആദ്യം ശഹീദാവേണ്ടത് ആരായിരിക്കണമെന്നതിലായി അവരുടെ മത്സരം. ഹിജ്‌റ 1128 ദുല്‍ഹിജ്ജ ഏഴിന് വെള്ളിയാഴ്ച പ്രഭാതത്തില്‍ തന്നെ സര്‍വ സന്നാഹത്തോടെയും ഒരു വന്‍ ജനാവലിയുമായി ശത്രുസൈന്യം എത്തി. ഘോരമായ പോരാട്ടമായിരുന്നു നടന്നത്. ദ്വന്ദയുദ്ധംവഴി ഓരോ വീരകേസരികളെയും തന്റെ വാളിനിരയാക്കി മൊയ്തീന്‍ മുന്നേറി. ശക്തമായി പോരാട്ടത്തിന്റെ ചൂടും പകലിന്റെ ചൂടും കൂടിവന്ന നേരത്ത് ആ പോരാളി ശഹീദായി. മൊയ്തീന്‍ ശഹീദരുടെ അന്ത്യവാര്‍ത്തയറിയേണ്ടസമയം ധീരനായ കുഞ്ഞാലി സര്‍വ ശക്തിയും സമ്പരിച്ച് ശത്രുപടയിലേക്ക് എടുത്തുചാടി. കായികാഭ്യാസത്തില്‍ നിപുണനായ കുഞ്ഞാലിയെ കണ്ടമാത്രയില്‍ ശത്രുസൈന്യം പരിഭ്രാന്തരായി. അദ്ദേഹത്തിന്റെ പോരാട്ട നിപുണത മുമ്പ്തന്നെ അവര്‍ കൊണ്ടറിഞ്ഞിട്ടുണ്ട്. ശത്രുക്കളെ വെട്ടിനുറുക്കി കുഞ്ഞാലി മിന്നല്‍ പിണര്‍പോലെ മുന്നേറി. ശത്രുസേനയെ നഷ്പ്രഭമാക്കിയുള്ള കുഞ്ഞാലിയുടെ കുതിപ്പിന് പൊടുന്നനെ വന്ന വെടിയുണ്ട തിരിശ്ശീലയിട്ടു. ദുല്‍ഹജ്ജ് ഏഴ് വെള്ളിയാഴ്ച അസറിനോടടുത്തായിരുന്നു ആ പുണ്യാത്മാവ് ഇഹലോകം വെടിഞ്ഞത്. കുഞ്ഞാലിയുടെ നിയോഗം നിമിഷനേരത്തെ അത്യാഹ്‌ളാദത്തിന് ശത്രുപക്ഷത്തിന് വകനല്‍കിയെങ്കിലും ഇരുപത്തിയൊന്നുകാരനായ ചെറുപ്പക്കാരന്‍ കുഞ്ഞിപ്പോക്കര്‍ അമ്മാവനെയും ജ്യേഷ്ഠനെയും വധിച്ച ദീനിന്റെ ശിആറുകളെല്ലാം കാറ്റില്‍പറത്തി, ദീനിനെ പരസ്യമായി അപമാനിച്ചവരെത്തേടി അന്തരീക്ഷം ഭേദിക്കുന്ന ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലി അവരുടെ മുമ്പിലെത്തി. പ്രായക്കുറവ് കാരണം പെട്ടെന്ന് കീഴ്‌പ്പെടുത്താമെന്ന ശത്രുക്കളുടെ കണക്കുകുട്ടല്‍ തെറ്റി.

അദ്ദേഹത്തെ വീഴ്ത്താന്‍ കഠിനാധ്വാനം ചെയ്ത് വിയര്‍പ്പൊഴിക്കേണ്ടിവന്നു. ശക്തമായ അങ്കംവെട്ടിനു ശേഷം മറുനാട്ടില്‍നിന്നു അമ്പെയ്ത്തുവിദഗ്ധനായ കുറുപ്പിനെ കൊണ്ടുവന്ന ശേഷമാണ് കുഞ്ഞിപ്പോക്കറെ അവര്‍ക്ക് കീഴ്‌പ്പെടുത്താനായത്. അപ്പോഴേക്കും സൂര്യന്‍ അസ്തമയത്തോടടുത്തിരുന്നു. സത്യത്തിനും ദീനിനും ആത്മരക്ഷയ്ക്കും വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ച് അല്ലാഹുവിലേക്ക് പറന്നകന്ന മൂന്ന് ധീരശുഹദാക്കളുടെ സ്മരണ ഉണര്‍ത്തിയാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളം ഓമാനൂര്‍ നേര്‍ച്ച എന്നപേരില്‍ കോണ്ടാടുന്നത്. പ്രാദേശികതലത്തിന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് അതിവിപുലമായ രീതിയില്‍ ദുല്‍ഹജ്ജ് മാസം ഏഴാം സുദിനത്തിലാണ് വന്‍ജനപങ്കാളിത്തത്തോടെ ഈ നേര്‍ച്ച നടക്കുന്നത്. ഒട്ടനവധി കറാമത്തുകളുടെ ഉടമാകളായ ഈ ധീരശുഹദാക്കള്‍ കൊണ്ടോട്ടി പഴയങ്ങാടിയിലാണ് അന്ത്യവിശ്രമംകൊള്ളുന്നത് (ഓമാനൂരിലെ പള്ളി തീ വച്ചുനശിപ്പിച്ചതിനാലാണ് ഇങ്ങോട്ട് മാറ്റേണ്ടിവന്നത്) ഇന്നും അനവധി കറാമത്തുകള്‍ അനുഭവസ്ഥര്‍ പങ്ക്‌വയ്ക്കുന്നു. ആദ്യകാലത്ത് ശുഹദാക്കള്‍ വിശ്രമം കൊള്ളുന്ന മഖാം ശരീഫിന് മേല്‍കൂരകെട്ടയപ്പോള്‍ പ്രഭാതമാകുമ്പോയേക്ക് അത് എടുത്തെറിയപ്പെട്ട രീതിയില്‍ ദൂരെ സ്ഥലങ്ങളില്‍ കാണപ്പെടും. അതിനെ തുടര്‍ന്ന് ഇന്നും ആ പുണ്യമഖാം മേല്‍ക്കൂരകൂടാതെ തുറന്നിട്ടരീതിയിലാണ് പണികഴിപ്പിച്ചത്. കുടാതെ, മഖാമിനുള്ളിലെ പുല്‍ച്ചെടികള്‍ രോഗശമനങ്ങള്‍ക്കുള്ള അത്ഭുത ഒറ്റമൂലിയായി വിശ്വാസികള്‍ ഉപയോഗിച്ചു പോരുന്നു. ഇതെല്ലാം അറിയിക്കുന്നത് അവര്‍ ഇന്നും അത്മീയ കരുത്ത് പകര്‍ന്ന് നമ്മെ നയിക്കുന്നു എന്നുതന്നെയാണ്. ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചവരെന്ന് നിങ്ങള്‍ ധരിക്കരുത്, അവര്‍ ജീവിക്കുന്നവരും അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.'' (വി.ഖുര്‍ആന്‍ 3:169 -170) അവരുടെ ഹഖ് കൊണ്ട് നമ്മെയും അല്ലാഹു ഇരുലോക വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ.

അവലംബം

മൗലിദുത്തരീഫ്-കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ ഓമാനൂര്‍ ശുഹദാക്കള്‍-സി കെ സഅദി മോങ്ങം ഇസ്‌ലാമിക് വിജ്ഞാനകോശം-ഐ.പി.എച്ച് മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും- സൈനുദ്ദീന്‍ മന്ദലാംകുന്ന് കേരളത്തിന്റെ ഇസ്‌ലാമിക സംസ്‌കൃതി- ഹുസൈന്‍ രണ്ടത്താണി

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter