മുഅ്തത് യുദ്ധം

ദൂതന്റെ വധം

രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ച കൂട്ടത്തില്‍ പ്രവാചകന്‍ റോമാചക്രവര്‍ത്തി ഖൈസ്വറിനും തന്റെ ഗവര്‍ണര്‍മാര്‍ക്കും കത്തുകളയച്ചിരുന്നു. ഇതനുസരിച്ച് ബുസ്‌റ ഭരണാധികാരി ശുറഹ്ബീല്‍ ബിന്‍ അംറിനടുത്തേക്ക് സന്ദേശവുമായി കടന്നുവന്നത് ഹാരിസ് ബിന്‍ ഉമൈര്‍ എന്ന സ്വഹാബിവര്യനാണ്. സത്യവിരോധിയും ക്രൂരനുമായിരുന്ന അയാള്‍ ഹാരിസ് (റ) വിനെ ബന്ധിയാക്കുകയും വധിച്ചുകളയുകയും ചെയ്തു. രാജദൂതന്മാരെ വധിക്കുകയെന്നത് ആദ്യകാലംതൊട്ടേ വലിയ കുറ്റമായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. ഹാരിസിന്റെ കാര്യത്തില്‍ റോം ചെയ്തത് ഏറ്റവും വലിയൊരു ധിക്കാരമായി പരിഗണിക്കപ്പെട്ടു. ഇസ്‌ലാമിനോടുള്ള കൊടിയ വിരോധമായിരുന്നു ഇതിന് അവരെ പ്രേരിപ്പിച്ചിരുന്നത്.

സൈന്യം റോമിനെതിരെ

വിവരമറിഞ്ഞ പ്രവാചകന് വല്ലാതെ വെഷമമായി. ഇസ്‌ലാമിക പ്രബോധനമേഖലയില്‍ നേരിട്ട വന്‍ ധിക്കാരങ്ങളിലൊന്നായിരുന്നു ഇത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കല്‍ അനിവാര്യമാണെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അതനുസരിച്ച്, ഹിജ്‌റ വര്‍ഷം എട്ട്; ജമാദുല്‍ ഊലാ മാസം. മുവ്വായിരത്തോളം വരുന്ന ഒരു സൈന്യത്തെ തയ്യാറാക്കി മുഅ്തതിലേക്കയച്ചു. സിറിയക്കടുത്ത് സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശമായിരുന്നു മുഅ്തത്. സൈദ് ബിന്‍ ഹാരിസ (റ) വാണ് സൈന്യത്തെ നയിച്ചിരുന്നത്. അദ്ദേഹം വധിക്കപ്പെട്ടാല്‍ ജഅ്ഫര്‍ ബിന്‍ അബീ ഥാലിബും അദ്ദേഹം വധിക്കപ്പെട്ടാല്‍ അബ്ദുല്ലഹ് ബിന്‍ റവാഹയും സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍നിന്നും പല പ്രമുഖരും അടങ്ങുന്നതായിരുന്നു സൈന്യം. മുസ്‌ലിംകള്‍ മആന്‍ എന്ന പ്രദേശത്തെത്തിയപ്പോള്‍ റോമക്കാര്‍ ബല്‍ഖാഇലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഒരു ലക്ഷം റോമക്കാരും അറബ് ഗോത്രങ്ങളില്‍നിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്നതായിരുന്നു അവരുടെ സൈന്യം. കേവലം മുവ്വായിരം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് ചിന്തിക്കുന്നതിലുമപ്പുറത്തായിരുന്നു. അവരുമായി ഏറ്റുമുട്ടുകയെന്നത് ഏറെ ആത്മഹത്യാപരവും. എന്തു ചെയ്യണമെന്നറിയാതെ രണ്ടു ദിവസത്തോളം മുസ്‌ലിംകള്‍ പലവിധ ചര്‍ച്ചകളില്‍ മുഴുകി. ഒടുവില്‍, പ്രവാചകരെ വിവരമറിയിച്ചാലോ എന്നായി ചിലരുടെ അഭിപ്രായം. ഒരുപക്ഷെ, വല്ല ഉപസൈന്യങ്ങളെയും അയച്ചുതരികയോ ഈ നിര്‍ണായക ഘട്ടത്തില്‍ സ്വീകരിക്കേണ്ട വല്ല നിര്‍ദ്ദേശങ്ങളും നല്‍കുകയോ ചെയ്‌തേക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. ഈ അഭിപ്രായം അബ്ദുല്ലാഹിബ്‌നു റവാഹക്കു പിടിച്ചില്ല. അദ്ദേഹം മുന്നോട്ടുവന്നുകൊണ്ട് പറഞ്ഞു: 'ജനങ്ങളെ, നാം ഏതൊന്നിനെയാണോ ഇപ്പോള്‍ വെറുക്കുന്നത് ആ രക്തസാക്ഷിത്വം കൊതിച്ചുകൊണ്ടാണ് നാം പുറപ്പെട്ടിട്ടുള്ളത്. സൈന്യത്തിന്റെ എണ്ണമോ വലുപ്പമോ നോക്കിയല്ല നാം പോരാടുന്നത്; മറിച്ച്, അല്ലാഹു നമ്മെ അനുഗ്രഹിച്ച ഈ സത്യസന്ദേശത്തെ അടിസ്ഥാനമാക്കിയാണ് നാം പോരാട്ടത്തിനിറങ്ങുന്നത്. അതിനാല്‍, യുദ്ധത്തിനിറങ്ങുക. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം. രണ്ടാലൊന്ന് നമുക്ക് ഉറപ്പാണ്.'

രണാങ്കണത്തിലേക്ക്

അബ്ദുല്ലാഹ് ബിന്‍ റവാഹയുടെ പ്രഖ്യാപനം ജനങ്ങളെ ആഴത്തില്‍ ആവേശിച്ചു. യുദ്ധത്തിനിറങ്ങാന്‍തന്നെ തീരുമാനിച്ച അവര്‍ മുഅ്തതിലേക്ക് പുറപ്പെട്ടു. റോമക്കാര്‍ അവിടെ സജ്ജരായിയിരിപ്പുണ്ടായിരുന്നു. താമസിയാതെ, യുദ്ധമാരംഭിച്ചു. സൈദ് ബിന്‍ ഹാരിസ (റ) പതാകയുമായി കളത്തിലിറങ്ങി. യുദ്ധം കൊടുമ്പിരികൊണ്ടു. അതിനിടെ സൈദ് (റ) ശഹീദായി. ജഅ്ഫര്‍ (റ) പതാകയേറ്റെടുത്തു.  ശത്രുസൈന്യത്തിലേക്കു തുളച്ചുകയറി. അവര്‍ക്കെതിരെ അടരാടിക്കൊണ്ടിരുന്നു. താമസിയാതെ, അദ്ദേഹത്തിന്റെ വലതു കൈ നഷ്ടപ്പെട്ടു. അദ്ദേഹം പതാക ഇടതു കൈയില്‍ പിടിച്ചു സമരത്തിനിറങ്ങി. ഇടതുകൈയും നഷ്ടപ്പെട്ടു. പതാക കക്ഷത്തിലിറുക്കി മുന്‍നിരയില്‍തന്നെ അദ്ദേഹം ഉറച്ചുനിന്നു. പാരാവാരംപോലെ ഒഴുകിവന്ന ശത്രുസൈന്യത്തിനുമുമ്പില്‍ അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ അദ്ദേഹം രണാങ്കണത്തില്‍ ശഹീദായി വീണു. അദ്ദേഹത്തിന്റെ ശരീരത്തില്‍ തൊണ്ണൂറോളം മുറിവുകളുണ്ടായിരുന്നു. ശേഷം, അബ്ദുല്ലാഹ് ബിന്‍ റവാഹയാണ് പതാക ഏറ്റെടുത്തത്. മുസ്‌ലിംകള്‍ക്ക് ആവേശം പകര്‍ന്ന് രക്തസാക്ഷിത്വം വരിക്കുന്നതുവരെ അദ്ദേഹം പോരാടി. പ്രവാചകന്‍ നിര്‍ദ്ദേശിച്ച മൂന്നാളുകളും ഇഹലോകവാസം വെടിഞ്ഞതോടെ മഹാനായ ഖാലിദ് ബ്‌നുല്‍ വലീദ് സൈനിക നേതൃത്വം ഏറ്റെടുത്തു. സൈന്യത്തെ പുന:സജ്ജീകരിക്കുകയും ഒരു ശക്തിയായി ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഇതുകണ്ട റോമാസൈന്യത്തിന് ഭീതിയായി. മദീനയില്‍നിന്നും പുതിയ സൈന്യം വന്നിട്ടുണ്ടെന്നു ധരിച്ച അവര്‍ പിന്നോട്ടാഞ്ഞു. പുതിയ യുദ്ധതന്ത്രങ്ങളോടെയാണ് യുദ്ധത്തിന്റെ രണ്ടാം ദിവസം ഖാലിദ് (റ) രംഗത്തെത്തിയത്. ഇതെല്ലാംകൂടി കണ്ടപ്പോള്‍ റോമക്കാര്‍ക്ക് പേടി കുടുങ്ങി. മുസ്‌ലിംകള്‍ക്ക് പുറത്തുനിന്നും സഹായം വന്നിട്ടുണ്ടെന്ന് ധരിച്ച അവര്‍ യുദ്ധമുഖത്തുനിന്നും പിന്‍മാറി. സൈന്യത്തിന്റെ വലുപ്പം മനസ്സിലാക്കി ഖാലിദ് ബ്‌നുല്‍ വലീദ് (റ) അവരെ പിന്തുടര്‍ന്നില്ല. റോമക്കാര്‍ പിന്തിരിഞ്ഞതോടെ മുസ്‌ലിംകള്‍ വിജയമാഘോഷിച്ചു. മുസ്‌ലിം പക്ഷത്തുനിന്നും പന്ത്രണ്ടു പേര്‍ മാത്രമാണ് ഇതില്‍ ശഹീദായത്. പ്രതിപക്ഷത്തുനിന്നും അനവധി പേര്‍ വധിക്കപ്പെട്ടു.

യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍

ഇസ്‌ലാമിക യുദ്ധ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു മുഅ്തത് വിജയം. അന്നത്തെ ലോകശക്തിയായിരുന്ന റോമക്കാര്‍ക്കെതിരെ തുച്ഛം വരുന്ന മുസ്‌ലിംകള്‍ നേടിയ വന്‍വിജയം അറബ് സമൂഹങ്ങളെ അല്‍ഭുതപ്പെടുത്തി. ശത്രുക്കളുടെ ആക്രമണങ്ങള്‍ക്കനുയോജ്യമായ നിലക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ വിജയം വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ ശക്തിയും പ്രതാപവും ഉയര്‍ത്തിക്കാട്ടി. ഇതോടെ ലോകത്തെ ഏറ്റവും വലിയൊരു ശക്തിയായി ഇസ്‌ലാം ഉയര്‍ന്നുവന്നു. റോമിലേക്കുള്ള ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു ഇത്. ഇതിനെതുടര്‍ന്ന് വിവിധ കാലങ്ങളിലായി ഈ മണ്ണില്‍ ഇസ്‌ലാമിക സംസ്‌കാരം ആധിപത്യം നേടി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter