മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും -2
 width= മുഹമ്മദ് നബിയെ ഏറെ വിചിത്രമായി ചിത്രീകരിച്ച റംഗീലാ റസൂല്‍ ആണ് പൊതുജന പ്രതിഷേധം കാരണം ശ്രദ്ധിക്കപ്പെട്ട ആദ്യപുസ്തകങ്ങളിലൊന്ന്. 1927 ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി തീരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ഒരു പറ്റം മുസ്‌ലിം രാഷ്ട്രീയക്കാര്‍ ഇതുസംബന്ധമായി ഭരണകൂടത്തിന് പരാതി കൊടുത്തതോടെയാണ് ഈ കൃതിക്ക് ദേശീയ ശ്രദ്ധ ലഭിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച രാജഗോപാലനെ ബ്രട്ടീഷ് ഭരണകൂടം അറസ്റ്റുചെയ്യുകയും ഉടനെ വെറുതെ വിടുകയും ചെയ്തുവെന്ന് ചരിത്രം. പിന്നീട് ഇല്‍മുദ്ദീന്‍ എന്ന് പേരുള്ള ഒരു ആശാരി ലാഹോറില്‍ വെച്ച് ഇയാളെ കുത്തിക്കൊന്നു. മുസ്‌ലിം സമൂഹം ഇല്‍മുദ്ദീനെ ഒരു പോരാളിയായി പരിചയപ്പെടുത്തകയും കോടതിയില്‍ ഇയാള്‍ക്ക് വേണ്ടി വാദിക്കുകകയും ചെയ്തു.. അതെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ മതനിന്ദയും വിദ്വേഷവുമെല്ലാം കുറ്റങ്ങളിലുള്‍പ്പെടുത്തി ഇന്ത്യന്‍‍ പീനല്‍കോഡ് ഭേദഗതി ചെയ്തു. റംഗീലാ റസൂലുമായി ബന്ധപ്പെട്ട് അരങ്ങേറിയ കോലാഹലങ്ങള്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ കനല്‍ പരത്തി. പഞ്ചാബിലാണ് ഇത് ഏറെ പ്രകടമായത്. ഇരുപത് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യം നേടി ഇന്ത്യ വിഭജിക്കപ്പെടുന്പോള്‍ പഞ്ചാബിനെ അല്‍പാല്‍പമായി രണ്ടു മതങ്ങളും പങ്കിട്ടെടുത്തതിന്റെ പിന്നില്‍ പോലും അതിന്റെ തുടര്‍ച്ച കാണാം. വിഭജനാനന്തരം അരങ്ങേറിയ മതകീയ സംഘര്‍ഷങ്ങളില്‍ ഏറെ വില നല്‍കേണ്ടി വന്നത് പഞ്ചാബിനായിരുന്നുവെന്നതും യാഥാര്‍ഥ്യം. വിഭജനം നടത്താതെയായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടിരുന്നുവെങ്കില്‍ തങ്ങളുടെ സമുദായം ഏറെ പ്രയാസമനുഭവിക്കേണ്ടിവരുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന മുസ്‌ലിം വക്താക്കള്‍ ഇപ്പോഴും പ്രസ്തുത ഗ്രന്ഥത്തെ അവരുടെ വാദത്തിന് തെളിവായി ഉദ്ധരിക്കാറുണ്ട്. ഇന്നും പാകിസ്ഥാനിലുള്ള അത്ര തന്നെ മുസ്‌ലിംകള്‍ ഇന്ത്യയിലും സുഖമായി ജീവിതം നയിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം വാദസമര്‍ഥനത്തിനിടെ അവര്‍ വിസ്മരിക്കുന്നു. പ്രവാചക അവഹേളനത്തെ പ്രതിരോധിക്കുകയെന്നത് പ്രതിഫലാര്‍ഹമാണെന്നാണ് വിശ്വാസം. അതു കൊണ്ട് തന്നെ മതേതരനായ ഒരു മുസ്‌ലിമിന്റെ നിസ്സാര അഭിപ്രായപ്രകടനം പോലും നിലിവിലെ മുസ്‌ലിം പൊതുസമഹൂത്തിന് ഉള്‍ക്കൊള്ളാനാകാതെ വരുന്നു. ഉദാഹരണത്തിന് ആയിരം പ്രതികള്‍ മാത്രം അച്ചടിക്കപ്പെട്ട ഏതെങ്കിലും ഒരു കൃതി 1.6 ബില്യന്‍ വരുന്ന മുസ്‌ലിംകള്‍, തങ്ങളുടെ വിശ്വാസത്തിനെതിരിലുള്ള ഒരു ഭീഷണിയായി കാണേണ്ടതില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതുപോലും ഇവരുടെ കണ്ണില്‍ മതനിന്ദയും പ്രവാചകനിന്ദയുമായി തീരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസ്റീര്‍ ഇക്കഴിഞ്ഞ കൊല്ലമാണ് തന്റെ അംഗരക്ഷകനാല്‍ വധിക്കപ്പെട്ടത്. മതനിന്ദക്കെതിരെ രാജ്യം പാസാക്കിയ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്തതിന്റെ ശിക്ഷയായിരുന്നു ഈ അറുംകൊല. അന്നും പാകിസ്ഥാനിലെ ഇസ്‌ലാമിസ്റ്റ് മാധ്യമങ്ങള്‍ കൊലയാളിയെ വിശേഷിപ്പിച്ചത് ഇല്‍മുദ്ദീന്റെ പിന്‍ഗാമിയെന്നാണ്. രാജ്യത്തെ നിയമജ്ഞര്‍ വരെ കൊലയാളിയെ പുകഴ്ത്താന്‍ മടി കാണിച്ചില്ല. രാഷ്ട്രീയത്തിലെ ഏത് തന്ത്രങ്ങളെയുമെന്ന പോലെ കൃത്യമായ സന്ദര്‍ഭം നോക്കിയാണ് മതത്തെയും രാഷ്ട്രീയക്കാര്‍‍ ഉപയോഗിക്കാറ്. നോബല്‍ജേതാവായ ഈജ്പ്തിലെ സാഹിത്യകാരന്‍ നജീബ് മഹ്ഫൂദ് തന്റെ കൃതിയായ ചില്‍ഡ്രന്‍ ഓഫ് ഗബലാവി 1959 ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. (ഈ പ്രതീകാത്മക നോവല്‍ ഇസ്ലാമിനെ പരിഹസിക്കുന്നുണ്ടെന്ന് പില്‍ക്കാലത്ത് ആരോപണമുയര്‍ന്നു.) മുപ്പത് വര്‍ഷം കഴിഞ്ഞ് മഹ്ഫൂദിന് നോബല്‍ സമ്മാനം ലഭിക്കുന്നത് വരെ ഈ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല, മുസ്‌ലിം ലോകത്ത്. ഇപ്പോള്‍‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അന്ധനായ ശൈഖ് ഉമര്‍ അബ്ദുല്ല അന്ന് സാഹചര്യം മുതലെടുത്തു. മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്നില്‍ രചിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥത്തിനെതിരെ അയാള്‍ രംഗത്തുവന്നു. നോബല്‍സമ്മാനം പ്രഖ്യാപിക്കപ്പെട്ട സമയമായിരുന്നതിനാല്‍ ആള്‍ക്കൂട്ടം പ്രതിഷേധ ശബ്ദവുമായി തെരുവിലിറങ്ങുമെന്ന് ശൈഖിന് ഉറപ്പുണ്ടായിരുന്നു. അയാളുടെ ശ്രമങ്ങള്‍ വിജയം കണ്ടു. 1994 ല്‍ ഒരു ഇസ്‌ലാമിസ്റ്റ് മഹ്ഫൂദിനെ കത്തിയൂരി കുത്തി. കഴുത്തിന് കുത്തേറ്റ മഹ്ഫൂദ് ആശുപത്രിക്കിടക്കിയില്‍ ജീവഛവമായി കിടന്നു, ആഴ്ചകളോളം. അറിയപ്പെടാതെ കിടക്കുന്ന പുസ്തകങ്ങളും എഴുത്തുകാരും ചില നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി മാത്രം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും കൃത്യമായി ഉപയോഗിക്കുകയും ചെയ്ചുന്നു.  width=പാകിസ്ഥാനിലെ ഇസ്‌ലാമിക് പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കനായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പു സമയങ്ങളില്‍, തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുറപ്പിക്കാനായി മതനിന്ദയുടെ ചെറിയ സൂചനകളെ പോലും ഉപയോഗപ്പെടുത്തിയ ചരിത്രമാണ് അവരുടെത്. തെരുവു പ്രതിഷേധങ്ങളിലും ആള്‍ക്കൂട്ട സമരങ്ങളിലും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രത്യേകം പരിശീലനം നല്‍കുന്നുവെന്ന് തോന്നുന്നു. അവസാനമായി ഇന്നസന്സ് ഓഫ് മുസ്‌ലിംസ് സിനിമക്കെതിരെ രാജ്യമൊട്ടുക്കും നടന്ന പ്രതിഷേധ സമരങ്ങളുടെയും മുഖ്യസൂത്രധാരകര്‍ അവര്‍ തന്നെയായിരുന്നു. 1971. അഭ്യന്തര യുദ്ധങ്ങളുടെ തുടര്‍ച്ചയെന്നോണം ബംഗ്ലാദേശ് വിഭചനം നടന്ന സമയം. (തൊട്ടുമുന്നെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടിരുന്നുവെന്ന് ഇതിനോട് ചേര്‍ത്തുവായിക്കുക) അതു വരെ കേട്ടിട്ടുപോലുമില്ലാതിരുന്ന തുര്‍ക്കിഷ് ആര്‍ട്ട് ഓഫ് ലൌ എന്ന പുസ്തകത്തിനെതിരെ പാര്‍ട്ടി ശക്തമായി രംഗത്തുവന്നു. മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളടങ്ങുന്ന ഈ കൃതി സത്യത്തില്‍ 1933 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. പാര്‍ട്ടിയുടെ ശ്രമം ഫലം കണ്ടു. രാജ്യത്ത് പ്രതിഷേധം വ്യാപിച്ചു. നിരവധി ചര്‍ച്ചുകള്‍ അക്രമിക്കപ്പെട്ടു. നിയമപരമായി നടന്നിരുന്ന ബാറുകള്‍ പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു. ലാഹോറിലെ ബ്രിട്ടീഷ് കൌണ്‍സില്‍ വരെ അന്ന് ആക്രമിക്കപ്പെട്ടു. ഏറെ കാലം പ്രതിഷേധം നടത്തിയിട്ടും പ്രസ്തുത കൃതികളെല്ലാം ഇന്നും ആവശ്യക്കാര്‍ക്ക് ലഭ്യമാണെന്നതാണ് ഏറെ വിരോധാഭാസമുളവാക്കുന്ന കാര്യം. റംഗീലാ റസൂല്‍  ഇന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ചില്ഡ്രന്‍ ഓഫ് ഗബലാവി നിരവധി ഭാഷകളിലായി ഇന്നും വായിക്കപ്പെടുന്നു. തുര്‍ക്കിഷ് ആര്‍ട്ട് ഓഫ് ലൌ പോലും ലോകത്തെവിടെയും വാങ്ങിക്കാന്‍ കിട്ടുന്നുണ്ട്. 1989 ല്‍ സല്‍മാന്‍ റുഷ്ദി രചിച്ച സാത്താനിക് വേഴ്സസിനെതിരെ നടന്ന പ്രതിഷേധങ്ങളും ആയത്തുല്ല ഖുമൈനി നടത്തിയ ഫതുവയും പ്രസ്തുത കൃതി കൂടുതല്‍ വായിക്കപ്പെടാനാണ് കാരണമായത്. മതത്തിനും പ്രവാചകനുമെതിരെ നടക്കുന്ന നിന്ദാശ്രമങ്ങള്‍ക്ക് അറുതി വരുത്തുകയായിരുന്നു പ്രതിഷേധങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ അവക്ക് അതിനായിട്ടില്ലെന്ന് കാലം തെളിയിച്ചിരിക്കുന്നു. അടച്ചു പൂട്ടുന്നതിന് പകരം പ്രസ്തുത കൃതികളും സിനിമകളും കൂടുതല്‍ ജനകീയമാകുകയാണ് ചെയ്തത്. അജ്ഞാതമായിരുന്ന രചനകള്‍ - ഇപ്പോള്‍ സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളിലെ പോസ്റ്റുകള്‍- ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് കഴിഞ്ഞില്ലെന്നതുപോകട്ടെ. പലപ്പോഴും എതിര്‍ഫലങ്ങളുളവാക്കുകയാണ് അവയെല്ലാം ചെയ്തത്. ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് സിനിമയുടെ കാര്യം തന്നെ നോക്കുക. ജൂണില്‍ യൂട്യൂബിലെത്തിയ വീഡിയോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് രണ്ടു മാസം കഴിഞ്ഞ് ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ അത് പ്രക്ഷേപണം ചെയ്തതോടെയാണ്.   (തുടരും) (അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ 'അന്താരാഷ്ട്ര ബന്ധങ്ങളി'ല്‍ പ്രൊഫസറും അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡറുമായ ഹുസൈന്‍ ഹഖാനി പ്രശസ്ത അമേരിക്കന്‍ മാഗസിനായ 'ന്യൂസ് വീക്കി'ല്‍  എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റത്തിന്റെ  രണ്ടാം ഭാഗം)' മറ്റു ഭാഗങ്ങള്‍

മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter