നിസ്കരിച്ചതിന് പുറത്താക്കിയവരെ ജോലിയില്‍ തിരിച്ചെടുത്തു
 width=ജോലിക്കിടയിലെ ഒഴിവുസമയം നിസ്കരിക്കാനായി ചെലവഴിച്ചതില്‍ രോഷാകുലരായ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. അമേരിക്കയിലെ മൌണ്ട് ജൂലിയറ്റിലെ സീവാ ലോജിസ്റ്റിക്സ് കമ്പനിയിലെ മുസ്‌ലിം തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. “ഞാന്‍ 19 വര്‍ഷമായി അമേരിക്കയിലാണ്. ഞാന്‍ വളര്‍ന്നത് തന്നെ ഇവിടെയാണ്. ഇത്തരം ഒരു സമീപനം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല”, കമ്പനിയിലെ ജോലിക്കാരനായ അബ്ദുറഹ്മാന്‍ പറയുന്നു. റമദാനില്‍ ജോലിക്കിടയിലെ അവധി സമയത്ത് നിസ്കരിക്കാന്‍ പോയതിന്റെ പേരില്‍ ഒമ്പത് മുസ്‌ലിം തൊഴിലാളികളെയാണ് കഴിഞ്ഞ ആഴ്ചയില്‍ കമ്പനിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നത്. ആദ്യമൊക്കെ കമ്പനിയില്‍ തന്നെ നിസ്കരിക്കാനുള്ള സൌകര്യമൊരുക്കിയിരുന്നുവെന്നും ആവശ്യമായ സമയവും വൃത്തിയുള്ള സ്ഥലവും അതിനായി അധികൃതര്‍ തന്നെ നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഏതാനും ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണം സമീപനം മാറ്റുകയായിരുന്നുവെന്നുമാണ് മറ്റൊരു തൊഴിലാളിയായ ഉമര്‍ മുഹമ്മദ് പറയുന്നത്. ശേഷം നിസ്കരിക്കാന്‍ പോകുകയാണെന്ന് പറയരുതെന്നും ബാത്റൂമില്‍ പോകുകയാണെന്നേ പറയാവൂ എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. പക്ഷേ, പല തൊഴിലാളികളും തങ്ങളുടെ വിശ്വാസവും കര്‍മ്മവും മറച്ചുവെക്കാന്‍ തയ്യാറായില്ല. പലരും വിശ്വാസസംരക്ഷണത്തിനായി ജോലി തന്നെ നഷ്ടപ്പെട്ടാലും പ്രശ്നമില്ലെന്ന നിലാപടെടുത്തു. അതോടെയാണ് പലരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ജോലിക്കിടയിലെ ഒഴിവുസമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നത് മുസ്‌ലിം തൊഴിലാളികള്‍ മാത്രമാണെന്നും മറ്റു മതവിശ്വാസികള്‍ക്ക് ഏത് സമയത്ത് അവധി എടുക്കാനും അത് ഏത് രീതിയില്‍ ചെലവഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഉമര്‍ മുഹമ്മദ് പറയുന്നു. പിരിച്ചുവിട്ട തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ പ്രശ്നം ശ്രദ്ധയില്‍ പെട്ട ഉന്നതാധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മേലുദ്യോഗസ്ഥന്മാരുടെ ഭാഗത്ത് തെറ്റു സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും അതേതുടര്‍ന്ന് പിരിച്ചുവിട്ട തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. സംഭവം ദൌര്‍ഭാഗ്യകരമായെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അധികാരികള്‍ തൊഴിലാളികളെ അറിയിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter