ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

 images (4)

ഹിജ്റ വര്‍ഷം 1435. ഒരു പുതുവര്‍ഷം കൂടി സമാഗതമാവുകയാണ്. ആയുസ്സിലെ വലിയൊരംശം കൊഴിഞ്ഞു പോവുന്നു എന്നും പറയാം. ലോകത്തങ്ങോളമിങ്ങോളമുള്ള മുസ്‍ലിംകളുടെ കര്‍മങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആസ്പദമാക്കുന്ന കാലഗണനയാണ് ഹിജ്റ വര്‍ഷം. വിശുദ്ധ റസൂല്‍ (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷമാണ് ഹിജ്റ ഒന്ന്.

ദൈനം ദിന ജീവിത തിരക്കുകള്‍ക്കിടയി‍‍ല്‍ തീരാറായ വഴിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഓരോ പുതുവത്സരാശംസകളും. ജനിച്ചതു മുതല്‍ അനേകം കാതം പിന്നിട്ടിരിക്കുന്നുവെന്നും ഭൌതിക ജീവിതത്തിന്റെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്നുമുള്ള മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാ‍ള്‍ താനും മരണവും തമ്മിലുള്ള അകലം ഒരു വര്‍ഷം കൂടി കുറഞ്ഞിരിക്കുന്നു. പുനരാലോചിക്കാനുള്ള അവസരം കൂടിയാണത്. എന്റെ സമുദായത്തിന്റെ വയസ്സ് അറുപതിനും എഴുപതിനുമിടയിലാണെന്ന് തിരുവചനം. അങ്ങനെയെങ്കി‍ല്‍ ഇനി എത്ര ദൂരം മുന്നിലുണ്ടാവും?

പത്തിരുപത് വയസ്സു വരെ പഠനം. പിന്നെ ജോലി തേടിയുള്ള അലയല്‍. അപ്പോഴേക്കും വിവാഹം. പിന്നെ സന്താനങ്ങളായി. തുടര്‍ന്ന് വീട് പണിയാനുള്ള നെട്ടോട്ടമാണ്. നാട്ടിലും മറുനാട്ടിലും അനേകം വര്‍ഷ‍ങ്ങ‍ള്‍ മഴയും വെയിലും കൊണ്ട് മഴ നനയാതെ അന്തിയുറങ്ങാന്‍ ഒരു വീടാകുമ്പോഴേക്ക് മക്കളെ കെട്ടിച്ചയക്കാനുള്ള തിടുക്കമായി.  എല്ലാ ചുറ്റുപാടുകളും കഴിഞ്ഞ് സ്വസ്ഥമായിരിക്കാ‍‍ന്‍‍ നോക്കുമ്പോള്‍ കാലമേറെ കഴിഞ്ഞിരിക്കും. പഴയ ആവേശവും ആത്മവീര്യവും കെട്ടുപോയിരിക്കും. താടിയും മുടിയും നരച്ച് ശബ്ദം കനത്ത് ആര്‍ക്കൊക്കെയോ ഭാരമായി.. .പിന്നെ ഒരു ചടങ്ങാണ്.. ചട്ടപ്രകാരം ഡോക്ടര്‍മാരെ കാണിക്കലും മുറപോലെ ഹോസ്പിറ്റലുകള്‍ക്ക് കാണിക്ക വെക്കലും.. വയസ്സായാവരെ പെട്ടെന്ന് പറഞ്ഞയക്കാനുള്ള തത്രപ്പാടാണ് ബന്ധുക്കള്‍ക്ക്.

ഭാവിക്ക് വേണ്ടിയാണ് പഠിക്കുന്നതെന്നും ഭാവിക്ക് വേണ്ടിയാണ് അധ്വാനിക്കുന്നതെന്നും ഭാര്യയും മക്കളുമൊത്ത് ഭാവിയില്‍ സുഖമായി കഴിയാനാണ് വീട് പണിയുന്നതെന്നുമായിരിക്കും പലരും പറയുക. സ്വന്തം കാലി‍ല്‍ എണീറ്റു നില്‍ക്കാ‍ന്‍ കഴിയുന്ന കാലമത്രയും ഇങ്ങനെ ഭാവിക്കു വേണ്ടി കഷ്ടപ്പെടും. അപ്പോള്‍ എണീറ്റു നടക്കാ‍ന്‍ പോലുമാവാത്ത വയസ്സു കാലത്തെ കുറഞ്ഞ നാളുകള്‍ മാത്രമാണോ ഭാവി? അനശ്വരമായ നാളേക്കായി വല്ലതും സമ്പാദിക്കാന്‍ ഈ തിരക്കുകള്‍ക്കിടയില്‍ മിക്കയാളുകളും മറക്കുന്നു. തിരിഞ്ഞു നോക്കുമ്പോ‍ള്‍ കുട്ടിക്കാലവും കൌമാരവുമൊക്കെ സ്വപ്നത്തിലെന്ന പോലെ കഴിഞ്ഞിരിക്കം. നാളേക്കായി വല്ലതും ചെയ്യാമെന്ന് കരുതുമ്പോഴേക്ക് ജീവിതത്തിന്റെ സായാഹ്ന കാലമായിട്ടുണ്ടാവും.

സ്വാഭാവിക മരണത്തിനപ്പുറം വാര്‍ധക്യത്തിലെത്തും മുമ്പെ പരലോകം പൂകുന്ന വലിയ മറ്റൊരു വിഭാഗമുണ്ടെന്നതും ഇവിടെ സ്മരണീയമാണ്.

അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാനും ഉത്തരവാദിത്തങ്ങളെക്കുറിച്ച് പുനരാലോചിക്കാനുമുള്ള അവസരമാണ് വിശ്വാസിക്ക് ഓരോ പുതുവത്സരവും. ദൈവീക ശിക്ഷയെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും പരീക്ഷണങ്ങളെ കുറിച്ചും ഓരോ ഹിജ്റ വര്‍ഷാരംഭവും ഓര്‍മ പുതുക്കുന്നുണ്ട്. ഇസ്‍ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ഹിജ്റക്ക് നബി (സ്വ) തങ്ങള്‍ കോപ്പു കൂട്ടിത്തുടങ്ങിയത് മുഹര്‍റം മാസത്തിലാണ്. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ജന്മനാടും കൂട്ടുകുടുംബവും ത്യജിക്കാനുള്ള സന്നദ്ധതയാണ് ഹിജ്റ. സമര്‍പ്പണമാണ് അതു നല്‍കുന്ന സന്ദേശം. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി (അ)ന്റെ രോഗശമനം തുടങ്ങിയ സംഭവങ്ങള്‍ നടന്നതും മുഹര്‍റം മാസത്തിലാണ്. ശഹ്റുല്ലാഹ് (അല്ലാഹുവിന്റെ മാസം) എന്നാണ് മുഹര്‍റം മാസത്തെ തിരുനബി(സ്വ) വിശേഷിപ്പിച്ചത്. റമാളാ‍ന്‍ കഴിഞ്ഞാ‍ല്‍ നബി തങ്ങള്‍ ഏറ്റവും കൂടുതല്‍ നോമ്പെടുക്കാ‍ന്‍ ശ്രദ്ധിച്ചിരുന്ന മാസമാണിത്.

images (3) മൂസാ നബി (അ) ഫറോവയുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതും ഫറോവ ചെങ്കടലി‍ല്‍ മുങ്ങി മരിച്ചതും മുഹര്‍റം മാസത്തിലായിരുന്നു. നിന്റെ പി‍ന്ഗാമികള്‍ക്ക് ദൃഷ്ടാന്തമാവാ‍‍ന്‍ വേണ്ടി നിന്നെ ഞാ‍ന്‍ സൂക്ഷിച്ചുവെക്കും എന്ന വിശുദ്ധ ഖുര്‍ആ‍നിക വചനത്തെ അന്വര്‍ഥമാക്കി ഇന്നും ഫറോവയുടെ ജഡം കൈറോ മ്യൂസിയത്തില്‍ കേടുപാടുകളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകം കണ്ട കടുത്ത ധിക്കാരിയില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സര്‍വശക്തനായ അല്ലാഹു മോചനം നല്‍കിയ മാസം നമുക്ക് നല്‍കുന്ന സൂചനക‍ള്‍ ചെറുതല്ലല്ലോ. നബി (സ്വ) തങ്ങളുടെ പൌത്രന്‍ ഹുസൈ‍ന്‍ (റ) ശത്രുക്കളാ‍ല്‍ വഞ്ചിതനായി കര്‍ബലയി‍ല്‍ പിടഞ്ഞു വീണ ദാരുണ സംഭവം നടന്നത് മുഹര്‍റം പത്തിനാണ്. വിശ്വാസി മനസ്സില്‍ കുറിച്ച് വെക്കേണ്ട മറ്റൊരു ചരിത്രചീന്ത്.  നഷ്ടപ്പെട്ട സമയം തിരിച്ചു പിടിക്കാനാവില്ല. എന്നാല്‍ വരാനിരിക്കുന്ന സമയത്തെ നഷ്ടപ്പെടുത്താതിരിക്കാ‍ന്‍ കഴിയും. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയാവട്ടെ നമ്മുടെ ഇനിയുള്ള വര്‍ഷങ്ങ‍ള്‍; ആഖിറമാട്ടെ നമ്മുടെ ലക്ഷ്യം. -എസ്.വി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter