പുതിയ സ്ഥാന  നിര്‍ണ്ണയ ഉപഗ്രഹം ഇന്ത്യ ഇന്ന് വിക്ഷേപിക്കും
കഴിഞ്ഞ ജൂലൈ ഒന്നിന് വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് -1 എക്കു (ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ശേഷം പുതിയ സ്ഥാന നിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് -1 ബി ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ന് വൈകിട്ട് 5.14 നാണ് വിക്ഷേപണം. ദിശയും മാര്‍ഗ്ഗവും അറിയാന്‍ ഉപയോഗിക്കുന്ന ഈ ഉപഗ്രഹങ്ങള്‍ക്കു പിറകെ രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഉടന്‍ വിക്ഷേപിച്ച് ഇന്ത്യയുടെ നാവിഗേഷന്‍ രംഗത്തും റേഞ്ചിങ് രംഗത്തും മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്താന്‍ കഴിയുമെന്നാണ് ഐ.എസ്.ആര്‍.ഒ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഐ.ആര്‍.എന്‍.എസ്.എസ് -1 എ, ചൊവ്വാ ദൗത്യം, ജി -സാറ്റ് 12, ചാന്ദ്രയാന്‍ തുടങ്ങിയ സുപ്രധാന ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ച പി.എസ്.എല്‍.വിയുടെ എകസ്.എല്‍ വിഭാഗത്തിപ്പെട്ട റോക്കറ്റായ സി -24യാണ് 1400 കിലോഗ്രാം വരുന്ന ഐ.ആര്‍.എന്‍.എസ്.എസ് -1 ബിയുടെ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയുടെ 25ാം വിക്ഷേപണമാണ് ഇന്ന് നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. അമേരിക്കയുടെ ജി.പി.എസ് (ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം), യൂറോപ്യന്‍ യൂനിയന്‍െറ ഗലീലിയോ, റഷ്യയുടെ ഗ്ളോനാസ് (ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) എന്നിവക്കു സമാനമായ ഈ സംവിധാനം പ്രതിരോധം, ദുരിതാശ്വാസം, വ്യോമ-നാവിക-റോഡു ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം വളരെ സഹായകരമായിത്തീരുന്നതാണ്. വിക്ഷേപണം വിജയിച്ചാല്‍ ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter