കൃത്രിമ രക്തം മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു
മനുഷ്യന്റെ മൂലകോശത്തില്‍ നിന്നും നിര്‍മ്മിച്ച കൃത്രിമ രക്തം ആദ്യമായി രോഗികളില്‍ പരീക്ഷിക്കാന്‍ ബ്രിട്ടനിലെ ഗവേഷക സംഘം ഒരുങ്ങുന്നു. ഗവേഷണം വിജയിക്കുകയാണെങ്കില്‍, നിലവില്‍ രോഗികള്‍ക്കുള്ള മുഖ്യ രക്ത സ്രോതസ്സായ ദാനം ചെയ്യുന്ന രക്തത്തിനു വരെ ബദലാകാന്‍ കഴിയുന്ന വിധം വ്യവസായികാടിസ്ഥാനത്തില്‍ രോഗികള്‍ക്കാവശ്യമായ രക്തമുല്‍പ്പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കാണ് വഴി തെളിയാന്‍ പോകുന്നത്. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസ് ഡയറക്ടറായ മാര്‍ക് ടേണറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് 50 ലക്ഷം പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്ന ഈ ഗവേഷണ പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നത്. ചുവന്ന രക്താണുക്കള്‍ നിരന്തരമായി നശിക്കുന്നത് മൂലം തുടര്‍ച്ചയായി രക്തം മാറ്റേണ്ടി വരുന്ന ‘തലാസ്സൈമിയ’ എന്ന അസുഖം ബാധിച്ച മൂന്നു രോഗികളിലാണ് തുടക്കത്തില്‍ പരീക്ഷണം നടത്തുന്നത്. രക്താണുക്കള്‍ ശരീരവുമായി സാധാരണ നിലയില്‍ പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും അഞ്ച് മില്ലീലിറ്റര്‍ വീതം രക്തമാണ് നല്‍കുക. ഏകദേശം എല്ലാ രോഗികള്‍ക്കും നല്‍കാന്‍ കഴിയുന്ന രക്ത ഗ്രൂപ്പായ ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ് കൃത്രിമ രക്ത നിര്‍മ്മാണത്തിനായി ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആളുടെ ത്വക്കോ ചുവന്ന രക്താണുക്കളോ മൂല കോശാവസ്ഥയിലേക്ക് ജനിതക മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഡോ. ടേണറും സംഘവും വികസിപ്പിച്ചെടുത്തത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കൃത്രിമ രക്തം ജനങ്ങള്‍ക്കിടയില്‍ സാധാരണമായിത്തീരുമെന്നാണ് ഗവേഷക സംഘം അനുമാനിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter