വെള്ളത്തേക്കാള്‍ മൃദുലം,  ഉരുക്കിനോളം സുദൃഢം; അത്ഭുത പദാര്‍ത്ഥവുമായി ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍
നവലോകത്തിന്‍റെ അമ്പരപ്പിക്കുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകളുമായി ജര്‍മ്മനിയിലെ കാള്‍സ്‌റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ജെന്‍സ് ബോറും സംഘവും. വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞതും അതേസമയം ഉരുക്കിനോളം കരുത്തുള്ളതുമായ എല്ലാകൃതിയിലുള്ള ഒരു പദാര്‍ത്ഥമാണ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ എല്ലും മരത്തടിയും പോലോത്ത സുഷിരമുള്ള പദാര്‍ത്ഥങ്ങള്‍ സാന്ദ്രത കൂടിയ പദാര്‍ത്ഥങ്ങളേക്കാള്‍ ബലം കുറഞ്ഞിരിക്കുമ്പോള്‍, സുഷിരമുള്ളതായിരിക്കുമ്പോള്‍ തന്നെ അതീവ ബലമുള്ളതും ഭാരമുള്ള വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്നതുമാണ് പുതിയ പദാര്‍ത്ഥം. ത്രീഡി ലേസര്‍ പ്രി‍ന്‍റിംഗില്‍ വിദഗ്ദരായ നാനോസ്‌ക്രൈബ് എന്ന കമ്പനിയുടെ സഹയത്തോടെയാണ് ബോറും സംഘവും ഈ വസ്തു വികസിപ്പിച്ചെടുത്തത്. തേന്‍തുള്ളി പോലോത്ത ഒരു പോളിമര്‍ ഒരു ചില്ലുപാളിയില്‍ വെച്ച് ലേസര്‍ പ്രവര്‍ത്തിപ്പിക്കുകയും കമ്പ്യൂട്ടര്‍ സഹായത്തോടെ പദാ‍ര്‍ത്ഥത്തിന്‍റെ ഒരു രൂപരേഖ തയ്യാറാക്കി ലേസറിന്‍റെ ഫോക്കസ് പദാര്‍ത്ഥത്തിന്‍റെ ഖരരൂപത്തിലാകേണ്ട ഭാഗത്തു മാത്രം പതിയുന്ന രീതിയില്‍ ചില്ലുപാളി ശ്രദ്ധാപൂര്‍വ്വം ചലിപ്പിക്കുകയും ചെയ്തു. ഇങ്ങനെ രൂപപ്പെട്ട വളരെ സങ്കീര്‍ണ്ണമായ ആന്തരിക ഘടനയുള്ള പദാര്‍ത്ഥം ബാക്കി നിര്‍ത്തിയ ശേഷം അധിക ദ്രാവകം ഒഴിവാക്കുകയാണ് ചെയ്തത്. ബോറും സംഘവും ഉദ്ദേശിച്ചത്ര കരുത്തില്ലാതിരുന്ന പദാര്‍ത്ഥത്തെ അലുമിനിയം ഓക്‌സൈഡിന്‍റെ നേര്‍ത്ത ആവരണം കൊണ്ട് പൊതിഞ്ഞാണ് കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. ഈ പരീക്ഷണങ്ങളിലൂടെ തന്‍റെ സിദ്ധാന്തങ്ങളില്‍ ചില്ലറ പരിഷ്‌ക്കാരങ്ങള്‍ വരുത്താനും ബോറിന് കഴിഞ്ഞു. ഇവ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗ യോഗ്യമാകണമെങ്കില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരുക്കുന്നു എങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ തന്മാത്രാ യുഗം എന്ന വിളിപ്പേരിന് കൂടുതല്‍ പ്രാബല്യം നല്‍കുന്നതാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ എന്നാണ് ശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter