വോട്ടേ....നീ ആരാ മോന്‍....
നാട്ടിന്‍പുറത്തെ ഒരു സ്കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീണ കുട്ടിക്ക്തൊട്ടടുത്ത ഹോട്ടലില്‍നിന്ന് ചായയും ഉണ്ടയും കൊണ്ടുവന്നുകൊടുത്തുവത്രെ. ഇത് കണ്ട ഒരു വിരുതന്‍ അടുത്തയാഴ്ചയിലെ അസംബ്ലിയില്‍, തുടങ്ങിയപാടെ തല കറങ്ങിവീണു. പ്യൂണ്‍ പോയി ചായയുമായി വന്നു, പക്ഷേ, ഇത്തവണ ഉണ്ടയുണ്ടായിരുന്നില്ല. ഒരു മുറുക്ക് ചായ കുടിച്ച് അല്‍പം ആശ്വാസം വന്നതുപോലെ കാണിച്ച് കുട്ടി പറഞ്ഞു, ഉണ്ടയും വേണം, അല്ലെങ്കില്‍ ഇനിയും തല കറങ്ങും.
കഴിഞ്ഞ ദിവസം ടൈംസ്ഓഫ്ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ഈ കഥയാണ് മനസ്സിലേക്ക് ഓടിവന്നത്. ആഗ്രയിലെ സികന്ദര്‍പൂരിലെ പിന്നോക്കക്കാരായ ധന്‍ഗാര്‍ ഗോത്രക്കാര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നുവത്രെ. ഭീഷണിക്കായി ഉപയോഗിച്ചതോ മതം മാറ്റവും. തങ്ങളെ പിന്നാക്കവിഭാഗക്കാരായി പ്രഖ്യാപിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. അടുത്ത ഒരു മാസത്തിനകം ഇതിനാവശ്യമായ നടപടി എടുത്തില്ലെങ്കില്‍, ഒന്നര ലക്ഷത്തോളം വരുന്ന ധന്‍ഗാര്‍ അംഗങ്ങള്‍ ഹിന്ദുമതത്തില്‍നിന്ന് ക്രിസ്ത്യാനിസത്തിലേക്ക് മാറുമെന്നാണ് ഭീഷണി. വാളെടുത്തവന്‍ വാളാലെന്ന പഴമൊഴിയില്‍ പതിരില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു.
മതം എന്നാല്‍ അഭിപ്രായമെന്നാണ് മലയാള നിഘണ്ടു നല്കുന്ന അര്‍ത്ഥം. അറബിയില്‍ അതിന് ദീന്‍ എന്ന് പറയുന്നു. സമര്‍പ്പണം, കീഴടങ്ങല്‍ എന്നെല്ലാമാണ് അത് അര്‍ത്ഥമാക്കുന്നത്. തനിക്ക് സത്യവും ശരിയുമെന്ന് ബോധ്യപ്പെട്ട വിശ്വാസത്തോടുള്ള ആത്മാര്‍ത്ഥമായ അര്‍പ്പണവും മാനസിക വിധേയത്വവുമാണ് അത്. മനസ്സില്‍നിന്ന് വരുമ്പോഴേ അത് യഥാര്‍ത്ഥ മതമാകുന്നുള്ളൂ, മതപരിവര്‍ത്തനത്തില്‍ നിര്‍ബന്ധങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെ. അഥവാ, നിര്‍ബന്ധമതപരിവര്‍ത്തനം എന്ന സംജ്ഞ തന്നെ അസംഭവ്യത്തിന് ഉദാഹരണമായി പറയാവുന്നതാണ് എന്ന് സാരം, മുള്ളില്ലാമല്‍സ്യം എന്ന് പറയുന്ന പോലെ.
ഈ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി വേണം ഇന്ന് വിവാദമായിക്കൊണ്ടിരിക്കുന്ന കൂട്ട മതപരിവര്‍ത്തനമെന്ന നാടകങ്ങളെ നോക്കിക്കാണേണ്ടത്. ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്കിയും ആളെക്കൂട്ടേണ്ട ഗതികേട് ഒരു മതത്തിനുമില്ല, വിശിഷ്യാ ഇസ്‍ലാമിന്. ആനൂകൂല്യങ്ങള്‍ ലഭിക്കുമെങ്കില്‍ മറ്റൊരു മതത്തിലേക്ക് മാറാം എന്ന ചിന്ത വരുന്നിടത്ത്‍വെച്ച് ഇസ്‍ലാമിന്റെ പരിധി അവസാനിക്കുന്നു എന്നതാണ് സത്യം. അത്തരം ചിന്താഗതിയുള്ളവര്‍ പിന്നെ പേര് മാറ്റുകയോ വേഷം മാറുകയോ ചെയ്യണമെന്നില്ല.
പാര്‍ട്ടി മാറുന്നത് പോലെ മാറാനുള്ളതല്ല മതം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഇതരരുടെ മുമ്പില്‍ തലകുനിക്കാതിരിക്കുകയും കീഴടങ്ങാതിരിക്കുകയും ചെയ്യുന്നതാണ് മനുഷ്യത്വം. ആരാധനക്കര്‍ഹനായ ദൈവം തമ്പുരാന്റെ കല്പനക്ക് മുമ്പിലേ തന്റെ തല കുനിയൂ എന്നതാണ് വിശ്വാസിയുടെ മനശ്ശാസ്ത്രം. ഇതര സൃഷ്ടിജാലങ്ങളില്‍ ഒന്നിനും തന്നെ ദിവ്യത്വമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്‍ലാമിന്റെ ഏകദൈവവിശ്വാസപ്രഖ്യാപനം തുടങ്ങുന്നത് തന്നെ. അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന് പറയുന്നതിന് പകരം, ആരാധനക്കര്‍തയുള്ള ഒന്നും ഒരാളുമില്ല, അല്ലാഹുവല്ലാതെ എന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതിലൂടെ വിശ്വാസി പ്രഖ്യാപിക്കുന്നത്. മറ്റുള്ളവയുടെ ദിവ്യത്വം നിഷേധിക്കുന്നിടത്താണ് ഇസ്‍ലാം തുടക്കം കുറിക്കുന്നത് എന്നര്‍ത്ഥം. കേവല പ്രഖ്യാപനത്തിലുപരി, മനസ്സിലുറപ്പിക്കുകയാണ് പ്രധാനം. മനസ്സിലില്ലാതെ നാവ് കൊണ്ട് നടത്തുന്ന കേവല അധര വ്യായാമത്തിലൂടെ ഇസ്‍ലാമിലേക്ക് പ്രവേശിക്കനാവില്ല, അതുപോലെ, മനസ്സില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ഗത്യന്തരമില്ലാതെ നാവ് കൊണ്ട് വിപരീതമായി പറയേണ്ടിവന്നാല്‍പോലും മതത്തിന് പുറത്തല്ലെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
അവിടെയാണ് മനസ്സ് കൊണ്ട് സത്യവിശ്വാസം തെരഞ്ഞെടുത്തവന്ന് മതപരിവര്‍ത്തനം അസാധ്യമാവുന്നത്. അഥവാ, കൂട്ട മതപരിവര്‍ത്തനമെന്നത് യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കേവല പേര് മാറ്റച്ചടങ്ങ് മാത്രമേ ആവുന്നുള്ളൂ എന്നര്‍ത്ഥം. ഭൌതികനേട്ടങ്ങള്‍ക്കായി മതം മാറാന്‍ തയ്യാറുള്ളവരെ കണ്ടെത്തി ഇസ്‍ലാമിന്റെ വേലി ചാടിക്കുന്നത് അതിന്ന് ഒട്ടും ദോഷം ചെയ്യില്ലെന്ന് മാത്രമല്ല, അത്തരക്കാര്‍ ആ മതത്തിന് കൂടി ദോഷമേ വരുത്തൂ എന്നതാണ് ഇത്തരം വര്‍ത്തമാനചിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നത്.
വചനപ്പൊരുള്‍- പാര്‍ട്ടി മാറ്റാനായാല്‍ ഒരു വോട്ടെങ്കിലും ലഭിക്കും, പേര് മാറ്റി ഇങ്ങനെ മതത്തിലേക്ക് ആളെ ചേര്‍ത്തിട്ട് ആര്‍ക്ക് എന്ത് കിട്ടാന്‍... സോറി, ഇതിലൂടെയും കിട്ടാനുള്ളത് വോട്ട് തന്നെയാണല്ലോ...വോട്ടേ...നീ ആരാ മോന്‍..



Leave A Comment