അറബ് റീഡിംഗ് ചലഞ്ചില്‍ 10 കോടിയിലധികം പുസ്തകം വായിച്ച് വിദ്യാര്‍ത്ഥികള്‍
  uaeദുബൈ: അറബ് രാജ്യങ്ങളിലെ കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച അറബ് റീഡിങ് ചലഞ്ച് പദ്ധതിക്ക് മികച്ച പ്രതികരണം. മാര്‍ച്ച് ഒന്നുവരെ 15 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ 10 കോടിയിലധികം പുസ്തകങ്ങളാണ് വായിച്ചുതീര്‍ത്തത്. മൊത്തം 30,000 അറബ് സ്‌കൂളുകള്‍ പദ്ധതിയില്‍ പങ്കാളികളായതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. അറബ് മേഖലയെ സാംസ്‌കാരികമായും ബൗദ്ധികമായും ഔന്നത്യത്തിലത്തെിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ 17.5 കോടിയിലധികം പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വായിക്കുമെന്നാണ് കരുതുന്നതെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കാബിനറ്റ് ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. നാലുവര്‍ഷത്തിനകം അറബ് വിദ്യാര്‍ഥികളുടെ 50 ശതമാനത്തിനെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. എന്തൊക്കെ ഗ്രന്ഥങ്ങള്‍ വായിക്കണമെന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ 14 പുസ്തകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ 1.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ 50 ലക്ഷത്തോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചു. ഏറ്റവുമധികം പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ക്ക് മൊത്തം 30 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തത്തെുന്ന വിദ്യാര്‍ഥിക്ക് സര്‍വകലാശാല ട്യൂഷന്‍ ഫീസ് ഇനത്തില്‍ ഒന്നരലക്ഷം ഡോളറും കുടുംബത്തിന് 50,000 ഡോളറും ലഭിക്കും. ഇതിന് പുറമെ ശൈഖ് മുഹമ്മദിന്റെ ഒപ്പോട് കൂടിയ കത്തും. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകള്‍ക്കായി മൊത്തം 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. മികച്ച സൂപ്പര്‍വൈസര്‍മാര്‍ക്കായി മൂന്ന് ലക്ഷം ഡോളറിന്റെ സമ്മാനങ്ങളും. സ്‌കൂളുകള്‍ക്കുള്ള ഇന്‍സെന്റീവായും വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളായും 10 ലക്ഷം ഡോളര്‍ വേറെയും. വിജയികളെ പ്രഖ്യാപിക്കുന്നത് പാന്‍ അറബ് ഒളിമ്പ്യാഡ് എന്ന പരിപാടിയിലായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter