ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പള്ളി

ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പള്ളി തറുന്നു. വിദ്യാഭ്യാസ സമുച്ചയമായ ഖത്തര്‍ ഫൗണ്ടേഷന്‍ കോമ്പൌണ്ടിനകത്ത് സ്ഥിതി ചെയ്യുന്ന പള്ളി, ഫൗണ്ടേഷന്‍  ചെയര്‍ പേഴ്സണും പള്ളിയുടെ സ്ഥാപകയുമായ ശൈഖ മൗസ, ജനുവരി 31, ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. പള്ളിയോടൊപ്പം സാംസ്കാരിക കേന്ദ്രവും കൂടി അടങ്ങുന്ന ഇതിന്, അല്‍മുജാദില സെന്റര്‍ ആന്റ് മോസ്ക് ഫോര്‍ വിമന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ചിന്തകളും ആശയങ്ങളും പങ്ക് വെക്കുക, അവരെ ശാക്തീകരിക്കുക, അവരുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുക തുടങ്ങി, സമൂഹ ശാക്തീകരണത്തില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പ് വരുത്തുകയാണ് സെന്ററിന്റെ ലക്ഷ്യം. 

ഖത്തര്‍ ഔഖാഫ് മന്ത്രാലയ പ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത ഉദ്ഘാടന വേദിയില്‍, സെന്ററിന്റെയും പള്ളിയുടെയും ലക്ഷ്യവും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വിശദീകരിച്ചു. ഭര്‍ത്താവിന്റെ വിഷയത്തില്‍ പ്രവാചകരോട് തര്‍ക്കത്തിലേര്‍പെട്ട പ്രമുഖ സ്വഹാബി വനിത ഖൗല(റ)യെ സൂചിപ്പിക്കുന്ന പദമായ അല്‍മുജാദില എന്നാണ് സെന്ററിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ സംഭവം പറുന്ന ഖുര്‍ആനിലെ അധ്യായത്തിന് പോലും ഈ പേര് നല്കിയത്, സാംസ്കാരിക മുന്നേറ്റത്തില്‍ ആരോഗ്യപരമായ സംവാദങ്ങളും തര്‍ക്കങ്ങളും ആവശ്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ നിസ്കാര സൗകര്യം എന്നത് കേവലം ഒരു മൂലയില്‍ ഒതുങ്ങേണ്ടതല്ലെന്നും സമൂഹത്തില്‍ എല്ലാത്തിലുമെന്ന പോലെ അര്‍ഹമായ അവകാശം ആരാധനാരംഗത്തും ഉണ്ടെന്നും പുരുഷന്മാരെപ്പോലെ തന്നെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്ത്രീകള്‍ക്കും ഇത്തരം പള്ളികള്‍ വര്‍ത്തിക്കേണ്ടതുണ്ടെന്നും ഉദ്ഘാടനഭാഷണത്തില്‍ ശൈഖ മൗസ അഭിപ്രായപ്പെട്ടു. പള്ളികള്‍ എന്നത് മുസ്‍ലിം സമൂഹത്തിന്റെ അച്ചുതണ്ടാണെന്നും അത് സ്ത്രീകള്‍ക്ക് കൂടിയുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനസംഗമത്തിന്റെ ഭാഗമായി, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുന്നതിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. പ്രമുഖ പ്രബോധകനും പണ്ഡിതനുമായ ശൈഖ് ഉമര്‍ അബ്ദുല്‍കാഫി, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുഅ്‍ലുഅ അല്‍ഖാതിര്‍ അടക്കമുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
പള്ളിയെയും സെന്ററിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.almujadilah.qa എന്ന സൈറ്റില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter