അണ്ടര്‍ ഗ്രൌണ്ട് ബുക്ക് ക്ലബ്ബിലൂടെ വിദ്യാഭ്യാസം തിരിച്ച് പിടിക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍
2021 മെയ് 8, ശനിയാഴ്ച.. 
കാബൂളിലെ സയ്യിദുശുഹദാ സ്കൂളിലെ ക്ലാസ് റൂം.. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ താഹിറ അവളുടെ സഹപാഠിയോട്, അടുത്ത ആഴ്ച തുടങ്ങുന്ന ഈദ് അവധി ദിവസങ്ങളിലെ പദ്ധതികൾ ചർച്ച ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ശക്തമായ ഒരു ശബ്ദം കേട്ടത്.. നിമിഷങ്ങള്‍ക്കകം അവര്‍ ഇരുന്നിരുന്ന കെട്ടിടം തന്നെ തകര്‍ന്ന് തരിപ്പണമായി. സ്‌ഫോടനത്തിന്റെ തീവ്രതയിൽ താഹിറ തെരുവിന്റെ മറ്റൊരു മൂലയിലേക്ക് തെറിച്ചുവീണു. തന്റെ കൂട്ടുകാരി എവിടെയാണെന്ന് പോലും കാണാനുണ്ടായിരുന്നില്ല.
പെൺകുട്ടികൾക്കായുള്ള പ്രത്യേക സ്കൂളായിരുന്നു സയ്യിദു ശുഹദാ ഹൈസ്‌കൂൾ. സ്ഫോടനത്തിർ തൊണ്ണൂറു പേരാണ് മരണപ്പെട്ടത്. അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികളായിരുന്നു. രാഷ്ട്ര നേതാക്കളും വിദേശ മാധ്യമങ്ങളും വിദ്യാഭ്യാസത്തിന് നേരെയുള്ള ആക്രമണമാണെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്, എന്നാൽ ഇത് കേവലം വിദ്യാഭ്യാസത്തിനെതിരെയല്ല, മറിച്ച് സ്ത്രീ വിദ്യാഭ്യാസത്തിനെതിരെയുള്ള മുന്നറിയിപ്പായിരുന്നു എന്നാണ് താഹിറ അടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. 
ബോംബ് സ്‌ഫോടനം നടന്ന് ഒരു വർഷം കഴിയുമ്പോഴും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ തങ്ങളുടെ കുട്ടികളുടെ മരണത്തിൽ വിലപിക്കുകയാണ്. സ്ഫോടനം അതിജീവിച്ച വിദ്യാർത്ഥികൾ അതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. 
അമേരിക്കന്‍ പിന്തുണയോടെ അധികാരത്തിലിരുന്ന മുൻ സര്‍ക്കാരിന്റെ തകർച്ചക്ക് ശേഷം, താഹിറക്ക് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. അധികാരത്തിൽ വന്ന ആദ്യനാളുകളില്‍ സ്ത്രീകളുടെ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, ഒമ്പത് മാസങ്ങൾക്ക് പിന്നിടുമ്പോഴും പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കായുള്ള പൊതു ഇടങ്ങൾ ദൈനംദിനം ചുരുങ്ങിവരുകയാണ്. 
എന്നാല്‍ അവയെയെല്ലാം അതിജീവിച്ച് വിദ്യാഭ്യാസം നേടിയേ അടങ്ങൂ എന്ന വാശിയിലാണ് താഹിറ അടക്കമുള്ള ഏതാനും കുട്ടികള്‍. ഞങ്ങൾക്ക് വലിയ സ്വപ്‌നങ്ങളുണ്ട്, അത് കൊണ്ട് തന്നെ ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ ഞങ്ങള്‍ തയ്യറാണ്, താഹിറയുടെയും കൂട്ടുകാരികളുടെയും ഈ വാക്കുകളില്‍ ആര്‍ജ്ജവത്തിന്റെ എല്ലാ അംശങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, താഹിറയും ഹൈസ്‌കൂളിലെ മറ്റു വിദ്യാർത്ഥിനികളും ചേര്‍ന്ന്, പഠിക്കാനും വായിക്കാനും സ്വന്തം കഥകൾ എഴുതാനും കൂടിയിരിക്കാനുമായി, ഒരു ബുക്ക് ക്ലബ് തന്നെ തുടങ്ങിയിരിക്കുകയാണ്. ഭൂമിക്ക് മേലെയായാല്‍ താലിബാന്റെ കണ്ണില്‍ പെടുമെന്നത് കൊണ്ട് തന്നെ, പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഭൂഗര്‍ഭ ഭാഗത്താണ് അവര്‍ ഇത് നടത്തുന്നത്. 
താഹിറ അടക്കമുള്ള വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ എട്ട് പൊതുപ്രവർത്തകരടങ്ങുന്ന ഒരു സംഘമാണ് ഇതിന് നേതൃത്വം നല്കുന്നത്. എല്ലാ ശനിയാഴ്ചയും വായന സെഷനുകൾ സംഘടിപ്പിക്കുന്നു. താരിഖ് ഖാസിമിയാണ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാള്‍. പ്രമുഖ കൊളംബിയൻ എഴുത്തുകാരനായ ഗബ്രിയേൽ മാർക്വിസിന്റെ ആത്മകഥയുടെ ആദ്യ വാല്യമായ ലിവിംഗ് ടു ടെൽ ദ ടെയിൽ എന്ന പുസ്തകം, ക്ലബിലെ ആദ്യപുസ്തകങ്ങളിലൊന്നാണ്. 
പരിസര പ്രദേശങ്ങളിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ഇതിനകം തന്നെ ക്ലബില്‍ അംഗത്വമെടുത്ത് കഴിഞ്ഞു. പതിനാറ് കാരിയായ റസിയ അവരിലൊരാളാണ്. കഴിഞ്ഞ വർഷം ഹൈസ്‌കൂളിലുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ടു കൂട്ടുകാരികളെയാണ് അവൾക്ക് നഷ്ടപ്പെട്ടത്. സ്കൂള്‍ പഠനം തുടരണമെന്ന് ആഗ്രഹവുമായി കഴിയുന്ന അവള്‍ക്ക് ഈ ക്ലബ് വല്ലാത്ത ആശ്വാസമാണ് പകരുന്നത്. 
റസിയ പറയുന്നത് ഇങ്ങനെയാണ്, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല, എന്ത് കൊണ്ടാണ് താലിബാന്‍ ഞങ്ങളുടെ വിദ്യാഭ്യാസത്തിന് എതിര് നില്‍ക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്കും ഒട്ടേറെ സ്വപ്നങ്ങളുണ്ട്. അകാലത്തില്‍ ഞങ്ങളെ വിട്ട് പിരിഞ്ഞ കൂട്ടുകാരികള്‍ക്കുമുണ്ടായിരുന്നു ഒരു പിടി നിറമുള്ള സ്വപ്നങ്ങള്‍. അവയെല്ലാം നിറവേറ്റാൻ ഞങ്ങള്‍ പഠിച്ചേ തീരൂ.
സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ പോലും താലിബാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് ഒരു തുടർക്കഥയാണ്. ഏത് സമയവും താലിബാന്‍ സൈനികര്‍ തങ്ങളെയും തേടി വരാമെന്ന് തന്നെയാണ്, ബുക്ക് ക്ലബ് അംഗങ്ങളും പ്രതീക്ഷിക്കുന്നത്. പക്ഷേ, അതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാന്‍ അവര്‍ക്ക് ശക്തി പകരുന്നത്, വിദ്യാഭ്യാസത്തിനായുള്ള അടങ്ങാത്ത ദാഹമാണ്. 
താഹിറ തന്റെ കഥ അവസാനിപ്പിച്ചത് ഇങ്ങനെയാണ്, സ്ഫോടനത്തില്‍ എനിക്ക് എന്റെ ഉറ്റ കൂട്ടുകാരിയെ നഷ്ടപ്പെട്ടു. ശേഷം അവര്‍ എന്റെ വിദ്യാഭ്യാസവും നിഷേധിച്ചു. അഥവാ, ഞങ്ങള്‍ രണ്ട് പേരും മരിച്ചു എന്ന് പറയാം, അവളെ അടക്കം ചെയ്തു, ഞാനിപ്പോഴും അടക്കം ചെയ്യപ്പെടാതെ ഭൂമിക്ക് മുകളില്‍ തന്നെയുണ്ടെന്നത് മാത്രമാണ് വ്യത്യാസം. വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് എന്റെ ജീവിതം തിരിച്ച് പിടിക്കാനാവുക. അതാണ് ഈ ബുക് ക്ലബിലൂടെ ഞാന്‍ ചെയ്യുന്നത്. അത് എനിക്ക് വേണ്ടി മാത്രമല്ല, എന്റെ പ്രിയ കൂട്ടുകാരിക്ക് വേണ്ടി കൂടിയാണ്. 
പറഞ്ഞു നിര്‍ത്തുമ്പോള്‍, അവളുടെ കവിളുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter