ആഫ്രിക്കക്ക് അധിനിവേശത്തിന് കൂട്ട് നില്ക്കാനാവില്ല, കാരണങ്ങള്‍ ഇതാണ്
സമീപ ദിവസങ്ങളിൽ ഏറിയ പഴികൾക്ക് വിധേയമാക്കപ്പെട്ട ഒന്നാണല്ലോ ഫലസ്തീൻ യുദ്ധത്തിലെ പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവം. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഒട്ടുമിക്ക സമ്പന്ന രാഷ്ട്രങ്ങളും ഇസ്രായേലിനൊപ്പം ചേർന്ന് നിന്നപ്പോഴും സയണിസ്റ്റ് അധിനിവേശകരോട് ഒരു ഘട്ടത്തിൽ പോലും രാജിയാകാത്ത ചുരുക്കം ചില രാഷ്ട്രങ്ങളെയേ കാണാനാകൂ. ആ ഗണത്തിൽ മുൻപന്തിയിലാണ് ആഫ്രിക്കൻ രാഷ്ട്രങ്ങൾ. ഒക്ടോബർ 7 ലെ തൂഫാനുല്‍അഖ്സാ മുതൽ ഇന്നുവരെ ഫലസ്തീനികൾക്കൊപ്പമാണ് ആഫ്രിക്ക. ചരിത്ര രേഖകളിലെ കനപ്പെട്ട ആ വഴിത്തിരിവുകളെ ഒന്ന് പരിശോധിക്കാം.
നമീബിയയും സിംബാബ്‍വേയും സൗത്താഫ്രിക്കയുമാണ് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ രാഷ്ട്രങ്ങൾ. ഇസ്രായേലിനും ഫലസ്തീനുമിടയിൽ എത്രയും പെട്ടെന്ന് വെടി നിർത്തൽ കരാർ അനിവാര്യമാണെന്ന് 2023 ഡിസംബർ 11ന് തന്നെ സൗത്ത് ആഫ്രിക്കയുടെ വിദേശകാര്യമന്ത്രാലയം തുറന്നു പറഞ്ഞിരുന്നു. അന്ന് തന്നെ ഇസ്രായേലിയൻ ഉല്‍പന്നങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ട്രേഡ് യൂണിയനും മുന്നോട്ടുവന്നു. ലക്ഷക്കണക്കിന് നിഷ്കളങ്കരായ ഫലസ്തീനികളെ നിർദാക്ഷണ്യം കൊന്നൊടുക്കുന്ന ഇസ്രായേൽ സൈന്യത്തെ കണക്കറ്റം വിമർശിക്കാൻ ഒക്ടോബർ 14ന് സൗത്താഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസ ധൈര്യപ്പെട്ടത് ചരിത്രത്തിൽ ഒളിമങ്ങാതെ കിടക്കും.
പോരാത്തതിന്, 2023 ഡിസംബർ 29ന് കരാർ ലംഘനത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെ പ്രതിസ്ഥാനത്ത് അവരോധിച്ചതും സൗത്ത് ആഫ്രിക്ക തന്നെ. വർഷങ്ങളായി ഫലസ്തീനികളുടെ ചോര ഊറ്റുന്ന ഇസ്രായേലിന്റെ കിരാത നീക്കങ്ങളെ അക്കമിട്ട് നിരത്തുന്ന 84 പേജുകളുള്ള ഒരു രേഖയും സമർപ്പിച്ചിരുന്നു തെളിവിനായി. തുടർന്നുള്ള നടപടികളിൽ ഫലസ്തീനെ സംരക്ഷിക്കുമെന്ന് വലിയ വായിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അതും കടലാസിൽ മാത്രം ഒതുങ്ങിപ്പോയി എന്ന് മാത്രം.
അയൽ രാഷ്ട്രം നിന്ന് കിടുങ്ങുമ്പോൾ നിൽക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലായിരുന്നു നമീബിയ. ഇസ്രായേലിനെ തുണച്ചു കൊണ്ടുള്ള ജർമൻ ഗവൺമെന്റിന്റെ നീക്കത്തെ ശക്തമായ ഭാഷയിൽ ട്വീറ്റിലൂടെ നേരിട്ട്, 2024 ജനുവരി 24 ന് നമീബിയൻ വിയോജിപ്പുകൾക്ക് നേതൃത്വം കൊടുത്തത് അന്നത്തെ പ്രസിഡന്റ് ഹെജ് ഗെയിൻഗോബായിരുന്നു. അധിനിവേശകരെ ചേർത്തുപിടിക്കുമ്പോൾ സ്വന്തം ചരിത്രം ഒന്ന് നോക്കാനെങ്കിലും ജർമ്മനിയെ പോലോത്ത രാഷ്ട്രങ്ങൾ തയ്യാറാകണമെന്നതായിരുന്നു ഗെയിൻ ഗോബിന്റെ അപേക്ഷ.
ശക്തമായ ഭാഷയിൽ തന്നെയായിരുന്നു റിപ്പബ്ലിക് ഓഫ് സിംബാബ്‍വെയുടെയും പ്രതികരണം. വൈദ്യുതി വിച്ഛേദനത്തെയും വെള്ളം തടഞ്ഞു വെക്കലിനേയും യുദ്ധ കുറ്റമെന്ന് പ്രസ്താവിക്കാൻ ആദ്യഘട്ടത്തില്‍ തന്നെ അവർ ധൈര്യപ്പെട്ടു. ഫലസ്തീൻ ലിബറേഷൻ മൂവ്മെന്റുമായി കൈകോർത്ത മാത്ര മുതൽ ഫലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലും നിരാഷ്ട്രവാദം അംഗീകരിക്കാത്തതിന് ഇസ്രായേലിനെ വിമർശിക്കുന്നതിലും തങ്ങൾ സദാ ജാഗരൂകരാണെന്നും സിംബാബ്‍വെ തുറന്നടിക്കുന്നുണ്ട്.
അതേസമയം, ഘാന, കെനിയ, റുവാണ്ട, കാമറൂൺ, റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയവർ ഇസ്രായേലിന് സഹായഹസ്തങ്ങൾ നീട്ടിയവരാണ്. ഈ രാഷ്ട്രങ്ങളൊക്കെയും, ഇസ്റാഈലുമായുള്ള ചങ്ങാത്തം ഉറപ്പിക്കാനായി, ഹമാസിനെ തീവ്രവാദ ഗ്രൂപ്പ് എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നിരാകരിച്ചവരിൽ ഘാനയുടെ പേരുമുണ്ടാകും. അനൽപം മേഖലകളിൽ സയണിസ്റ്റ് രാജ്യവുമായി പങ്കുള്ളതിനാൽ കോംഗോയും റുവാണ്ടയും കാമറൂണും ഇസ്രായേലിനൊപ്പം തന്നെയാണ് നിലകൊണ്ടത്.
ഒക്ടോബർ 7ലെ സവിശേഷ സാഹചര്യമാണ് ഭിന്നാഭിപ്രായക്കാരായ പല അയൽ രാജ്യങ്ങളുടെയും മുഖംമൂടി അഴിച്ചത് എന്ന് വേണം പറയാൻ. 1967 ലെ കരാർ അനുവദിക്കുന്ന ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നൈജീരിയ, താന്‍സാനിയ, ഉഗാണ്ട, ഗീനീയ, ബിസ്സാ, എത്യോപ്യ എന്നിവരും പെടും. ഇസ്രായേലിനെതിരെയുള്ള പൊതുപ്രകടനങ്ങളില്‍ കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, സെനഗൽ, ഗാംബിയ, മൗറീഷ്യ എന്നീ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങൾ എന്നും അധിനിവേശത്തോടും ചൂഷണങ്ങളോടും മുഖം ചുളിക്കുന്നവരാണ്. പ്രത്യേകിച്ചും ഗസ്സക്കെതിരെയുള്ള ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധമായ സമീപനങ്ങളിൽ. മുസ്‍ലിം ന്യൂനപക്ഷ ആഫ്രിക്കൻ രാജ്യങ്ങളിലും അധിനിവേശവിരുദ്ധ വികാരത്തിന് ഒട്ടും കുറവുണ്ടായില്ല. പലയിടങ്ങളിലും പാശ്ചാത്യ എംബസികൾക്കു മുന്നിൽ തടിച്ചു കൂടിയായിരുന്നു പ്രതിഷേധങ്ങൾ. കെനിയയിലെ കാര്യങ്ങൾ അല്പം സങ്കീർണ്ണമാണ്. രാഷ്ട്രീയ മുതലെടുപ്പിൽ കണ്ണുനട്ട് ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തിൽ ഇരുചേരുകളിലാണെന്നതാണ് കാരണം.
ഈ വർഷം ഏപ്രിലിൽ, നൈജീരിയയിലെ പ്രതിപക്ഷം, ഫലസ്തീൻ രക്തസാക്ഷികളോട് ഐക്യപ്പെട്ടു കൊണ്ട് മെഴുകുതിരി കത്തിച്ച് റാലി സംഘടിപ്പിച്ചിരുന്നു. സെനഗലിലാവട്ടെ, നാടും വീടും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഗസ്സക്കാർക്ക് വേണ്ടി വലിയ ഫണ്ട് ശേഖരണം നടന്നു. സൗത്താഫ്രിക്കയിൽ, ജൂലിയസ് സെല്ലോ മലാമസിന്റെ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പരിസരയിടങ്ങളിലെല്ലാം കൂറ്റൻ റാലികൾ നടത്തുകയും, പ്രിട്ടോറിയയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ആർത്തനാദം മുഴക്കുകയും ചെയ്തു. ചുരുക്കത്തില്‍, പ്രതാപ കാലത്തേതിനു സമാനമായ തീവ്രതയില്ലെങ്കിലും ആഫ്രിക്ക എക്കാലവും അധിനിവേശത്തോടും വിദേശാധിപത്യത്തോടും സമരത്തിലേർപ്പെട്ടവരാണ്.
ഇസ്രായേലും കൊളോണിയൽ ശക്തികളും
വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കക്ക് മേൽ ഇസ്രായേൽ അഴിച്ചുവിട്ട നരമേധത്തെ കണക്കിലെടുക്കുമ്പോഴാണ്, ആഫ്രിക്കയുടെ ഈ സമീപനത്തിന്റെ കാരണം മനസ്സിലാവുക. പഴയ കൊളോണിയൽ വ്യവസായവൽകൃത രാഷ്ട്രങ്ങളുടെയും ആഫ്രിക്കൻ വികസ്വര രാഷ്ട്രങ്ങളുടെയും ഇടയിലെ മധ്യവർത്തിയായിട്ടാണ് ആഫ്രിക്കയിലേക്കുള്ള ഇസ്രായേലിന്റെ ആദ്യ രംഗപ്രവേശം. ആഗോള രാഷ്ട്രങ്ങളുടെ പിന്തുണനേടി സയണിസ്റ്റ് നീക്കങ്ങൾ വിപുലീകരിക്കുന്നതിലാണ് പിന്നീട് ഇസ്രായേൽ കണ്ണുനട്ടത്. നിലയുറപ്പിച്ചപ്പോൾ ആഫ്രിക്കൻ സമ്പദ് വ്യവസ്ഥ കാർന്നു തിന്നാൻ ഒരുമ്പെട്ടു ഇസ്രായേൽ. മെഡിറ്റിനേറിയൻ തീരത്ത് സ്വയമെന്ന് അവകാശപ്പെടാവുന്ന എണ്ണ, ധാതു വിഭവങ്ങൾ ഇസ്രായേലിന് ഒട്ടുമേ ഇല്ല. യുഎസിന്റെയും യൂറോപ്പിന്റെയും സാങ്കേതിക സഹായത്തോടെ അധിനിവിഷ്ട ഭൂമികളിൽ നിന്നും ഇസ്രായേൽ തട്ടിയെടുത്ത പ്രധാന സമ്പത്താണ് ചെമ്പ്, ഫോസ്ഫേറ്റ്, ചാവുകടൽ ലവണങ്ങൾ എന്നിവ. ഇസ്രായേലിന്റെയും മുൻ കൊളോണിയൽ പാശ്ചാത്യ ശക്തികളുടെയും കണ്ണ് തള്ളിക്കുന്ന ധാതു നിധികളാലും അസംസ്കൃത വസ്തുക്കളാലും സമൃദ്ധമാണ് ആഫ്രിക്ക. തങ്ങളുടെ യൂറോപ്പ്യൻ, അമേരിക്കൻ സഖ്യങ്ങളെ ചേർത്തുനിർത്താൻ പാകത്തിലുള്ള വ്യാവസായിക കേന്ദ്രമായി ആഫ്രിക്കയെ മാറ്റിയാലോ എന്ന ആലോചനയിലേക്ക് ഇസ്രായേൽ എത്തിയത് അങ്ങനെയാണ്. തരപ്പെടുമ്പോഴൊക്കെ സ്വന്തം വസ്തുക്കൾ വിൽക്കാനുള്ള വിപണിയാക്കാമല്ലോ ആഫ്രിക്കയെ എന്നതും ഇസ്രായേലിന്റെ കണക്കുകൂട്ടലിൽ ഉണ്ടായിരുന്നു.
1948ലെ രാഷ്ട്ര രൂപീകരണാനന്തരം കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേകിച്ചും ദരിദ്ര ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക്, വീടും ജോലിയും ഒരുക്കി കൊടുക്കുന്നതിൽ ഇസ്രയേൽ വലിയ ഉത്സാഹം കാണിച്ചിരുന്നു. അന്ന് ഫലസ്തീനിലുള്ള ജൂതർ 6.5 ലക്ഷത്തില്‍ താഴെയായിരുന്നു. 1962ൽ അത് രണ്ടു മില്യണും 66ൽ 2.3 മില്യണുമായി മാറി. അന്നേരം നൈജീരിയ, ഏത്യോപ്യ എന്നിവിടങ്ങളിൽ നിന്നും പരമാവധി ജൂതന്മാരെ അങ്ങോട്ട് കടത്തുന്നതിലായിരുന്നു ഇസ്രായേലിന്റെ ശ്രദ്ധ അത്രയും.
കുടിയേറി വന്നവരിൽ നിന്നും പ്രദേശത്തെ സയണിസ്റ്റ് താൽപര്യങ്ങളെ മാനിക്കാനിടയുള്ള പ്രധാന വ്യക്തിത്വങ്ങളെ ഇസ്രായേൽ പ്രത്യേകം ശ്രദ്ധിച്ചു. ആഫ്രിക്കൻ സയണിസ്റ്റ് ജൂതന്മാരായിരുന്നു ഇതിന് ഇസ്രായേലിനെ സഹായിച്ചത്. ജ്യൂയിഷ് ഏജൻസി പോലോത്ത സ്ഥാപനങ്ങൾ വഴി ജൂതന്മാരെ ചേർത്തുപിടിക്കാൻ ഒട്ടനവധി പദ്ധതിയിടുന്നുണ്ട് ഇസ്രായേൽ. അധിനിവിഷ്ട ഭൂമികളിലേക്ക് കൊണ്ടുപോകലും ഇസ്രായേലി ഒക്കുപ്പേഷൻ ഫോഴ്സിനെ പരിചയപ്പെടുത്തി കൊടുക്കലും അതിന്റെ ഭാഗമായിരുന്നു. തുടർന്ന് കൂലിപ്പണിക്കാർക്ക് ഒരു സംഘടന തുടങ്ങി ഇസ്രയേൽ.
ജൂത ജനസംഖ്യ പെരുപ്പിക്കുക, സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുക എന്നീ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നും മാറി ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയായിരുന്നു ഇസ്രായേൽ. മുന്നേ അടക്കി വാണ ദുഷ്ട ശക്തികളിൽ നിന്നും പൊരുതി നേടിയ അവരുടെ സ്വാതന്ത്ര്യത്തിൽ ഇസ്രായേൽ കയ്യിട്ടില്ല. പട്ടിണി വിട്ടുമാറാത്ത, സമ്പത്ത് തീരെയില്ലാത്ത, പരസ്പര കലഹം കൂടുന്ന രീതിയിലായിരുന്നു പാശ്ചാത്യർ ആഫ്രിക്കയെ ഉപേക്ഷിച്ചു പോകുന്നത്. അത്തരം ഒരു സന്ദർഭത്തിലാണ് അവരുടെ വെല്ലുവിളികളെ അഭിസംബോധന ചെയ്ത് ഇസ്രായേൽ നല്ലപിള്ള ചമയുന്നത്. നയതന്ത്ര കരാറുകളിൽ ഏർപ്പെട്ടും, സാമ്പത്തിക ഉടമ്പടികളിൽ ഒപ്പുവെച്ചും, സാങ്കേതിക സാംസ്കാരിക വ്യവഹാരങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കിയും, അവരുടെ ഉള്ളിൽ വിശ്വാസം സൃഷ്ടിക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. അതേസമയം മുൻ കൊളോണിയൽ ശക്തികളെ അവർക്കുവേണ്ട വിധം ആഫ്രിക്കയെ കൊള്ളയടിക്കാൻ വഴികൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു ഇസ്രായേൽ.
ഈ കൊളോണിയൽ ശക്തികൾ തങ്ങളുടെ വിടവാങ്ങലിന് മുമ്പുതന്നെ, സാമ്പത്തിക കരാറുകളിലൂടെ ആഫ്രിക്കൻ രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അതോടൊപ്പം തന്നെ ആഫ്രിക്കൻ നേതാക്കൾക്ക് ഇസ്രായേലി പ്രതിനിധികളുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാനും പാശ്ചാത്യ സഖ്യം അകമഴിഞ്ഞ് സഹായിച്ചിരുന്നു. മുമ്പ് തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ആഫ്രിക്കൻ ഭൂമി ചൂഷണം ചെയ്യാൻ ഇസ്രായേൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെയും ഹിസ്റ്റാഡ്രട്ടിനെയും (ഇസ്രായേലിലെ ജനറൽ ഫെഡറേഷൻ ഓഫ് ലേബർ) അവർ അനുവദിച്ചു. ആഫ്രിക്കയിലെ എതിരാളികളുമായും വിദ്യാർത്ഥി സംഘടനകളുമായും ഇസ്രായേലി പ്രൊഫഷണലുകൾക്ക് നിരന്തര ബന്ധം സ്ഥാപിക്കാൻ വഴിയൊരുക്കുന്നതിലും യൂറോപ്യന്മാർ ശുഷ്‌കാന്തി കാണിച്ചു. അഥവാ, ഇസ്രായേലിനെ ആഫ്രിക്കക്കാരുടെ മുമ്പിൽ രക്ഷകന്റെ പരിവേഷത്തിൽ ചിത്രീകരിച്ചതിനുശേഷമാണ് അവര്‍ വിടവാങ്ങിയത് എന്നര്‍ത്ഥം. ചുരുക്കത്തിൽ, അതീവ നിഗൂഢമായ ഈ നീക്കങ്ങളിലൂടെ ഒരേസമയം ഇസ്രയേലും പാശ്ചാത്യ രാജ്യങ്ങളും ആഫ്രിക്കയിലെ ധാതു വിഭവങ്ങൾ പരമാവധി ഊറ്റിയെടുക്കുകയായിരുന്നു.
പിൽക്കാലത്ത് ഈ കൊടും ചതി ആഫ്രിക്ക തിരിച്ചറിഞ്ഞു എന്ന് വേണം കരുതാൻ. ഇസ്രായേലിന്റെ ഇത്തിൾ കണ്ണി സ്വഭാവം ആഫ്രിക്കയെ വല്ലാത്ത ദുരിതത്തിലേക്കായിരുന്നു തള്ളിയിട്ടത്. അതുകൊണ്ടായിരിക്കാം ഇസ്രായേലിനോടും ഇതര അധിനിവേശങ്ങളോടും ആഫ്രിക്കക്കാര്‍ക്ക് ഇപ്പോഴും രക്തം തിളക്കുന്നത്. തങ്ങൾ അനുഭവിച്ചത് പോലെ വിശ്വാസവഞ്ചന ഗസ്സക്കാർക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാമെന്ന അനുമാനമായിരിക്കണം ആഫ്രിക്കയെ ഒരുവേള പോലും പ്രതിഷേധ സാഹചര്യങ്ങളിൽ നിന്ന് പിൻവലിയാതെ പിടിച്ചുനിർത്തുന്ന ഘടകങ്ങളിൽ ഒന്ന്. നിയമത്തിന്റെ വഴി തെരഞ്ഞെടുത്ത് സര്‍വ്വസന്നാഹങ്ങളോടെ ലോകകോടതിയില്‍ അധിനിവേശ രാഷ്ട്രത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് ലോകത്തിന് മുന്നില്‍ ഇതാ, ഇവരാണ് കുറ്റവാളികള്‍ എന്ന് ഉറക്കെ പറയാന്‍ അവരെ പ്രേരിപ്പിച്ചതും, ഈ കൈപ്പാര്‍ന്ന അനുഭവം തന്നെ.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആ സാധുമനുഷ്യര്‍ അനീതിക്കും അക്രമത്തിനുമെതിരെ ഇത്രയും ശക്തമായി നിലകൊള്ളുമ്പോഴും, ഉത്തരാധുനികരെന്നും അതിപരിഷ്കൃതരെന്നും സ്വയം മേനിനടിക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങള്‍ അക്രമത്തിന് കൂട്ടുനില്ക്കുന്നതും അക്രമികളോടൊപ്പം ചേര്‍ന്ന് നില്ക്കുന്നതും അവരെ സഹായിക്കുന്നതും എത്രമാത്രം ലജ്ജാകരമാണ്.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
1 Comments
-
-
Islamonweb Admin
4 months ago
You can share on our email: islamonweb.net@gmail.com
-
Leave A Comment