അൽ-ഇദ്‍രീസി: പ്രതിഭാധനനായ ഭൂമിശാസ്ത്രജ്ഞൻ

ലോകം കണ്ട പ്രതിഭാധനനായ ഭൂമി ശാസ്ത്രജ്ഞനായിരുന്നു ശരീഫ് അൽ ഇദ്‍രീസി. അബൂ അബ്ദില്ലാഹ് മുഹമ്മദ് അൽ ഇദ്‍രീസി എന്നാണ് പൂർണ്ണ നാമം. ആധുനിക സ്പെയ്നിലെ ക്വെറ്റയിൽ ക്രി. 1099 ൽ ജനിച്ച അദ്ദേഹം ജ്ഞാന തലസ്ഥാനമായിരുന്ന കൊർദോവയിലായിരുന്നു പഠിച്ചു വളർന്നത്. ജ്ഞാന സമ്പാദനത്തിൽ അതീവ തത്പരനായിരുന്ന ഇദ്‍രീസിക്ക് യാത്രയും നാടുകൾ ചുറ്റി സഞ്ചരിക്കലും വലിയ ഹോബിയായിരുന്നു. സ്പെയിനടക്കം യൂറോപ്പിലെ പല സ്ഥലങ്ങളും സന്ദർശിച്ച അദ്ദേഹം ഭൂമി ശാസ്ത്ര ജ്ഞാനങ്ങൾ തേടി ഏഷ്യയിലുമെത്തിയിട്ടുണ്ട്.

വർഷങ്ങളോളം നീണ്ടുനിന്ന സഞ്ചാരങ്ങൾക്കും പഠന യാത്രകൾക്കും ശേഷം ഇദ്‍രീസി സിസിലിയിലെത്തി. ഒരുപാട് കാലം മുസ്‍ലിം ഭരണത്തിന് കീഴിലായിരുന്നെങ്കിലും 1086 ഓടെ സിസിലി ക്രൈസ്തവരായ നോർമൻ രാജാക്കന്മാർക്ക് കീഴിലായി. എന്നാലും, ഗ്രീക്കുകാരും മുസ്‍ലിംകളും തിങ്ങിത്താമസിച്ചിരുന്ന അവിടെ അവർക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. റോജർ രണ്ടാമൻ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇദ്‍രീസി അവിടെയെത്തുന്നത്.

പഠന ഗവേഷണങ്ങൾക്ക് മനസ്സു തുറന്ന പ്രോത്സാഹനം നൽകിയ റോജർ രണ്ടാമന്റെ സാമീപ്യം ഇദ്‍രീസിയുടെ ശാസ്ത്ര ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു. ആഴത്തിലിറങ്ങി പഠന മനനങ്ങൾ നടത്താനും ആവശ്യമായ യാത്രകൾ നടത്താനും അത് സഹായകമായി. അങ്ങനെ, യുറോപ്യൻ ശാസ്ത്രജ്ഞരെയടക്കം സ്വാധീനിക്കാൻ കെൽപുള്ള പരിണതപ്രജ്ഞനായ ഭൂമി ശാസ്ത്രജ്ഞനായി അദ്ദേഹം വളർന്നു.

അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഗ്രന്ഥമായ "കിതാബു നുസ്ഹത്തുൽ മുശ്താഖ് ഫീ ഇഖ്തിറാഖിൽ ആഫാഖ് " ഭൂമി ശാസ്ത്ര ശാഖയിലെ പ്രധാന അവലംബമായിരുന്നു. ലോക ചരിത്രത്തിലാദ്യമായി, ഏറെക്കുറെ എല്ലാ നാടുകളും രേഖപ്പെടുത്തപ്പെട്ട അതി മനോഹരമായ ഗ്ലോബ് നിർമ്മിച്ചതും ഇദ്‍രീസിയാണ്. വെള്ളി ഉപയോഗിച്ചായിരുന്നു ഗ്ലോബ് രൂപകൽപന ചെയ്തത്. ആ കാലഘട്ടത്തെ സംബന്ധിച്ചടുത്തോളം വളരെ ശ്രമകരമായ ദൗത്യമായിരുന്നു അത്.

Also Read:അബൂ യൂസുഫുൽ കിന്ദി:അറബികളുടെ തത്വചിന്തകൻ

ഇദ്‍രീസിയുടെ ഭൂപടമാണ് യൂറോപ്യർക്ക് ഇരുണ്ട സമുദ്രമായ അറ്റ്ലാന്റിക്കിലൂടെ യാത്ര ചെയ്യാൻ കരുത്ത് പകർന്നത്. പോർച്ചുഗീസുകാരും സ്പെയിനുകാരും പുതിയ പ്രദേശങ്ങൾ തേടി പര്യവേഷണങ്ങൾ തുടങ്ങിയതും ഇതിന്റെ ബലത്തിലായിരുന്നു. കൊളംബസ് അമേരിക്കയിലെത്തുന്നതും ഈ ഭൂപടം മുന്‍നിർത്തിയാണെന്ന് ചരിത്രത്തിൽ കാണാം.

നൈജർ - സുഡാൻ പ്രദേശങ്ങളുടെ ഭൂവിവരങ്ങളടങ്ങിയ "കിതാബുൽ മമാലിക് വൽ മസാലിക് ", നൈൽ നദിയുടെ ഉത്ഭവമടക്കം പ്രവചിച്ച "ജിബാലുൽ ഖമർ"  എന്നിവയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. തന്റെ യാത്രകളും സൂക്ഷ്മമായ നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം അവയൊക്കെ രചിച്ചത്.

എന്നാൽ, പല ഗ്രന്ഥങ്ങളുടെയും കയ്യെഴുത്ത് പ്രതികൾ മാത്രമാണ് അദ്ദേഹത്തിന്റേതായി അറിയപ്പെട്ടത്. പലതും പരിഭാഷപ്പെടുത്തിയ യൂറോപ്യർ വലിയ ശാസ്ത്ര പടുക്കളായി സ്വയം പേരെടുക്കുകയും അടിസ്ഥാന ഗ്രന്ഥത്തെയും കർത്താവിനെയും വിസ്മൃതിയിലേക്ക് തള്ളുകയുമാണുണ്ടായത്.

അറുപത്തേഴ് വർഷം ജീവിച്ച ഈ ഭൂമിശാസ്ത്ര പണ്ഡിതൻ 1116 ലാണ് ഈ ലോകത്തോട് വിട പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter