അബൂ യൂസുഫുൽ കിന്ദി:അറബികളുടെ തത്വചിന്തകൻ
അറബികളുടെ തത്വചിന്തകൻ എന്ന പേരിൽ വിശ്രുതനായ മഹാ പണ്ഡിതനും ശാസ്ത്രജ്ഞനുമാണ് അബൂ യൂസുഫ് യഅഖൂബ് ബ്നു ഇസ്ഹാഖ് അൽ കിന്ദി. ക്രിസ്തുവർഷം 801 ൽ കൂഫയിലായിരുന്നു ജനനം. പ്രധാനമായും അബ്ബാസി ഖലീഫമാരായ മഅ്മൂൻ, മുഅ്തസ്വിം, വാസിഖ് എന്നിവരുടെ കാലത്ത് ജീവിച്ച അൽ കിന്ദി അവരുടെ പിന്തുണയോടെ ജ്ഞാന സമ്പാദനത്തിൽ അസാമാന്യ ജൈത്ര യാത്ര നടത്തുകയും നിരവധി ശാസ്ത്ര ശാഖകളിൽ ബൃഹത്തായ ഒരുപാട് സംഭാവനകളർപ്പിക്കുകയും ചെയ്തു.
ഗ്രീക്ക് തത്ത്വചിന്തകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന അദ്ദേഹം അറബ് ലോകത്തെ പ്രഥമ അരിസ്റ്റോട്ടിലിയൻ എന്ന പേരിലും പ്രസിദ്ധനായിരുന്നു. ഖുർആൻ ഹൃദ്യസ്ഥമാക്കിയ കിന്ദി മതമീമാംസയും വ്യാകരണ ശാസ്ത്രവും ചുരുങ്ങിയ കാലം കൊണ്ട് പഠിച്ചെടുത്തു. കൂടാതെ, ഗോള ശാസ്ത്രം, പ്രകാശ ശാസ്ത്രം, സംഗീത ശാസ്ത്രം, രസതന്ത്രം, ജ്യോതിഷം എന്നീ മേഖലകളിലും അനൽപമായ സംഭാവനകളർപിച്ചിട്ടുണ്ട് അദ്ദേഹം.
കിന്ദിയുടെ സുഖാഢംബര പൂർണ്ണമായ ജീവിതം കണ്ട് അറബ് ഹാസ്യ സാഹിത്യകാരനായ ജാഹിള് അദ്ദേഹത്തെ "പണക്കൊതിയൻ" എന്ന് പരിഹസിച്ചതായി കാണാം. സ്വന്തം തോട്ടത്തിൽ ഒരുപാട് അല്‍ഭുത ജീവികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്ത അദ്ദേഹത്തിന് ജനസമ്പർക്കം വളരെ കുറവായിരുന്നു. തൊട്ടടുത്ത അയൽവാസികൾക്ക് പോലും പ്രതിഭാധനനായൊരു പണ്ഡിതൻ അവിടെ താമസിക്കുന്നുണ്ടെന്ന് അറിയാമായിരുന്നില്ല. അദ്ദേഹത്തിന്റെ അയൽപക്കത്ത് താമസിക്കുന്ന ഒരാൾ തന്റെ മകന്റെ തളർവാദ ചികിത്സക്ക് നാടായ നാട് മുഴുവനും ചുറ്റി അവസാനം ആ രോഗത്തിന് ഏറ്റവും നല്ല ചികിത്സ നൽകുന്ന ഭിഷഗ്വരൻ തന്റെ തൊട്ടടുത്തുണ്ടെന്ന് മനസ്സിലാക്കി കിന്ദിയുടെ അടുത്തെത്തിയ രസകരമായൊരു സംഭവമുണ്ട് ചരിത്രത്തിൽ. സംഗീത ചികിത്സയിലൂടെ കിന്ദി അത് സുഖപ്പെടുത്തുകയും ചെയ്തു.
Also Read:ഇബ്‌നു റുഷ്ദ്: ആധുനികതക്ക് വഴി തെളിച്ച മുസ്‌ലിം ദാര്‍ശനികന്‍
ജ്യോതിഷത്തിൽ അഗ്രഗണ്യനായിരുന്ന കിന്ദി പല ഭാവി പ്രവചനങ്ങളും നടത്തുകയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു.
പ്രകാശ ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഇബ്നു ഹൈഥമിന് മുമ്പ് പ്രകാശത്തിന്റെ സഞ്ചാരവും മറ്റും ഗഹനമായി പഠിച്ച പണ്ഡിതൻ കൂടിയാണദ്ദേഹം. തദ്വിഷയകമായി ഓപ്റ്റിക്സ് എന്ന ബൃഹത്തായൊരു കൃതി അദ്ദേഹം ലോകത്തിന് സമർപ്പിക്കുകയും ചെയ്തു. പാശ്ചാത്യ - പൗര സ്ത്യ നാടുകളിൽ ഒരുപോലെ അവലംബിക്കപ്പെട്ടു പോന്ന ഈ കൃതി ഇബ്നു ഹൈഥമിന്റെ രചനകൾക്കുള്ള ഒരാമുഖമായിരുന്നു എന്ന് തന്നെ പറയാം. ഈ രചന ആധുനിക ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന റോജർ ബെക്കണിനെ പോലും സ്വാധീനിച്ചിട്ടുണ്ട്.
അറബ് സംഗീത ശാസ്ത്രത്തിന്റെ പുരോഗതിയിലും കിന്ദി സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. യൂറോപ്പിൽ സംഗീതം പ്രചരിക്കുന്നതിന് മുമ്പേ അറബികൾ ഇതിലൊരുപാട് മുന്നേറിയിരുന്നു. ആ മുന്നേറ്റത്തിന് വേഗത കൂട്ടിയത് കിന്ദിയുടെ സംഭാവനകളായിരുന്നു.
തത്വശാസ്ത്രം, രസതന്ത്രം, ജ്യോതിഷം, സംഗീതം തുങ്ങിയവയിൽ 360 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടദ്ദേഹം. എന്നാൽ, കിന്ദി ഗ്രന്ഥങ്ങളിലെ ചിലതിന്റെ മാത്രം ലാറ്റിൻ ഭാഷ്യങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. മറ്റു പല അറബി പതിപ്പുകളും താർത്താരികളുടെ ആക്രമണത്തോടെ നശിച്ചുപോയതാകാം എന്ന് സംശയിക്കപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ അറബ് താത്വികനും പ്രതിഭാധനനായ ശാസ്ത്ര പണ്ഡിതനുമായ അബൂ യൂസുഫ് അൽ കിന്ദി എ.ഡി 873 ൽ അന്തരിച്ചു.
 


            
            
                    
           
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment