യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ 04. ദൈവത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്ക് വേണ്ടി അല്ലാഹു അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കും അറിയാത്ത എവിടെയും ഉപയോഗമില്ലാത്ത ഒരു ഭാഷയിലായിരുന്നില്ല. കാര്യങ്ങളൊക്കെ വ്യക്തമാക്കുന്ന അറബിഭാഷയിലാണ് അല്ലാഹു ഇത് അവതരിപ്പിച്ചത്. തീര്‍ച്ചയായും ഖുര്‍ആന്‍ മനുഷ്യര്‍ക്ക് മനസ്സിലാവാനുള്ളതും മനസ്സിലാക്കേണ്ടതുമാണ് എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.

മൗലാന വഹീദുദ്ധീന്‍ ഖാന്റെ പ്രശസ്ത ഗ്രന്ഥമാണ് god arises. ശാസ്ത്രീയമായി ദൈവം ഉണ്ടെന്ന് തെളിയിക്കുകയും അത് സാക്ഷ്യപ്പെടുത്തിയ ധാരാളം ശാസ്ത്രജ്ഞരുടെ ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഗ്രന്ഥമാണ് ഇത്. അതില്‍ പറയുന്ന ഒരുസംഭവം ഇങ്ങനെ വായിക്കാം. 

ഐന്‍സ്റ്റീനെ പോലോത്ത ശാസ്ത്രലോകത്തെ അതികായന്മാര്‍ ജീവിച്ചിരുന്ന കാലം. മതഭൗതിക പണ്ഡിതനായ അല്ലാമ ഇനായത്തുല്ലാ മശ്‌രിഖി  ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. ഒരു ഞായറാഴ്ച ഇംഗ്ലണ്ട് തെരുവിലൂടെ അദ്ധേഹം നടന്ന് പോവുമ്പോള്‍, കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ആസ്‌ട്രോണമറായ സര്‍ ജെയിംസ് ജീന്‍സ് എന്ന പ്രതിഭയെ കണ്ടുമുട്ടി. സമാന്യം നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. സര്‍ ജെയിംസ് ജീന്‍സിന്റെ കയ്യില്‍ കുടയുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് തുറന്നിരുന്നില്ല. കയ്യില്‍ ഒരു ബൈബിളുമായി ചര്‍ച്ചിലേക്ക് പോകുകയായിരുന്നു അദ്ദേഹം. മശ്‍രിഖി അദ്ധേഹവുമായി നേരത്തെ പരിചയമുള്ള ആളാണ്.  അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു: 'സര്‍ രണ്ടു കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുകയാണ്',
അദ്ദേഹം ചോദിച്ചു: എന്താണ് അവ?
മശ്‍രിഖി പറഞ്ഞു: നിങ്ങള്‍ മഴകൊണ്ടാണ് പോകുന്നത്, കയ്യില്‍ കുടയുണ്ടല്ലോ? പിന്നെ എന്തിനാണ് മഴ കൊള്ളുന്നത്?
അദ്ദേഹം പറഞ്ഞു: സോറി, ഞാനത് ശ്രദ്ധിച്ചിരുന്നില്ല.
അദ്ദേഹം കുടതുറന്നു, കുടചൂടി പിന്നെ പോവാന്‍ തുടങ്ങി. അദ്ദേഹം ഏതോ വലിയ ചിന്തയിലായിരുന്നു. അതിനിടെ, രണ്ടാമത്തെ കാര്യം എന്താണെന്ന് കൂടി ചോദിച്ചു. മശ്‍രിഖീ പറഞ്ഞു,

'രണ്ടാമത്തെ കാര്യം നിങ്ങളെ പോലെ ലോക പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചിലേക്ക് പോകുന്നത് എനിക്ക് അത്ര ഉള്‍കൊള്ളാന്‍ പറ്റുന്നില്ല, അത് എന്നെ അത്ഭുതപ്പെടുത്തുന്നു'.  അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വൈകുന്നേരം വീട്ടിലേക്ക് വരൂ. ഈ വിഷയം നമുക്ക് വിശദമായി അവിടെ വെച്ച് സംസാരിക്കാം.  

വൈകുന്നേരം നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇനായത്തുല്ലാ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അദ്ദേഹത്തെ സ്വീകരിക്കാന്‍വേണ്ടി ചായയും മറ്റും തയ്യാറാക്കി വെച്ചിട്ടുണ്ട്. അപ്പോഴും ജെയിംസ് ജീന്‍സ് കാര്യമായ എന്തോ ചിന്തയിലാണ്. കണ്ട പാടെ അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു, അദ്ദേഹം എന്തായിരുന്നു വിഷയം എന്ന് ചോദിച്ചു. നേരത്തെ സംസാരിച്ച വിഷയമൊക്കെ അദ്ദേഹം മറന്നുപോയിട്ടുണ്ട്. 

മറുപടിക്ക് കാത്ത് നില്ക്കാതെ അദ്ദേഹം പറഞ്ഞുതുടങ്ങി: ഈ പ്രപഞ്ചത്തിന്റെ വിസ്തൃതി, നാം മനസ്സിലാക്കിയ ശാസ്ത്രീയ സത്യങ്ങള്‍, ഈ പ്രപഞ്ചത്തിന്റെ വൈപുല്യം, ഇതിന്റെ മഹത്വം, ഇതിന്റെ ക്രമബദ്ധത, സഞ്ചാരപഥങ്ങളിലും വേഗതകളിലുമുള്ള ഇതിന്റെ കൃത്യത, ഇതെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അത് കേവലം പറച്ചിലായിരുന്നില്ല, അദ്ദേഹം വികാരഭരിതനായി പറയുകയായിരുന്നു. 

അല്ലാമാ ഇനായത്തുല്ലാ പറയുന്നു: അദ്ദേഹത്തിന്റെ തലയിലെ രോമം എടുത്തുപിടിക്കുന്നത് ഞാന്‍ നേില്‍ കണ്ടു. ഇടക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നു, അദ്ദേഹത്തിന്റെ വാക്കുകള്‍ വൈകാരികമായി പ്രകമ്പനം കൊള്ളുന്നു. ഏതോ മഹാസംഭവത്തിന്റെ സാക്ഷിയെന്നോണം അദ്ദേഹം വിവരിച്ചുകൊണ്ടേയിരിക്കുകയാണ്. ആ വാക്കുകള്‍ കേട്ട് ഞാനും അറിയാതെ സ്തബ്ധനായി നിന്നുപോയി. 

Read More: യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ 03: എന്താണ് ഖുര്‍ആന്‍, എന്താണ് ശാസ്ത്രം

അവസാനം അദ്ദേഹം ഒരു ചോദ്യത്തോടെയാണ് അവസാനിപ്പിച്ചത്: ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായോ ഞാന്‍ എന്തുകൊണ്ടാണ് ചര്‍ച്ചില്‍ പോകുന്നതെന്ന്, മറ്റുള്ളവര്‍ പോകും പോലെയല്ല, ഞാന്‍ ചര്‍ച്ചില്‍ പോയി ദൈവത്തോട് പറയുന്നത് god how great you are എന്നാണ്. അങ്ങനെ പറയുമ്പോള്‍ കേവലമായ ഒരുപറച്ചിലല്ല ഞാന്‍ പറയുന്നത്. ഞാന്‍ എന്റെ ചുണ്ടുകൊണ്ട് പറയുന്നതല്ല, മനസ്സും ശരീരവും കൊണ്ട് ദൈവത്തോട് ആത്മാര്‍ത്ഥമായി പറയുകയാണ്. 

ശേഷം, ദൈവസാന്നിധ്യത്തിലെ ഏകാഗ്രതയിലെ മാനസിക ആനന്ദവും സന്തോഷവും വിവരിച്ചുകൊണ്ട്  അദ്ദേഹം പറയുന്നു: പ്രാപഞ്ചിക പ്രതിഭാസങ്ങളെപറ്റി വലിയ അറിവുകളുണ്ടാവുമ്പോഴാണ് മനുഷ്യന് ദൈവത്തെ കൃത്യമായി കണ്ടെത്താന്‍ കഴിയുക. 

ഇതെല്ലാം കേട്ട് അത്ഭുതത്തോടെ മശ്‍രിഖി സര്‍ജെയിംസ് ജീന്‍സിനോട് പറഞ്ഞു: ഞാന്‍ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ്. നിങ്ങളിത് പറയുമ്പോള്‍ എനിക്കോര്‍മവരുന്നത്  ഖുര്‍ആനിലെ ഒരു വചനമാണ്.  ഞാന്‍ ആ വചനം പറഞ്ഞോട്ടെ, നിങ്ങള്‍ അനുവദിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സര്‍ ജെയിംസ് ജീന്‍സ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അത് പാരായണം ചെയ്യൂ. മശ്‍രിഖീ സൂറത്തുല്‍ ഫാത്വിറിലെ അവസാന ഭാഗം (തീര്‍ച്ചയായും അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് അറിവുള്ളവനാണ് അവനെ ഭയപ്പെടുക എന്ന് പറയുന്ന സൂക്തം) പരായണം ചെയ്ത് കൊടുത്തു. ശേഷം അതിന്റെ പശ്ചാത്തലം കൂടി ഇങ്ങനെ വിവരിച്ചു കൊടുത്തു.

അല്ലാഹു ആകാശത്ത് നിന്ന് മഴവര്‍ഷിച്ചിട്ട് അതുകൊണ്ട് വിവിധ വര്‍ണങ്ങളിലുള്ള സസ്യങ്ങളെ ഭൂമിയില്‍ ഉത്പാദിപ്പിക്കുന്നത്, സസ്യങ്ങളിലെ വര്‍ണവൈവിധ്യം, കറുത്ത ചുവന്ന പര്‍വതങ്ങള്‍, അതുപോലെ മനുഷ്യരിലെയും മൃഗങ്ങളിലെയും വര്‍ണവൈജാത്യങ്ങള്‍, പഴവര്‍ഗങ്ങളിലെ നിറമാറ്റങ്ങള്‍, സസ്യങ്ങളിലെ വര്‍ണ്ണവിരാജികള്‍, ഇതൊക്കെ പറഞ്ഞാണ് അല്ലാഹു പറയുന്നത്, തീര്‍ച്ചയായും അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് അറിവുള്ളവനാണ് അവനെ ഭയപ്പെടുക'എന്ന്. ഇത് കേട്ടപ്പോള്‍ സര്‍ജെയിംസ് ജീന്‍സ് വളരെ താത്പര്യത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു: വിവരമുള്ളവനേ ദൈവത്തെ ഭയപ്പെടാന്‍ പറ്റൂ എന്ന് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, അരനൂറ്റാണ്ടുകാലത്തെ എന്റെ പഠനത്തിനുത്തരമാണ് നിങ്ങള്‍ ഒരു സൂക്തംകൊണ്ട് എനിക്ക് നല്‍കിയത്. ഇത് ഖുര്‍ആനിലുണ്ടെങ്കില്‍ ആ ഖുര്‍ആന്‍ ദൈവ വചനമണ്. മുഹമ്മദ് നബി(സ്വ) സ്വന്തമായി എഴുതിയതല്ല എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങള്‍ക്ക് ഇത് ആരോടും പറയാം.'

ഇതൊക്കെതന്നെയല്ലേ അല്ലാഹു ഉണ്ടെന്നതിന്റെ, വിശുദ്ധ ഖുര്‍ആന്‍ അവന്റെ വാക്കുകളാണെന്നതിന്റെ, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍.

ക്രോഡീകരണം- അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവ്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter