എല്ലാം ഓൺലൈനിൽ...

കോവിഡ് പിടിവിടാതെ തുടരുന്നു...പഠിത്തങ്ങൾ ഓൺലൈനിൽ തുടരുന്നു...
ഓൺലൈൻ പഠനത്തിൽ നമ്മളറിയേണ്ട ചില കാര്യങ്ങളിതാ..

തൊഴില്‍ യോഗ്യതകളെന്നതിനപ്പുറം വിജ്ഞാനസമ്പാദനത്തിനും സ്‌കില്‍ ഡെവലപ്പ്‌മെന്റിനും ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങളാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍. 
ജോബ് മാര്‍ക്കറ്റില്‍ അതിരൂക്ഷമായ മത്സരമുള്ള ഈ കാലഘട്ടത്തില്‍ കുട്ടികള്‍ നേടുന്ന ഓരോ അറിവും നൈപുണ്യവും മികച്ച ജോലി ലഭിക്കുന്നതിലും ജോലിയില്‍ മുന്നേറുന്നതിലും ഏറെ സഹായകരമായിരിക്കും.

കോഴ്‌സുകൾ രണ്ടുതരം

ഓണ്‍ലൈന്‍ കോഴ്‌സുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. 
ഒരാഴ്ച മുതല്‍ മൂന്നോ നാലോ മാസങ്ങള്‍ വരെ ദൈര്‍ഘ്യമുള്ള ഓപ്പണ്‍ കോഴ്‌സുകളാണ് ഒന്നാമത്തേത്. ആര്‍ക്കുവേണമെങ്കിലും ഇത്തരം കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാം. അറിവു സമ്പാദിക്കുകയെന്നതാണ് ഈ ഹ്രസ്വകാല കോഴ്‌സുകളുടെ അടിസ്ഥാന ലക്ഷ്യം. പഠിനനിലവാരം സ്വയം വിലയിരുത്തുവാനുള്ള ടെസ്റ്റുകള്‍ മിക്കതിലും ഉണ്ടായിരിക്കും. സര്‍ട്ടിഫിക്കറ്റു ലഭിക്കില്ല എന്നതാണ് പൊതുരീതിയെങ്കിലും ചെറിയ ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതിയും നിലവിലുണ്ട്.

കാമ്പസ് കോഴ്‌സുകള്‍ക്കു സമാന്തരമായി ഓണ്‍ലൈന്‍ പഠനത്തിലൂടെ ഡിഗ്രിയും ഡിപ്ലോമയുമൊക്കെ നല്കുന്ന കോഴ്‌സുകളാണു രണ്ടാമത്തെ വിഭാഗം. ഇന്ത്യയിലേയും വിദേശത്തേയും പ്രശസ്തമായ സര്‍വ്വകലാശാലകള്‍ ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പ്രവേശന പരീക്ഷ, സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സമയത്തുള്ള തല്‍സമയ ഓണ്‍ലൈന്‍ പഠനം, അറ്റന്‍ഡന്‍സ്, ഫീസ്, പരീക്ഷ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഇത്തരം കോഴ്‌സുകളിലുമുണ്ടാവും. എന്നാല്‍ ക്യാമ്പസ് പഠനത്തിലൂടെ നേടുന്ന യോഗ്യതയ്ക്കു തുല്യമായി ഓണ്‍ലൈന്‍ ബിരുദങ്ങളെ പല തൊഴില്‍ ദാതാക്കളും പരിഗണിക്കാറില്ലയെന്നത് ഒരു ന്യൂനതയാണ്. PSC, UPSC കൾ അംഗീകരിച്ചിട്ടില്ലെങ്കിലും ഭാവിയിൽ മാറ്റം വരാം. UGC ഓൺലൈൻ ഡിഗ്രി തുടങ്ങാൻ യൂണിവേഴ്സിറ്റികളോട് പറഞ്ഞിരിക്കയാണ്.

മൂക് (MOOC)

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (MOOC) എന്നാണ് ഓണ്‍ലൈന്‍ പഠനം, പ്രത്യേകിച്ചും മുകളില്‍ പ്രതിപാദിച്ച ആദ്യരീതിയിലുള്ള കോഴ്‌സുകളൊക്കെ അറിയപ്പെടുന്നത്. ഭാരതസര്‍ക്കാരിന്റെ ‘സ്വയം’ പോര്‍ട്ടല്‍ (SWAYAM) എം.ഐ.ടി, ഹാര്‍വാര്‍ഡ് തുടങ്ങി ലോകമെമ്പാടുമുള്ള അസംഖ്യം പഠനപോര്‍ട്ടലുകള്‍ ഈ ഗണത്തില്‍പ്പെട്ടവയാണ്.

ഓഫർ ചെയ്യുന്ന സ്ഥാപനങ്ങള്‍

ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ ആയിരക്കണക്കിനുണ്ട്. അവയില്‍നിന്ന് ഏറ്റവും മികച്ചവ കണ്ടെത്തുന്നതിലാണു മിടുക്ക്. ആഗോളാടിസ്ഥാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കു ന്ന ചില സ്ഥാപനങ്ങളെ പരിചയപ്പെടുത്താം:
 ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി,
 യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ,
 ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,
 എകോള്‍ പോളിടെക്‌നിക്,
 മിച്ചിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി,
 കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ്,
 ഹോങ്കോങ്ങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി,
 യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍,
 മസാച്യൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി,
 സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി
, യേല്‍ യൂണിവേഴ്‌സിറ്റി,
 കര്‍ണേജ് മെല്ലന്‍ യൂണിവേഴ്‌സിറ്റി
തുടങ്ങിയവ.
 ഇവയുടെ ഓണ്‍ലൈന്‍ കോഴ്‌സ് കണ്ടന്റുകള്‍ ഉന്നത നിലവാരമുള്ളവയാണ്.
 എക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി,
 യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍,
 ബി.ബി.സ്., ടെഡ്-എഡ് എന്നിവയുടെ പോഡ് കാസ്റ്റുകളും മികച്ചവ തന്നെയാണ്.
 ബ്രിട്ടനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പൂര്‍ണ്ണതോതില്‍ ഓൺലൈൻ കോഴ്‌സുകള്‍ നടത്തുന്ന ഉന്നത സ്ഥാപനമാണ്.

യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമല്ലാതെ മികച്ച കോഴ്‌സുകള്‍ ലഭ്യമാക്കുന്ന നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളുണ്ട്.
അവ
 കോഴ്‌സെറ (Coursera),
 എഡെക്‌സ് (Edx),
 യൂഡാസിറ്റി (Udacity),
 ഖാന്‍ അക്കാഡമി (Khan Academy),
 യൂഡെമി (Udemy),
 അക്കാഡമിക് എര്‍ത്ത് (Academic Earth),
 അലിസന്‍ (Alison),
 കോഡെക്കാഡമി (Codecademy),
 കോഡ് (Code),
 ലെസണ്‍ പാത്ത്‌സ് (Lesson Paths),
 മെമ്‌റൈസ് (Memrise),
 നാഷണല്‍ ജ്യോഗ്രാഫി കിഡ്‌സ് (National Geography Kids),
 ഫണ്‍ ബ്രെയിന്‍ (Fun Brain), 
അപ്ഗ്രാഡ് (UpGred),
 ഷൈന്‍ ലേണിംഗ് (Shine Learning),
 സിംപ്ലിലേണ്‍ (Simplilearn)
തുടങ്ങിയ ഈ ഗണത്തില്‍പ്പെടും.
 അമൃത വിശ്വവിദ്യാലയത്തിന്റെ A-View, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (http://www.celkau.in/MOOC/Default.aspx)  ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഐ.ഐ.ടികളുടെ നിരവധി കോഴ്‌സുകള്‍ എന്നിവയും ശ്രദ്ധേയമായവയാണ്.

സ്വയം

ഭാരത സര്‍ക്കാരിന്റെ മാനവശേഷി വകുപ്പ് രൂപം നല്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ‘സ്വയം’. ഈ കോഴ്‌സുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യൂ.ജി.സി. പുറപ്പെടുവിച്ചതോടെ ഇവയുടെ ആധികാരികതയും വര്‍ദ്ധിച്ചു. 
കോളജ് പഠനക്കാലത്തും അല്ലാതെയും ‘സ്വയം’ കോഴ്‌സുകള്‍ പഠിക്കാം. കോളജ് പഠനത്തോടൊപ്പം പഠിക്കുന്നവര്‍ക്ക് പഠിക്കുന്ന കോളജിന്റെ സഹകരണത്തോടെ ആവും ഓണ്‍ലൈന്‍പഠനം. രണ്ടായിരത്തിലധികം കോഴ്‌സുകള്‍ ലഭ്യമാണ് ഇതിൽ. 
പരീക്ഷയും സര്‍ട്ടിഫിക്കറ്റുമൊക്കെയുണ്ടാകും.

www. swayam.gov.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങളുണ്ട്.

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത്

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മിക്കപ്പോഴും യൂണിവേഴ്‌സിറ്റികളുമായോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ അഫിലിയേറ്റ് ചെയ്തിട്ടുണ്ടാവും. സ്വതന്ത്ര വെബ്‌പോര്‍ട്ടലുകളാണെങ്കില്‍ അവയുടെ മതിപ്പ് എത്രത്തോളമുണ്ടെന്നു നമ്മൾ വിലയിരുത്തണം. വന്‍തുക ഫീസായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് സാധാരണയായി ഈടാക്കാറില്ല. എന്നാല്‍ പൂര്‍ണ്ണതോതിലുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് മാന്യമായ ഫീസ് ഉണ്ടാകുകയും ചെയ്യാം. ഫീസടക്കുന്നതിനു മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണം. സമാനമായ മറ്റു കോഴ്‌സുകളുമായി താരതമ്യം ചെയ്യുകയും മറ്റുള്ളവരോട് അഭിപ്രായം ആരായുകയും ചെയ്യണം.

നാം നേടാന്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ക്കനുസരിച്ചും താത്പര്യമുള്ള മേഖലയ്ക്കനുസരിച്ചും കോഴ്‌സുകള്‍ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ കണ്ടെത്താന്‍ സാധിക്കും. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തി കഴിവും അറിവും ഷാർപ്പ് ചെയ്ത് കൊണ്ടിരിക്കുന്നവർക്കാണ് ഇനിയുള്ള കാലത്ത് കരിയർ രംഗത്ത് പ്രശോഭിക്കാനാവുക.

(മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം
www.cigii.org)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter