ഹാഷിം ആംല- ക്രിക്കറ്റ് പിച്ചിലെ ചില ചാരുദൃശ്യങ്ങള്‍
ക്രിക്കറ്റ് ലോകത്ത് ഏറ്റവും സുപരിചിതയായ നാമമാണ് ഹാഷിം അംലയുടേത്. സൗത്ത് ആഫ്രിക്കക്ക് വേണ്ടി ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം. അതേ സമയം, പ്രശസ്തിയുടെ പരമോന്നതിയില്‍ നില്ക്കുമ്പോഴും താൻ ഒരു മുസ്‍ലിമാണെന്ന് പൊതു മധ്യേ അഭിമാനത്തോടെ പറയാൻ തന്റേടം കാണിക്കുന്ന വ്യക്തിത്വം. തന്റെ പ്രൊഫഷൻ ഏതുമാവട്ടെ, മുസ്‍ലിം ഐഡന്റിറ്റി ആർക്ക് മുന്നിലും പണയം വെക്കാതെ ജീവിക്കാൻ കഴിയണം എന്ന വലിയ പാഠമാണ് തല മൊട്ടയടിച്ച് താടി നീട്ടി വളർത്തിയ ഹാഷിം അംല എന്ന അതികായ ക്രിക്കറ്റർ ലോക മുസ്‌ലിംകൾക്ക് സമക്ഷം പകർന്ന് തരുന്നത്.
ക്രിക്കറ്റ് ചരിത്രത്തിലെ വിശ്വ പ്രസിദ്ധ വേദിയായ ഓവലിൽ വെച്ചാണ് ഹാഷിം അംല ട്രിപ്പിൾ സെഞ്ച്വറി നേടുന്നത്. ക്രിക്കറ്റ് വമ്പന്മാരായ ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. 2012 ലെ ഈ മത്സര ശേഷം ഹാഷിം അംല പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു, "എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന ടെസ്റ്റ് ഇന്നിംഗ്സ് ആയിരുന്നു ഇത്, ആദ്യമായി എന്റെ ടീമിന് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിഞ്ഞതിൽ അതിയായ അഭിമാനം തോന്നുന്നു. വളരെ ദൈർഘ്യമേറിയ ടെസ്റ്റ് മാച്ച് ആയത് കൊണ്ട് തന്നെ എനിക്ക് നോമ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല, മുസ്‍ലിമായ എനിക്ക് അവ ഖളാഅ് വീട്ടൽ നിർബന്ധമായ ഒരു ബാധ്യതയാണ്, അത് ഞാൻ നിർവ്വഹിക്കുക തന്നെ ചെയ്യും". നോമ്പ് ഇല്ലാഞ്ഞിട്ട് പോലും ഗ്രൗണ്ടിൽ വെച്ച് ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും ഹാഷിം അംല തയ്യാറായിരുന്നില്ല എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. "എന്റെ മത മൂല്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു" എന്നായിരുന്നു ഈ വിഷയത്തിൽ അംല യുടെ മറുപടി.
തന്റെ സ്വത്വ ബോധവും മതകീയ മൂല്യങ്ങളും അദ്ദേഹം എപ്പോഴും പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ജേഴ്സി പോലും അതാണ് പറയുന്നത്. മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പോൺസർമാരുടെ പേര് അംലയുടെ ജേഴ്സിയില്‍ നമുക്ക് കാണാനാവില്ല. കാരണം ടീം ജേഴ്സി സ്പോൺസർ ചെയ്യുന്നത് ഒരു മദ്യക്കമ്പനി ആണെന്നതിനാല്‍, അതിന്റെ പരസ്യം വഹിക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞതാണ്. മദ്യം കുടിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും എന്റെ മതം വിലക്കുന്നു എന്നായിരുന്നു അംലയുടെ വിശദീകരണം. ഇതിന് വേണ്ടി ഓരോ കളിയിലും 25% പിഴയായി അംല ടീമിന് നൽകേണ്ടി വരുന്നത് അദ്ദേഹത്തിന് വിഷയമേ അല്ല. മത്സര ശേഷം വിജയാഹ്ലാദപരിപാടിയിൽ വെച്ച് സഹതാരം അംലയോട് മദ്യപിക്കാൻ ആവശ്യപ്പെട്ടതും അംല അത് നിരസിച്ചതുമായ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തെറ്റ് ചെയ്യാൻ സാഹചര്യങ്ങൾ ഒരുപാട് ഒത്ത് വന്നിട്ടും അതിൽ നിന്ന് വിട്ട് നിക്കുമ്പോഴാണല്ലോ ഒരു മുസ്‍ലിം പരിപൂർണ്ണ വിശ്വാസി ആവുന്നത്. അതാണ് അംല യുടെ ജീവിതത്തിലുടനീളം നമുക്ക് ദർശിക്കാൻ കഴിയുന്നതും.
ഐപിഎല്ലിൽ അംല പഞ്ചാബിന് വേണ്ടി കളിക്കുന്ന കാലം. തന്റെ മാസ്മരിക ബാറ്റിംഗ് മികവ് കൊണ്ട് ടീം ജയിക്കുന്നു, അംലയായിരുന്നു അന്നത്തെ മാൻ ഓഫ് ദി മാച്ച്. പോസ്റ്റ് മാച്ച് പരിപാടിയിൽ ആൻകർ "മാൻ ഓഫ് ദി മാച്ച്" അവാർഡ് നൽകാൻ വേണ്ടി അംലയെ ക്ഷണിക്കുന്നു, എന്നാല്‍ അത് സ്വീകരിക്കാൻ അവിടെയെത്തിയത് ടീം ക്യാപ്റ്റൻ മാക്സ്‍വെല്‍ ആയിരുന്നു. "അംല പ്രാർത്ഥിക്കുകയാണ്, അത് കൊണ്ടാണ് അയാളുടെ അവാർഡ് ഏറ്റു വാങ്ങാൻ ക്യാപ്റ്റൻ എന്ന നിലക്ക് ഞാൻ വന്നത്" എന്നായിരുന്നു ക്യാപ്റ്റന്റെ വിശദീകരണം. ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ടീം അംഗങ്ങളോട് ഒപ്പം മതിമറന്ന് ഉല്ലസിക്കാതെ, തന്നെ പടച്ച നാഥന് മുന്നിൽ സാഷ്ടാംഗം നമിക്കാനായിരുന്നു അംല സമയം മാറ്റിവെച്ചത്. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ മികവിന്റെ പ്രധാന കാരണം മതമൂല്യങ്ങളും അല്ലാഹുവിന്റെ അനുഗ്രഹവുമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞതും അത് കൊണ്ട് തന്നെ."ഇസ്‍ലാമിക ജീവിതരീതി പിന്തുടരുന്നത് കൊണ്ട് എന്റെ ജീവിതത്തിന് കൂടുതൽ ഭംഗി കൈവരുന്നു. ക്രിക്കറ്റിൽ നിങ്ങളുടെ സാഹചര്യങ്ങൾ മാറും, നിങ്ങൾ മുകളിലായാലും താഴെയായാലും ജീവിതത്തില്‍ സ്ഥിരത നിലനിർത്തേണ്ടത് പ്രധാനമാണ്. ഞാൻ ആർക്കുവേണ്ടിയും എന്റെ കളിയുടെ രീതിയോ ജീവിത രീതിയോ മാറ്റാൻ തയ്യാറല്ല" ഹാഷിം അംല മാധ്യമങ്ങൾക്ക് നൽകിയ വാക്കുകളാണിത്.
Also Read: കാല്‍പന്ത് കളിയിലും വിദ്വേഷത്തിന്റെ നുരപതയുമ്പോള്‍
ശ്രീലങ്കയുമായുള്ള ഒരു മത്സരത്തിൽ ഹാഷിം അംലക്ക് ഒരു വിക്കറ്റ്കിട്ടുന്നു. കമന്ററി ബോക്‌സിലുണ്ടായിരുന്ന ഡീൻ ജോൺസ് മൈക്ക് ഓഫാണെന്ന് തെറ്റിദ്ധരിച് "ഭീകരവാദിക്ക് ഒരു വിക്കറ്റ് കിട്ടി" എന്ന് പറയുന്നു. ഓണായിരുന്ന മൈകിലൂടെ ലോകം മുഴുവൻ ഈ പ്രസ്താവന കേട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പുഞ്ചിരി തൂകി ഹാഷിം അംല നൽകിയ മറുപടി ഇപ്രകാരമായിരുന്നു: എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ സംഭവമായിരുന്നു ഇത്. എന്നാലും അദ്ദേഹത്തോട് എനിക്ക് പരാതിയോ പരിഭവമോ ഇല്ല. പരസ്പരം ക്ഷമിക്കാനും പൊറുക്കാനുമാണ് എന്റെ മതം എന്നോട് അനുശാസിക്കുന്നത്. ക്ഷമായാണ് ഒരു വിശ്വാസിക്ക് അടിസ്ഥമനപരമായി ഉണ്ടായിരിക്കേണ്ടത്.
ഗ്രൈം സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ആയിരുന്ന കാലം. ഒരു വൈകുന്നേരം തന്റെ ടീം അംഗങ്ങളോട് എല്ലാവരോടുമായി ഒരു സന്ദേശം കൈമാറുന്നു." വൈകുന്നേരം കൃത്യം ആറു മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്. എല്ലാവരും തയ്യാറാവുക.". ഈ സന്ദേശം കണ്ട ഹാഷിം അംല ക്യാപ്റ്റനോട് തനിക്ക് ആ സമയത്ത് എത്താൻ പറ്റില്ലെന്നും, 6:00 മണി എന്റെ മഗ്‌രിബ് നിസ്കാര സമയമാണെന്നും പറഞ്ഞു. ഉടനടി ടീം ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ഗ്രൂപ്പിലേക്ക് വീണ്ടും മെസ്സേജ് അയച്ചു: "6:00 മണി ഹാഷിം അംലയുടെ പ്രാർത്ഥനാ സമയമായതിനാൽ ഇന്നത്തെ മീറ്റിംഗ് രാത്രി 8:00 മണിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു".
അതിയായ വിശ്വാസവും അടിയുറച്ച ആദർശവും ഉള്ളവരെ ഇതര മതസ്ഥര്‍ പോലും ബഹുമാനിക്കുമെന്നതിന്റെ സ്പഷ്ടമായ തെളിവ് കൂടിയാണ് ഇത്. മറ്റുള്ളവര്‍ എന്ത് കരുതും എന്ന് വിചാരിച്ച്, സ്വന്തം നിലപാടും ആദർശവും മാറ്റിപ്പറയാൻ ഒരിക്കലും ഒരു തികഞ്ഞ വിശ്വാസിക്ക് സാധിക്കില്ല, അവന്റെ വിശ്വാസവും മൂല്യങ്ങളും ഏത് സാഹചര്യത്തിലും പാലിക്കാനുള്ളതാണ്, ഹാഷിം ആംല നമ്മോട് പറയുന്നതും അത് തന്നെയാണ്.
Leave A Comment