ഹസ്സാനുബ്നു സാബിത്ത് (റ): പ്രവാചകന്റെ കവി

കവിയും കവിതയും അരങ്ങുവാണിരുന്ന, സാഹിത്യം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് വിശുദ്ധ ദീനുമായി  പ്രവാചകൻ മുഹമ്മദ് നബി(സ്വ) മക്കയിലേക്ക് കടന്നുവരുന്നത്. വിവിധ ഗോത്രക്കാരും വിഭാഗക്കാരുമായി ജീവിച്ചിരുന്ന അറബികൾക്കിടയിൽ ഗോത്രമഹിമയ്ക്കും കവികൾക്കുമുള്ള പങ്കും സ്വാധീനവും ചെറുതല്ല. സ്വഗോത്രത്തെ പ്രകീർത്തിച്ചും മറ്റുള്ളവയെ പുഛിച്ചും കവിതകളെഴുതാൻ മാത്രമായി അക്കാലത്ത് ഓരോ ഗോത്രങ്ങൾക്കു പ്രത്യേകം ഗോത്ര കവികള്‍ പോലുമുണ്ടായിരുന്നു. മാത്രമല്ല അവർക്ക് തങ്ങളുടെ ഗോത്രത്തില്‍ ഉയർന്ന പദവിയും സ്ഥാനവും കൽപ്പിക്കപ്പെട്ടിരുന്നു. കവികളെ തങ്ങളുടെ അഭിമാനസംരക്ഷകരായിട്ടാണ് അവർ കണക്കാക്കിയിരുന്നത്. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ ഏഴു പേരുടെ കവിതകൾ അസ്സബ്ഉൽ മുഅല്ലഖാത്ത് എന്നാണറിയപ്പെടുന്നത്. ഈ കവിതകളോരോന്നും തന്നെ അക്കാലത്തെ അറേബ്യൻ കവിതയെയും അതിന്റെ സാഹിത്യ ഭംഗിയെയും വരച്ചു കാട്ടുന്നവയാണ്.

സ്ത്രീ വർണ്ണനയും, ഗോത്ര മഹിമയും, ആക്ഷേപ ഹാസ്യങ്ങളും മാത്രം വിഷയീഭവിച്ചിരുന്ന അറേബ്യൻ കവിതകൾക്ക് കാതലായ മാറ്റം സംഭവിക്കുന്നത് ഇസ്‍ലാമിന്റെ വരവോടെയും ഇസ്‍ലാമിക കവികളുടെ ഇടപെടൽ മൂലവുമാണ്. സാഹിത്യ പൂർണ്ണമെങ്കിലും മൂല്യച്യുതി ബാധിച്ചിരുന്ന അറേബ്യൻ കവിതയെ സാഹിത്യ ഭംഗിക്കൊപ്പം ധാർമ്മിക മൂല്യങ്ങളും ഉള്ളതാക്കാൻ ഇസ്‍ലാമിക കവികൾക്ക് കഴിഞ്ഞു. ഇസ്‍ലാമിക സന്ദേശങ്ങളെ ജനങ്ങളിലെത്തിക്കാനും ശത്രുക്കളുടെ ആരോപണങ്ങളിൽ നിന്ന് ഇസ്‍ലാമിനെ പ്രതിരോധിക്കാനും അവർ കവിതയെ ആയുധമാക്കി. അവരിൽ ഏറ്റവും പ്രമുഖനും പ്രഥമ സ്ഥാനീയനുമാണ് മഹാനായ ഹസ്സാനുബ്നു സാബിത്ത് (റ).

ജാഹിലിയ്യ ഘട്ടം
പ്രവാചകന്റെ കവി എന്ന അപരനാമം തന്നെ അവിടുന്ന്  പ്രവാചകര്‍ക്കും ഇസ്‍ലാമിനും ചെയ്ത സേവനങ്ങൾ വ്യക്തമാക്കുന്നു. തിരുനബിക്കെതിരായി വന്ന ആരോപണ ശരങ്ങളുടെ മുനയൊടിക്കാൻ ഹസ്സാൻ(റ)ന്റെ കവിതകൾ സഹായിച്ചു.  റസൂലിനേക്കാൾ പ്രായത്തിൽ മുതിർന്ന ഹസ്സാൻ(റ) തന്റെ അറുപതാം വയസ്സിലാണ് ഇസ്‍ലാം സ്വീകരിക്കുന്നത്. നൂറ്റി ഇരുപത് വയസ്സ് വരെ ജീവിച്ച ആ മഹാകവി തന്റെ ആയുസ്സിൽ അറുപത് വർഷം ജാഹിലിയ്യ ഘട്ടത്തിലും അറുപത് വർഷം ഇസ്‍ലാമിലുമായി ജീവിച്ചു. 

ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന് മുമ്പ് ഹസ്സാൻ(റ) അൻസാരികളുടെ കവി ആയിരുന്നു. മദീനയിലെ ഖസ്റജ് ഗോത്രക്കാരനും അവരുടെ ഗോത്ര കവിയുമായായിരുന്ന ഹസ്സാൻ(റ) ഇതര ഗോത്രങ്ങളെ ഇകഴ്ത്തിയും സ്വഗോത്രത്തെ പുകഴ്ത്തിയും കവിതകളെഴുതി. ബദ്ധവൈരികളായ ഔസിനു മേൽ ഖസ്റജ് മികച്ചുനിന്നതും അവർക്കെതിരായുള്ള ഹസ്സാന്റെ ഹാസ്യ-ആക്ഷേപ കാവ്യങ്ങൾ കൊണ്ടായിരുന്നു. മാത്രമല്ല ജാഹിലിയ്യ കാലഘട്ടത്തിലെ ഇതര കവികളെ പോലെ അങ്ങാടിയിൽ പോയി കവിത ആലപിക്കാറുണ്ടായിരുന്ന ഹസ്സാൻ അത്തരം സ്തുതികാവ്യങ്ങൾ വഴി ധാരാളം പണം സമ്പാദിച്ചിരുന്നു. ശാമിലെ ഗസ്സാസിനാ രാജകുടുംബം തങ്ങളുടെ പ്രകീർത്തനകാവ്യത്തിന് പ്രത്യുപകരമായി മാസം തോറും ഹസ്സാൻ(റ)ന് പ്രതിഫലം അയച്ചിരുന്നു. അത്തരത്തിൽ തന്റെ പ്രകീർത്തന കാവ്യങ്ങളും ആക്ഷേപ-ഹാസ്യ കാവ്യങ്ങളും കൊണ്ട് കവിതയെഴുത്തിലുള്ള തന്റെ അപ്രമാദിത്വം ഹസ്സാൻ(റ) അന്ന് തന്നെ തെളിയിച്ചിരുന്നു.

പ്രവാചകന്റെ കവി
പ്രവാചകൻറെ മദീനാ ആഗമനത്തോടെ ഇസ്‍ലാം സ്വീകരിച്ച ഹസാനുബ്നു സാബിത്ത്(റ)പിന്നീടങ്ങോട്ട് തന്റെ ജീവിതാന്ത്യം വരെ കവിതകൾ കൊണ്ട് ഇസ്‍ലാമിനും പ്രവാചകനും പ്രതിരോധം തീർത്തു. അക്കാലത്ത് ഏറെ പരിഗണനീയമായ സാഹിത്യ രൂപമെന്ന നിലയിൽ കവിതകൾക്ക് വളരെ പ്രാധാന്യം ലഭിച്ചിരുന്നു. വ്യ

ത്യസ്ത പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങൾ പോലും കവിത കൊണ്ടുള്ളവയായിരുന്ന അനിവാര്യ ഘട്ടത്തിലാണ് ഹസ്സാൻ(റ) തൻറെ കവിതകൾ കൊണ്ട് പ്രവാചകനും ഇസ്‍ലാമിനുമെതിരെയുള്ള ശത്രു ആരോപണങ്ങളുടെ മുനയൊടിക്കുന്നത്. ജാഹിലീ കാലത്ത് തന്റെ ഒരു വരി കവിതക്ക് പോലും ധാരാളം പണം സമ്പാദിച്ചിരുന്ന ഹസ്സാൻ(റ)  മുസ്‌ലിമായതിന്ന് ശേഷം കവിതകൾക്ക് യാതൊരു പ്രതിഫലവും സ്വീകരിച്ചില്ല. മാത്രമല്ല ജാഹിലീ ഘട്ടത്തിലേത് പോലെ സ്ത്രീ വർണ്ണനക്കോ അധികാര വർഗ്ഗ പ്രകീർത്തനങ്ങൾക്കോ, ഗോത്ര മഹിമക്കോ വേണ്ടി അദ്ദേഹം കവിത പാടിയില്ല. മറിച്ച് ഇസ്‍ലാമിനും റസൂലിനും വേണ്ടി മാത്രമാണ് കവിത എഴുതിയിരുന്നത്. അറുപതാം വയസ്സിൽ മുസ്‍ലിമായ അദ്ദേഹത്തിന് ഇസ്‍ലാമിന് വേണ്ടിയുള്ള യുദ്ധങ്ങളിലോ മറ്റ് കായികക്ഷമത അനിവാര്യമായ രംഗങ്ങളിലോ പങ്കെടുക്കാൻ ആരോഗ്യകാരണങ്ങളാല്‍ സാധ്യമായിരുന്നില്ല. ഒരു യുദ്ധത്തിൽ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും യുദ്ധപോരാളികൾക്ക് വീറും വാശിയും വർദ്ധിപ്പിക്കാനുതകുന്ന കവിതകൾ പാടി ഹസ്സാൻ (റ) തന്റെ ദൗത്യം കൃത്യമായി നിർവഹിച്ചിരുന്നു. പ്രവാചകന്റെ ആസ്ഥാന കവിയായി സ്ഥാനക്കയറ്റം നൽകിയ ഹസ്സാൻ(റ)ന് കവിത പാടാനായി മാത്രം തിരുനബി തങ്ങൾ മദീനാപള്ളിയിൽ ഒരു മിംബർ തന്നെ പണികഴിപ്പിച്ചിരുന്നു.

ഖന്ദഖ് യുദ്ധം നടക്കുന്ന സമയം. മുസ്‍ലിംകളുടെ അഭിമാനം ആര് സംരക്ഷിക്കുമെന്ന (കവിത ചൊല്ലി കൊണ്ട്) തിരുനബിയുടെ ചോദ്യത്തിന് സ്വഹാബികളിലെ കവികളായിരുന്ന കഅ്ബ്(റ)വും ഇബ്നു റവാഹ(റ)യും തങ്ങൾ ചെയ്യാമെന്ന് പ്രത്യുത്തരം നൽകി. എന്നാൽ നിങ്ങൾ കവിത ഏറ്റവും ഭംഗിയാക്കുമോ എന്ന് പ്രവാചകൻ ചോദിച്ചപ്പോൾ ഹസ്സാൻ(റ) പറഞ്ഞു: എന്നാൽ ഞാൻ കവിത എഴുതാം നബിയേ. അതിനു തിരുനബി കൊടുത്ത മറുപടി ഇപ്രകാരായിരുന്നു: നീ അവരെ ( മുശ്‍രികീങ്ങളെ) ആക്ഷേപിച്ചുകൊള്ളൂ ഹസ്സാൻ, നിശ്ചയം അവരുടെ മേൽ നിനക്ക് ജിബ്രീലിന്റെ സഹായം ഉണ്ടാകും. അത്തരം ദൈവിക സഹായത്തിന്റെ മാസ്മരികത അവിടുത്തെ കവിതകളിൽ പ്രകടമായിരുന്നു എന്നതാണ് വസ്തുത.

Read More: ഖൗല ബിൻത് സഅലബ്: ഏഴാം ആകാശത്ത് നിന്ന് വെളിപാട് സമ്പാദിച്ച പെണ്ണ്

പ്രവാചകനെ പ്രകീർത്തിച്ച് ഒരുപാട് പാടിയ ഹസ്സാൻ (റ)ന്റെ പല വരികളും പ്രശസ്തമാണ്. വ അഹ്സനു മിൻക ലം തറ ഖത്തു അയ്‌നീ, എന്നു തുടങ്ങുന്ന നാലു വരിക്കവിത ലോകം കണ്ടതിൽ തന്നെ ഉപമകളില്ലാത്ത വിധം ഹസ്സാൻ(റ) തീർത്ത പ്രവാചക മദ്ഹിന്റെയും അനുരാഗത്തിന്റെയും പര്യായമാണ്. ഇത്തരം അനേകം ചെറുകവിതകളും ബിത്വയ്ബതി റസ്മുല്ലിറസൂലി വ അഹ്മദീ പോലുള്ള ദൈർഘ്യമേറിയ കാവ്യങ്ങളും അവിടുത്തെ വാക് വിസ്മയത്തിന്റെയും അടങ്ങാത്ത പ്രവാചക പ്രേമത്തിന്റെയും സമന്വിത ഭാവത്തിന്റെ പ്രതിഫലനങ്ങളാണ്.
പ്രവാചക പ്രകീര്‍ത്തനവും ഖുറൈശീ (മുശ്രിക്കുകൾ) ആക്ഷേപവും ഒരുമിച്ചാലപിച്ചിരുന്ന ഹസ്സാൻ(റ) നോട് ഒരിക്കൽ നബി(സ്വ) ഇങ്ങനെ ചോദിച്ചു: നീ എങ്ങനെയാണ് ഖുറൈശികളെ ആക്ഷേപിക്കുക, ഞാനും അവരിൽപെട്ടവനല്ലെ. അതിനുള്ള ഹസ്സാന്റെ മറുപടി ഇപ്രകരമായിരുന്നു: അല്ലാഹുവിന്റെ റസൂലേ, ഗോതമ്പ് മാവിൽ നിന്ന് മുടി വേർതിരിക്കുന്നത് പോലെ ഖുറൈശീ ബഹുദൈവാരാധികരിൽ നിന്ന് (അവർക്കെതിരിൽ ഉള്ള ആക്ഷേപങ്ങളിൽ നിന്ന് ) അങ്ങയെ ഞാൻ ഒഴിവാക്കും.

പ്രവാചകന് പുറമെ ഖുലഫാഉ റാഷിദീങ്ങൾ, പ്രവാചക പത്നിമാർ, സ്വഹാബീ പ്രമുഖർ തുടങ്ങിയവരെ കുറിച്ചും ഹസ്സാൻ(റ) കവിത പാടിയിട്ടുണ്ട്. പ്രവാചകന്റെ വിയോഗത്തെ കുറിച്ചെഴുതിയ അവിടുത്തെ അനുശോചന കാവ്യം ഏറെ വേദനിപ്പിക്കുന്നതും ഹൃദയ ഭേദകവുമാണ്. 

തിരുനബിയുടെ വാഫാത്തിന് ശേഷം 60 കൊല്ലക്കാലം ജീവിച്ച മഹാന്‍ തിരു നബി(സ്വ)യെ തൊട്ട് ഹദീസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയുഷ്കാലം മുഴുവൻ പ്രവാചകനും ഇസ്‍ലാമിനും വേണ്ടി കവിതയെഴുതിയ പ്രവാചക കവി മുആവിയ(റ)ന്റെ ഭരണ കാലത്താണ് വാഫാത്താകുന്നത് . ഏകദേശം നൂറ്റി ഇരുപത് വയസ്സായിരുന്നു അപ്പോളവിടുത്തെ പ്രായം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter