ഇഖ്തിയാറുദ്ധീൻ: ബെയ്ജിംഗ് നഗരത്തിന്റെ ശില്‍പി

800 വർഷത്തിലേറെയായി ചൈനയുടെ ചരിത്ര തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ തലസ്ഥാനങ്ങളിലൊന്നുമായ ബെയ്ജിംഗിന് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. എന്നാൽ ഈ നഗരം രൂപകല്‍പന ചെയ്തത് ഒരു അറബ് മുസ്‍ലിം വാസ്തുശില്പിയാണെന്ന് പലർക്കും അറിയണമെന്നില്ല. എ.ഡി പതിമൂന്നാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ കോടതിയിയുടെ നേതൃത്വത്തിൽ "ദാഡോ" എന്ന പേരിലാണ് അദ്ദേഹം ഈ നഗരം നിർമ്മിച്ചത്.

ഇഖ്തിയാറുദ്ധീൻ: അറബ് വാസ്തുശില്പി

അറബ് വംശജനായ ഒരു വാസ്തുശില്പിയാണ് ഇഖ്തിയാറുദ്ധീൻ. അദ്ദേഹത്തിന്റെ കുടുംബം ചൈനയിലേക്ക് കുടിയേറിയ കാലഘട്ടം വ്യക്തമല്ല. ആദ്യകാല യുവാൻ രാജവംശത്തിന്റെ സമകാലികനായിരുന്നു ഇദ്ദേഹം. വാസ്തുവിദ്യയിലുള്ള അദ്ധേഹത്തിന്റെ മികച്ച കഴിവുകളിൽ മതിപ്പ് തോന്നിയ  സാമ്രാജ്യത്വ കോടതി, ഖുബിലായ് ഖാനെ ചക്രവർത്തി ജനറലായി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇഖ്തിയാറുദ്ധീന് ഒരു പ്രധാന സ്ഥാനം നൽകി.  

ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് മാനേജ്മെന്റിനും വാണിജ്യ തൊഴിലാളികൾക്കുമുള്ള ഒരു സ്വകാര്യ സ്ഥാപനമായിരുന്നു ഷെയ്ഡൽ ഭരണ സമിതി. എഡി 1266-ൽ ഇഖ്തിയാറുദ്ധീൻ, ഒരു മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളോടും കൂടി ഈ ബോഡിയുടെ ഡയറക്ടർ സ്ഥാനത്ത് നിയമിക്കപ്പെടുകയായിരുന്നു. ഈ സമിതിയാണ്, എഡി 1267ൽ പഴയ നഗരമായ ചെങ്ഡുവിനു പകരം ഒരു പുതിയ നഗരം പുന:രാസൂത്രണം ചെയ്യാൻ മുന്‍കൈയ്യെടുക്കുന്നത്. മംഗോളിയക്കാര്‍ കീഴടക്കിയപ്പോൾ കത്തിച്ച് ചാമ്പലാക്കിയ പഴയ നഗരമായിരുന്നു ചെങ്ഡു.

രാജ നിയമനം

പരമ്പരാഗത ചൈനീസ് വാസ്തുവിദ്യാ സമ്പ്രദായത്തോട് സാമ്യമുള്ള ഒരു പുതിയ തലസ്ഥാനം സ്ഥാപിക്കാനാണ് മംഗോളിയൻ ഭരണകൂടം തീരുമാനിച്ചത്. കാരണം, മംഗോളിയൻ ആചാരങ്ങൾക്കനുസൃതമായി കൂടാരങ്ങൾ സ്ഥാപിക്കുന്നത് പുരാതന നാഗരികതയുള്ള ഒരു രാജ്യമെന്ന നിലയിൽ ചൈനയുടെ പദവിയുമായി പൊരുത്തപ്പെടാത്തതായിരുന്നു. ഈ ചുമതല മുസ്‍ലിം വാസ്തുശില്പിയായ ഇഖ്തിയാറുദ്ധീനെയാണ് ഏൽപ്പിച്ചത്. ഷാങ് റു, ഡുവാൻ ടിയാൻ ലു എന്നീ രണ്ട് മുതിർന്ന മന്ത്രിമാരാണ് അദ്ദേഹത്തെ ഈ ചുമതലയിൽ സഹായിച്ചത്. പ്രൊജക്റ്റിന്റെ മേൽനോട്ടം വഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. അതേസമയം പദ്ധതിയുടെ രൂപകൽപന മുതൽ ഘട്ടം ഘട്ടമായി അത് നടപ്പാക്കുന്നത് വരെയുള്ള എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും ചെയ്തത് ഇഖ്തിയാറുദ്ദീനായിരുന്നു.

നഗരം പണിയുന്നതിന് മുമ്പ്, ഇഖ്തിയാറുദീൻ  തന്റെ സഹപ്രവർത്തകർക്കൊപ്പം അതിന്റെ ഭൂപ്രകൃതി സർവേ നടത്തുകയും ഭൂമിയുടെ ചെരിവനുസരിച്ച് ജലഗതാഗതമാര്‍ഗ്ഗം അടക്കമുള്ളതെല്ലാം സംവിധാനിക്കുകയും ചെയ്തു. ശേഷം അവിടെയുള്ള ഭൂമിശാസ്ത്രപരമായ നേട്ടങ്ങളും ചരിത്രവികാസത്തിന്റെ സാഹചര്യങ്ങളും ചൈനീസ് പാരമ്പര്യങ്ങളുമെല്ലാം കണക്കിലെടുത്ത് നഗരം നിർമ്മിക്കുന്നതിനുള്ള ഒരു പൊതു പദ്ധതി അദ്ദേഹം വികസിപ്പിച്ചെടുത്തു. രാജ കൊട്ടാരങ്ങളുടെ ഇന്റീരിയർ ആസൂത്രണത്തില്‍ അടക്കം അദ്ദേഹം വളരെയധികം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. രാഷ്ട്രീയകാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയുക്ത കോടതി ഹാളുകൾ, ചക്രവർത്തിയുടെ പൂർവ്വികരുടെ ക്ഷേത്രം, തോഴികളുടെയും കൊട്ടാര ദാസികളുടെയും വസതികൾ, ചെറിയ സൗധങ്ങൾ, പൂന്തോട്ടങ്ങൾ, തടാകങ്ങൾ, കാവൽക്കാരുടെയും സേവകരുടെയും പാർപ്പിടങ്ങള്‍, വസ്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ, അടുക്കളസാമഗ്രികള്‍ എന്നിവയ്ക്കുള്ള വെയർഹൗസുകൾ എന്നിവയെല്ലാം അദ്ദേഹം പദ്ധതിയില്‍ ഉൾപ്പെടുത്തി. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഇഖ്തിയാറുദ്ധീൻ പ്രധാനമായും മൂന്ന് തത്വങ്ങളാണ് മുറുകെ പിടിച്ചത്. ഒന്ന് നിർബന്ധിത അധ്വാനത്തിലൂടെ ജനങ്ങൾക്ക് ഒരിക്കും ഇതൊരു ഭാരമാകരുത്. രണ്ട്, അമിതമായ സാമ്പത്തിക ചെലവുകൾ വരുത്തി ഭരണകൂടം ദുർബലപ്പെടരുത്. മൂന്ന് തൊഴിലാളികളോട് ദയയോടെ പെരുമാറുകയും അവർക്ക് മതിയായ പ്രതിഫലം നൽകുകയും ചെയ്യണം എന്നിവയായിരുന്നു അവ.

നഗരത്തിന്റെ പുനര്‍നിർമ്മാണം

പൊതു നഗരത്തിന്റെ പുനര്‍നിർമ്മാണം യുവാൻ രാജവംശത്തിന് മുമ്പ് സ്ഥാപിതമായ മറ്റ് ചൈനീസ് നഗരങ്ങളുടെ രീതി പോലെ തന്നെയായിരുന്നു. തെരുവുകളും ഇടവഴികളും അവയുടെ വശങ്ങളോട് ചേർത്ത് കെട്ടിടങ്ങളും വരുന്ന വിധത്തിലായിരുന്നു ആസൂത്രണം ചെയ്തത്. വലിയ, ചതുരാകൃതിയിലുള്ള, മതിലുകളുള്ള നഗരത്തിന്റെ എല്ലാ വശങ്ങളിലും അദ്ധേഹം മൂന്ന് കവാടങ്ങൾ സ്ഥാപിച്ചു. അവയ്ക്കുള്ളിൽ, വിശാലവും തിരശ്ചീനവുമായ തെരുവു വീഥികളും, അതിന്റെ നടുവിൽ രാജകൊട്ടാരങ്ങളും, പിന്നിൽ വാണിജ്യ വിപണികളും ഇടതുവശത്ത് "തൈമിയാവോ" ക്ഷേത്രവും (ചക്രവർത്തിയുടെ പ്രത്യേക ക്ഷേത്രം) ഉണ്ടായിരുന്നു. 

പ്രത്യേക പേരുകളിലായി നഗരത്തെ 50 തെരുവുകളായി തിരിച്ചിരുന്നു. നഗരത്തിന്റെ ചുറ്റളവ് 4.5 കിലോമീറ്ററിൽ കൂടുതലായിരുന്നു. ഇതിന് പതിനൊന്നിലധികം കവാടങ്ങളുമുണ്ട്. ഈ കവാടങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് "ഷിഹുവാ മിൻ" എന്ന് വിളിക്കപ്പെടുന്ന പടിഞ്ഞാറൻ കവാടവും "ദൻഹു മിങ്ക്" എന്ന് വിളിക്കപ്പെടുന്ന കിഴക്കൻ കവാടവുമാണ്. മിംഗ്, ക്വിംഗ് രാജവംശത്തിന്റെ കാലം മുതൽ അവയുടെ ഘടനകളിൽ മാറ്റമുണ്ടായിട്ടും ഈ രണ്ട് കവാടങ്ങളും ഇന്നും അവയുടെ പേരുകൾ നിലനിർത്തുന്നു. നഗരത്തിലെ റോഡുകൾ വിശാലവും വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യവുമായിരുന്നു. 24 അടി വീതിയുള്ള തെരുവുകളും 12 അടി വീതിയുള്ള തെരുവുകളും കൂടാതെ 364 വലിയ ഇടവഴികളും 2,900 ചെറിയ ഇടവഴികളും സംവിധാനിക്കപ്പെട്ടിരുന്നു.

ദാഡോ എന്ന പുതിയ നഗരം ശ്രദ്ധാപൂർവം രൂപകൽപന ചെയ്ത ഒരു വലിയ നഗരമായിരുന്നുവെന്ന് മുകളിൽ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. ചൈനീസ് പാരമ്പര്യമനുസരിച്ച്, ഓരോ തലസ്ഥാനവും ചതുരാകൃതിയിലായിരിക്കണം. അതിന്റെ നാല് വശങ്ങളിൽ ഓരോന്നിനും മൂന്ന് ഗേറ്റുകളും, തിരശ്ചീനമായ റോഡുകളും ഇഴചേർന്നിരിക്കണം എന്നെല്ലാം നിബന്ധനകളുണ്ട്. നഗരത്തിന്റെ ഹൃദയഭാഗം, തെക്ക് സാമ്രാജ്യത്വ കോടതി, വടക്ക് മാർക്കറ്റ്, കിഴക്ക് സാമ്രാജ്യത്വ പൂർവ്വിക ക്ഷേത്രം, പടിഞ്ഞാറ് സൗത്ത് ടെമ്പിൾ ഓഫ് ദി എർത്തും എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. ഇഖ്തിയാറുദ്ധീൻ രൂപകൽപ്പന ചെയ്ത "ദാഡോ" നഗരത്തിലും അവയെല്ലാം അദ്ദേഹം പാലിച്ചിരുന്നു.

നഗര രൂപകൽപ്പനയിൽ ഇസ്‍ലാമിക വാസ്തുവിദ്യാ ശൈലിയുടെ സ്വാധീനവും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, നഗരത്തിലെ ബെല്ലിന്റെയും ഡ്രം ടവറിന്റെയും സ്ഥാനം മുസ്‍ലിം പള്ളികളിൽ മാത്രം കാണുന്ന ക്രസൻറ് വ്യൂവിംഗ് ടവറിനോട് സമാനമാണ്. കൂടാതെ, നഗര കവാടങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കെട്ടിടങ്ങൾ തമ്മിലുള്ള യോജിപ്പിന് ഊന്നൽ നൽകാത്ത അറബ് വാസ്തുവിദ്യ ശൈലിയുടെ സ്വാധീനമാണെന്നു അനുമാനിക്കപ്പെടുന്നു.

ചുരുക്കത്തിൽ, ഇഖ്തിയാറുദ്ധീൻ പരമ്പരാഗത വാസ്തുവിദ്യാ കെട്ടിട സംവിധാനത്തെ അക്ഷരാർത്ഥത്തിൽ മാറ്റം വരുത്തുകയോ  അല്ലെങ്കിൽ അതിനെ യാന്ത്രികമായി അനുകരിക്കുകയോ ചെയ്തില്ല. പകരം, അദ്ദേഹം അതിനെ വികസിപ്പിക്കുകയും പാരമ്പര്യ തനിമയിൽ തന്നെ പുതിയ രീതികൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ചെയ്തത്. അദ്ദേഹം തന്റെ വരകളിൽ സർഗ്ഗാത്മകത പുലർത്തുകയും രൂപകൽപ്പനകൾ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തതായി കാണാം. 

എഡി 1285ലാണ് മംഗോളിയരുടെ പുതിയ തലസ്ഥാനമായ ഈ മഹത്തായ സൃഷ്ടിയുടെ നിർമ്മാണം പൂർത്തിയായയത്. 1949-ൽ സ്ഥാപിതമായ പുതിയ ചൈനയിലെ തുടക്കത്തിലുണ്ടായിരുന്ന ബെയ്ജിംഗ് നഗരത്തിന്റെ ഏകദേശം അത്ര തന്നെ വലിപ്പമുണ്ടായിരുന്നു ഈ നഗരത്തിന്. 

ഇഖ്തിയാറുദ്ധീൻ സ്ഥിരോത്സാഹിയായിരുന്നു. രാപകൽ ഭേദമന്യേയുള്ള ജോലി അദ്ദേഹത്തെ ക്രമേണ ദുർബലപ്പെടുത്തുകയും താമസിയാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഖബറിന് മുന്നിൽ പ്രതിമ സ്ഥാപിക്കാൻ തൊഴിലാളികളും കരകൗശല വിദഗ്ധരും ആഗ്രഹിച്ചെങ്കിലും ഇസ്‍ലാമിക പാരമ്പര്യങ്ങളോടുള്ള ആദരവ് കാരണം അവർ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തികൾ ചൈനക്കാരുടെ ഹൃദയങ്ങളിൽ നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു.

തലമുറകളുടെ പാരമ്പര്യം

ഇഖ്തിയാറുദ്ധീന്റെ മരണത്തിന് ശേഷം താൻ വഹിച്ച  സ്ഥാനം തന്റെ പിൻഗാമികൾക്ക് പാരമ്പര്യമായി ലഭിച്ചു. അദ്ദേഹത്തിന് ശേഷം മകൻ മുഹമ്മദ് ഷാ എഞ്ചിനീയറിംഗ് കാര്യ മന്ത്രാലയം ഏറ്റെടുക്കുകയും രാജ്യത്തെ എഞ്ചിനീയറിംഗ്, വാസ്തുവിദ്യാ പ്രവർത്തനങ്ങൾക്ക് വളരെയധികം സംഭാവനകള്‍ നൽകുകയും ചെയ്തു. ശേഷം മകൻ മുബാറക് ഷായും ചെറുമകൻ മേദി ഷായും എഞ്ചിനീയറിംഗ് കാര്യ മന്ത്രാലയം ഏറ്റെടുത്തു. ഇഖ്തിയാർ കുടുംബത്തിലെ തുടർച്ചയായ നാല് തലമുറകളാണ് ആർക്കിടെക്ചറൽ ആൻഡ് എഞ്ചിനീയറിംഗ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്.

പുനരന്വേഷണങ്ങൾ

യുവാൻ രാജവംശത്തിന്റെ തലസ്ഥാനം പണിയുന്നതിൽ ഇഖ്തിയാറുദ്ധീൻ നൽകിയ സംഭാവനകൾ ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. പിന്നീട്, ചൈനീസ് ചരിത്രകാരനായ ക്വിൻ യുവാൻ ആണ് ആധുനിക ചൈനീസ് ചരിത്രത്തിന്റെ അടയാളങ്ങൾ അന്വേഷിച്ച് കണ്ടെത്തി ഇഖ്തിയാറുദ്ധീന്റെ രേഖപ്പെടുത്താത്ത സംഭാവനകൾ ചൈനീസ് നിർമ്മാണ ചരിത്രത്തിലേക്ക് ചേർത്തു വെച്ചത്. ഇന്നും ബെയ്ജിംഗ് നഗരത്തിന്റെ ആഡംബരത്തിലും സൗന്ദര്യത്തിലും പ്രൗഢിയിലും ഇഖ്തിയാറുദ്ധീൻ എന്ന വാസ്തുശില്പിയുടെ ശൈലി പ്രകടമായി കാണാൻ സാധിക്കും. മഹാനായ ചൈനീസ് വാസ്തുശില്പിയായ ലിംഗ് സിക്വിങ്ങിന്റെ (1901 - 1972 എഡി) (ആധുനിക ബീജിംഗ് നഗരത്തിന്റെ ഡിസൈനർ) വിവരണത്തിൽ ഇങ്ങനെ കാണാം: "ചരിത്രം നമുക്ക് അവശേഷിപ്പിച്ച ഒരു അത്ഭുതകരമായ സൃഷ്ടിയാണ് ബെയ്ജിംഗ്. സാമ്രാജ്യത്വ സമൂഹത്തിന്റെ സംഗ്രഹമായി അതിനെ കണക്കാക്കാം. കാരണം അന്നത്തെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക അവസ്ഥകളെ അത് പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു. അതിനാൽ ഈ നഗരം തന്നെ നമുക്ക് അതി വിപുലമായ ഒരു മ്യൂസിയമാണ്".

വിവ: നുസ്റ മർയം സഹ്റാവിയ്യ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter