നോബൽ സമ്മാനവും മുസ്‍ലിംകളും

ലോകത്തെ തന്നെ ഏറ്റവും ഉയർന്ന സമ്മാനമായി കരുതപ്പെടുന്ന നോബേൽ പുരസ്കാരം രസതന്ത്രജ്ഞനായ ആൽഫ്രഡ് നോബേലിന്റെ ചരമദിനമായ ഡിസംബർ പത്തിനാണ് ജേതാക്കൾക്ക് സമ്മാനിക്കാറുള്ളത്.1901 മുതൽ ആരംഭിച്ച നോബേൽ അവാർഡിന് പതിമൂന്ന് മുസ്‍ലിംകളാണ് ഇത് വരെ അര്‍ഹരായിട്ടുള്ളത്. ഏഴ് നോബേൽ സമാധാനത്തിനും മൂന്നെണ്ണം സയൻസിലും രസതന്ത്രത്തിൽ രണ്ടും ഭൗതിക ശാസ്ത്രത്തിൽ ഒരാളുമാണ് നോബേൽ പുരസ്കാരത്തിൻ അർഹരായവരിൽ മുസ്‍ലിംകൾ.

സാഹിത്യം 
നജീബ് മഹ്ഫൂസ് (1911-2006) 

കൈറോയിലെ ഒരു മധ്യ കുടുംബത്തിൽ ഏറ്റവും ഇളയ സന്താനമായിട്ടാണ് 1911 ഡിസംബർ 11 ന് നജീബ് മഹ്ഫൂസ് ജനിക്കുന്നത്.1934ൽ കൈറോ സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലാണ് ബിരുദമെടുത്തെതെങ്കിലും എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യ നോവൽ വിധിയുടെ പരിഹാസം മുതൽ സാഹിതീയ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു നജീബ് മഹ്ഫൂസ്. സാഹിത്യത്തിൽ 1988ലെ നോബേൽ സമ്മാനത്തിനു മഹ്ഫൂസ് അർഹനായപ്പോൾ അറബിഭാഷ സാഹിത്യത്തിലെ ആദ്യ നോബൽ പുരസ്കാരം നേടുന്ന വ്യക്തി എന്ന നേട്ടം കൂടി അദ്ധേഹത്തിനു കൈവരിക്കാനായി.

രചനകൾ:പുരാതന ഈജിപ്ത് (1932),ഭ്രാന്തിന്റെ മൃദുമന്ത്രണം (1938),വിധിയുടെ പരിഹാസം (1939)

ഒർഹാൻ പാമൂക്ക് 
2006 ൽ സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഒർഹാൻ പാമൂക്ക് 1952ല്‍ ഇസ്താംബൂളിലാണ് ജനിക്കുന്നത്. പത്രപ്രവർത്തനത്തിൽ ബിരുദമെടുത്ത പാമൂക്ക് ഇരുപത്തിമൂന്നാം വയസ്സ് മുതൽ എഴുത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. നോബൽ നേടുന്ന ആദ്യ തുർക്കികരന്‍ കൂടിയാണ് ഒർഹാൻ പാമൂക്ക്. MY NAME IS RED, SNOW, THE WHITE CASTLE തുടങ്ങിയവയാണ് പ്രധാന കൃതികൾ.

അബ്ദുൽ റസാഖ് ഗുർന 
1948 ഡിസംബർ 20ന് ടാൻസാനിയയിലെ സാൻജിബാർ ദ്വീപിലാണ് അബ്ദുൽ റസാഖ് ഗുർനയുടെ ജനനം. മുസ്‍ലിം ജനവിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ തുടർന്ന് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ബ്രിട്ടനിലേക്ക് പലായനം ചെയ്ത അദ്ധേഹത്തിന്റെ പഠനം പിന്നീട് സാന്റർബറിയിലെ കൈ്രസ്റ്റ് ചർച്ച് കോളേജിലാണ് തുടര്‍ന്നത്. ശേഷം കെന്റ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി അദ്ദേഹം.

തന്റെ കൃതികളിലൂടെ കോളനിവത്കരണത്തിന്റെയും അഭയാർത്ഥി പ്രശ്നങ്ങളുടെയും പ്രത്യാഘാതങ്ങൾ വരച്ച ഗുർന 1968 ൽ ഇംഗ്ലണ്ടിലേക്ക് അഭയാർത്ഥിയായി വന്ന തന്റെ ബോധ്യങ്ങളെയും അനുഭവങ്ങളെയുമാണ് സാക്ഷ്യപെടുത്തിയത്. 2021ലെ സാഹിത്യത്തിലുള്ള നോബേൽ പുരസ്കാരത്തിനർഹനായ ഗുർനയുടെ മാസ്റ്റർപീസ് ഗ്രന്ഥം 1994ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ് ആണ്.

 സമാധാനം 
 അൻവർ സാദാത്ത് 

ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡണ്ടായ മുഹമ്മദ് അൻവർ സാദാത്ത് 1918-ൽ ഈജിപ്തിലെ മനൂഫിയയിലാണ് ജനിക്കുന്നത്.1938-ൽ കൈറോ പട്ടാള അക്കാദമിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ സാദാത്ത് സുഡാനിലെ തന്റെ സൈനിക സേവന ജീവിതത്തിനിടയിലാണ് ജമാൽ അബ്ദുൽ നാസറിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.

1956 മുതൽ 1970 വരെ ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാൽ അബ്ദുൽ നാസറിനു ശേഷം ഈജിപ്ത് പ്രസിഡണ്ടായ അൻവർ സാദാത്ത്, 1978-ൽ ഇസ്രായേൽ പ്രധാനമന്ത്രിയായ മെനഹാം ബെഗിനുമായി ചേർന്ന് നടത്തിയ ക്യാമ്പ് ഡേവിഡ് ഉടമ്പടിയെ തുടർന്നാണ് ആ വര്‍ഷത്തെ സമാധാന നോബൽ പുരസ്കാരത്തിനർഹനായി.

യാസർ അറഫാത്ത് 
1944ല്‍ ഈജിപ്തിലെ കൈറോവിൽ അബദുറഊഫ് അൽ ഖുദ്‍വ അൽ ഹുസൈനിയുടെയും സൗഹ അബ്ദുൽ സഊദിന്റെയും മകനായിട്ട് ജനിച്ചു. കിംഗ് ഫുആദ് സർവകലാശാലയിൽ നിന്ന് 1950 ൽ പഠനം പൂർത്തിയാക്കിയ അറഫാത്ത്, അധികം വൈകാതെ ഫലസ്തീൻ വിമോചന പോരാട്ടങ്ങളിലെ സജീവ  സാന്നിധ്യമായി മാറി. 1993 സെപ്റ്റംബർ പതിമൂന്നിന് ഇസ്രായേൽ പ്രധാനമന്ത്രി യിസാക്ക് റാബിനുമായി സമാധാന കരാറിൽ ഏർപ്പെട്ട്  സമാധാന ശ്രമങ്ങൾ നടത്തിയതിനാണ് 1994ലെ സമാധാന നോബേൽ പുരസ്കാരം അറഫാതിനെ തേടിയെത്തിയത്. 

 ഷിറിൻ അബാദി 
1947 ജൂൺ 21-ന് ഇറാനിലെ ഹമദാൻ പ്രവിശ്യയിൽ ജനിച്ച ഷിറിൻ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയാണ്. 2004-ൽ ഫോബ്സ് മാസിക പുറത്തിറക്കിയ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വനിതകളുടെ പട്ടികയിലും ലോകചരിത്രത്തെ തന്നെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിലും ഇടം പിടിച്ച ഷിറിൻ നോബൽ സമ്മാനം നേടിയ ആദ്യ മുസ്‍ലിം വനിത കൂടിയാണ്. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും സ്ത്രീ വിമോചന പോരാട്ടങ്ങൾക്കുമാണ് ഷിറിൻ ഇബാദിയെ 2003-ൽ നോബേൽ നൽകി ആദരിച്ചത്.


മുഹമ്മദ് യൂനുസ് 
1940 ജൂൺ 28 ചിറ്റഗോംഗിൽ (നിലവില്‍ ബംഗ്ലാദേശിന്റെ ഭാഗം)ഹാസി ദുലാമിയ സൗദ ഗാറിന്റെയും സഫിയ്യ ഖാതൂനിന്റെയും ഒമ്പത് മക്കളിൽ മൂന്നാമനായി ജനനം. 1980-ൽ ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യൂനുസ് ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ്. 2006-ൽ സമൂഹത്തിന്റെ താഴെതട്ടിൽ നിന്ന് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുള്ള പരിശ്രമത്തിനു യൂനുസും ഗ്രാമീൺ ബാങ്കും സംയുക്തമായി സമാധാന നോബൽ പങ്കിട്ടു.

തവക്കുൽ കിർമാൻ
1979 ഫെബ്രുവരി 7 ന് യമനിലെ തഅ്സിൽ ജനിച്ച തവക്കുൽ കിർമാൻ പത്രപ്രവർത്തക, മനുഷ്യാവകാശ പ്രവർത്തക തുടങ്ങിയ മേഖലകളിൽ പ്രശസ്തയാണ്. സ്ത്രീ അവകാശ പോരാട്ടങ്ങളും സ്ത്രീ സമൂഹത്തിന്റെ സുരക്ഷിത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമാണ് കിർമാനെ 2011-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനു അർഹയാക്കിയത്.

മലാല യൂസുഫ് സായ് 
പാക്കിസ്താനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ വിങ്കോറയിലാണ് മലാല ജനിക്കുന്നത്. സ്വാത് ജില്ലയിലെ പെൺകുട്ടികളുടെ വിദ്യാഭാസം തടഞ്ഞ താലിബാനെതിരെയും സ്വാത് ജില്ലയിലെ പരിതാപകരമായ അവസ്ഥയെകുറിച്ചും 2009 ജനുവരി മൂന്നിനു ബിബിസി ഉറുദു ബ്ലോഗിൽ പ്രസിദ്ധീകരിച്ചു വന്ന മലാലയുടെ ഡയറി എഴുത്താണ് അവരെ പ്രശസ്തയാക്കിയത്. താലിബാനികളുടെ വധശ്രമത്തിനു വരെ ഇരയായിട്ടുള്ള മലാലക്ക് പതിനേഴാം വയസ്സിലാണ് നോബൽ സമ്മാനം ലഭിക്കുന്നത്.
 
 ഫിസിക്ക്സ് 
ഡോ മുഹമ്മദ് അബ്ദുസ്സലാം  

1926-ജനുവരി 29 ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ജാങ്ങിലാണ് മുഹമ്മദ് അബ്ദുസ്സലാം ജനിച്ചത്. അടിസ്ഥാന ബലങ്ങളായ വൈദ്യുതികാന്തികതയും ദുർബല അണുകേന്ദ്ര ബലവും ഏകവൽകരിക്കുന്ന പഠനങ്ങൽക്കാണ് 1979-ൽ ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം അബ്ദുസ്സലാമിനെ തേടിയെത്തിയത്. അഹമ്മദി വിഭാഗക്കാരനായ ഡോ. അബ്ദുസ്സലാം 1996 നവംബർ 21-നാണ് മരണപെട്ടത്.

രസതന്ത്രം 
അഹമ്മദ് ഹസ്സൻ സെവയ്ൽ 

ഫെംറ്റോ രസതന്ത്രത്തിന്റെ (FEMTO CHEMISTRY)യുടെ പിതാവെന്നറിയപ്പെടുന്ന അഹമ്മദ് ഹസ്സൻ സെവയ്ൽ 1946 ഫെബ്രുവരി 26-ന് ഈജിപ്തിലെ ഡമാനറിലാണ് ജനിക്കുന്നത്. അലക്സാണ്ട്രിയ യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്ത അഹമ്മദ് സെവയ്ൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്. Transition states of chemical reactions using femtosecond spectroscopy എന്ന പഠനമാണ് സെവയ്ലിനെ നോബലിന് അർഹനാക്കിയത്.

അസീസ് സങ്കാർ 
1946 സെപ്റ്റംബർ-8 ന് തുർക്കിയിലെ മാർഡിൻ പ്രവിശ്യയിലെ സാവൂരിലാണ് അസീസ് സങ്കാറിന്റെ ജനനം. നാട്ടിൽ നിന്നുള്ള പ്രാഥമിക പഠനത്തിനു ശേഷം 1969-ൽ തുർക്കിയിലെ ഇസ്താംബൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും 1977-ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ദല്ലാസിൽ നിന്ന് പിഎച്ച്ഡിയും പൂർത്തിയാക്കിയ അസീസ് സങ്കാര്‍, തന്നെ നോബലിനു അർഹനാക്കിയ പഠനം നടത്തുന്നത് യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. 2015-ൽ ഡിഎൻഎ തകരാറുമായി ബന്ധപ്പെട്ട പഠനത്തിലാണ് അസീസ് സങ്കാറിനു  രസതന്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter