ലബനാനിലേക്ക് പടരുന്ന സംഘര്‍ഷം: ആരു ജയിച്ചാലും തോല്‍ക്കുന്നത് മനുഷ്യത്വമാണ്
2023 ഒക്ടോബർ ഏഴിന് തുടക്കം കുറിച്ച ഹമാസ് ഇസ്രായേൽ സംഘർഷം ഇറാൻ, ലെബനോൻ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുമ്പോൾ യു എൻ സെക്രട്ടറി ജനറലിന്റെ വാക്കുകൾ വീണ്ടും ഓര്‍ത്തുപോവുകയാണ്. ഭൂമിയിൽ ജീവിതം അസാധ്യമായ നരകമാണ് ഗസ്സ എന്നാണ് ഇസ്രായേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യയെ ചൂണ്ടി അദ്ദേഹം പറഞ്ഞത്. അഥവാ കഴിഞ്ഞ മാസങ്ങളിലായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നരഹത്യയുടെ തനിയാവർത്തനം ലബനാനിലും ഇനി നമ്മൾ കാണാൻ പോവുകയാണ്. അല്ല ബൈറൂത്തടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം നമ്മൾ അത് കണ്ടു തുടങ്ങിയിരിക്കുന്നു.
സെപ്റ്റംബർ 23ന് തുടക്കം കുറിച്ച ലെബനോന് മേലുള്ള ഇസ്രായേൽ അധിനിവേശം ഇതിനകം തന്നെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും പതിനായിരക്കണക്കിന് പേരെ അഭയാർത്ഥികളാക്കുകയും ചെയ്തിരിക്കുകയാണ്. വാർത്തകൾ പുറത്തെത്തുന്നത് തടയാൻ മാധ്യമപ്രവർത്തകരെ പോലും ക്രൂരമായി ഇസ്രയേൽ സൈന്യം കൊന്നൊടുക്കുന്നുണ്ട്. 163 ലധികം രക്ഷാപ്രവർത്തകർക്കും ഈ അധിനിവേശകാലത്ത് ജീവൻ നഷ്ടമായി. കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണൽസ് (CPJ) നടത്തിയ അന്വേഷണത്തിൽ 2023 ഒക്ടോബർ 7 മുതൽ 2024 ഒക്ടോബർ 24 വരെ ഗസ്സയിലും ലബനാനിലും കൊല്ലപ്പെട്ടത് 128 മാധ്യമപ്രവർത്തകരാണ്. ബെറൂത്തിൽ ഒറ്റരാത്രികൊണ്ട് 17 ഇടങ്ങളിലാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. രണ്ട് ദിവസങ്ങൾക്കു മുമ്പ് ബൈത്ത് ലാഹിയായിൽ 30 പേർ കെട്ടിടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആംബുലൻസ് പോലും കടത്തിവിടാതെ ഇസ്രയേൽ സൈന്യം അതിക്രൂരമായാണ് അക്രമത്തിനിരയായവരോട് പ്രതികരിക്കുന്നത്. ഈ അക്രമത്തിൽ മാത്രം 21 മാധ്യമപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലേതു പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിടസമുച്ചയങ്ങൾക്ക് നേരെയാണ് ഇസ്രായേലിന്റെ നിരന്തരമായ വ്യോമാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഹമാസിനെ തുരുത്തുക എന്ന ലക്ഷ്യത്തിൽ യുദ്ധം തുടങ്ങിയ ഇസ്രയേൽ ലെബനാനിലും ഹിസ്ബുല്ലയെ പരാജയപ്പെടുത്തുക എന്ന ന്യായീകരണം മുന്നിൽ വച്ചാണ് സാധാരണപൗരന്മാര്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിടുന്നത്.
ദേവദാരു തണൽ വിരിച്ച ലബനാൻ
പ്രമുഖ ദർശനികൻ ഖലീൽ ജിബ്രാന്റെ ജന്മദേശമായ ലെബനാൻ കേരളത്തിന്റെ നാലിലൊന്ന് മാത്രം വലിപ്പം വരുന്ന ചെറിയ ഒരു രാജ്യമാണ്. ദേവദാരു മരങ്ങൾ തണൽവിരിച്ച ലെബനാൻ ലോകഭൂപടത്തിലെന്നും പ്രതാപത്തോടെ തലയുയർത്തി നിന്നതിന്റെ അനുഭവമാണ് നമുക്ക് വായിക്കാനാവുന്നത്. വെറും 41 ലക്ഷം ജനസംഖ്യ ഉള്ളതിൽ 27% സുന്നി മുസ്‍ലിംകളും 27% ശിയാ മുസ്‍ലിംകളും 35 ശതമാനം വിവിധ സഭകളിൽ നിന്നുള്ള ക്രൈസ്തവരും ആണ്. അഥവാ മലപ്പുറം ജില്ലയിലെ അത്ര ജനസംഖ്യ മാത്രമാണ് ആ രാജ്യത്തിനുള്ളത്. അതിൽ തന്നെ 10% ഏതാണ്ട് 5 ലക്ഷം പേർ ഫലസ്തീൻ അഭയാർത്ഥികളാണ്. 1948ലെ ഒന്നാം ഫലസ്തീൻ യുദ്ധകാലത്ത് പലായനം ചെയ്തെത്തിയവരാണ് ഇവര്‍. ലബനീസ് ആഭ്യന്തര യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിൽ 1977 -78 കാലത്ത് ലെബനാൻ കേന്ദ്രീകരിച്ചുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) പോരാളികൾ ഇസ്രയേലിനെതിരെ നിരവധി ക്രോസ് ബോർഡർ ആക്രമണങ്ങൾ നടത്തുകയുണ്ടായി.
ഇതിനു മറുപടിയായാണ് 1978 മാർച്ചിൽ ഇസ്രയേൽ ആദ്യമായി ലെബനാനിൽ അധിനിവേശം നടത്തിയത്. എന്നാൽ യു എൻ പ്രമേയത്തെ തുടർന്ന് ആ വർഷം തന്നെ ഇസ്രായേൽ ലബനാനിൽ നിന്ന് പിൻവാങ്ങിയെങ്കിലും ഇസ്രയേൽ ലബനീസ് പി.എൽ.ഓ പോര് നിലച്ചില്ല. ഇതിന്റെ തുടർച്ചയായാണ് 1982 ഇസ്രായേലിന്റെ രണ്ടാം ലബനീസ് അധിനിവേശം നടന്നത്. അന്ന് ഇസ്രാഈൽ നടത്തിയ കൂട്ടക്കൊലയിൽ 3,000 ത്തോളം ഫലസ്തീൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്ല: പോരാട്ടത്തിന്റെ വഴികൾ
1982 ലെ ലബനീസ് സംഘർഷത്തിനു ശേഷം 1985 ലാണ് ഇസ്‍ലാമിക് റെസിസ്റ്റൻസ് എന്ന ഔദ്യോഗിക പരിവേഷത്തോടെ ഹിസ്ബുല്ല രംഗത്തുവരുന്നത്. 2006 ൽ നടന്ന ഇസ്രയേൽ ലബനാൻ യുദ്ധത്തിൽ ഹിസ്ബുല്ല കരുത്തുകാണിച്ചു. സമഗ്രമായ കരയുദ്ധം നടത്താൻ ഇസ്രായേലിന് ഇപ്പോഴും കഴിയുന്നില്ലെന്ന് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന യഹൂദ് ഓൽമാർട്ട് തന്നെ തുറന്നു സമ്മതിക്കുകയുണ്ടായി. 2006 ജൂലൈ 12ന് ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലിന്റെ അതിർത്തി കടന്ന് സൈനികരെ വധിച്ചുകൊണ്ടാണ് ഹിസ്ബുല്ല ശക്തി തെളിയിച്ചത്. ഹമാസിനെക്കാൾ പത്തിരട്ടി സൈനികശക്തിയുണ്ടവർക്കെന്ന് സൈനിക മേധാവി സമ്മതിക്കുന്ന നിലയിലേക്ക് പിന്നീട് അവർ വളരുകയും ചെയ്തു.
ഒന്നര ലക്ഷത്തിലേറെ സൈനികരും ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന രൂപത്തിലുള്ള അത്യാധുനിക മിസൈലുകളും റോക്കറ്റുകളുമെല്ലാം ഇന്ന് ഹിസ്ബുല്ലക്ക് സ്വന്തമായുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിൽ അവർ നടത്തിയ ഡ്രോണാക്രമണത്തിൽ തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. പലപ്പോഴും അപായസൂചനകളായ സൈറണുകളൊന്നും മുഴങ്ങാതെ, അഥവാ, വ്യോമപ്രതിരോധ സംവിധാനങ്ങളെ വകഞ്ഞു മാറ്റിയാണ് ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഇസ്രായേൽ നഗരങ്ങളെ ടാർജറ്റുചെയ്യുന്നത്. എന്നാൽ യുദ്ധം തുടങ്ങിയിട്ട് അധികനാൾ കഴിയുന്നതിന് മുമ്പ് തന്നെ ഹിസ്ബുല്ല കമാൻഡർ ഹസൻ നസ്റുല്ലയെ സമർത്ഥമായി ഇസ്രായേൽ സൈന്യം വധിക്കുകയുണ്ടായി. 2006ലെ സാഹചര്യങ്ങൾക്ക് വിപരീതമായി അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വലിയ സൈനിക സാങ്കേതിക സഹായവും ഇസ്രാഈലിന് ലഭിച്ചു കൊണ്ടിരിക്കുന്നു.
ഇസ്രാഈൽ ലെബനോൻ സംഘർഷം നിലവിലെ അവസ്ഥയിൽ തുടരുകയാണെങ്കിൽ ഗസ്സയിലേതിന് സമാനമായ വംശഹത്യയായിരിക്കും ലോകം കാണാനിരിക്കുന്നത്. ഹിസ്ബുല്ല സാധാരണക്കാരെ മനുഷ്യക്കവചമാക്കി ജനങ്ങളെ ചതിക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രാഈൽ ലക്ഷ്യം വെക്കുന്നതെങ്കിൽ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ഫലസ്തീനിലെ ഗസ്സയും വെസ്റ്റ്ബാങ്കുമൊന്നും മാറില്ലായിരുന്നു എന്നതാണ് സത്യം. ഏറ്റവും ചുരുങ്ങിയത് അമേരിക്കയും സഖ്യകക്ഷികളും നൽകുന്ന നിർലോഭമായ സൈനിക പിന്തുണ പിൻവലിച്ചാൽ തീരുന്ന പ്രശ്നമേ ഇന്ന് ഗസ്സയിലും ലബനാനിലും ഉള്ളൂ. യമനിലെ ഹൂത്തികളും ഹിസ്ബുല്ലയും ഹമാസും അൻസാറുല്ലയുമടക്കമുള്ള മറ്റ് മിലിഷ്യകളും ഒടുവിൽ ഇറാനും ഇസ്രയേലിനോട് കൊമ്പുകോർക്കുന്ന പ്രത്യേക സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളുടെ പിന്തുണയില്ലാതെ ഇസ്രാഈലിന് മുന്നോട്ടുപോകാൻ കഴിയുകയില്ല. യുദ്ധം അവസാനിച്ചാൽ അധികാരം നഷ്ടപ്പെടുമെന്ന ഭയം ഒന്നുകൊണ്ട് മാത്രമാണ് നെതന്യാഹു, എത്ര തിരിച്ചടി നേരിട്ടിട്ടും ഒരടിപോലും പിന്നോട്ടുപോകാൻ തയ്യാറാകാത്തത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഹസൻ നസ്റുല്ലയുടെ വധത്തിന് പ്രതികാരമെന്നോണം ഇറാൻ തൊടുത്തു വിട്ട 200 ഓളം ബാലിസ്റ്റിക് മിസൈലുകളിൽ മുപ്പതിൽ പരം മിസൈലുകൾ ഇസ്റാഈലിലെ ടെൽ അവീവിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പതിക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ നൂറുകണക്കിന് മിസൈലുകൾ ഹമാസും ഹൂത്തികളുമെല്ലാം ഇസ്രാഈലിനെ ലക്ഷ്യം വെച്ച് അയക്കാറുണ്ടായിരുന്നുവെങ്കിലും ശക്തമായ വ്യോമപ്രതിരോധ സംവിധാനം ഇസ്രായേലിനെ കാര്യമായ പോറലുമേൽക്കാതെ സംരക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം ഇസ്രാഈലിന്റെ സുരക്ഷയെ വല്ലാതെ ബാധിക്കുന്നുണ്ട്. അമേരിക്കയുടെ അത്യാധുനിക മിസൈൽ ഡിഫൻസ് സിസ്റ്റമാണ് ഇന്ന് ഇസ്രാഈൽ വ്യാപകമായി ഉപയോഗിക്കുന്നത്. അയൺ ഡോമടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഹിസ്ബുല്ലയും ഇറാനും നിഷ്ഫലമാക്കി കൊണ്ടിരിക്കുകയാണെന്നർത്ഥം. മാത്രമല്ല എയർ ഡിഫൻസ് സിസ്റ്റം വളരെ ചെലവേറിയ ഒന്നാണ്. യുദ്ധകാലത്ത് ഇസ്രാഈലിന് ആക്രമണത്തിനേക്കാൾ കൂടുതൽ ചെലവ് വരുന്നത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വേണ്ടിയാണെന്ന റിപ്പോർട്ടുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം.
ചുരുക്കത്തിൽ യുദ്ധത്തിൽ ആര് ജയിച്ചാലും ഇരുരാജ്യങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും അക്രമണങ്ങള്‍ക്കിരയാവുന്നത്. ഇസ്രാഈൽ ഹമാസ് സംഘർഷം ഇറാനെയും ലബനാനെയും ബാധിക്കുന്ന തരത്തിൽ ഒരു മേഖലായുദ്ധമായി പരിണമിച്ചാൽ ലോകതലത്തിൽ തന്നെ വലിയ പ്രതിസന്ധികൾ രൂപപ്പെടും. ഹൂത്തികൾ ഇസ്രായേലിനെ ലക്ഷ്യം വെച്ച് കടലിൽ നടത്തുന്ന ആക്രമണങ്ങൾ ക്രൂഡോയിലിന്റെ വില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഗോള വ്യാപാര ശൃംഖലകളെയും സാമ്പത്തിക ക്രമങ്ങളെയുമെല്ലാം പശ്ചിമേഷ്യയിലെ യുദ്ധം വിനാശകരമായി ബാധിക്കും എന്നതിൽ പക്ഷാന്തരമില്ല. മാത്രമല്ല ഇറാൻ നേരിട്ട് യുദ്ധത്തിലേക്ക് ഇറങ്ങുമെന്നാണ് ഒക്ടോബർ ഒന്നിലെ ആക്രമണത്തിന് തിരിച്ചടി നൽകിയ ഇസ്രായേലിന്റെ നടപടിയും തുടർന്ന് പരമോന്നത നേതാവ് ആയതുല്ല ഖുമൈനി നടത്തിയ പ്രതികരണവും സൂചിപ്പിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഇറാനെ പിന്തുണയ്ക്കാനായി റഷ്യയും ഇസ്രാഈലിനെ സംരക്ഷിക്കാൻ മുമ്പത്തേക്കാളുപരി അമേരിക്കയും രംഗത്ത് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍, ഒരുപക്ഷേ ഒരു ലോകമഹായുദ്ധമായി വരെ ഇത് വ്യാപിച്ചേക്കാം.
ഇസ്രാഈൽ ഹമാസ് സംഘർഷമാണ് എല്ലാത്തിനും തിരുകൊളുത്തിയതെങ്കിലും ലബനാനിലേക്ക് ഇസ്രാഈൽ നടത്തിയ അധിനിവേശമാണ് മറ്റുുരാജ്യങ്ങളെ ഈ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്ന് ലോകചരിത്രം പിന്നീട് വിലയിരുത്തും. "ഫലസ്തീനിൽ സുരക്ഷിതമായ ഒരു ഇടം അന്വേഷിക്കുന്നുവെങ്കിൽ ഒരു കുഞ്ഞിന്റെ അടുക്കൽ ഒരിക്കലും നിൽക്കരുതെന്ന" ഫറാ ബക്കറുടെ വാക്കുകൾ ലെബനാനിലും പറയപ്പെടുന്ന സാഹചര്യം സംജാതമാവുന്നതിന് മുമ്പ് ഈ യുദ്ധഭീകരത കെട്ടടങ്ങട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Leave A Comment