ഇഖ്റഅ് 08- പ്രഭാതം: പൊട്ടിവിടരുന്ന പുസ്തകത്താളുകള്‍

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..

പകലിനെ നാം ജീവിത സന്ധാരണ സമയമാക്കുകയും ചെയ്തിരിക്കുന്നു (സൂറതു ന്നബഅ്-11)

രാത്രിയോളം തന്നെ പ്രധാനമാണ് പകലും. ഭൂമിയിലെ ജീവിതം തന്നെ സാധ്യമാകുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലാണ്. മനുഷ്യരും ജീവികളും സസ്യലതാദികളുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് സൂര്യന്റെ വെളിച്ചത്തെയും ചൂടിനെയുമാണ്. ഉദയം മുതല്‍ അസ്തമയം വരെയുള്ള വിവിധ ഘട്ടങ്ങളിലായി, സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് പ്രവഹിക്കുന്ന വിവിധോദ്ദേശ്യങ്ങളോടെയുള്ള പ്രകാശരശ്മികളാണ്. ശരീരത്തിന് പൊതുവായും പേശികള്‍ക്ക് വിശേഷമായും വളര്‍ച്ചക്കും ശക്തിക്കും ആവശ്യമായ പോഷകങ്ങള്‍ വരെ ഈ പ്രകാശ കിരണങ്ങളിലുണ്ട്. അതേസമയം, വൃക്ഷങ്ങള്‍ മുളക്കാനും വളരാനും പഴങ്ങളും ഫലങ്ങളും പാകമാവാനുമെല്ലാം ആവശ്യമായ ചൂടും ലഭ്യമാവുന്നതും ഇതേ സൂര്യനില്‍നിന്ന് തന്നെ.

പ്രഭാതം പലതിന്റെയും പ്രതീകമാണ്. ഒരു പുതിയ ജന്മത്തിന്റെ, ഉല്‍സാഹത്തോടെയുള്ള തുടക്കത്തിന്റെ, സര്‍വ്വോപരി പ്രതീക്ഷകളോടെയുള്ള ചുവടുവെപ്പിന്റെ, അന്നം തേടിയുള്ള അന്വേഷണത്തിന്റെ, അങ്ങനെയങ്ങനെ നീണ്ടുപോവുന്നു ആ പട്ടിക. ഒട്ടിയ വയറുമായി അതിരാവിലെ കൂട് വിട്ടിറങ്ങുന്ന പക്ഷികളെ കാണാം. അന്നേ ദിവസത്തേക്കാവശ്യമായ, ബാക്കി വെപ്പുകളൊന്നുമില്ലാതെയാണ് അവര്‍ പ്രഭാതത്തെ വരവേല്‍ക്കുന്നത്. വെളിച്ചം വെക്കുന്നതോടെ, പ്രതീക്ഷകളോടെ പുതിയ തലങ്ങള്‍ തേടി, അവ വിശാലമായ ആകാശത്തിലൂടെ അനന്തതയിലേക്ക് പറന്നുനീങ്ങുന്നു. തങ്ങള്‍ക്ക് വേണ്ടിയുള്ള അന്നം, സ്രഷ്ടാവായ തമ്പുരാന്‍ എവിടെയോ കരുതി വെച്ചിട്ടുണ്ടെന്ന ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയും മാത്രമാണ് അവരെ നയിക്കുന്നത്. അത് കൊണ്ട് തന്നെ, വൈകുന്നേരമാകുമ്പോഴേക്കും ആവശ്യമായതെല്ലാം ലഭിച്ച് നിറഞ്ഞ വയറുകളുമായി അവ തിരിച്ചെത്തുകയും ചെയ്യുന്നു.  

Read More: റമദാന്‍ ഡ്രൈവ് - നവൈതു-08

പല പുഷ്പങ്ങളും വിരിയുന്നത് പ്രഭാതത്തിലാണ്. കലര്‍പ്പിന്റെ കണിക പോലുമില്ലാത്ത ശുദ്ധ ജലകണികകളേറ്റ്, ആര്‍ദ്രമായി നില്ക്കുന്ന ഇലകളും ചെടികളും പ്രഭാതത്തിന്റെ നനുത്ത കുളിര്‍ പകരുന്ന കാഴ്ചകളാണ്. സൂര്യോദയം പൂര്‍ണ്ണമായ ശേഷമുള്ള നിസ്കാരങ്ങള്‍ ഈ സമയത്തിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. പ്രവാചകനെ സമാശ്വസിപ്പിക്കാനായി അവതരിപ്പിച്ച ഖുര്‍ആനികാധ്യായത്തിന്റെ പേര് പോലും സൂറതുള്ളുഹാ എന്നാണ്. അങ്ങയെ പടച്ച തമ്പുരാന്‍ കൈവിട്ടിട്ടില്ലെന്നും അങ്ങയോട് പിണങ്ങിയിട്ടില്ലെന്നും പറയുന്നതിന്, നാഥന്‍ സാക്ഷി പിടിച്ചത് ളുഹാ സമയത്തെയാണ്. പ്രവാചകര്‍ക്കും ആ സമയം ഏറ്റവും ഇഷ്ടസമയങ്ങളിലൊന്നായിരുന്നു. യാത്ര പുറപ്പെടുമ്പോഴും തിരിച്ച് വരുമ്പോഴുമൊക്കെ ആ സമയത്തായിരിക്കാന്‍ അവിടുന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്റെ സമൂഹത്തിന് പ്രഭാത സമയത്ത് നീ ബര്‍കത് നല്കേണമേ എന്ന പ്രവാചക പ്രാര്‍ത്ഥന ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അഥവാ, തന്റെയും സമൂഹത്തിന്റെയും സമയാണ് പ്രഭാത സമയമെന്ന് അവിടുന്ന് ഈ വാക്കുകളിലൂടെ പറയാതെ പറയുന്നുണ്ട്.

പകലും വിശിഷ്യാ അതിലെ പ്രഭാതവും ധാരാളം വായനകള്‍ക്ക് വിധേയമാവാനുണ്ട് എന്നര്‍ത്ഥം. വായിക്കും തോറും അര്‍ത്ഥ തലങ്ങളും ആശയ മണ്ഡലങ്ങളും വിശാലമായിക്കൊണ്ടേയിരിക്കുന്ന അല്‍ഭുതകരമായ ഒരു ഗ്രന്ഥമാണ് പ്രഭാതം എന്നര്‍ത്ഥം. നാഥാ, നീ ഇതൊന്നും അര്‍ത്ഥ ശൂന്യമായി സൃഷ്ടിച്ചതല്ല, നീയെത്ര പരിശുദ്ധന്‍.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter