ഇഖ്റഅ്-06 കാലമെന്ന പുസ്തകത്തില്‍ അധ്യായങ്ങള്‍ ഏറെയാണ്

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
നഷ്ടത്തില്‍ തന്നെയാണ്.  സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശം ചെയ്യുകയും ചെയ്തവരൊഴികെ (സൂറതുല്‍ അസ്റ്) 

പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ എത്തും പിടിയും കിട്ടാതെ കിടക്കുന്ന അതിവിശാലമായ മറ്റൊരു ഗ്രന്ഥമാണ് കാലം. ദിവസവും ആഴ്ചയും മാസവും വര്‍ഷവുമെല്ലാം മാറിമാറി വരുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്. പതിറ്റാണ്ടും നൂറ്റാണ്ടും സഹസ്രാബ്ദവുമെല്ലാം പറയുമ്പോള്‍ വലിയ വ്യത്യാസങ്ങളുള്ളതായി നമുക്ക് തോന്നുന്നു. 

എന്നാല്‍, ആഴത്തില്‍ ചിന്തിച്ചാല്‍ ഇന്നും ഇന്നലെയും തമ്മില്‍ കേവല പേരിലുള്ള വ്യത്യാസമല്ലാതെ, എന്ത് വ്യത്യാസമാണുള്ളത്. ഈ ചിന്ത പിന്നിലേക്ക് കൊണ്ട് പോയാല്‍, ക്രിസ്തുവിന് മുമ്പും പിമ്പും എന്ന് പറഞ്ഞ് നാം തിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പോലും, വ്യത്യാസമില്ലെന്ന് മനസ്സിലാക്കാം. സൂര്യനുദിച്ച് നേരം വെളുത്ത്, വൈകുന്നേരം അസ്തമിച്ച് രാത്രിയായിക്കഴിയുന്ന ദിവസങ്ങള്‍ മാത്രമാണ് എല്ലാം.

ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം നമുക്ക് വിഭിന്നങ്ങളാണ്. സമയവും കാലവും തികച്ചും ആപേക്ഷികമാണെന്നതല്ലേ സത്യം. നമ്മുടെ ഭൂതം മുമ്പ് കഴിഞ്ഞ് പോയവര്‍ക്കൊക്കെ അത് ഭാവിയായിരുന്നു. നമ്മുടെ വര്‍ത്തമാനം മറ്റു പലരുടെയും ഭാവിയും. ഒരേ സമയത്ത് ഭൂലോകത്ത് ജീവിക്കുന്നവര്‍ പോലും ഒരേ സമയത്തോ കാലത്തോ അല്ല നിലകൊള്ളുന്നത്. ഭൂഗോളത്തിന്റെ ഒരു ഭാഗത്തുള്ളവര്‍ക്ക് വൈകുന്നേരമാകുമ്പോള്‍, മറുഭാഗത്തുള്ളവര്‍ക്ക് അന്നേ ദിവസം തുടങ്ങുന്നതേയുള്ളൂ.

Read More: റമദാന്‍ ഡ്രൈവ്- നവൈതു-06

മനുഷ്യജീവിതത്തിലും കാലത്തിന് പ്രാധാന്യം ഏറെയാണ്. പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലം മനുഷ്യന് കഴിഞ്ഞുപോയിട്ടുണ്ട് എന്ന് മറ്റൊരു അധ്യായത്തില്‍ ഖുര്‍ആന്‍ പറയുന്നത് കാണാം. ഭൂമിയിലേക്ക് ജനിച്ച് വീഴുന്നതിന് മുമ്പ്, നാം എവിടെയായിരുന്നുവെന്നോ, മരണശേഷം എങ്ങോട്ടാണ് പോകുന്നതെന്നോ എത്തും പിടിയും കിട്ടാത്ത ചിന്തകളാണ്. 

അതേസമയം, ഇതിലൂടെ കടന്നുപോകുന്ന മനുഷ്യരെയും ജീവികളെയുമെല്ലാം കണ്ടുകണ്ടേയിരിക്കുന്ന കാലത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. ഇത് വരെ സംഭവിച്ചതിനെല്ലാം സാക്ഷി പറയാന്‍ യോഗ്യതയുള്ളത്, സൃഷ്ടികളില്‍ കാലത്തിന് മാത്രമാണെന്ന് പറയേണ്ടിവരും. കാരണം, എല്ലാം നേരില്‍ കണ്ടതും കേട്ടതും സാക്ഷ്യം വഹിച്ചതും അത് മാത്രമാണ്. അത് കൊണ്ട് തന്നെയായിരിക്കാം, പ്രപഞ്ച നാഥന്‍ മനുഷ്യകുലത്തെ ആകമാനം ബാധിക്കുന്ന ഗൌരവതരമായ ഒരു യാഥാര്‍ത്ഥ്യം തുറന്ന് പറയാന്‍, കാലത്തെ സാക്ഷിയായി കൂട്ടിയതും.

ആലോചിക്കുംതോറും അല്‍ഭുത വര്‍ദ്ധകം തന്നെയാണ് കാലം. ആദ്യ-മധ്യ-അന്ത്യ പേജുകള്‍ അടങ്ങിയ വലിയൊരു പുസ്തകം എന്ന് പറയാം. ഇഖ്റഇന്റെ ആജ്ഞാനുവര്‍ത്തികള്‍ക്ക് അതും വായിക്കാതിരിക്കാനാവില്ല. കാരണം, അതും നാഥന്‍ സൃഷ്ടിച്ചത് അര്‍ത്ഥ ശൂന്യമായല്ല, ഒട്ടേറെ പാഠങ്ങള്‍ നല്കാന്‍ തന്നെയാണ്.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter