ഇഖ്റഅ് 29. ദിക്റ് ചൊല്ലാനുള്ള ഖൽബ് തന്നില്ലേ...

സ്വൂഫികളില്‍ പ്രമുഖനായിരുന്ന ഇബ്റാഹീം ഇബ്നു അദ്ഹം ഒരിക്കല്‍ വഴിയിലൂടെ നടന്നുപോവുകയായിരുന്നു. വഴിയില്‍, കൈകളും കാലുകളുമൊന്നുമില്ലാത്ത, കുഷ്ഠരോഗം പിടിപെട്ട, അന്ധനായ ഒരാളെ കണ്ടു. അതിലൂടെ നടന്നുപോവുന്നവരെല്ലാം സഹതാപം തോന്നി അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ നല്കുന്നുണ്ട്. വല്ലാത്തൊരു പരീക്ഷണമാണല്ലോ ഈ മനുഷ്യന് എന്ന് ആത്മഗതം ചെയ്ത് ഇബ്റാഹീം(റ) അല്പനേരം അയാളെ നോക്കി അവിടെനിന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ട് എന്തോ മന്ത്രിക്കുന്ന പോലെ തോന്നി. അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോള്‍, അല്ലാഹുവേ, നീ ചെയ്ത അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.

ഇത്രയും പരീക്ഷണഘട്ടത്തിലൂടെ നീങ്ങുമ്പോഴും അദ്ദേഹത്തിന് എങ്ങനെ ഈ വാക്കുകള്‍ പറയാനാവുന്നു എന്ന് അല്‍ഭുതം തോന്നിയ ഇബ്റാഹീം അദ്ദേഹത്തോട് ചോദിച്ചു, എന്ത് അനുഗ്രഹങ്ങളെ കുറിച്ചാണ് താങ്കള്‍ പറയുന്നതും അല്ലാഹുവിനെ സ്തുതിക്കുന്നതും. മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു, സുഹൃത്തേ, എന്റെ കൈകളും കാലുകളും കണ്ണുകളുമെല്ലാം അല്ലാഹു തിരിച്ചെടുത്തെങ്കിലും, അവനെ സദാപറഞ്ഞ് കൊണ്ടിരിക്കാനുള്ള നാവും അവന് നന്ദി പ്രകടിപ്പിക്കാനുള്ള മനസ്സും അവന്‍ ബാക്കി വെച്ചില്ലേ. ഇതേക്കാള്‍ വലിയ അനുഗ്രഹം വേറെ എന്താണ്.

ഇതാണ് വിശ്വാസി. ജീവിതത്തില്‍ എത്ര നഷ്ടങ്ങള്‍ നേരിടേണ്ടിവന്നാലും വിധിയിലുള്ള വിശ്വാസത്തിലും ശേഷിച്ച അനുഗ്രഹങ്ങളിലും ആശ്വാസം കണ്ടെത്തുന്നവനാണ് അവന്‍. അത് അവന് നല്കുന്നത് തുല്യതയില്ലാത്ത ഊര്‍ജ്ജവും സന്തോഷത്തോടെ മുന്നോട്ട് ഗമിക്കാനുള്ള ശക്തിയുമാണ്.

വിശ്വാസിയുടെ കാര്യം അല്‍ഭുതം തന്നെ, അവന് എന്ത് വന്നാലും അതെല്ലാം ഗുണകരമാണ്, സന്തോഷകരമായ കാര്യമാണ് ആഗതമായതെങ്കില്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു, അതിലൂടെ അവന്‍ പുണ്യം നേടുന്നു. ഇനി പ്രയാസകരവും സന്താപഹേതുകവുമായ കാര്യമാണ് അവനെ ബാധിച്ചതെങ്കില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവന്‍ അതില്‍ ക്ഷമ കൈകൊള്ളുന്നു, അതും അവന് പുണ്യം തന്നെ. ഈ അവസ്ഥാ വിശേഷം വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല എന്ന് പറയുന്ന പ്രവാചക വചനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം.

Read More : ഇഖ്റഅ് 28. പരസ്പരമുള്ള കടമകള്‍ കൂടി ഓര്‍ക്കാം

ഈ വിശ്വാസം ഇല്ലാത്തതാണ്, ഇതരമതസ്ഥരായ പലരെയും, ചെറിയ പ്രയാസങ്ങള്‍ നേരിടുമ്പോഴേക്ക് ആത്മഹത്യയിലേക്കും ജീവിതം അവസാനിപ്പിക്കുന്നതിലേക്കും കൊണ്ടെത്തിക്കുന്നത്. എത്ര വലിയ പ്രതിസന്ധികളിലും വിശ്വാസിക്ക് കരുത്ത് പകരുന്നതും ഇത് തന്നെ.

ഉള്ളതില്‍ അഹങ്കരിക്കാത്ത, ഇല്ലായ്മയില്‍ നിരാശ വരാത്ത ഒരു മനസ്സ് നമുക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. സമ്പല്‍സമൃദ്ധി പോലെ തന്നെ, ദാരിദ്ര്യവും രോഗാവസ്ഥകളുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന ചിന്ത സദാ നമ്മോടൊപ്പമുണ്ടാവേണ്ടിയിരിക്കുന്നു. എങ്കില്‍ ജീവിതത്തിന്റെ ഏത് നിറങ്ങള്‍ക്കും നമ്മെ സന്തോഷിപ്പിക്കാനേ സാധിക്കൂ. ഈ റമദാന്‍ അതിന് കൂടി നമ്മെ പ്രചോദിപ്പിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter