ഇസ്‍ലാംഓണ്‍വെബ് ഇനി ആസാമീസ് ഭാഷയിലും

മിഷന്‍സോഫ്റ്റ് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഇസ്‍ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന islamonweb വെബ് പോര്‍ട്ടല്‍ ഇനി മുതല്‍ ആസാമീസ് ഭാഷയിലും. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ കാല്‍ഗാചിറയില്‍ വെച്ച് നടന്ന ലോഞ്ചിംഗ് പരിപാടിയില്‍, മിഷന്‍സോഫ്റ്റ്  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ ആയി സൈറ്റ് ലോഞ്ച് ചെയ്തു. 15 മില്യണിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍, islamonweb ന്റെ ആസാമീസ് വെര്‍ഷന്‍ പ്രബോധനത്തിന്റെ വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.   
islamonweb ആസാമീസ് ചീഫ് എഡിറ്റര്‍ അബ്ദുറഊഫ് ഫാറൂഖി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാര്‍പേട്ട ജില്ലാ കവി സന്മിലാന്‍ പ്രസിഡണ്ട് മൗലാനാ സാഹിബുല്‍ഇസ്‍ലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍സോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫൈസല്‍ നിയാസ് ഹുദവി പോര്‍ട്ടലിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. പ്രമുഖ ആസാമീസ് വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ഇഫ്തിഖാര്‍ അലി അഹ്മദ്, ആസാമീസ് ഭാഷയിലെ മുസ്‍ലിം സംഭാവനകളെ കുറിച്ച് സംസാരിച്ചു. കവിയും സാഹിത്യകാരനുമായ മൗലാനാ അബ്ദുല്‍ ഹമീദ് സൈറ്റ് അവലോകനം ചെയ്യുകയും ഇസ്‍ലാമിന്റെ സമാധാന പൂര്‍ണ്ണമായ മുഖം മനസ്സിലാക്കിക്കൊടുക്കുന്നതില്‍ സൈറ്റിന് വലിയ പങ്ക് വഹിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യാസ രംഗത്ത് അനേകം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും മുസ്‍ലിം സ്ത്രീകളുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രമുഖ ആസാമീസ് എഴുത്തുകാരന്‍ അബ്ദുല്‍ സത്താര്‍ അഹ്മദ്, ആസാം കവി സന്മിലന്‍ എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ മജീദ് അഹ്മദ് എന്നിവരും ഇക്കാലത്ത് ഇത്തരം വെബ് പോര്‍ട്ടലുകളുടെ പ്രാധാന്യവും ആവശ്യകതയും ഊന്നി സംസാരിച്ചു.
പ്രമുഖ സാഹിത്യകാരന്മാരായ ഹാബലുദ്ദീന്‍, അബുതാര്‍ ഹുസൈന്‍ എന്നിവര്‍ പ്രകീര്‍ത്തന ഗാനങ്ങള്‍ ആലപിച്ചു. ആസാമിലെ ഭൗതിക കലാലയ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് മുഹമ്മദ് സൈഫുദ്ദീന്‍ സംസാരിച്ചു. ഇന്ത്യന്‍ മുസ്‍ലിംകള്‍ നേരിടുന്ന വെല്ലുവിളികളും അവയെ നാം പ്രതിരോധിക്കേണ്ട രീതികളും വിശദീകരിച്ച അദ്ദേഹം, ആ രംഗത്തെ വലിയൊരു മുന്നേറ്റമാവും islamonweb എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

2012ല്‍ മലയാളത്തില്‍ തുടക്കം കുറിച്ച പോര്‍ട്ടല്‍, ഇത് വരെ ഇംഗ്ലീഷ്, ഉര്‍ദു, ബംഗ്ല, തെലുഗു, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലായിരുന്നു ലഭ്യമായിരുന്നത്. ഏഴാം ഭാഷാ പോര്‍ട്ടല്‍ ആയാണ് ആസാമീസ് പ്രകാശനം ചെയ്യപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter