വിശ്വാസത്തിന്റെ തെളിവുകൾ - ദിശാബോധം നല്കുന്ന കൃതി

ഇസ്‍ലാമിക വിശ്വാസശാസ്ത്രത്തെ യുക്തിഭദ്രമായും ലളിതമായും സമർഥിക്കുന്ന കൃതിയാണ് ഫാരിസ് പി.യു രചിച്ച 'വിശ്വാസത്തിന്റെ തെളിവുകൾ'. യുക്തിക്ക് അമിത പ്രാധാന്യം നൽകുന്ന ഈ ആധുനിക കാലഘട്ടത്തിൽ യുക്തിപരമായി ദൈവാസ്തിക്യം സ്ഥാപിക്കാനും ആ ദൈവം ഇസ്‌ലാം  മുന്നോട്ടുവക്കുന്ന അല്ലാഹുവാണെന്ന് സമർഥിക്കാനുമാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. ഒരു കാര്യം അല്ലാഹുവിൽ നിന്നാണെന്ന് ബോധ്യമായാൽ പിന്നെ അതിൽ യുക്തി ഉപയോഗിക്കുന്നത് അയുക്തമാണെന്ന അഹ്‍ലുസ്സുന്നയുടെ ആശയവും കൃത്യമായി കൃതി ഉൾക്കൊള്ളുന്നു.

5 ഭാഗങ്ങളിലായി 14 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകതിന്റെ ആദ്യ ഭാഗത്ത് ദൈവാസ്തിക്യം തെളിയിക്കുന്ന വാദങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധിപരമായ  ആസൂത്രണമാണ് ആദ്യ അദ്ധ്യായത്തിൽ   ചർച്ച ചെയ്യുന്നത്. പ്രപഞ്ചഘടനയുടെ ആസൂത്രണവും സൃഷ്ടിപ്പും എല്ലാം കൃത്യമാണ്, മനുഷ്യന് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഭൂമി ഉൾക്കൊള്ളുന്നുണ്ട്, പ്രപഞ്ച സൃഷ്ടിപ്പിന്റെ ഘടനയിൽ കൃത്യമായ ഒരു ആസൂത്രണവും ഒരു ആസൂത്രകനെയും നമുക്ക് കാണാൻ സാധിക്കുമെന്നും പറയുന്നതോടൊപ്പം ആസൂത്രണവാദത്തെ എതിർക്കുന്ന യാദൃച്ഛികതാ വാദത്തെയും ആസൂത്രണപാളിച്ചാവാദത്തെയും വ്യക്തമായി തന്നെ ഗ്രന്ഥകാരൻ ഖണ്ഡിക്കുന്നുണ്ട്. തുടർന്ന് ഡിസൈൻ ആർഗ്യുമെന്റിന്റെ വിവിധ വകഭേദങ്ങളെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും  ആർഗ്യുമെന്റിനോടുള്ള ഇസ്‍ലാമിന്റെ സമീപനരീതിയെക്കുറിച്ചും വിവരിക്കുന്നു.

രണ്ടാമത്തെ അധ്യായത്തിൽ ദൈവാസ്തിക്യത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അതിൽ അസ്തിത്വത്തിന്റെ അടിസ്ഥാനത്തിൽ യുക്തിപരമായി സാധ്യമായ മൂന്ന് തരം അസ്തിത്വത്തെക്കുറിച്ചും, അതിൽ ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുള്ള അസ്തിത്വങ്ങൾ ഇവിടെയുണ്ട് എന്നതുകൊണ്ട് അതിന് കാരണമായ അനിവാര്യ അസ്തിത്വം നിലനിൽക്കൽ യുക്തിപരമായി ആവശ്യമാണ് എന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. തുടർന്ന് പ്രപഞ്ചം എങ്ങനെ കണ്ടിൻജന്റ്  ആണ്  എന്നും ഒരു വസ്തു കണ്ടിൻജന്റ് ആണ് എങ്കിൽ മറ്റൊന്നിനെ ആശ്രയിക്കണമെന്നും അല്ലാത്തപക്ഷം യുക്തിപരമായി സാധ്യമല്ലാത്ത ഇൻഫിനിറ്റി റിഗ്രസിലേക്ക് എത്തിച്ചേരുമെന്നും  ഗ്രന്ഥകാരൻ ഈ ഭാഗത്ത് തെളിയിക്കുന്നു. മൂന്നാമത്തെ അധ്യായത്തിൽ ദൈവം സ്വയം സ്ഥാപിത സത്യമാണ് എന്നും അറിവ് ലഭ്യമാകുന്ന ജ്ഞാനശാസ്ത്രത്തിലെ  4 വഴികളിൽ മൂന്ന് വഴികളിൽ കൂടി ദൈവം ഉണ്ട് എന്ന് തെളിയിക്കാമെന്നും നാലാമത്തെ മാർഗ്ഗമായ ശാസ്ത്രത്തിന്റെ പരിധിയിൽ ദൈവം ഉൾപ്പെടുന്നില്ല എന്നും ശാസ്ത്രം ഭൗതികവും ദൈവം അഭൗതികവും ആണ് എന്നും വിവരിക്കുന്നു. തുടർന്ന് അതിൽ തന്നെ മൂന്ന് കാരണങ്ങൾ കൊണ്ട് തന്നെ നിരീശ്വരവാദം തെളിവ് സമർപ്പിക്കാൻ ബാധ്യസ്ഥമാണ് എന്നും ജ്ഞാനശാസ്ത്രത്തിലെ ഏത് വഴി ഉപയോഗിച്ചാലും നിരീശ്വരവാദത്തിന് തെളിവ് നൽകാൻ സാധിക്കുന്നില്ല എന്നും ഗ്രന്ഥകാരൻ  ഈ അധ്യായത്തിൽ വ്യക്തമാക്കുന്നു. 

രണ്ടാമത്തെ ഭാഗത്തിൽ മൂന്ന് അധ്യായങ്ങളാണ് ഉള്ളത്. ഒന്നാമത്തെ അധ്യായത്തിൽ അല്ലാഹുവിന്റെ മൂന്ന് തരം വിശേഷണങ്ങൾ ആയ സിഫാത്ത് നഫ്സിയ, സിഫാത്തുൽ മആനി, സിഫാത്തുൽ മഅ്നവിയ്യ തുടങ്ങിയവ വിശദീകരിക്കുകയും സിഫാത്തുൽ മആനിയിൽ മുഅ്തസിലികളോട് ഉള്ള വിയോജിപ്പ് വിശദീകരിക്കുകയും ചെയ്യുന്നു.  പിന്നീട് അശ്അരി സരണിയിലെ വിശ്വാസപ്രകാരം അല്ലാഹുവിനെ കുറിച്ച് അല്പം കൂടി മനസ്സിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. രണ്ടാമത്തെ അദ്ധ്യായത്തിൽ കണ്ടിൻജൻസി ആർഗ്യുമെന്റ്‌ മുന്നോട്ടുവക്കുന്ന അനിവാര്യ അസ്തിത്വത്തിന്റെ വിശേഷണങ്ങളും അല്ലാഹുവിന്റെ വിശേഷണങ്ങളും രണ്ടും ഒന്നാണെന്ന് വ്യക്തമായി സമർത്ഥിക്കുന്നു. മൂന്നാമത്തെ അധ്യായത്തിൽ ദൈവത്തിനെതിരെയുള്ള വാദങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പല വാദങ്ങളുടെയും അടിസ്ഥാനം വൈകാരികമാണെന്നും മറ്റു വാദങ്ങൾ യുക്തിരഹിതമാണെന്നും വിവരിക്കുന്നു.

ദൈവദൂതർ വരേണ്ടതുണ്ട് എന്ന മൂന്നാമത്തെ ഭാഗത്ത് രണ്ട് അധ്യായങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഭാഗത്ത് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യങ്ങളാണ് ചർച്ച ചെയ്യുന്നത്. തുടർന്ന് ഇസ്‍ലാം മുന്നോട്ട് വെക്കുന്ന ജീവിത ലക്ഷ്യവും പരലോക ജീവിതത്തിന്റെ ആവശ്യകതയും വിവരിക്കുന്നു. രണ്ടാമത്തെ അദ്ധ്യായത്തിൽ ഇന്ത്യയിൽ നബിമാർ വന്നതിനെ കുറിച്ചും ഒരു പ്രവാചകന് ഉണ്ടാകേണ്ട സവിശേഷതകളിൽ പെട്ട സത്യസന്ധത, വിശ്വാസ്യത, ബുദ്ധികൂർമ്മത, പ്രബോധനാത്മകത തുടങ്ങിയവ വിവരിക്കുകയും ചെയ്യുന്നു.  മുഹമ്മദ് നബി(സ്വ) ദൈവദൂതർ തന്നെ എന്ന നാലാമത്തെ ഭാഗത്ത് മുഹമ്മദ് നബി(സ്വ) യുടെ പ്രവാചകത്വത്തിന്റെ തെളിവുകളെ കുറിച്ചാണ് നാല് അധ്യായങ്ങളിലായി ചർച്ചചെയ്യുന്നത്. ഈ അധ്യായങ്ങളിൽ പ്രവാചകത്വം സ്ഥാപിക്കുന്ന തെളിവുകളായ നബിയുടെ സത്യസന്ധതയെ കൃത്യമായി വിശദീകരിക്കുകയും നബിക്കെതിരെയുള്ള വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നതിനോടൊപ്പം വിശുദ്ധ ഖുർആനിന്റെ അമാനുഷികതയെ കുറിച്ചും ഖുർആനും ശാസ്ത്രവും അതിൽ നിലനിൽക്കുന്ന മൂന്നു നിലപാടുകളെ കുറിച്ചും ഖുർആനിലെ പദപ്രയോഗത്തിലുള്ള കൃത്യത, ഖുർആൻ സ്വയം മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങൾ തുടങ്ങിയവയെ കുറിച്ചും വ്യക്തവും കൃത്യവുമായി വിവരിക്കുന്നു.

പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒന്നാം അധ്യായം ഇസ്‍ലാം ഉപേക്ഷിച്ചവരോടുള്ള സമീപനരീതികളെ കുറിച്ച് കൃത്യമായി ദിശാബോധം നൽകുന്നതാണ്. ഒരാൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളായി ദേഹേച്ഛ, അഹങ്കാരം, അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള നിരാശ, അപകർഷതാബോധം എന്നിവയാണെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. രണ്ടാമത്തെയും അവസാനത്തെയും  അധ്യായത്തിൽ വിശ്വാസ നിരാസത്തെ എങ്ങനെ നേരിടണമെന്ന് ചൂണ്ടിക്കാണിക്കുന്നു. പാൻഡമിക് സാഹചര്യത്തിലെ പരിഹാരമാർഗ്ഗങ്ങളോടു ഉപമിച്ചു ഗ്രന്ഥകാരൻ ഇതിനുള്ള വഴികൾ കൃത്യമായി വിവരിക്കുന്നുണ്ട്. അവസാനമായി മതനിരാസത്തോടുള്ള മനശാസ്ത്രപരമായ ചികിത്സാ രീതികളും ടിപ്പുകളും നിർദ്ദേശിച്ചു കൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. 

ഇസ്‍ലാമിന്റെ വാദങ്ങളെ കൃത്യമായി അവതരിപ്പിക്കാനും ലളിതമായ ഭാഷയിൽ അനുവാചകരിലേക് എത്തിക്കാനും ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്.  വ്യക്തമായ അവലംബങ്ങളോടെ തയ്യാറാക്കിയ കൃതി ഏറെ ഉപകാരപ്പെടും എന്ന കാര്യം അവിതർക്കിതമാണ്. ഈ അഭിനവ കാലഘട്ടത്തിൽ വിശ്വാസികളെല്ലാം വായിച്ചിരിക്കേണ്ടതും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ വായനക്കാരെ പ്രാപ്തമാക്കുന്നതുമാണ് ഈ പുസ്തകം. ഫാരിസ് പി.യുവിന്റെ ആദ്യത്തെ രണ്ട് കൃതികള്‍ പ്രസിദ്ധീകരിച്ച ബുക്ക്‌ പ്ലസ് തന്നെയാണ് ഈ പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. 280 പേജ് ഉൾക്കൊള്ളുന്ന പുസ്തകത്തിന് ₹230 രൂപയാണ് വില.

ഇസ്‍ലാമിക വിശ്വാസം  വളരെ ലളിതമായും സമഗ്രമായും അവതരിപ്പിച്ച ഗ്രന്ഥകാരനും പ്രസാധകർക്കും അഭിനന്ദനങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter