ഇസ്‍ലാമിക നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ - മലയാളത്തിലെ ആദ്യ മഖാസിദീ ബ്രഹദ് രചന
മനുഷ്യന്റെ ഭൗതികവും ആത്മികവുമായ മുഴുവന്‍ നന്മകളിലേക്കും ഉള്ള വഴിയാണ് ഇസ്‍ലാമിക ശരീഅത്ത്. മനുഷ്യനെയും അവന്റെ മുഴുവന്‍ ആവാസ വ്യവസ്ഥകളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന യുക്തിമാനായ (അല്‍ഹകീം) ആയ അല്ലാഹു കനിഞ്ഞേകിയ ജീവിത വ്യവസ്ഥയാണത്. ശരീഅതിന്റെ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്, അത് മനുഷ്യത്വ വിരുദ്ധവും പിന്തിരിപ്പനും ആണെന്ന ധാരണയിലെത്തിക്കുന്നത്. ഇവിടെയാണ് മഖാസിദുശ്ശരീഅഃ എന്ന പഠന ശാഖക്ക് പ്രസക്തിയേറുന്നത്. ആഗോള ഇസ്‍ലാമിക പഠന മേഖലയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മഖാസിദീ ചര്‍ച്ചകളെ ആധികാരികവും സ്പഷ്ടവുമായി മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ബുക്പ്ലസ് പ്രസിദ്ധീകരിച്ച 'മഖാസിദുശ്ശരീഅ; ഇസ്‍ലാമിക നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങള്‍' എന്ന ഗ്രന്ഥം.
ഏഴ് അധ്യായങ്ങളിലായി മഖാസിദുശ്ശരീഅഃയുടെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതി തദ്വിഷയകമായി മലയാളത്തില്‍ എഴുതപ്പെട്ട ആദ്യ ബൃഹദ് ഗ്രന്ഥമാണ്. ദാറുല്‍ ഹുദാ ഇസ്‍ലാമിക യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആയിരുന്ന ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറിയാണ് ഗ്രന്ഥകാരന്‍.
ഇസ്‍ലാമിക ശരീഅത്തിന്റെ ഓരോ നിയമങ്ങളും, ദീന്‍ (മതം), നഫ്‌സ് (ശരീരം), നസ്‍ല് (സന്താനം), അഖ്ല്‍ (ബുദ്ധി), ധനം (മാല്‍) എന്നിവയുടെ സംരക്ഷണത്തിനോ പരിപോഷണത്തിനോ വേണ്ടിയുള്ളതാണെന്നും അത്തരം ലക്ഷ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഏറെ പ്രസക്തമാണെന്നും ഒന്നാം അദ്ധ്യായത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഉദാഹരണങ്ങള്‍ എടുത്തുദ്ധരിക്കുക വഴി മഖാസിദീ പഠനങ്ങള്‍ കേവലം ആധുനിക സൃഷ്ടി മാത്രമല്ലെന്ന് കൃതി പറഞ്ഞ് വെക്കുന്നു. ഇമാം ഗസാലി, ഇമാം ശാത്വിബി തുടങ്ങിയ പരമ്പരാഗത പണ്ഡിതര്‍ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെയാണ് ആധുനിക മഖാസിദീ ചര്‍ച്ചകളുടെ മുഖ്യധാര ഇന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടാം അദ്ധ്യായത്തില്‍, മഖാസിദീ പഠനങ്ങളുടെ ചരിത്രപരമായ വളര്‍ച്ചാ ഘട്ടങ്ങളും അതിന് മുന്നില്‍ നിന്ന് നയിച്ച പണ്ഡിതന്മാരും അവരുടെ കൃതികളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പിന്നീടുള്ള പേജുകളില്‍ ആത്യന്തിക വിവിധ രീതിയില്‍ വര്‍ഗീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ലക്ഷ്യങ്ങളുടെ പ്രാധാന്യം അനുസരിച്ച് ളറൂരിയ്യാത്ത്, ഹാജിയ്യാത്ത്, തഹ്‌സീനിയ്യാത്ത്, മുകമ്മിലാത്ത് എന്നും വ്യാപ്തി പരിഗണിച്ച് അല്‍ മഖാസിദുല്‍ ആമ്മഃ, അല്‍ മഖാസിദുല്‍ ഖാസ്സഃ എന്നും സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പരിഗണിച്ച് അല്‍ മഖാസിദുല്‍ കുല്ലിയ്യഃ, അല്‍ മഖാസിദുല്‍ ജുസ്ഇയ്യഃ എന്നും തരം തിരിക്കുന്നതിനെ കുറിച്ചുള്ള വിശാലമായ ചര്‍ച്ച ഈ കൃതി നടത്തുന്നുണ്ട്. ഓരോന്നിനെയും നിത്യ ജീവിതത്തിലെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള വിശദീകരണം വായനയെ ആയാസരഹിതമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
മേല്‍ സൂചിപ്പിക്കപ്പെട്ട അടിസ്ഥാന പഞ്ച ലക്ഷ്യങ്ങള്‍ക്കായി പ്രത്യേകമൊരു അദ്ധ്യായം തന്നെ മാറ്റി വെച്ചിട്ടുണ്ട്. അവയോരോന്നിന്റെയും അര്‍ത്ഥവും അവയെ സംരക്ഷിക്കുന്നതിനാവശ്യമായ സൃഷ്ടിപരവും പ്രതിരോധ പരവുമായ മാര്‍ഗങ്ങളെ കുറിച്ചും വാചാലമാവുന്നുണ്ട് കൃതി.മഖാസിദീ ചര്‍ച്ചകളും ഫിഖ്ഹുല്‍ ഔലവിയ്യാത്ത് എന്നറിയപ്പെടുന്ന മുന്‍ഗണനാ കര്‍മശാസ്ത്രവും തമ്മിലുള്ള ബന്ധം വലിയൊരു ചര്‍ച്ചയാണ്. അടിസ്ഥാന പഞ്ചലക്ഷ്യങ്ങളെ ക്രമീകരിക്കുന്നതിനെ കുറിച്ച് ഉദാഹരണ സഹിതം പ്രതിപാദിക്കുന്ന രചയിതാവ് തെറ്റായ മുന്‍ഗണനാ ക്രമങ്ങള്‍ ആധുനിക മുസ്‍ലിംകളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുന്നുവെന്നും നിരീക്ഷിക്കുന്നുണ്ട്.മഖാസിദുകള്‍ മാത്രം വെച്ച് ഇജ്തിഹാദ് ചെയ്യുക എന്നത് ഇത്തരം പഠനങ്ങളുടെ ലക്ഷ്യമല്ലെന്ന് വായനക്കാരെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം, അങ്ങനെയുള്ള ഇജ്തിഹാദുകള്‍ പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന വായന കൂടി നടത്തുന്നുണ്ട് ഗ്രന്ഥകാരന്‍.
കേവലം ദീനീ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക എന്നതിലുപരി ആധുനിക സമസ്യകള്‍ക്കുള്ള പരിഹാരമായും സര്‍വ്വതോന്മുഖ പുരോഗതിയുടെ അടിസ്ഥാനമായും മഖാസിദീ പഠനങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയെ കുറിച്ചും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന അത്തരം ശ്രമങ്ങളെ കുറിച്ചും വിശദീകരിക്കുന്ന കൃതി നിത്യജീവിതത്തിലെ കര്‍മങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു കൊണ്ടാണ് അവസാനിക്കുന്നത്.
ഇത്രയും ബൃഹത്തായ ഒരു വിഷയത്തിന്റെ മുഴുവന്‍ ചര്‍ച്ചകളിലേക്കും ഈ ചെറു കൃതിയിലൂടെ വെളിച്ചം വീശാന്‍ സാധിച്ചു എന്നത് ഗ്രന്ഥകാരന്റെ വിജയമാണ്. ആധുനിക ഇസ്‍ലാമിക പഠനങ്ങളില്‍ തല്‍പരരായ എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണ് 'മഖാസിദുശ്ശരീഅഃ ഇസ്‍ലാമിക നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ എന്ന ഗ്രന്ഥം.
നൂറ്റിഅറുപത്തിയേഴ് പേജുകളുള്ള പുസ്തകത്തിന് 170 ആണ് വില.
Leave A Comment