ആധുനിക ന്യൂറോസയൻസും ഖുർആനിക വെളിപാടുകളും: ഡോ. അബ്ദുറഹ്മാൻ മക്ബ്രൈഡിന്റെ പരിവർത്തന യാത്ര

ആധുനിക ശാസ്ത്രവും പുരാതനമായ മതഗ്രന്ഥങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യചരിത്രത്തിൽ എക്കാലവും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുള്ള ഒന്നാണ്. ശാസ്ത്രം പുരോഗമിക്കും തോറും പല പുരാതന വിശ്വാസങ്ങളും തിരുത്തപ്പെടാറുണ്ടെങ്കിലും, വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന ശാസ്ത്രീയ സൂചനകൾ പലപ്പോഴും ആധുനിക കണ്ടുപിടുത്തങ്ങളെ ശരിവെക്കുന്നതായാണ് കാണപ്പെടുന്നത്. അത്തരത്തിൽ പലപ്പോഴും ശാസ്ത്രീയമായ അന്വേഷണങ്ങൾ ആത്മീയമായ തിരിച്ചറിവുകളിലേക്ക് നയിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്. ഇത്തരത്തിൽ ഒരു ശാസ്ത്രജ്ഞന്റെ ബുദ്ധിയും ആത്മീയ തൃഷ്ണയും ഒരുപോലെ സംഗമിച്ച അപൂർവ്വമായ ഒരു ജീവിതമാണ് ഡോ. ഡാനിയൽ മക്ബ്രൈഡിന്റേത്. അമേരിക്കയിലെ ഒരു ശരാശരി കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അദ്ദേഹം, തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സ്രഷ്ടാവിനെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെക്കുറിച്ചും ഗൗരവകരമായി ചിന്തിച്ചിരുന്നു.

ന്യൂയോർക്കിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ഡാനിയൽ മക്ബ്രൈഡ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കത്തോലിക്കാ സ്കൂളുകളിലായിരുന്നു. മതപരമായ ചിട്ടകളിലും വിശ്വാസങ്ങളിലും അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. എങ്കിലും, കൗമാരപ്രായത്തിൽ തന്നെ ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ചില പ്രധാന ആശയങ്ങളിൽ അദ്ദേഹം സംശയാലുവായിരുന്നു. പ്രത്യേകിച്ച്, 'ത്രിത്വവാദം' (Trinity) അദ്ദേഹത്തിന് യുക്തിപരമായി ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. Am I really worshipping God the right way? Why do we believe in three gods? Which one runs the universe? ദൈവം ഏകനാണെന്ന് വിശ്വസിക്കുമ്പോൾ തന്നെ എന്തിനാണ് നാം മധ്യവർത്തികളോടും വിഗ്രഹങ്ങളോടും പ്രാർത്ഥിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തിന്റെ ഉള്ളിൽ സജീവമായിരുന്നു. "സ്രഷ്ടാവ് പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചുവെങ്കിൽ, നാം സ്രഷ്ടാവിനെ നേരിട്ട് ആരാധിക്കുന്നതിന് പകരം മറ്റുള്ളവരോട് പ്രാർത്ഥിക്കുന്നത് എന്തിനാണ്?" എന്ന ചിന്ത അദ്ദേഹത്തെ തന്റെ മതപരമായ വേരുകളിൽ നിന്ന് മാനസികമായി അകറ്റി.

ഒരു കായികാധ്യാപകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ച മക്ബ്രൈഡ്, പിന്നീട് വൈദ്യശാസ്ത്ര രംഗത്തേക്ക് തിരിയുകയും Functional Neurology, Chiropractic എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടുകയും ചെയ്തു. മനുഷ്യ ശരീരത്തിന്റെ, പ്രത്യേകിച്ച് നാഡീവ്യൂഹത്തിന്റെയും തലച്ചോറിന്റെയും സങ്കീർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തിന് പ്രപഞ്ചത്തിന്റെ കൃത്യമായ രൂപകൽപ്പനയെക്കുറിച്ച് കൂടുതൽ ബോധ്യം നൽകി.

ഡോ. മക്ബ്രൈഡിന്റെ സത്യത്തിലേക്കുള്ള യാത്ര ലളിതമായ ഒരു മതം മാറ്റമായിരുന്നില്ല. കാരണം, ഒരു ഗവേഷകൻ തന്റെ വിഷയത്തെ സമീപിക്കുന്നത് പോലെ അതീവ ശ്രദ്ധയോടെയും വസ്തുതാപരമായും ആയിരുന്നു അദ്ദേഹം ഇസ്‌ലാമിനെ പഠിച്ചത്. ഇതിനായി അദ്ദേഹം സ്വീകരിച്ച മാർഗങ്ങൾ പല രീതികളിലാണ്.

തന്റെ പഠനകാലത്ത് അദ്ദേഹം മാൽക്കം എക്സിന്റെ ആത്മകഥ വായിക്കാനിടയായി. ആഫ്രിക്കൻ-അമേരിക്കൻ വിമോചന നായകനായ മാൽക്കം എക്സിന്റെ ജീവിതം എങ്ങനെ ഇസ്‌ലാം മാറ്റിമറിച്ചു എന്നതും, ഇസ്‌ലാമിന് കീഴിൽ വംശീയതയ്ക്ക് സ്ഥാനമില്ല എന്ന കാര്യവും അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചു. എങ്കിലും, അന്നത്തെ 'നേഷൻ ഓഫ് ഇസ്‌ലാം' പ്രസ്ഥാനത്തിന്റെ വംശീയ നിലപാടുകളോട്, പ്രത്യേകിച്ചും കറുത്ത വർഗ്ഗക്കാർക്ക് മാത്രം മുൻഗണന നൽകുന്ന രീതികൾ,  ഒരു വെള്ളക്കാരനായ അദ്ദേഹത്തിന് യോജിക്കാൻ കഴിഞ്ഞില്ല. അതേസമയം, യഥാർത്ഥ ഇസ്‌ലാം ഇതല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, അത് എന്താണെന്ന് അറിയാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തിലായിരുന്നു.

അങ്ങനെയിരിക്കെയാണ്, തന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന് വിശുദ്ധ ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിക്കുന്നത്. തന്റെ മുൻവിധികളെയെല്ലാം മാറ്റിവെച്ച് ഒരു ശാസ്ത്രജ്ഞന്റെ കണ്ണിലൂടെ അദ്ദേഹം ആ ഗ്രന്ഥത്തെ വായിക്കാൻ തുടങ്ങി. ബൈബിളിലെ പല പ്രവാചകന്മാരെയും ഖുർആനിലും കണ്ടെങ്കിലും, ഖുർആൻ അവരെ അവതരിപ്പിച്ച രീതി കൂടുതൽ വ്യക്തവും തർക്കരഹിതവുമാണെന്ന് അദ്ദേഹം കണ്ടെത്തി. പ്രത്യേകിച്ച്, അല്ലാഹു ഏകനാണെന്നും അവന്‍ ആരെയും ജനിപ്പിച്ചിട്ടില്ലെന്നും അവന്‍ ജനപ്പിക്കപ്പെട്ടവനല്ലെന്നുമുള്ള, സൂറതുല്‍ ഇഖ്‍ലാസിലെ വചനങ്ങൾ.

അദ്ദേഹത്തിന്റെ യുക്തിക്ക്, പ്രധാനമായും Am I really worshipping God the right way? Why do we believe in three gods? Which one runs the universe? എന്ന ചോദ്യങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടികളായിരുന്നു അവ. ഖുർആൻ അവതരിപ്പിക്കുന്ന 'തൗഹീദ്' അഥവാ ഏകദൈവ വിശ്വാസം അദ്ദേഹത്തിന്റെ ബൗദ്ധികമായ ശൂന്യതയെ നികത്താന്‍ പക്വമായിരുന്നു. ത്രിത്വവാദത്തിലെ സങ്കീർണ്ണതകളോ വിഗ്രഹങ്ങളോ മധ്യവർത്തികളോ ഇല്ലാതെ സ്രഷ്ടാവിനെ നേരിട്ട് ആരാധിക്കാം എന്ന സത്യം അദ്ദേഹത്തിന് വലിയ ആശ്വാസം നൽകി. പ്രവാചകന്മാർ കേവലം മനുഷ്യരാണെന്നും സ്രഷ്ടാവ് ഏകനാണെന്നുമുള്ള ലളിതമായ സമവാക്യം അദ്ദേഹത്തിന്റെ ശാസ്ത്രീയ മനസ്സിന് സ്വീകാര്യമായി.

തന്റെ കരിയറിലുടനീളം അദ്ദേഹം പഠിച്ച തലച്ചോറിന്റെ ഘടനയെക്കുറിച്ചുള്ള അറിവുകളെ ഖുർആനിലെ സൂക്തങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. 7-ാം നൂറ്റാണ്ടിൽ മണലാരണ്യത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യന് ആധുനിക വൈദ്യശാസ്ത്രം പോലും അടുത്ത കാലത്ത് കണ്ടെത്തിയ വിവരങ്ങൾ എങ്ങനെ പറയാൻ കഴിയും എന്നതായിരുന്നു, തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ കാതൽ. ഈ ആഴത്തിലുള്ള പഠനത്തിന്റെ ഫലമായി ഡോ. മക്ബ്രൈഡ് നടത്തിയ കണ്ടെത്തലുകൾ അതിശയിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പരിവർത്തനത്തിന് കാരണമായ ഏറ്റവും പ്രധാനപ്പെട്ടതും ആ “റിസൾട്ടുകൾ” ആയിരുന്നു.

ഖുർആനിലെ 96-ാം അധ്യായമായ സൂറ അൽഅലഖിലെ 15, 16 വചനങ്ങൾ വായിച്ചപ്പോൾ അദ്ദേഹം സ്തംഭിച്ചുപോയി:

كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ . نَاصِيَةٍۢ كَـٰذِبَةٍ خَاطِئَةٍۢ

വേണ്ട, ഇപ്പണി അവൻ നിർത്തുന്നില്ലെങ്കിൽ വ്യാജം പറയുകയും പാപമനുവർത്തിക്കുകയും ചെയ്യുന്ന അവന്റെ കുടുമ നാം പിടിച്ച് നരകത്തിലേക്ക് വലിക്കുക തന്നെ ചെയ്യും.

ഒരു സാധാരണക്കാരന് ഇതിൽ വലിയ അത്ഭുതം തോന്നില്ലെങ്കിലും, ഒരു ന്യൂറോസയന്റിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഇതിൽ കണ്ടത് വലിയൊരു ശാസ്ത്രീയ സത്യമാണ്. മനുഷ്യന്റെ തലച്ചോറിലെ Prefrontal Cortex സ്ഥിതി ചെയ്യുന്നത് നെറ്റിയുടെ തൊട്ടുപിന്നിലായി, അഥവാ കുടുമ (Forelock) ഭാഗത്താണ്. അദ്ദേഹത്തിന്റെ നിഗമനം, ആധുനിക ന്യൂറോസയൻസ് പ്രകാരം, ഒരു മനുഷ്യൻ കള്ളം പറയുന്നത്, തെറ്റായ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്, തീരുമാനങ്ങൾ എടുക്കുന്നത്, സ്വഭാവം നിയന്ത്രിക്കുന്നത്, എന്നിങ്ങനെയുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് തലച്ചോറിന്റെ ഈ ഭാഗം ഉപയോഗിച്ചാണ്.

ഈ ഖുർആനിക പ്രസ്താവന അദ്ദേഹത്തെ ഏറെ അത്ഭുതപ്പെടുത്തി. കാരണം, 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആൻ ഈ ഭാഗത്തെ "അസത്യവാദി" എന്നും "തെറ്റുകാരൻ" എന്നും വിശേഷിപ്പിച്ചത് വെറുമൊരു പരാമര്‍ശമല്ല, മറിച്ച് കൃത്യമായ ശരീരശാസ്ത്രപരമായ വസ്തുതയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. "There’s no way we knew that 1500 years ago" 1500 വർഷങ്ങൾക്ക് മുമ്പ് ഇത് അറിയാൻ ഒരു വഴിയുമില്ലായിരുന്നു എന്ന് അദ്ദേഹം തന്റെ അഭിമുഖങ്ങളിൽ  സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഈ കണ്ടെത്തലുകൾ നൽകിയ ബോധ്യത്തിൽ, 1995-ൽ അദ്ദേഹം ഒരു പ്രാദേശിക ഇമാമിനെ ഫോണിൽ വിളിക്കുകയും ഇസ്‍ലാം ആശ്ലേഷിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കുകയും തന്റെ പേര് 'അബ്ദുറഹ്മാൻ' എന്ന് മാറ്റുകയും ചെയ്തു.

പരിവർത്തനത്തിന് ശേഷമുള്ള ഡോ. അബ്ദുറഹ്മാൻ മക്ബ്രൈഡിന്റെ ജീവിതം വിശ്വാസവും ശാസ്ത്രവും എങ്ങനെ ഒന്നിച്ച് പോവാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇസ്‌ലാം സ്വീകരിച്ചതോടെ തന്റെ ജീവിതം കൂടുതൽ എളുപ്പമായതായി അദ്ദേഹം പറയുന്നു. ഖുർആൻ നൽകുന്ന വ്യക്തമായ അതിർവരമ്പുകൾ (ഹലാൽ - ഹറാം) അദ്ദേഹത്തിന് മാനസികമായ സമാധാനവും ധൈര്യവും നൽകി. "നമ്മുടെ ജീവിതത്തിൽ നിയമങ്ങൾ ഉണ്ടാകുമ്പോൾ അത് സങ്കീർണ്ണതകൾ ഒഴിവാക്കുന്നു" എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഒരു പിതാവ് എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും തന്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ ഖുർആനിക അധ്യാപനങ്ങൾ ഏറെ സഹായിച്ചതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

വെള്ളക്കാരനായ ഒരു കത്തോലിക്കൻ ഇസ്‌ലാം സ്വീകരിച്ചത്, തുടക്കത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായ വിനയവും ലാളിത്യവും ജീവിതത്തിലെ അച്ചടക്കവും അവരെ സ്വാധീനിച്ചു. കാലക്രമേണ, അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരനും ഇസ്‌ലാം സ്വീകരിച്ചു എന്നത് ഈ പരിവർത്തനത്തിന്റെ വലിയൊരു വിജയമായി കണക്കാക്കാം. ഇസ്‌ലാം ഒരു വ്യക്തിയെ എങ്ങനെ പോസിറ്റീവായി മാറ്റുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവായി അദ്ദേഹം.

തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അദ്ദേഹം "Who is right, who is wrong and why?" എന്ന പുസ്തകം രചിച്ചു. ഇസ്‌ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവയിലെ വിശുദ്ധ ഗ്രന്ഥങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഈ പഠനം വലിയ ശ്രദ്ധ പിടിച്ചുപറ്റി. അമുസ്‌ലിംകൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താൻ ബൈബിളിനെ തന്നെ ഒരു പാലമായി ഉപയോഗിക്കുകയായിരുന്നു മക്‌ബ്രൈഡ് ചെയ്തത്. ക്രൈസ്തവരും യഹൂദരും വിശ്വസിക്കുന്ന പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വചനങ്ങളെ ഖുർആനിക വീക്ഷണത്തിലൂടെ വിശകലനം ചെയ്യുകയാണ് അദ്ദേഹം ഇതിൽ. ബൈബിളിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, യേശുക്രിസ്തുവിന്റെ യഥാർത്ഥ പ്രബോധനവും മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രവചനങ്ങളും ബൈബിളിൽ എവിടെയൊക്കെ ഉണ്ടെന്ന് അദ്ദേഹം തെളിവുകൾ സഹിതം വിശദീകരിക്കുന്നുണ്ട്. തങ്ങൾ വിശ്വസിക്കുന്ന വേദപുസ്തകത്തിലൂടെ തന്നെ ഇസ്‌ലാമിന്റെ സത്യത മനസ്സിലാക്കാൻ ഈ ശൈലി അമുസ്‌ലിംകളെ സഹായിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. കൂടാതെ "God’s Health Care Initiative" എന്ന പുസ്തകം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലൂടെ ഇസ്‌ലാമിക ജീവിതരീതിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. തന്റെ ഔദ്യോഗിക ക്ലിനിക്കിലും വിശ്വാസത്തെയും ശാസ്ത്രത്തെയും കൂട്ടിയിണക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

ഖുർആൻ ആവർത്തിച്ചു പറയുന്ന "ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്" എന്ന വചനം ഡോ. മക്ബ്രൈഡിന്റെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി എന്ന് പറയാം. മുൻവിധികളില്ലാതെ സത്യത്തെ തിരയുന്നവർക്ക്, ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തന്നെ സത്യം കണ്ടെത്താൻ കഴിയും എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം ആധുനിക ലോകത്തിന് നല്കുന്നത്. അന്ധമായ അനുകരണത്തിന് പകരം ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്ന് ഡോ. അബ്ദുറഹ്മാൻ മക്ബ്രൈഡ് ലോകത്തിന് കാട്ടിക്കൊടുക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter