മുസ്‍ലിം വിദ്വേഷം, ചങ്ങലകള്‍ക്കും ഭ്രാന്ത് പിടിക്കുന്നുവല്ലോ

മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്റൂമില്‍ നടന്ന രംഗങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. അദ്ധ്യാപകൻ ഒരു മുസ്‌ലിം വിദ്യാർത്ഥിയെ തീവ്രവാദി എന്നും മുംബൈ തീവ്രവാദ ആക്രമണത്തിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട കസബിന്റെ പേരും വിളിച്ച് അപമാനിക്കുന്നതാണ് രംഗം. ഇത് കേട്ട വിദ്യാര്‍ത്ഥി അധ്യാപകനോട് ശക്തമായി തന്നെ പ്രതികരിക്കുന്നു. സോറി, ഞാൻ തമാശക്ക് പറഞ്ഞതാണ് എന്ന് ക്ഷമാപണം നടത്തിയപ്പോള്‍ ആ കുട്ടി പറയുന്നത്, അല്ല.. ഇത് തമാശയല്ല.. തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല, ഇതെല്ലാം സഹിച്ച് ഇന്ത്യയില്‍ ഒരു മുസ്‍ലിമായി ജീവിക്കുക എന്നത് ഒരിക്കലും ഒരു തമാശയല്ല. സോറി എന്ന് പറയുകയല്ലാതെ, ആ പദം താങ്കളുടെ ചിന്താഗതിയില്‍ ഒരു മാറ്റവും വരുത്തുന്നില്ല. നിങ്ങള്‍ ഇവിടെ പ്രകടിപ്പിക്കുന്നത് നിങ്ങളെത്തന്നെയാണ്. 

അധ്യാപകരാണ് സമൂഹത്തെ വഴി നടത്തേണ്ടവര്‍. സമൂഹത്തിന്റെ ഏത് മേഖലയിലും മൂല്യഛ്യുതിയും ശോഷണവും സംഭവിച്ചാലും അധ്യാപകരിലാണ് അവസാന പ്രതീക്ഷ. അവരാണ്, വരും തലമുറകളെ വളര്‍ത്തിയെടുക്കുന്നവര്‍. രാജ്യത്തിന്റെ ഭാവി തലമുറയും അതിലൂടെ രാജ്യത്തിന്റെ തന്നെ ഭാവിയും എങ്ങനെ ആവണമെന്ന് സംവിധാനിക്കുന്നത് അവരാണ്. നല്ല അധ്യാപകര്‍ നിലനില്‍ക്കുന്ന കാലത്തോളം, ഏത് അന്ധകാരങ്ങള്‍ക്കിടയിലും ശുഭപ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് വകയുണ്ട്. അതേ സമയം, അധ്യാപകരില്‍ മൂല്യശോഷണം വന്നുപോയാല്‍, ഭാവി പോലും ഇരുളടഞ്ഞതായി മാറും.

ഈ സര്‍വ്വകലാശാല അധ്യാപകന്റെ വാക്കുകളിലൂടെ പ്രകടമായ മനോരോഗം രാജ്യത്തിന് നല്കുന്നത് ഇരുട്ടിന്റെ സന്ദേശമാണ്. തന്റെ ശിഷ്യര്‍ക്കിടയില്‍ അവിചാരിതമായെങ്കിലും ഇത്തരം പ്രയോഗങ്ങളുണ്ടാവുമ്പോള്‍ തിരുത്തിക്കൊടുക്കേണ്ട അധ്യാപകനാണ്, അത്രയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തന്റെ മകനെപ്പോലെ കാണേണ്ട വിദ്യാര്‍ത്ഥിയെ പരസ്യമായി തീവ്രവാദി എന്ന് വിളിക്കുന്നത്. കൃത്യസമയത്ത് ആ വിദ്യാര്‍ത്ഥി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍, അത് അയാള്‍ ഇനിയും ആവര്‍ത്തിക്കുമായിരുന്നു. അതോടൊപ്പം, ഇതര മതസ്ഥരായ ശിഷ്യരിലേക്കും അത് സംവേദനം ചെയ്യപ്പെടുകയും അവരുടെ നാവുകളിലും അതൊരു സാധാരണ പ്രയോഗമായി മാറുകയും ചെയ്യുമായിരുന്നു. 

നിശ്ശബ്ദതയാണ് ഫാഷിസത്തിന്റെ ഏറ്റവും വലിയ ആയുധം. തങ്ങള്‍ ലക്ഷ്യമാക്കുന്ന സമുദായത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും അവരെ പ്രതികരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. അവര്‍ക്കിടയില്‍ നിന്നുണ്ടാവുന്ന പ്രതികരണങ്ങളെപോലും വലിയ നിയമലംഘനവും ദേശദ്രോഹവുമായി ചാപ്പ കുത്തി അതും തുടരാക്രമണങ്ങള്‍ക്കുള്ള ആയുധങ്ങളായി മാറ്റുന്നു അവര്‍. അതേ സമയം, പുറത്ത് ഇതെല്ലാം കണ്ടുനില്‍ക്കുന്ന ഇതര സമൂഹങ്ങളുണ്ടാവും. അവരുടെ പ്രതികരണങ്ങളെയും എതിര്‍ശബ്ദങ്ങളെയും തീര്‍ച്ചയായും അവര്‍ ഭയക്കും. അത് കൊണ്ട് തന്നെ അവരുടെ നിശബ്ദതയാണ് ഫാഷിസത്തിന് ആവശ്യം. 

അധ്യാപകന്റെ ചിന്താഗതിക്കെതിരെ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥിയില്‍ പ്രതീക്ഷയുണ്ട്. ആ അധ്യാപകന്റെ മനസ്ഥിതിയില്‍ മാറ്റും വരാം എന്നത് കൊണ്ടല്ല അത്. മറിച്ച്, ആ പ്രതികരണത്തിലൂടെ സഹപാഠികള്‍ക്ക് അവന്‍ നല്കുന്നത് പ്രതികരണത്തിന്റെ സന്ദേശമാണ്. ഭാവിയില്‍ തങ്ങളുടെ കൂട്ടത്തിലൊരാളെ കുറിച്ച് അത്തരം അപവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാന്‍ അത് അവരെയും പ്രേരിപ്പിച്ചേക്കാം. അതിലൂടെ, അക്രമകാരികളോട്, അരുതെന്ന് പറയുന്ന ഒരു സമൂഹം നമ്മുടെ രാജ്യത്ത് ബാക്കിയാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter