മോദിക്കറിയുമോ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന്റെ വേദന?

ദീര്‍ഘ കാലത്തെ മൗനത്തിനു ശേഷം പശുഭീകരവാദത്തെക്കുറിച്ച് മോദി വാ തുറന്നിരിക്കുന്നു. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള  ഗോശാലാ ട്രസ്റ്റിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കിയത്. 

ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട രണ്ടു ഡസനിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിര്‍ദാക്ഷിണ്യം കൊല്ലാക്കൊല ചെയ്യപ്പെടുകയും രാജ്യത്തും പുറത്തും ഇത് ചര്‍ച്ചാവിഷയമാകുകയും ചെയ്തപ്പോള്‍ മാത്രമാണ് ഇവ്വിഷയകമായി പ്രസ്താവനയിറക്കാന്‍ തയ്യാറായിരിക്കുന്നത്. അതുതന്നെ, കുറ്റവാളികള്‍ക്കു നേരെയുള്ള നിയമനടപടികളെക്കുറിച്ച് യാതൊന്നും സൂചിപ്പിക്കുകപോലും ചെയ്യാത്തവിധം, എവിടെയും തട്ടാത്ത നിലക്ക്, തികച്ചും തന്ത്രപരമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. 

രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മാത്രം ഉന്നംവെക്കുന്ന ഈ ഭീഷണിയെ തുടച്ചുമാറ്റും വിധം എന്നോ നിയമനിര്‍മാണം വരെ നടത്തി പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ആള്‍ ഇത്രയും കാലം അപകടകരമായ മൗനം പാലിച്ചത് ഇതിനു പിന്നിലെ നിഗൂഢമായ അജണ്ടയാണ് വ്യക്തമാക്കുന്നത്. കാലികളുടെ അറവ് നിരോധിച്ച സര്‍ക്കാര്‍ അത് ചെയ്യുന്നവരെ വകരുത്താനുള്ള മൗനാനുവാദം പാര്‍ട്ടിക്കാര്‍ക്ക് നല്‍കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ് ഒന്നും രണ്ടുമല്ല, പത്തും പതിനഞ്ചും കൊലകള്‍ നടന്നിട്ടും മോദി മി്ണ്ടാതിരുന്നത്. പിന്നീടത് രാജ്യത്തും പുറത്തും വ്യാപക ചര്‍ച്ചയായതോടുകൂടെ മാത്രമാണ് മോദി മുഖം മിനുക്കാന്‍ പുറത്തുവന്നത്. അതുതന്നെ തികച്ചും കപടമായ മുഖത്തുടുകൂടെയും.

ഗാന്ധിസത്തിന്റെ മഹത്വവും അഹിംസയുടെ പോരിഷയും പറയുകയല്ല, കൊലയാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് മോദി ഈ സമയം ചെയ്യേണ്ടിയിരുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തും എത്രയെത്ര കുടുംബങ്ങളാണ് കുടുംബനാഥനെയോ ഭര്‍ത്താവിനെയോ മകനെയോ നഷ്ടപ്പെട്ട് വേദന കടിച്ചമര്‍ത്തുന്നത്. ഇത് കാണാന്‍ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

മോദിയുടെ പ്രസ്താവന കേവലം പ്രഹസനം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് അതേ ദിവസം തന്നെ ജാര്‍ഖണ്ഡില്‍ വീണ്ടും പശുവിന്റെ പേരില്‍ കൊല നടന്നിരിക്കുന്നുവെന്നത്. പ്രസ്താവനയുടെ ചൂട് മാറുന്നതിനു മുമ്പുതന്നെ ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡ് ജില്ലയിലെ ബജാര്‍ത്തന്‍ഡ് ഗ്രാമത്തില്‍ അലീമുദ്ദീന്‍ വധിക്കപ്പെട്ടിരിക്കുന്നു.

കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയാണ് മോദി ചെയ്യേണ്ടത്. അല്ലാതെ, അഹിംസയുടെ മഹത്വം പാടുകയല്ല. ബി.ജെ.പി ഭരണകൂടത്തിന്റെ മൗനസമ്മതമാണ് രാജ്യത്ത് സംഘികള്‍ അഴിഞ്ഞാടാന്‍ കാരണമെന്നത് പകല്‍വെളിച്ചംപോലെ വ്യക്തമായ കാര്യമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ രംഗത്ത് വരാത്ത കാലത്തോളം രാജ്യത്ത് ഈ ദുരന്തം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ന്യൂനപക്ഷ വിരുദ്ധത മാറ്റി നിര്‍ത്തി സര്‍ക്കാര്‍ ഇതിന് ചെങ്കൂറ്റം കാണിക്കുകയാണ് വേണ്ടത്. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter