നാഇല ഹാശിം സ്വബ്‍രി, ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ സ്ത്രീ സാന്നിധ്യം

വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനങ്ങള്‍ രചിച്ചവര്‍ ഏറെയാണ്. പുരുഷന്മാരെപ്പോലെ പല സ്ത്രീകളും ആ രംഗത്ത് ചുവടുവെപ്പുകള്‍ നടത്തി നോക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം എഴുതിയ ആദ്യത്തെ വനിതയാണ് നാഇല ഹാശിം സ്വബ്‍രി. സ്വപ്നവും ആത്മവീര്യവും ആയുധമാക്കിയാണ് നാഇല സ്വബ്‍രി ഈ മേഖലയില്‍ തന്റെ ചുവടുറപ്പിച്ചതും തനതായ മുദ്രകള്‍ പതിപ്പിച്ചതും. 

ഇരുപത് വർഷത്തെ പ്രയത്നം കൊണ്ട് ശൈഖ നാഇല രചിച്ചത്, പതിനൊന്ന് വാല്യങ്ങളുള്ള, അൽമുബ്സ്വിറു ബിനൂരിൽ ഖുർആൻ എന്ന പേരിലറിയപ്പെട്ട പരിശുദ്ധ ഖുർആനിൻറെ വ്യാഖ്യാനമായിരുന്നു. ആ നാട്ടിലെ സ്ത്രീകൾക്ക് ഫത്‍വ നൽകുന്ന പണ്ഡിത പ്രതിഭ കൂടിയായിരുന്നു ഇവർ. 150 ഓളം തഫ്സീർ ഗ്രന്ഥങ്ങളിലൂടെ ഖുർആനിക വെളിച്ചം ആഴത്തിൽ ഹൃദ്യസ്ഥമാക്കിയ ഇവർ, ഹദീസുകളും മറ്റു കിതാബുകളും നിരന്തരം പഠനാസ്പദമായി ഗവേഷണം ചെയ്തിരുന്നു. ജെറുസലേമിലെ സ്ത്രീ സംഘടനയുടെ ലീഡറായും ഫലസ്തീനിലെ മറ്റു വൈജ്ഞാനിക സംരംഭങ്ങളിൽ പ്രധാന സാന്നിധ്യമായും അവര്‍ പ്രവർത്തിച്ചു. ജീവിതത്തിന്റെ വലിയൊരു ഭാഗം ആത്മീയ അന്വേഷണങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ ഇഷ്ടപ്പെട്ട ഇവർ നിരവധി കിതാബുകള്‍ രചിച്ചിട്ടുണ്ട്.

രചനക്കുള്ള പ്രേരണ 

മതത്തെയും മതചിഹ്നങ്ങളെയും വളരെയേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കുടുംബത്തിൽ, മുസ്ത്വഫാ സ്വബ്‍രിയുടെ മകളായി 1944 ൽ ആയിരുന്നു ശൈഖ നാഇലയുടെ ജനനം. സന്ദർഭ സാഹചര്യങ്ങൾ പഠനമനനങ്ങള്‍ക്ക് പ്രേരണ നൽകുന്നതായതിനാൽ ഇവർക്ക് രചനയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ സാധിച്ചു. മസ്ജിദുൽ അഖ്സായിലെ ഖത്തീബ് ആയിരുന്ന ഡോക്ടർ ഇക്‍രിമ സഈദ് എന്നവരുടെ ജീവിത സഖിയായതോടെ അനുകൂല സാഹചര്യങ്ങള്‍ വീണ്ടും ലഭിച്ചു എന്ന് പറയാം. ആ പഠനാന്തരീക്ഷങ്ങളെയെല്ലാം പരമാവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ ശൈഖ നാഇല വിജയിക്കുകയും ചെയ്തു. റബ്ബിന്റെ അനുഗ്രഹത്താൽ, 1982ല്‍ തുടക്കം കുറിച്ച പരിശുദ്ധ ഖുർആൻ വ്യാഖ്യാനം പൂർത്തിയാക്കാന്‍ സാധിച്ചതും അത് കൊണ്ട് തന്നെ. പുസ്തകത്തിൻറെ ആദ്യ പ്രസാധനം 1997ൽ ആയിരുന്നു.

കിതാബിന്റെ രചന യിലേക്ക് അവരെ നയിച്ച വസ്തുതകള്‍ അവർ പറയുന്നത് ഇങ്ങനെയാണ്: പരിശുദ്ധ ഖുർആൻ ലോകത്തിൽ ഇന്നേവരെ ലഭ്യമായ എല്ലാ കൃതികളേക്കാളും സാഹിത്യ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ പരിശുദ്ധ ഖുർആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കാനും അതിൻറെ സാമൂഹിക ബന്ധത്തെ നിർദ്ധരിച്ചെടുക്കാനും പൊതുസമൂഹത്തിന് വഴി കാട്ടിയാവുന്ന ഒരു രചന എന്തുകൊണ്ടും പരിശുദ്ധ ഖുർആനിൻറെ വ്യാഖ്യാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. 

കിതാബിന്റെ രചനക്ക് തുടക്കം കുറിച്ചെങ്കിലും, തുടര്‍ച്ചക്ക് വലിയ പ്രേരണയായത് ഇതായിരുന്നു: നബി (സ്വ) തങ്ങൾ സ്വപ്നത്തിൽ രണ്ട് തവണ എന്റെ അടുത്ത് വന്നു. രചനയുടെ പ്രാരംഭഘട്ടത്തിൽ ഒരു ലൈലതുല്‍ഖദ്റിൽ ആയിരുന്നു ആദ്യ സ്വപ്നം. നബി തങ്ങൾ താന്‍ തുടങ്ങി വെച്ച ഖുര്‍ആന്‍ വ്യാഖ്യാനമായ അൽമുബ്സ്വിറിലേക്ക് നോക്കുകയും ഏറെ തൃപ്തനാവുകയും ചെയ്തു. മദീനയിലെ മസ്ജിദ് നബവിയിലായിരിക്കുമ്പോഴാണ് രണ്ടാം സ്വപ്ന ദര്‍ശനമുണ്ടാവുന്നത്. രാത്രി റൌദക്ക് സമീപം ഏറെ നേരം നിസ്കാരവും ദുആയുമായി കഴിച്ച് കൂട്ടിയ ശേഷം അല്‍പം ഒന്ന് മയങ്ങിയപ്പോഴായിരുന്നു അത്. ആദ്യം കണ്ടപോലെ തന്നെ നബി തങ്ങൾ കിതാബിലേക്ക് നോക്കി ഏറെ ഉന്മേഷവാനായിരിക്കുന്നതാണ് അന്നും കണ്ടത്. അതോടെ ഈ വ്യാഖ്യാനം എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കണമെന്നതായി ജീവിത ലക്ഷ്യം. ചില ആയതുകളുടെ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാവാതെ ആഴ്ചകളോളം കഴിച്ച് കൂട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ, സ്വപ്നത്തില്‍ അവ ലഭ്യമാവുകയും ഉടനെ എണീറ്റ് എഴുതുകയും വരെ ചെയ്തിട്ടുണ്ട്.

പരിശുദ്ധ ഖുർആനിന്റെ വിവർത്തനത്തിന് പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിന്റെ പ്രത്യേക സഹായം ഉണ്ടെന്നത് ഈ സ്വപ്നത്തിലൂടെ അവർ മനസ്സിലാക്കി. അതോടെ ഏറെ ആത്മാർത്ഥതയോടെയും വർദ്ധിത സൂക്ഷ്മതയോടെയും കിതാബിന്റെ രചന ഇവർ പൂർത്തിയാക്കി. പരിശുദ്ധ ഖുർആൻ വ്യാഖ്യാന പ്രവർത്തനത്തിൽ ശ്രമിച്ച പലർക്കും മുഴുമിപ്പിക്കാൻ കഴിയാതെ വന്നപ്പോഴും ഇവർ ഇഖ്‍ലാസ് കൈമുതലാക്കി രചന പൂർത്തീകരിക്കുകയായിരുന്നു.

വിവർത്തന ശൈലി
1) ഖുർആനിക സൂക്തങ്ങളെ മറ്റു സൂക്തങ്ങൾ വെച്ച് തന്നെ വിവർത്തനം ചെയ്യുന്നതിനാണ് പ്രഥമ ഗണന.
2) ആയത്തുകളുടെ വ്യാഖ്യാനത്തില്‍, പരിശുദ്ധ തിരുസുന്നത്തുകള്‍ക്കും ശേഷം സ്വഹാബത്തിന്റെ വാക്കുകള്‍ക്കും പ്രാമുഖ്യം നൽകി. സ്വഹാബത്തിൽ നിന്നുള്ള അവലംബ സാധ്യത ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളിൽ താബിഉകളുടെ വാക്കുകളും ഉലമാക്കളുടെ നിലപാടുകളും വ്യാഖ്യാനത്തിനായി അവലംബിച്ചു.
3) പഴയ കാല തഫ്സീറുകളില്‍ നിന്ന് വ്യത്യസ്തമായി, കൂടുതല്‍ ആധുനിക പദങ്ങളും വേഗം മനസ്സിലാവുന്ന രീതിയും ഉപയോഗിച്ചു.
4) ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സൂചന നല്കിയ ആധുനിക ശാസ്ത്ര വിഷയങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു.

ശൈഖ നാഇല ഇന്നും വിജ്ഞാന മേഖലയിലും സാമൂഹ്യസേവന രംഗത്തും സജീവമായി തുടരുകയാണ്. യു.എ.ഇ, സൌദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, മൊറോക്കോ, ലിബിയ, യമന്‍, ഈജിപ്ത് തുടങ്ങി പല നാടുകളിലും സര്‍വ്വ കലാശാലകളിലും ക്ലാസുകളും ഖുര്‍ആന്‍ ചര്‍ച്ചകളുമായി അവര്‍ ഇപ്പോഴും ഈ മേഖലയിലും സജീവമാണ്.

വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാതാക്കളില്‍ ശൈഖ നാഇല സ്വബ്‍രിയുടെ നാമം എന്നെന്നും ശേഷിക്കാന്‍ ഈ കൃതി മാത്രം മതിയാവുമെന്ന് തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ പേരുകളെ സവിസ്തരം പരിചയപ്പെടുത്തുന്ന കൃതിയാണ് ശൈഖ നാഇലയുടെ മറ്റൊരു പ്രധാന സംഭാവന. മൌസൂഅതുല്‍ അസ്മാഇല്‍ ഇലാഹിയ്യ (ദൈവിക നാമങ്ങളുടെ വിജ്ഞാന കോശം) എന്ന പേരില്‍ അറിയപ്പെടുന്ന അത്, ആര് വാല്യങ്ങളായാണ് രചിക്കപ്പെട്ടിരിക്കുന്നത്. 

പ്രവാചകരുടെ പ്രത്യേക ആശീര്‍വ്വാദം ലഭിച്ച ആ മഹതിയില്‍നിന്ന് ഇനിയും ഒരു പട് സംഭാവനകള്‍ നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter