മൈലാപ്പൂർ ഷൗക്കത്തലി മൗലവി : ഗവേഷണം സപര്യയാക്കിയ പണ്ഡിത തേജസ്
കർമ്മ നിരതമായ ഒമ്പത് പതിറ്റാണ്ടുകളുടെ ജീവിതത്തിന് തിരശ്ശീലയിട്ട് ജൂലൈ 10 നു വിടപറഞ്ഞ മൈലാപ്പൂർ ഷൗക്കത്തലി മൗലവി മുസ്ലിം കേരളം കണ്ട ഒരതുല്യ പ്രതിഭയായിരുന്നു. പഠനത്തിനും അധ്യാപനത്തിനും ഗവേഷണങ്ങൾക്കും ഗ്രന്ഥരചനകൾക്കും മതകീയ പ്രവർത്തനങ്ങൾക്കും സമർപ്പിച്ച ജീവിതം. കേരളീയ മത പരിസരത്ത് സമന്വയ വിദ്യഭാസം വ്യപാകമാകുന്നതിന് പതിറ്റാണ്ടുകൾക്കും മുന്നേ തന്റെ വ്യക്തിപരമായ ശ്രമങ്ങളിലൂടെ മത-മതേതര വിദ്യാഭ്യാസം സ്വായത്തമാക്കിയ അദ്ദേഹം ഒരേ സമയം ഇംഗ്ലീഷ് - ഗണിത ശാസ്ത്ര അധ്യാപകനും കർമ്മനിരതനായ മതപണ്ഡിതനായിരുന്നു.
ജീവിത രേഖ
1934 ഏപ്രിൽ 22 ന് കൊല്ലം ജില്ലയിലെ മൈലാപ്പൂർ ദേശത്താണ് മൗലവിയുടെ ജനനം. മാതാപിതാക്കളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ മൗലവി വീട്ടിൽ നിന്നും 3 കിലോമീറ്റർ ദൂരമുള്ള തട്ടാമല സ്കൂളിൽ നിന്നാണ് L P സ്കൂൾ പഠനം പൂർത്തിയാക്കിയത്. തുടർന്ന് മത പഠനത്തിനായി കൊല്ലം ജില്ലയിലെ പ്രധാന ദർസായിരുന്ന കൊല്ലൂർ വിളയിലെ മഅ്ദനുൽ ഉലൂം അറബി കോളേജിൽ ചേർന്നു. മർഹൂം കോയക്കുട്ടി മുസ്‌ലിയാർ, വാമനപുരം കുഞ്ഞുമുഹമ്മദ് മൗലവി, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ എന്നിവരാണ് മൗലവിയുടെ പ്രധാന ഗുരുവര്യന്മാർ. ദർസ് പഠനത്തോടൊപ്പം തന്നെ അനൗദ്യോഗികമായി സ്കൂൾ വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവും നേടി. പ്രത്യേക യോഗ്യത പരീക്ഷയിലൂടെ പത്താം ക്ലാസ് എഴുതാനുള്ള അനുമതി നേടിയെടുക്കുകയും പത്താം ക്ലാസ് പാസാവുകയും ചെയ്തു.
കൊല്ലൂർവിള മഅദനൂൽ ഉലൂം അറബിക് കോളേജിൽ പഠിക്കുന്ന കാലത്താണ് കൊല്ലം പട്ടണത്തിലുള്ള ശ്രീ നാരായണഗുരു കോളേജിൽ അദ്ദേഹം ഇൻറർ മീഡിയേറ്റിന് അഡ്മിഷൻ എടുക്കുന്നത്. കൊല്ലം നഗരത്തിലെ അതി പുരാതനമായ വിദ്യാഭ്യാസ കേന്ദ്രം എസ്. എൻ കോളേജിന്റെ മുമ്പിലൂടെ ഒരിക്കൽ യാത്ര ചെയ്തപ്പോൾ ഇതിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ആത്മഗതം അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നു. അതിൻ്റെ ഒരു സഫലീകരണമായിരുന്നു അതേ സ്ഥാപനത്തിൽ തന്നെ ഇൻ്റെർ മീഡിയേറ്റിന് ചേരാനുള്ള യോഗം.
ഇൻറർ മീഡിയേറ്റിനു ശേഷം ശ്രീനാരായണഗുരു കോളേജിൽ തന്നെ B.Sc ക്ക് ചേർന്നു. ഗണിത ശാസ്ത്രം മുഖ്യ വിഷയവും വാന ശാസ്ത്രം സെക്കൻഡറി വിഷയവുമായിട്ടാണ് അദ്ദേഹം പഠിച്ചത്. കോഴ്സ് പൂർത്തിയാക്കുന്നതിന്റെ മുമ്പ് അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. വയനാട് ജില്ലയിലെ മേപ്പാടിയിലാണ് ആദ്യമായി ഗണിത, ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹം സർവീസ് ആരംഭിച്ചത്. സർവീസിൽ പ്രവേശിച്ച ശേഷമാണ് B.Sc കോഴ്സ് പൂർത്തീകരിക്കുന്നത്. തുടർന്ന് ഗണിതത്തിൽ തന്നെ പത്തനാപുരം മൗണ്ട് ടാബോർ ട്രെയിനിങ് അക്കാദമിയിൽ നിന്നും B.ed പൂർത്തീകരിച്ചു.
മതപഠനം നടത്തുന്ന വിദ്യാർത്ഥികൾ ഭൗതിക സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നത് ആലോചിക്കുക പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് മൗലവി ഈ നേട്ടങ്ങളെല്ലാം സ്വായത്തമാക്കുന്നത്. വയനാട്ട് നിന്നും ട്രാൻസ്ഫറായി സ്വന്തം ജില്ലയായ കൊല്ലത്തെ ത്തിയ മൗലവി കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക സേവനം നടത്തി അവസാനം താൻ പഠിച്ച തട്ടാമല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1989-ൽ അധ്യാപനത്തിൽ നിന്നും ഔദ്യോഗികമായി വിരമിച്ചു. അദ്ദേഹം അധ്യാപനം നടത്തിയ കാലത്തെല്ലാം സ്വീകരിച്ച വേഷം ഒരു മതപണ്ഡിതന്റെ വേഷം തന്നെയായിരുന്നു. വെള്ള വസ്ത്രവും വെള്ള തലപ്പാവുമണിഞ്ഞാണ് ഇംഗ്ലീഷ്, ഗണിത ശാസ്ത്ര അധ്യാപകനായ ഷൗക്കത്തലി മൗലവി സ്കൂളിൽ പോയിരുന്നത്.
ഷൗക്കത്തലി മൗലവിയുടെ രചനാ ലോകം
സമകാലിക കേരളീയ പണ്ഡിതരിൽ നിന്നും ഷൗക്കത്താലി മൗലവി വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിൻ്റെ രചനകളാണ്.
ഖുർആൻ, ഹദീസ്, ഭാഷ, ഗവേഷണം, പരിഭാഷ, കവിത, സാഹിത്യം, ചരിത്രം തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ ആത്മ സ്പർശിയായ ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് അദ്ദേഹത്തിൻ്റെ രചനാലോകം. വിശ്രുത ഹദീസ് ഗ്രന്ഥമായ മിഷ്കാത്തുൽ മസ്വാബീഹിന്ന് 1200 പേജുകളിൽ എഴുതിയ വ്യാഖ്യാന, പരിഭാഷ ഗ്രന്ഥമാണ് അദ്ദേഹത്തിൻ്റെ മാസ്റ്റർ പീസ് കൃതി.
ദർസ് പഠനകാലത്ത് തന്നെ അദ്ദേഹം ചെറിയ കൃതികൾ രചിച്ചു തുടങ്ങിയിട്ടുണ്ട്. ദർസ് പഠനകാലത്ത് അദ്ദേഹം എഴുതിയ 'കഅ്ബാലയ നവീകരണം' എന്ന മാപ്പിളപ്പാട്ടാണ് ആദ്യ കൃതി. അതെ സമയത്ത് തന്നെ പ്രസിദ്ധമായ പത്ത് കിതാബിലെ കിതാബു സ്വൗമിന് മലയാള പരിഭാഷയും എഴുതി.
സ്കൂൾ അധ്യാപന കാലത്ത് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അവ അച്ചടിച്ചു വരാറുണ്ടായിരുന്നു. കേരള കൗമുദി, മലയാള രാജ്യം, പ്രഭാതം, ചന്ദ്രിക, സുന്നി ടൈംസ് തുടങ്ങിയ ദിനപത്രങ്ങളിലും വാരികകളിലും മൗലവിയുടെ എഴുത്തുകൾ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘാടനത്തിൽ സജീവമായിരുന്ന മൗലവി സംഘടനയുടെ മുഖപത്രമായ അന്നസീമിൻ്റെ മുഖ്യപത്രാധിപരായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ചു.
ഇക്കാലയളവിൽ വിവിധ വിഷയങ്ങളിൽ നൂറുകണക്കിന് ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
വിശ്വപ്രസിദ്ധ പ്രവാചക സ്നേഹകാവ്യമായ 'ഖസീദത്തുൽ ബുർദ'ക്ക് നിരവധി പരിഭാഷകളും വ്യാഖ്യാനങ്ങളും സമീപകാലത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പേ മൗലവി ഇതിൻ്റെ പരിഭാഷയും വ്യാഖ്യാനവും എഴുതിയിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടാണ് എന്നത് മൗലവിയുടെ അറബി, മലയാള ഭാഷയിലുള്ള പാണ്ഡിത്യത്തിനുള്ള അംഗീകാരമാണ്.
അറബി ഭാഷ പഠനത്തിനും അദ്ദേഹം ബൃഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. 'അറബി സ്വയം പഠനം', 'അലങ്കാരശാസ്ത്ര താരതമ്യ പഠനം' എന്നീ കൃതികൾ ഈ മേഖലയിലേക്കുള്ള അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
പ്രവാചക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളായ ഇസ്രാഅ് മിഅറാജ്, ഹിജ്റ എന്നീ ചരിത്ര സംഭവങ്ങളെ അധികരിച്ച് മൗലവി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഇസ്ലാമിക നിയമങ്ങളിലെ ഏറെ സങ്കീർണമായ അനന്തരാവകാശ നിയമങ്ങളെ സരളമായ രീതിയിൽ കോർത്ത് വെച്ച 'ഇസ്ലാമിക ദായക്രമം' എന്നൊരു പുസ്തകവും മൗലവി രചിച്ചിട്ടുണ്ട്. ഖുർആൻ പഠന മേഖലയിൽ 'ഫാത്തിഹ വ്യാഖ്യാനം' സൂറത്തുൽ കഹ്ഫിലെ ഗുഹാവാസികളുടെ ചരിത്രം 'ഒരു ഗുഹയിൽ 300 വർഷം' എന്നീ കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കോടതി വ്യവഹാരങ്ങളിൽ ഇസ്ലാമിക നിയമങ്ങൾക്ക് അടിസ്ഥാനമാക്കുന്ന 'മുഹമ്മദൻ ലോ' എന്ന കൃതിയെ അപഗ്രഥിച്ച് 'മുഹമ്മദൻ ലോ സമ്പൂർണ്ണ അവലോകനം' എന്നൊരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. ദക്ഷിണകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസ സിലബസിൽ പഠിപ്പിക്കപ്പെടുന്ന പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിൽ മൗലവി നൽകിയ സംഭാവനകൾ നിസ്തുലമാണ്. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനപ്പുറം അധ്യാപന പരിശീലനവും അദ്ദേഹം നിരന്തരമായി നടത്താറുണ്ടായിരുന്നു. മദ്രസാധ്യാപക പരിശീലന മേഖലയിൽ ' മദ്രസ അധ്യാപന രീതി' എന്ന ഒരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.
പഠന ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും നിരവധി എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത മൗലവി നല്ലൊരു കവി കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ 27 കവിതകളുടെ സമാഹാരമായ 'സ്നേഹ സാഫല്യം' എന്ന കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് കേരള സർവകലാശാല മലയാളം വിഭാഗം അധ്യാപകൻ എ. ആർ ഗോപിനാഥൻ പിള്ളയായിരുന്നു.
വിശുദ്ധ മറിയം, നബിയുടെ ഹിജ്റ എന്നീ മാപ്പിളപ്പാട്ടുകളും വിരഹണിയായ സുആദ് (ബാനത് സുആദ് വിവർത്തനം വ്യാഖ്യാനം), ചിന്താഗ്രസ്തയായ സുലൈഖ എന്നീ കവിത കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ വിഷയങ്ങളിലായി 41 പുസ്തകങ്ങൾ മൗലവിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നക്ഷത്രങ്ങളുടെ കൂട്ടുകാരൻ
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മേഖലയായിരുന്നു നക്ഷത്രശാസ്ത്രവും അതുമായി ബന്ധപ്പെട്ട പഠനങ്ങളും. ഇസ്ലാമിക പണ്ഡിതർ ഈ പഠനമേഖലക്ക് പഴയകാലത്ത് തന്നെ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പരിശുദ്ധ ഖുർആൻ പല ഭാഗങ്ങളിലായി സൂര്യ നക്ഷത്രാദികളുടെ ചലനങ്ങളെക്കുറിച്ചും അവയിൽ അടങ്ങിയിരിക്കുന്ന അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചും പറയുന്നതു കൊണ്ടാണിത്.
B.Sc ക്ക് പഠിക്കുമ്പോൾ വാനശാസ്ത്രം അദ്ദേഹം സബ്സിഡറി വിഷയമായി എടുത്തിരുന്നു. പള്ളിദർസുകളിൽ പഠിപ്പിക്കപ്പെട്ടിരുന്ന ' 'തസ്രീഹുൽ അഫ്ലാക് ' എന്ന ഗ്രന്ഥത്തെയും ആധുനിക വാനശാസ്ത്രത്തെയും അദ്ദേഹം താരതമ്യം ചെയ്ത് പഠിക്കാറുണ്ടായിരുന്നു.
ഈ വിഷയത്തോടുള്ള അഗാധ താൽപ്പര്യം കാരണം രാത്രി സമയങ്ങളിൽ തുറന്ന മൈതാനങ്ങളിൽ ചെന്നിരുന്ന് മണിക്കൂറുകളോളം വിവിധ നക്ഷത്രങ്ങളെ നിരീക്ഷിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം തൻ്റെ ആത്മകഥ ഭാഷ്യങ്ങളിൽ പങ്കുവെക്കാറുണ്ട്. ഈ വിഷയത്തിൽ 'വാനശാസ്ത്രം ഖുർആൻ്റെ വെളിച്ചത്തിൽ', 'ബാലചന്ദ്രദർശനത്തിൽ വാനശാസ്ത്ര വിശകലനം', 'വാന ശാസ്ത്രം ചിത്രങ്ങൾ സഹിതം' എന്നീ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ അവസാനകാലത്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത 'ഷൗക്കീയ നക്ഷത്ര യന്ത്രം' ഈ മേഖലയിലുള്ള അദ്ദേഹത്തിൻ്റെ ബൃഹത്തായ സംഭാവനയാണ്.
വാന ലോകത്ത് നക്ഷത്രങ്ങൾ തമ്മിലുള്ള അടുപ്പവും അകലവും സ്ഥാനവും മനസ്സിലാക്കാൻ ഇരുമ്പിൽ തീർത്ത ഈ യന്ത്രം സഹായിക്കും. തൻ്റെ ജീവിതാവസാനകാലത്ത് വലിയൊരു ആഗ്രഹമായിരുന്നു ഈ യന്ത്രത്തിന്റെ പ്രചാരണവും അത് പല ഭാഗങ്ങളിലും പ്രത്യേകിച്ച് പള്ളിദർസുകളിൽ അത് സ്ഥാപിക്കലും. ഈ ലക്ഷ്യം മുന്നിൽകണ്ട് അദ്ദേഹം നിരവധി മസ്ജിദ് ഭാരവാഹികൾക്കും മുദരിസുമാർക്കും കത്തുകൾ അയക്കുകയും പല ഭാഗത്തും അത് സാധ്യമാക്കുകയും ചെയ്തിരുന്നു.
മരണത്തിൻ്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ നേരിൽകണ്ട് സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പങ്കുവെച്ച ഒരു ദുഃഖം മലബാറിൽ നിന്നും മറ്റും പല സ്ഥാപനങ്ങളും ദർസ്സുകളും ഈ യന്ത്രം ആവശ്യപ്പെട്ട് വിളിക്കുന്നുവെങ്കിലും അവിടെപ്പോയി അത് സ്ഥാപിച്ചു കൊടുക്കാനും അതിൽ ക്ലാസ് നൽകാനും കഴിയുന്നില്ല എന്നതായിരുന്നു.
ഗണിതാധ്യാപകനായ മൗലവി അറബി ഗണിതശാസ്ത്രത്തെയും പുരാതന ഗണിത സിദ്ധാന്തങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താൻ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. പള്ളിദർസുകളിൽ പഠിപ്പിക്കപ്പെടുന്ന 'ഖുലാസത്തുൽ ഹിസാബിന് 'ഗണിത ശാസ്ത്രത്തിൻ്റെ അടിത്തറ' എന്ന പേരിൽ പരിഭാഷയും വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.
ജീവിതവും വ്യക്തിത്വവും
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കൈമുതലാക്കിയ മൗലവിയുടെ ജീവിതവും വ്യക്തിത്വവും പണ്ഡിതർക്കും സാധാരണക്കാർക്കും ഏറെ മാതൃകകൾ നിറഞ്ഞതാണ്. വിനയത്തിന്റെ പ്രതിരൂപമായാണ് അദ്ദേഹത്തെ അനുഭവിച്ചവരൊക്കെയും അദ്ദേഹത്തെ അനുസ്മരിച്ചിട്ടുള്ളത്. പൊതുവേദികളിലും അല്ലാതെയും പല സന്ദർഭങ്ങളിലും അദ്ദേഹത്തോടൊപ്പം കൂടിയിരിക്കേണ്ട അവസരങ്ങൾ വ്യക്തിപരമായി എനിക്കുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലൊക്കെയും വിജ്ഞാനം കൊണ്ടും വയസ്സുകൊണ്ടും അദ്ദേഹത്തേക്കാൾ എത്രയോ താഴെ നിൽക്കുന്ന എന്നെപ്പോലെയുള്ളവരോട് ദുആ ചെയ്യാൻ അദ്ദേഹം കൽപ്പിക്കുമായിരുന്നു.
പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന മൗലവി എല്ലാവരോടും ഗുണകാംക്ഷയുള്ളവരായിരുന്നു. ആദർശ പ്രതിയോഗികളോട് പോലും മാന്യമായി സംസാരിക്കണമെന്നും സത്യം തിരിച്ചറിയുമ്പോൾ എല്ലാവരും അതുൾക്കൊള്ളുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
പഠന, ഗവേഷണ മേഖലകളിൽ മൗലവി അർപ്പിച്ച് ബൃഹത്തായ സംഭാവനകൾ മുൻനിർത്തി നിരവധി ആദരവുകളും അംഗീകാരങ്ങളും വിദേശത്തുനിന്നും സ്വദേശത്തു നിന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2012 ൽ കേരള സർവകലാശാല അറബിക് വിഭാഗം ഹദീസ് പഠനത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി 11 പേരെ ആദരിച്ചപ്പോൾ അതിലൊന്ന് ഷൗക്കത്തലി മൗലവിയായിരുന്നു. ഇമാം റാസി അവാർഡ്, കേരള സർവകലാശാല അറബി വിഭാഗം ഏർപ്പെടുത്തിയ അസ്ഹരി തങ്ങൾ എക്സലൻസി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2025 ജൂലൈ 10 ന് വ്യാഴാഴ്ച ഈ അതുല്യപ്രതിഭ തൻ്റെ ജീവിത ദൗത്യം പൂർത്തിയാക്കി 94ാം വയസ്സിൽ അല്ലാഹുവിലേക്ക് മടങ്ങി. കൊല്ലം ജില്ലയിലെ പ്രസിദ്ധമായ മൈലാപ്പൂർ പള്ളി ഖബർസ്ഥാനിലാണ് അദ്ദേഹത്തെ മറവ്ചെയ്തിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിൻ്റെ സുകൃതങ്ങളെല്ലാം സ്വീകരിച്ച് അവൻ്റെ അടുക്കൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
Leave A Comment