നവൈതു 16 - ഹിജ്റ രണ്ടാം വര്‍ഷം ഈ രാത്രിയില്‍ പ്രവാചകര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു..

ഹിജ്റ രണ്ടാം വര്‍ഷം.. റമദാന്‍ 17. അന്നായിരുന്നു  പ്രവാചക ചരിത്രത്തിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആദ്യചരിത്രം പിറക്കുന്നത്. ഭൗതികമായി ബലഹീനരായിരുന്ന ന്യൂനപക്ഷം സുസജ്ജരായ ഭൂരിപക്ഷത്തിന്മേല്‍ നേടിയ വിജയത്തിന്റെ ചരിത്രം, അതാണ് ബദ്റ് പറയുന്നത്. 

റമദാന്‍ 17ന്റെ പകലിലായിരുന്നു യുദ്ധം അരങ്ങേറിയത്. എന്നാല്‍ അതിന്റെ തലേരാത്രി, മുസ്‍ലിം സൈനികക്യാമ്പിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. അലി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബദ്റിന്റെ രാത്രിയില്‍ ഞങ്ങളെല്ലാവരും നന്നായി ഉറങ്ങുകയായിരുന്നു, പ്രവാചകരൊഴിച്ച്. അവിടുന്ന് നേരം വെളുക്കുന്നത് വരെ നിസ്കാരവും പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടുകയായിരുന്നു. 

ബദ്റിന്റെ രാത്രിയില്‍ പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങള്‍ ഹദീസുകളില്‍ കാണാം. അവിടുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു, നാഥാ, ഖുറൈശികളിതാ സര്‍വ്വാഢംബരങ്ങളോടെയും വന്നിരിക്കുന്നു. അവര്‍ നിന്നെയും നിന്റെ പ്രാവചകനെയും കളവാക്കിയവരാണ്. നീ വാഗ്ദാനം ചെയ്ത സഹായം നല്‍കേണമേ അല്ലാഹ്. പ്രവാചകര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത് പറഞ്ഞ് കൊണ്ടേയിരുന്നു. അവസാനം അബൂബക്റ്(റ) പറഞ്ഞു, പ്രവാചകരേ, ഇനി നിറുത്തിക്കൂടേ. താങ്കള്‍ അല്ലാഹുവിനോട് ശഠിക്കുകയാണോ. അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും. 

Read More: നവൈതു 15- അല്ലാഹു പൊറുത്ത് തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ...

പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും ശക്തമായ ആയുധം. ഏത് പരീക്ഷണ ഘട്ടങ്ങളെയും മറികടക്കാനും ഏത് ശത്രുവിന് മുന്നിലും ആത്മധൈര്യത്തോടെ പിടിച്ച് നില്ക്കാനും വിജയിക്കാനും അവനെ പ്രാപ്തനാക്കുന്നത് അതാണ്. ന്യൂനപക്ഷമായിരുന്ന മുസ്‍ലിംകള്‍ ബലാരിഷ്ടതകളും സാമ്പത്തിക പ്രയാസങ്ങളുമെല്ലമുണ്ടായിട്ടും, ധര്‍മ്മസമരത്തിനുള്ള അനുവാദം ലഭിച്ച പാടെ, ഉള്ളതുമായി യുദ്ധത്തിന് പുറപ്പെട്ടതായിരുന്നുവല്ലോ. അങ്ങനെയെങ്കില്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു എന്ന നിലയില്‍ അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ഉറപ്പിക്കാവുന്നതായിരുന്നു. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ മാത്രം സായൂജ്യമടയാതെ, അവസാന ആശ്രയമായി പ്രവാചകര്‍ കണ്ടത് പ്രാര്‍ത്ഥനയായിരുന്നു. 

ശത്രുപക്ഷത്തെ നേതാക്കളോരോരുത്തരും വീണ് കിടക്കുന്ന ഇടം പോലും അറിയാമായിരുന്നിട്ടും പ്രവാചകര്‍ ആ രാത്രി മുഴുക്കെ അല്ലാഹുവിനോട് ദുആ ഇരക്കുകയായിരുന്നു. അത് ഉമ്മതിന് നല്കുന്നത് വലിയൊരു സന്ദേശമാണ്. ഏത് ഘട്ടങ്ങളിലും വിശ്വാസി ഭരമേല്‍പിക്കേണ്ടത് പ്രാര്‍ത്ഥനയിലാണെന്നും അതാണ് അവന്റെ ഏറ്റവും വലിയ ആയുധമെന്നും പഠിപ്പിക്കുക കൂടിയായിരുന്നു പ്രവാചകര്‍ അതിലൂടെ. 

നമുക്കും പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം, ഒരു നവൈതു അതിനും ആയിരിക്കട്ടെ. നാഥന്‍ സ്വീകരിക്കാതിരിക്കില്ല, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter