ഡോ. ഹാമിദ് ശൂയ് കേൽ ; പ്രബോധന രംഗത്തെ കൊറിയൻ മാതൃക

പരിശുദ്ധ ഇസ്ലാമിന്റെ സുന്ദര മുഖം കൊറിയൻ ജനതയെ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനായി മുന്നിൽനിന്ന് പ്രയത്നിച്ച വ്യക്തികളിലൊരാളാണ് ഡോ. ഹാമിദ് ശൂയ് കേൽ . ഖുർആൻ വ്യാഖ്യാനം അറബി സാഹിത്യം തുടങ്ങിയ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാമിദിന്റെ കരങ്ങളിലൂടെയാണ് കൊറിയൻ ഭാഷയിലുള്ള ആദ്യ സമ്പൂർണ്ണ ഖുർആൻ പരിഭാഷ പിറവിയെടുക്കുന്നത്. ഇതുകൂടാതെ ഇസ്ലാമിന്റെ ആചാര അനുഷ്ഠാനങ്ങളെ ക്കുറിച്ച് അദ്ദേഹമെഴുതിയ നൂറിലധികം പുസ്തകങ്ങൾ  വലിയ സ്വാധീനമാണ് കൊറിയൻ മുസ്ലീങ്ങൾക്കിടയിലുണ്ടാക്കിയത്.

പഠനം, അധ്യാപനം

ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മദീനയിലെ പഠനകാലം ഡോ. ഹാമിദ് ശൂയ് യുടെ ജീവിതത്തിൽ നിറമുള്ള ഓർമ്മകൾ സമ്മാനിച്ച കാലഘട്ടമാണ്. മദീനയിലെ ഇസ്‌ലാമികാന്തരീക്ഷവും സ്വസ്ഥ ജീവിതവും അദ്ദേഹത്തിന്റെ പഠനവീഥികളെ  കൂടുതൽ സുന്ദരമാക്കി.
 ഇസ്‌ലാമും മുസ്‌ലിം ജനതയും നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു നാട്ടിൽനിന്നും വന്ന് അറബി ഭാഷയിലും സാഹിത്യത്തിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഹാമിദ് യൂണിവേഴ്സിറ്റി ഓഫ് മദീനയിലെ അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശൈഖ് അബ്ദുൽ അസീസ് ബ്നു ബാസിനെയും മറ്റു അധ്യാപകരെയും നിരന്തരം അത്ഭുതപ്പെടുത്തിയിരുന്നു.

1976ലാണ് ഹാമിദ് ശൂയ് മദീന യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെന്റിൽ അഡ്മിഷൻ നേടുന്നത്. കൊറിയയിൽ നിന്ന് ആദ്യമായി സൗദി അറേബ്യയിലെ ഒരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയ ഹാമിദിന്റെ പിന്നീടുള്ള വർഷങ്ങൾ അറിവന്വേഷണ വീഥിയിൽ സജീവമായ വൃത്താന്തമാണ് ദർശിക്കാനാവുക.
 "ഇസ്ലാമിക പ്രബോധനം കൊറിയയിൽ" എന്ന വിഷയത്തിൽ 1986- ൽ സുഡാനിലെ ഉമ്മു ദർമാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഹാമിദ് ശൂയ് സൈഊളിലെ മ്യൂങ്‌ജി യൂണിവേഴ്സിറ്റിയിലെ പ്രധാനാധ്യാപകനായും ഹാൻകൂഖ് യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെന്റ് മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു.

 ഖുർആൻ പരിഭാഷ; ആശയവും പൂർത്തീകരണവും

കൊറിയൻ ഭാഷയിലുള്ള ഒരു ഖുർആൻ പരിഭാഷയുടെ ആവശ്യകത മദീനയിലെ പഠനകാലത്തുതന്നെ ഹാമിദ് ശൂയ് മനസ്സിലാക്കിയിരുന്നു. അറബി ഭാഷാ പരിജ്ഞാനം നന്നേ കുറവായ കൊറിയൻ മുസ്ലീങ്ങൾക്ക് ഖുർആനിലെ ശരിയായ അർത്ഥതലങ്ങൾ മനസ്സിലാക്കിയെടുക്കാൻ വലിയ പ്രയാസമാണ് നേരിട്ടത്. കൊറിയൻ ഭാഷയിലുള്ള ഖുർആൻ പരിഭാഷയോ വ്യാഖ്യാനങ്ങളോ അന്ന് നിലവിലുണ്ടായിരുന്നില്ല.
 അതിനാൽ കൊറിയൻ ഭാഷയുള്ള ഒരു സമ്പൂർണ്ണ ഖുർആൻ പരിഭാഷ എന്ന ശ്രമകരമായ ദൗത്യം ഹാമിദ് ശൂയ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ഈയൊരു ദൗത്യ പൂർത്തീകരണത്തിനായി  വിശാലമായ ഏഴ് വർഷക്കാലമാണ് ഹാമിദ് ശൂയ് വിനിയോഗിച്ചത്.

ഖുർആൻ പരിഭാഷ രചനാപശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: പഠനകാലത്ത്  ഖുർആൻ മനപ്പാഠമാക്കുന്നതിൽ ഞാൻ വലിയ പ്രയാസം അനുഭവിച്ചിരുന്നു. അർത്ഥം മനസ്സിലാക്കി പഠിച്ചാൽ കൂടുതൽ ആയാസകരമാവുമെന്ന് കരുതി സഹപാഠിയുടെ സഹായം തേടി. അങ്ങനെ ഒരു ചെറിയ നോട്ടുബുക്ക് സംഘടിപ്പിച്ച് ഖുർആന്റെ അർത്ഥങ്ങൾ കൊറിയൻ ഭാഷയിൽ എഴുതിത്തുടങ്ങി, ഇതായിരുന്നു സമ്പൂർണ്ണ ഖുർആൻ പരിഭാഷ എന്ന ചിന്തയിലേക്ക് തന്നെ കൊണ്ടെത്തിച്ചത്.

Also Read:മാസിമോ കമ്പാനിനി: പ്രബോധന വീഥിയിലെ ഇറ്റാലിയൻ മുഖം

അറബി ഭാഷാ പരിജ്ഞാനം തീരെയില്ലാത്ത കൊറിയൻ ജനത ഖുർആന്റെ അർഥതലങ്ങൾ മനസ്സിലാക്കാൻ എത്രയധികം പ്രയാസപ്പെടുന്നു എന്ന് ഇതിലൂടെ അദ്ദേഹം മനസ്സിലാക്കിയിരുന്നു.1970 കാലയളവിൽ  ആയിരക്കണക്കിന് കൊറിയൻ പൗരന്മാർ സൗദിയിലെ വിവിധ ഭാഗങ്ങൾ തൊഴിൽ ചെയ്യുന്നുണ്ടായിരുന്നു. ഇവർക്ക് അറബിഭാഷയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ സൗദി ഗവൺമെന്റ് ശൈഖ് സ്വാലിഹ് കാമിലിയുടെ നേതൃത്വത്തിൽ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.  എന്നാൽ അവർക്ക് അറബി ഭാഷാപഠനം വലിയ പ്രയാസമാണ് സൃഷ്ടിച്ചത്, അവരത് സ്വാലിഹ് കാമിലി നേരിട്ട് ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ അവരെ പെട്ടെന്ന് കൈയൊ യിയാൻ  അദ്ദേഹം താൽപര്യപ്പെട്ടിരുന്നില്ല. സ്വാലിഹ് കാമിലി അറബി ഭാഷാ പരിജ്ഞാനം നേടിയ കൊറിയൻ വിദ്യാർത്ഥി എന്ന നിലയിൽ ഹാമിദ് ശൂയെ  വിളിച്ചുവരുത്തി ഖുർആനിലെ ചില ഭാഗങ്ങളുടെ അർത്ഥമെ ങ്കിലും അവർക്ക് മനസ്സിലാക്കി കൊടുക്കണം എന്ന് നിർദ്ദേശിച്ചു ഈ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രോത്സാഹനമാണ് നൽകിയത്.

അങ്ങനെ ഡോക്ടർ ഹാമിദ് ശൂയ് യുടെ  നീണ്ട ഏഴു വർഷത്തെ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 2008 ലാണ് കൊറിയൻ ഭാഷയിലുള്ള ആദ്യ സമ്പൂർണ ഖുർആൻ പരിഭാഷ പുറത്തുവരുന്നത്. ഇതിലൂടെ ഖുർആന്റെ യഥാർത്ഥ മൂല്യങ്ങൾ കൊറിയൻ ജനതയും മനസ്സിലാക്കിത്തുടങ്ങി. പരിശുദ്ധ ഖുർആൻ അവതീർണമായ റമദാൻ മാസം കൊറിയൻ ജനത അദ്ദേഹത്തെ സ്മരിക്കൽ പതിവാണ്, കാരണം പരിശുദ്ധ ഖുർആൻ കൊറിയൻ ജനങ്ങൾക്കിടയിൽ ജനകീയമാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

 മറ്റു രചനകൾ

 വിശുദ്ധ ഖുർആനിന്റെ പരിഭാഷക്ക് പുറമേ ഇസ്ലാമിന്റെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നൂറോളം ഗ്രന്ഥങ്ങളും ഹാമിദ് ശൂയ് കൊറിയൻ ജനതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് ഹുസൈൻ ഹൈക്കലിന്റെ 'ഹയാത്തു മുഹമ്മദ് (സ)' എന്ന പ്രവാചക ജീവചരിത്രം കൊറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിലൂടെ മുഹമ്മദ് നബിയുടെ യഥാർത്ഥ ചരിത്രം കൊറിയൻ ജനതക്ക് പരിചയപ്പെടുത്തി കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

 ഇസ്ലാം വൽ മുസ്ലിമൂൻ, ത്വരീഖുൽ മുർഷിദ് ലി മബാദിഇൽ ഇബാദ തുടങ്ങിയവ  ഹാമിദ് ശൂയ് അറബിയിൽ നിന്ന് കൊറിയയിലേക്ക് വിവർത്തനം ചെയ്ത ചില കൃതികളാണ്. നിസ്കാരം നോമ്പ് തുടങ്ങിയവയും ഇസ്ലാമിനെതിരെയുള്ള വാദങ്ങൾക്കുള്ള മറുപടികളുമാണ് ഈ കൃതികളിലെ പ്രതിപാദ്യ വിഷയങ്ങൾ .

ചുരുക്കത്തിൽ തന്റെ ഭാഷ - രചന മികവ് മുഴുവൻ ഇസ്ലാമിക പ്രബോധന മേഖലയിൽ വിനിയോഗിക്കാനാണ്  ഡോ. ഹാമിദ് ശൂയ് ഇഷ്ടപ്പെട്ടത്. അതിലൂടെ ഒരു രാജ്യത്തിന് ഇസ്ലാമിന്റെ യഥാർത്ഥ മുഖത്തെ പരിചയപ്പെടുത്തിക്കൊ ടുക്കാനും അദ്ദേഹത്തിന് സാധിച്ചു.Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter