വിശേഷങ്ങളുടെ ഖുർആൻ: (16)  ഖുർആനിലെ പ്രാർത്ഥനകൾ

ഖുർആനിലെ പ്രാർത്ഥനകൾ

വിശ്വാസികളും പ്രാർത്ഥനയും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ജീവിതത്തിലെ സങ്കടങ്ങൾ അവർക്ക് വിശ്വസിക്കുന്ന ദൈവത്തിങ്കൽ ഇറക്കിവയ്ക്കാം. നൊമ്പരങ്ങളുടെ നെരിപ്പോട് ആ ദിവ്യശക്തി നൽകുന്ന കുളിരിൽ അണയ്ക്കാം. ആവലാതിയുടെ ഭാണ്ഡം അവിടെ ഇറക്കി വയ്ക്കാം. അത് വഴി അവർക്ക് ലഭ്യമാകുന്ന ശാന്തിക്കും ആശ്വാസത്തിനും പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നിനും സാധ്യമല്ല. 

ആരാധാനകളുടെ ആത്മാവ് പ്രാർത്ഥനയാണ്.  പ്രാർത്ഥനഭരിതമായ മനസോടെയല്ലാതെ നടത്തുന്ന ആരാധനകൾ കേവല വ്യായാമങ്ങൾ മാത്രം. മനസിൽ തട്ടാതെയുള്ള മന്ത്രോച്ചാരണങ്ങൾ വെറും വാചകമടിയായി മാറുന്നത് പോലെ. അതാണ് പ്രാർത്ഥന തന്നെയാണ് ആരാധനയെന്ന നബിവചനത്തിൻ്റെ പൊരുൾ

അതിനാൽ പ്രാർത്ഥനകൾ മാത്രമല്ല, അവ എങ്ങനെ നടത്തണമെന്ന മര്യാദകളും ഖുർആൻ പഠിപ്പിച്ചുതരുന്നുണ്ട്. എന്നാൽ ഖുർആനിലെ പ്രാർത്ഥനകൾ കേവലം പ്രാർത്ഥന പഠിപ്പിക്കാനായുള്ള പ്രാർത്ഥനകൾ മാത്രമല്ലെന്ന് കൂടി മനസിലാക്കണം. ചില സംഭവങ്ങളും സന്ദർഭങ്ങളുമായി ബന്ധപ്പെട്ടു കഥാപുരുഷൻമാർ നടത്തിയ സങ്കടഹരജികളും കുറ്റസമ്മതങ്ങളും ഖേദപ്രകടനങ്ങളും അതേപടി ഉദ്ധരിച്ച നിരവധി വചനങ്ങളുണ്ട്. അവ പിൽക്കാല ക്കാർക്ക് പ്രമാണവും പ്രചോദനവും പ്രതീക്ഷയുമായി മാറും വിധമാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. കടുത്ത ദുരന്തങ്ങളുടെയും പരീക്ഷണങ്ങളുടെയും കനൽപഥങ്ങൾ കടന്ന് ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും തിരത്തണഞ്ഞ സംഭവങ്ങൾ അയവിറക്കുന്നതിലൂടെ സമാന മുഹൂർത്തങ്ങളെ വിജയകരമായി തരണം ചെയ്യാമെന്ന ശുഭപ്രതീക്ഷയാണ് വിശ്വാസിക്ക് ലഭിക്കുന്നത്. ജീവിതത്തെ മുന്നോട്ട് നയിക്കാൻ പ്രതീക്ഷയോളം കരുത്തുള്ള മറ്റെന്തുണ്ട്?

ഖുർആൻ ഉദ്ധരിച്ച ഏറെ പ്രശസ്തമായ ഒരു പ്രാർത്ഥനയാണ് മനുഷ്യ പിതാവ് ആദം(അ)നടത്തിയ സങ്കട ഹരജി. സ്വർഗത്തിൽ ഇണയുമൊത്ത് സ്വസ്ഥമായി കഴിയവേ പൈശാചിക ദുർബോധനത്തിന് വഴങ്ങി ഇരുവരും വിലക്കപ്പെട്ട കനി ഭുജിച്ചതും അതിൻ്റെ പേരിൽ അവരുടെ നാണം പുറത്തായതും അത് മറയ്ക്കാൻ അവിടത്തെ മരത്തിലെ ഇലകൾ വച്ചുപിടിപ്പിച്ചതുമെല്ലാം ഖുർ ആൻ പല സ്ഥലങ്ങളിലായി വിവരിക്കുന്നുണ്ട്. ഒടുവിൽ സ്വർഗത്തിൽ നിന്ന് ബഹിഷ്കൃതരായി ഭൂമിയിലേക്ക് ഇറങ്ങി വരേണ്ടി വന്നു. 

തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ ദമ്പതികൾ ഉള്ളുതുറന്നു മനസ്സലിഞ്ഞു സ്രഷ്ടാവിൻ്റെ മുന്നിൽ താണുകേണു. " രക്ഷിതാവേ, ഞങ്ങൾ സ്വന്തത്തോട് അതിക്രമം കാട്ടി. നീ ഞങ്ങൾ പൊറുത്തുതരികയും ദയ കാണിക്കുകയും ചെയ്തില്ലെങ്കിൽ ഞങ്ങളുടെ കാര്യം കഴിഞ്ഞു ". അഅറാഫ് അധ്യായത്തിൽ 23 ആം സൂക്തമായി വന്ന ഈ വചനമാണ് അൽ ബഖറയിൽ ആദം രക്ഷിതാവിൽ നിന്ന് ചില വചനങ്ങൾ കൈപറ്റിയെന്നും അതിലൂടെ അവരുടെ പ്രാർത്ഥന സ്വീകരിച്ചുവെന്നും പറഞ്ഞതിൻ്റെ പൊരുളെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. ഈ പ്രാർത്ഥനയുടെ ഫലപ്രാപ്തിയിൽ പ്രചോദിതരായി വിശ്വാസികൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഇതിന് പ്രത്യേക സ്ഥാനം നൽകി ഉരുവിടുന്നു. 

അത് പോലെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ ആവർത്തിക്കുന്ന ഒരു പ്രാർത്ഥനാ വചനമാണ് 'റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനാ.....' ഇത് ഖുർആൻ മറ്റൊരു സന്ദർഭത്തിൽ ഉദ്ധരിച്ച പ്രാർത്ഥനയാണ്. ചിലർ ഭൂലോകത്ത് ഭൗതിക സുഖങ്ങളിൽ അഭിരമിച്ച് കൂടുതൽ സൗഖ്യങ്ങൾക്കായി അഭിലഷിച്ച് കഴിയുകയാണ്. അത്തരക്കാർക്ക് ഇഹലോകത്തെ സുഖങ്ങളല്ലാതെ പരലോകത്ത് ഒരു വിഹിതവും ലഭിക്കാൻ പോകുന്നില്ല. എന്നാൽ ചിലർ ഞങ്ങൾക്ക് ദുൻയാവിലും നൻമ തരണം,പരലോകത്തും വേണം ഞങ്ങൾക്ക് നൻമ. ഞങ്ങളെ നരകശിക്ഷയിൽ നിന്ന് കാത്തു കൊൾക ' എന്ന് അർഥിക്കുന്നവരാണ്. അവർക്ക് അവരുടെ സമ്പാദ്യത്തിൻ്റെ വിഹിതം ലഭിക്കും. അല്ലാഹു അതിവേഗം വിചാരണ പൂർത്തിയാക്കുന്നവനാണ് (ബഖറ: 202) ഇഹവും പരവും സമന്വയിപ്പിച്ചു കൊണ്ട് പോവുകയെന്ന ഇസ് ലാമിൻ്റെ പ്രഖ്യാപിത താൽപ്പര്യത്തിൻ്റെ ഭാഗമായി ഈ പ്രാർത്ഥന ഓരോ മുസ് ലിമും അടിസ്ഥാനപരമായ പ്രാർത്ഥനകളിലൊന്നായി കൊണ്ട് നടക്കുന്നു.

ഇബ് റാഹീം നബി(അ) പല കാര്യങ്ങളിലും മുസ് ലിംകൾക്ക് മാതൃകയാണ്. പ്രാർത്ഥനകളിൽ പ്രത്യേകിച്ചും. പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഹൃദയസ്പൃക്കായ പ്രാർത്ഥനകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. താൻ വസിക്കുന്ന സ്ഥലം സുരക്ഷിതമാക്കി കിട്ടാനും തന്നേയും സന്താനങ്ങളെയും വിഗ്രഹാരാധനയിൽ നിന്ന് മുക്തരാക്കാനും വേണ്ടിയുള്ള പ്രാർത്ഥനയിൽ ഒരേ സമയം ദൈവിക പ്രതിബദ്ധതയും കുടുംബ വാൽസല്യവും സമന്വയിക്കുന്നു. തനിക്ക് ലഭിച്ച ആത്മീയ വെളിച്ചവും വിശുദ്ധിയും തൻ്റെ വരുന്ന തലമുറകൾക്ക് കൂടി ലഭ്യമാകണമെന്ന അഭിലാഷം അദ്ദേഹം മറച്ചു പിടിക്കുന്നില്ല. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (15) ബദ്ർ യുദ്ധം ഖുർആനിൽ

അദ്ദേഹവും പുത്രൻ ഇസ് മായിലും (അ) സംയുക്തമായി കഅബ നിർമാണം പൂർത്തിയാക്കിയ ശേഷം നടത്തിയ പ്രാർത്ഥന ചെയ്യുന്ന കർമങ്ങൾ എത്ര പുണ്യകരമാണെങ്കിലും അതിന് ദൈവീക സ്വീകാര്യതയുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ അതിന് ഒരു വിലയും നിലയുമില്ലെന്ന് സൂചിപ്പിക്കുന്നു. അൽ ബഖറ: വചനം 127 ഇങ്ങനെ ഉദ്ധരിക്കുന്നു: "ഇബ്റാഹീം(നബി)യും ഇസ്മായീലും കൂടി (കഅബ) ഭവനത്തിൻ്റെ അസ്ഥിവാരം ഉയർത്തിയ സന്ദർഭം ഓർക്കുക: രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീ സ്വകരിക്കണേ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ." (അൽ ബഖറ: 127) തുടർന്ന് ഞങ്ങളെ രണ്ട് പേരെയും നീ മുസ് ലിമാക്കുകയും ഞങ്ങളുടെ സന്താനങ്ങളിൽ മുസ് ലിം സമുദായത്തെ തുടർത്തുകയും ചെയ്യണമേ എന്ന് കൂടി പ്രാർത്ഥിക്കുന്നുണ്ട്.

ലോകം അടക്കി ഭരിച്ച സുലൈമാൻ നബി(സോളമൻ ചക്രവർത്തി) ആദ്യം അധികാരലബ്ധിക്ക് വേണ്ടി നടത്തിയ പ്രാർത്ഥന ഖുർആൻ ഉദ്ധരിക്കുന്നു : രക്ഷിതാവേ, എൻ്റെ ശേഷം ആർക്കും ഭൂഷണമല്ലാത്ത രാജാധികാരം എനിക്ക് നൽകണം; നീ വലിയ ദാതാവാണല്ലോ."
എന്നാൽ എല്ലാം കൈവരിച്ച ശേഷം ഒടുവിൽ അദ്ദേഹം നടത്തിയ പ്രാർത്ഥന ശ്രദ്ധേയമാണ്: എല്ലാ ഭൗതിക ഔന്നത്യത്തേക്കാളും അപ്പുറത്താണ് സജ്ജനങ്ങളുമായുള്ള സമ്പർക്കമെന്ന ആത്യന്തിക സത്യത്തിന് അടിവരയിടുന്ന വരികൾ: "രക്ഷിതാവേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാൻ എനിക്ക് ഉദവി തരണം. അത് പോലെ നിൻ്റെ പൊരുത്തം ലഭിക്കുന്ന സൽക്കർമങ്ങൾ അനുഷ്ഠിക്കാനും. നിൻ്റെ ദയാവായ്പ്പാൽ എന്നെ സച്ചരിതരായ അടിയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിത്തരണം.(അന്നംല്: 19 )

വലിയ പരീക്ഷണങ്ങൾക്ക് ശേഷം അതിലും വലിയ സൗഭാഗ്യങ്ങൾ അനുഭവിച്ച യൂസഫ് നബി(അ)ക്കും ഒടുവിൽ പ്രാർത്ഥിക്കാനുണ്ടായിരുന്നത്  ഇങ്ങനെയാണ്: രക്ഷാതാവേ, എനിക്ക് നീ രാജാധികാരം നൽകി. സ്വപ്നവ്യാഖ്യാനങ്ങൾ പഠിപ്പിച്ചു തന്നു. വാന - ഭുവനങ്ങളെ തുടങ്ങി പടച്ചവനേ, നീ ഇഹത്തിലും പരത്തിലും എൻ്റെ രക്ഷിതാവാണ്. എന്നെ നീ മുസ് ലിമായി മരിപ്പിക്കുകയും സച്ചരിതരോടൊപ്പം ചേർക്കുകയും ചെയ്യണം" (യൂസുഫ്: )

അയ്യൂബ് നബി (അ) പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയവരുടെ മറ്റൊരു പ്രതീകമാണ്. വലിയ സ്വത്തും പ്രതാപവും സന്താനങ്ങളും ആരോഗ്യവും കൊണ്ട് അനുഗൃഹീതനായിരുന്ന അയ്യൂബ് നബിക്ക് പിടിപെട്ട മാരക രോഗം എല്ലാം തകർത്തെറിഞ്ഞു. ഒടുവിൽ ശരീരത്തിൽ രോഗം പിടിപെടാതെ നാവും ഹൃദയവും മാത്രം ബാക്കി. സ്വന്തക്കാരെല്ലാം കയ്യൊഴിഞ്ഞു. തണിയും തുണയുമായി തൻ്റെ പത്നി മാത്രം. പിന്നെ അല്ലാഹുവിലുള്ള പ്രതീക്ഷയും. അവിടന്ന് കദന ഭാരം തൂങ്ങിയ ദുആ വചനം ഉരുവിട്ടു. "രക്ഷിതാവേ, എന്നെ ദുരിതം സ്പർശിച്ചിരിക്കുന്നു. നീ കരുണാവാരിധിയാണല്ലോ" .

അതോടെ എല്ലാം മാറിമറിഞ്ഞു. പഴയ സൗഭാഗ്യങ്ങൾ ഇരട്ടിയായി തിരിച്ചുകിട്ടിയതായി ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. 

അത് പോലെ യൂനസ് നബി (അ)യുടെ അനുഭവങ്ങൾ വികാരോജ്വലമായ മറ്റൊരു ഇതിവൃത്തമാണ്. ഖുർആൻ ഒന്നിലധികം അധ്യായങ്ങളിൽ ഈ സംഭവം ഉണർത്തുന്നുണ്ട്. ജനങ്ങളെ നിരന്തരം സൻമാർഗത്തിലേക്ക് ക്ഷണിച്ചിട്ടും ഫലമില്ലാതായപ്പോൾ അവർക്ക് ശിക്ഷയുടെ മുന്നറിയിപ്പ് നൽകി. പിന്നീട് കുപിതനായി നാട് വിട്ട അദ്ദേഹം ചെന്ന് പെട്ടത് മൽസ്യത്തിൻ്റെ വയറ്റിലാണ്. അവിടെ വച്ച് അദ്ദേഹം പ്രാർത്ഥിച്ചു - "ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനല്ലാലി മിമീൻ ". ഈ വചനം സ്വയം കുറ്റസമ്മതവും സങ്കടം നിറഞ്ഞ മനസിൻ്റെ യാചനയുമായിരുന്നു. 

അൽഭുതകരമായ ഫലമാണ് ഈ പ്രാർത്ഥന നൽകിയത്. അദ്ദേഹത്തെ ദുരിതക്കയത്തിൽ നിന്ന് അതിൻ്റെ പേരിൽ രക്ഷപ്പെടുത്തിയെന്നും അത് പോലെ നാം വിശ്വാസികളെ രക്ഷിക്കുമെന്നും കൂടി ഖുർആൻ ഉണത്തുന്നു.

കടപ്പാട്: ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter