വിശേഷങ്ങളുടെ ഖുർആൻ: (15)  ബദ്ർ യുദ്ധം ഖുർആനിൽ

ബദ്ർ യുദ്ധം ഖുർആനിൽ

ബദ്ർ എന്ന അറബി വാക്കിന് പൗർണമി എന്നാണർത്ഥം. ലൈലതുൽ ബദ്ർ എന്നാൽ പൗർണമി രാവ്. എന്നാൽ ആ പേരിൽ അറേബ്യയിൽ ഒരു സ്ഥലം കൂടിയുണ്ട്. മദീനയുടെ തെക്ക്-പടിഞ്ഞാറ് വശത്ത് പഴയ മക്ക - മദീന പാതയിൽ മക്കയിൽ നിന്ന് 250ഓളം മൈൽ അകലെ മദീനയോട് 150 ഓളം മൈൽ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശമാണത്. അവിടെയുള്ള ഒരു ജലാശയത്തിൻ്റെ പേര് ആ പ്രദേശത്തിന് ലഭിക്കുകയായിരുന്നു.

ചരിത്രത്തിൽ പുരാതന കാലത്ത് ബദ്ർ അറിയപ്പെട്ടിരുന്നത് അവിടെ വർഷം തോറും നടക്കുന്ന ചന്തയുടെ പേരിലായിരുന്നു. ഉക്കാസ്, മജന്ന പോലെ ഒരു വാർഷിക സംഗമകേന്ദ്രം. എന്നാൽ ഹിജ്റ രണ്ടാം വർഷം റമദാൻ മാസം 17 ന് നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തോടെ ( 624 മാർച്ച് 13 ) ആ സ്ഥലത്തിന് മറ്റൊരു ചരിത്ര നിയോഗം കൈവന്നു. ഇന്ന് ചരിത്രബോധമുള്ളവരെല്ലാം ബദ്ർ എന്ന് കേട്ടാൽ ഓർമിക്കുക ആ നിർണായക യുദ്ധമാണ്.

ഇസ് ലാമിക ചരിത്രത്തിൽ ബദ്ർ യുദ്ധത്തിന് അത്യപൂർവ സ്ഥാനമാണുള്ളത്. ചരിത്രത്തിൻ്റെ ഗതി മാറ്റിയ സംഭവം. സത്യാസത്യവിവേചനത്തിൽ വഴിത്തിരിവായ യുദ്ധം. പിൽക്കാല ചരിത്രം ഏറെ പ്രാധാന്യത്തോടെ ഓർത്തെടുക്കുന്ന യുദ്ധം കൂടിയാണത്.

ഖുർആൻ ഒരിടത്ത് മാത്രമാണ് ബദ്ർ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. ആലു ഇംറാൻ അധ്യായത്തിൽ  വചനം 123 ലാണ് ബദ്ർ പ്രത്യേകം പരാമർശിക്കുന്നത്. എന്നാൽ ബദ്ർ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഖുർ ആനിൽ ഒട്ടേറെ സ്ഥലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് അൽ അൻഫാൽ അധ്യായത്തിൽ നിരവധി വചനങ്ങൾ ബദ്റുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ഈ അധ്യായത്തെ ബദ്ർ അധ്യായം എന്ന് വരെ ചില സ്വഹാബികൾ വിശേഷിപ്പിക്കുന്നു. താബിഈ പ്രമുഖനായ സഈദ് ബിൻ ജുബൈർ അബ്ദുല്ലാഹി ഇബ്നു അബ്ബാസി(റ)നോട് അൽ അൻഫാലിനെ പറ്റി ചോദിച്ചപ്പോൾ അത് ബദ്ർ യുദ്ധ സംബന്ധിയായാണ് അവതരിച്ചതെന്ന് ഇബ്നു അബ്ബാസ് വിശദീകരിച്ചതായി ബുഖാരി, മുസ് ലിം റിപ്പോർട്ട് ചെയ്ത ഹദീസ് വൃക്തമാക്കുന്നു. 

കൂടാതെ അൽ അൻഫാൽ അധ്യായം നൽപ്പത്തൊന്നാം വചനത്തിൽ യൗമൽ ഫുർഖാൻ (സത്യാസത്യവിവേചന ദിവസം), യാമൽതഖൽ ജംആൻ (ഇരു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസം) എന്ന് വിശേഷിപ്പിച്ചത് ബദ്ർ യുദ്ധത്തെ പറ്റിയാണെന്ന് പ്രമുഖ  വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു.  

ആലു ഇംറാൻ അധ്യായത്തിൽ ബദ്ർ സംബന്ധിച്ച പ്രസ്താവം ഇങ്ങനെയാണ്: "ബദ് റിൽ നിങ്ങൾ ബലഹീനരായിരിക്കെ അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്തു. അത് കൊണ്ട് നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി അല്ലാഹുവിനെ സൂക്ഷിക്കുക. 3000 മലക്കുകളെയിറക്കി നാഥൻ സഹായിക്കുകയെന്നത് നിങ്ങൾക്ക് മതിയാവില്ലേ എന്ന് വിശ്വാസികളോട് അങ്ങ് ചോദിച്ച സന്ദർഭം സ്മരണീയമത്രെ. അതെ, നിങ്ങൾ ക്ഷമയും സൂക്ഷ്മതയും പാലിക്കുകയും ശത്രുക്കൾ അതിദ്രുതം വന്നെത്തുകയുമാണെങ്കിൽ വ്യത്യസ്ത അടയാളങ്ങളുള്ള 5000 മലക്കുകൾ മുഖേന നാഥൻ നിങ്ങൾക്ക് പിൻബലമേകുന്നതാണ്. "

Also Read:വിശേഷങ്ങളുടെ ഖുർആൻ: (14) മലയാളത്തിലെ വ്യാഖ്യാന ഗ്രന്ഥങ്ങൾ

"അല്ലാഹു അങ്ങനെ സഹായം ചെയ്തത് നിങ്ങൾക്ക് ശുഭകരമാകാനും മന:സമാധാനം ലഭിക്കാനും വേണ്ടിയുമാണ്. പ്രതാപിയും തന്ത്രജ്ഞനുമായ അവൻ്റെ പക്കൽ മാത്രമാണ് സഹായം, നിഷേധികളിലൊരു സംഘത്തെ തകർക്കാനോ നിന്ദ്യരാക്കാനാ വേണ്ടിയും. അങ്ങനെയവർ തോറ്റു പിന്തിരിഞ്ഞു പോകും. നബിയേ, കാര്യങ്ങളിൽ ഒരധാകാരവും നിങ്ങൾക്കില്ല. അവർ പശ്ചാത്തപിച്ച് അല്ലാഹുവത് സ്വീകരിക്കുകയോ അതിക്രമികളായത് കൊണ്ട് ശിക്ഷിക്കുകയോ ചെയ്യുന്നത് വരെ. വാന - ഭുവനങ്ങളിലുള്ളതെല്ലാം അല്ലാഹു വിൻ്റെതാണ്. താനുദ്ദേശിക്കുന്നവർക്ക് അവൻ പാപമോചനം നൽകുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു (123-29)

അൻഫാൽ അധ്യായത്തിൽ ബദ്ർ യുദ്ധവുമായി ബന്ധപ്പെട്ട് ഖുർആൻ ഉണർത്തുന്നത് നോക്കുക: "സത്യവിശ്വാസികളിലൊരു സംഘം അനിഷ്ടമുള്ളവരായിരിക്കെ തന്നെ, സത്യസന്ധമായൊരു വിഷയത്തിന് നാഥൻ താങ്കളെ സ്വഗൃഹത്തിൽ നിന്നിറക്കിയപ്പോഴുണ്ടായ അവസ്ഥ പോലെ തന്നെ. വസ്തുത വ്യക്തമായിട്ടും ന്യായമായ അക്കാര്യത്തിൽ താങ്കളോടവർ തർക്കിക്കുകയാണ്; നോക്കി നിൽക്കേ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് പോലെ."

നിങ്ങൾക്ക് രണ്ടിലൊരു സംഘത്തെ സ്വന്തമാക്കിത്തരാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സന്ദർഭം സ്മരണീയമത്രെ. ആയുധ ശേഷിയില്ലാത്ത സംഘം  സ്വായത്തമാകണമെന്നായിരുന്നു നിങ്ങളുടെ ഹിതം. എന്നാൽ തൻ്റെ ഉത്തരവുകൾ മുഖേന സത്യസാക്ഷാൽക്കരണത്തിനും നിഷേധികളുടെ ഉൻമൂലനത്തിനമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അധർമകാരികൾ അനിഷ്ടപ്പെട്ടാലും ശരി, സത്യത്തെ സാക്ഷാൽക്കരിക്കേണ്ടതിനും അസത്യത്തെ ശിഥിലമാക്കേണ്ടതിനും വേണ്ടിയത്രെ അത്. "

"നിങ്ങൾ നാഥനോട് സഹായം അർഥിച്ച സന്ദർഭം സ്മരിക്കുക. തുടർച്ചയായി 1000 മലക്കുകളെ അയച്ചു തന്നു നിങ്ങൾക്ക് ഞാൻ പിൻബലം നൽകുന്നതാണെന്ന് തൽസമയം നിങ്ങൾക്കവൻ മറുപടി നൽകി. ഒരു ശുഭവാർത്തയായും നിങ്ങൾക്ക് മന:സമാധാനമുണ്ടാകുവാനുമാണ് അല്ലാഹു അങ്ങനെ ചെയ്തത്. അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് ഏതൊരു സഹായവും. അവൻ പ്രതാപിയും തന്ത്രജ്ഞനും തന്നെ. തൻ്റെ പക്കൽ നിന്നുള്ള മന:ശാന്തിയായി അല്ലാഹു നിങ്ങളെ നിദ്രാ മയക്കത്താൽ ആവരണം ചെയ്ത സന്ദർഭം സ്മരണീയമത്രെ. നിങ്ങളെ ശുദ്ധീകരിക്കാനും പൈശാചിക ദുർബോധനം ദൂരീകരിക്കാനും മനസ്സുകൾ ദൃഢീകരിക്കാനും കാലുറപ്പിച്ചു നിർത്താനുമായി അവൻ നിങ്ങൾക്ക് അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിച്ചു തന്നതും ഓർക്കുക." (5-11)

ബദ്ർ യുദ്ധവുമായി ബന്ധപ്പെട്ട നിരവധി അസുലഭ മുഹൂർത്തങ്ങളിലേക്ക് ഉപര്യുക്ത വചനങ്ങളും തുടർവചനങ്ങളും വെളിച്ചം വീശുന്നുണ്ട്. രണാങ്കണത്തിൽ മുസ് ലിംകൾക്ക് നാഥനിൽ നിന്ന് ലഭിച്ച പ്രത്യേക സഹായങ്ങളെ കുറിച്ച് തുടർ വചനങ്ങളും ഉണർത്തുന്നുണ്ട്. ഇടയ്ക്ക് തിരുനബി മണ്ണ് വാരി ശത്രു മുഖത്തേക്ക് എറിഞ്ഞതും അതവരുടെ കണ്ണിലും മുക്കിലും പെട്ട് സ്തബ്ധരായതും ഖുർആൻ പിന്നീട് വിവരിക്കുന്നുണ്ട്. നിങ്ങൾ എറിഞ്ഞപ്പോൾ യഥാർത്ഥത്തിൽ നിങ്ങളായിരുന്നില്ല, എറിഞ്ഞത്, മറിച്ച് അല്ലാഹുവാണ് ' എന്ന വചനത്തിലൂടെ ദൈവിക സഹായത്തിൻ്റെ മാറ്റ് അവൻ വ്യക്തമാക്കിക്കൊടുത്തു. 

ആയിരത്തോളം വരുന്ന സർവായുധ സജ്ജരായ ശത്രു നിരയോടാണ് 313 പേർ മാത്രമുള്ള മുസ് ലിം സേനയ്ക്ക് പോരാടേണ്ടി വന്നത്. അതും ആകെ രണ്ട് കുതിരകളും 70 ഓളം ഒട്ടകങ്ങളും മാത്രമേ കൂടെയുള്ളൂ. മാത്രമല്ല, യുദ്ധത്തിന് വേണ്ട ഒരുക്കത്തിലും മാനസികാവസ്ഥയിലും ആയിരുന്നില്ല, മുസ് ലിം സൈന്യം പുറപ്പെട്ടിരുന്നത്. സിറിയയിൽ വ്യാപാരം നടത്തി വൻതോതിലുള്ള ചരക്കുകകളുമായി തിരിച്ചു വരുന്ന അബൂസുഫ്യാനെയും കൂട്ടരേയും വഴി തടഞ്ഞു സ്വത്ത് കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 

അതിന് പ്രത്യേക കാരണങ്ങളും ഉണ്ടായിരുന്നു. അതിന് രണ്ട് വർഷം മുമ്പാണ് മക്കയിലെ അവിശ്വാസികളിൽ നിന്നുള്ള പീഢനങ്ങളും മർദനങ്ങളും സഹിക്കാനാകാതെ സ്വദേശം വിട്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് മുസ് ലിംകൾ. അവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവർ ഉപേക്ഷിച്ച സമ്പാദ്യമെല്ലാം ശത്രുക്കൾ കൈക്കലാക്കി. അവയുടെ കൂടി പിൻബലത്തിൽ സിറിയയിൽ നടത്തിയ വ്യാപാരത്തിൻ്റെ വരുമാനവുമായാണ് ശത്രുസംഘം തിരിച്ചു വരുന്നത്. അവരെ വഴി തടഞ്ഞ് ചുരുങ്ങിയത് തങ്ങൾക്കവകാശപ്പെട്ട വിഹിതമെങ്കിലും സ്വന്തമാക്കാമല്ലോ എന്ന ന്യായമായ ലക്ഷ്യം. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (13) ഖുർആൻ ഇന്ത്യൻ ഭാഷകളിൽ

കൂടാതെ വ്യാപാരത്തിലൂടെ ലഭിക്കുന്ന ലാഭത്തിൽ നിന്നൊരു വിഹിതം മുസ് ലിംകൾക്കെതിരെ ആളുകളെ ഒരുക്കാനും പൊരുതാനുമുള്ള ഫണ്ടിലേക്ക് അവർ മാറ്റി വച്ചിരുന്നു. മുസ് ലിംകൾ വ്യാപാര സംഘത്തെ തടയുകയാണെന്ന പ്രചാരണം നടത്തി വികാരം ഇളക്കിവിട്ടാണ് അവർ മക്കക്കാരെ യുദ്ധത്തിനായി ഒരുക്കിയത്.

പക്ഷെ, അബൂസുഫ് യാനും കൂട്ടരും മുസ് ലിംകളുടെ നീക്കങ്ങൾ മണത്തറിഞ്ഞ് വേറെ വഴിക്ക് കടന്നു കളഞ്ഞു. എന്നാൽ അവരുടെ സംരക്ഷണത്തിനെന്ന പേരിൽ മക്കയിൽ നിന്ന് സംഘടിച്ചെത്തിയ സംഘം ചരക്കുകളുമായി മക്കക്കാർ രക്ഷപ്പെട്ടതറിഞ്ഞ ശേഷവും മുസ് ലിംകളെ പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ മുന്നേറുകയായിരുന്നു. മുസ്ലിംകൾ 'അബൂജഹ്ൽ' എന്ന് വിളിക്കുന്ന അംറ് ബിൻ ഹിശാമിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു, യുദ്ധം നടക്കണമെന്ന നിർബ്ബന്ധം. ഒടുവിൽ യുദ്ധം നടന്നപ്പോൾ മക്കാ ഖുറൈശി സൈന്യം ദയനീയ പരാജയം  ഏറ്റുവാങ്ങിയെന്ന് മാത്രമല്ല, ശത്രു നിരയിലെ പ്രമുഖർ അടക്കം 70 ഓളം പേർ കൊല്ലപ്പെട്ടു. അതിൽ അബൂജഹ് ലും ഉത്ബയും ശൈബയും എല്ലാം ഉൾപെടുന്നു.  അത്രയും പേർ ബന്ധികളായും പിടിക്കപ്പെട്ടു.

മുസ് ലിം നിരയിൽ നിന്ന് 14 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. യുദ്ധം മുസ് ലിംകൾക്ക് വലിയ തോതിൽ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് മാത്രമല്ല, അറേബ്യയിലാകെ അന്ത്യപ്രവാചകനും ഇസ് ലാമിനും അനുകൂലമായ തരംഗം സൃഷ്ടിച്ചു. 

ബദ്ർ യുദ്ധം ഖുർആനിലെ വേറെയും ചില അധ്യായത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദൈർഘ്യം ഭയന്ന് അവയിലേക്ക് കടക്കുന്നില്ല. പൊതുവായി ഇതിലൂടെയെല്ലാം വായിച്ചെടുക്കാവുന്ന ചില പാഠങ്ങളുണ്ട്. അംഗ സംഖ്യയോ ഭൗതിക സന്നാഹങ്ങളോ മാത്രമല്ല, പോരാട്ടങ്ങളിൽ ഗതിനിർണയിക്കുക. വിശ്വാസദാർഢ്യവും അതിൽ നിന്നുൽഭൂതമാകുന്ന ദൈവീക പിൻബലവും ഉണ്ടെങ്കിൽ എത് കരുത്തരുടെ മുന്നിലും പിടിച്ചു നിൽക്കാനും മുന്നേറാനും കഴിയും. അതില്ലെങ്കിൽ സ്വാഭാവികമായും ഭൗതിക കരുത്താണ് വിധി നിർണയിക്കക. 

നേതാവിനെ അനുസരിക്കുക വളരെ പ്രധാനമാണ്. വിശിഷ്യാ പോരാട്ട വേളയിൽ. ബദ്റിൽ അക്കാര്യം നൂറ് ശതമാനം പാലിക്കപ്പെട്ടപ്പോൾ വിജയം ന്യൂനപക്ഷത്തിൻ്റെ കൂടെയായി. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ഉഹുദ് യുദ്ധത്തിൽ കൂടുതൽ ഭൗതിക സൗകര്യങ്ങളും സന്നാഹങ്ങളും  ഉണ്ടായിട്ടും സേനാ നായകനെ അനുസരിക്കുന്ന കാര്യത്തിൽ ചെറിയ വീഴ്ച വന്നപ്പോൾ അത് വലിയ തിരിച്ചടിയിലേക്ക് നയിച്ചു. 

ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വേണ്ടിയാണ് ഖുർആൻ ഇത്തരം സംഭവങ്ങൾ എടുത്തുദ്ധരിക്കുന്നത്. കേവല വായനയ്ക്കപ്പുറം ആ പാഠങ്ങൾ വിഹ്വലതയാർന്ന വർത്തമാന യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ വഴികാട്ടിയായിത്തീരുമ്പോഴാണ് പഠനവും അനുസ്മരണയും സാർത്ഥകമായിത്തീരുക. നാഥൻ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter