വിശേഷങ്ങളുടെ ഖുർആൻ: (9)  വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പ്രാമാണികത

വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പ്രാമാണികത

തിരുനബി(സ)യുടെ കാലത്തും സ്വഹാബീ കാലഘട്ടത്തിലും ഖുർആൻ വ്യാഖ്യാനം  ലളിതമായ രീതിയിലാണ് മുന്നേറിയത്. കാര്യമായി ഖുർആനിലെ അവ്യക്തമായ വല്ല വാക്കുകളോ വാചകങ്ങളോ വിവരിക്കുന്നതിൽ അത് ഒതുങ്ങി. ഗഹനമായ ചിന്തകളോ സങ്കീർണ വിഷയങ്ങളിൽ ചുറ്റിക്കറങ്ങുന്ന ചിന്താ പ്രസ്ഥാനങ്ങളോ ഒന്നും അന്നവിടെ രൂപപ്പെട്ടിരുന്നില്ല. ഇസ് ലാം അനറബിദേശങ്ങളിലേക്ക് വ്യാപിക്കുകയും ഇതര സമൂഹങ്ങളിലെ വ്യത്യസ്ത ചിന്താധാരകളും തത്വചിന്തകളുമായി ഇസ് ലാമിൻ്റെ സരളമായ വിശ്വാസ രീതികൾ സമ്പർക്കപ്പെടുകയും ചെയ്തപ്പോഴാണ് പുതിയ ആശയങ്ങളും വീക്ഷണങ്ങളുമായി വൈജ്ഞാനിക ചക്രവാളങ്ങൾ വികസിച്ചതും വിവിധ ശാഖകൾ ഉദയം കൊണ്ടതും. ക്രമേണ 'ഉലൂമുൽ ഖുർആൻ' എന്ന പേരിൽ ഖുർആൻ വിജ്ഞാന സമുച്ചയം തന്നെ രൂപപ്പെട്ടു.

സ്വഹാബികളുടെ കാലത്ത് നേരത്തേ സൂചിപ്പിച്ച പ്രമുഖ സഹാബികൾക്ക് പുറമെ നാലാം ഖലീഫ അലി(റ)യും ഖുർആൻ വ്യാഖ്യാന സംരംഭങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. അവരുടെയെല്ലാം ശിഷ്യത്വത്തിൽ വളർന്ന് വന്ന താബിഉകളായ  നൂറുകണക്കിന് വ്യാഖ്യാതാക്കളിൽ പ്രമുഖരായി മുജാഹിദ്, അത്വാ ബിൻ റബാഹ്, ഇക് രിമ, സഈദ് ബ്നി ജുബൈർ തുടങ്ങിയവർ ഉയർന്നു വന്നു. അത് പോലെ ഹസൻ ബസരി, അത്വാ ബിൻ സലമ ഖുറാ സാനി, മുഹമ്മദ് ബിൻ കഅബ് അൽ ഖുറളി, അബുൽ ആലിയ, ദഹ്ഹാക് ബിൻ മുസാഹിം, ഖതാദ, സൈദ് ബ്നി അസ് ലം, അബൂ മാലിക് തുടങ്ങിയവരും വ്യാഖ്യാനരംഗത്ത് വിലപ്പെട്ട സേവനങ്ങൾ കാഴ്ചവച്ചു. 

എന്നാൽ ഫന്നുത്തഫ്സീർ(ഖുർആൻ വ്യാഖ്യാന ശാഖ) ഔപചാരികമായി രചനാരൂപം പ്രാപിച്ചത് സഈദ് ബിൻ ജുബൈർ എന്ന താബിഈ പണ്ഡിതനിലൂടെയാണെന്ന് പറയാം. ഉമവി ഖലീഫ അബ്ദുൽ മലിക് ബിൻ മർവാൻ ഇദ്ദേഹത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നു ഒരു വ്യാഖ്യാന ഗ്രന്ഥം തയ്യാർ ചെയ്തു ഖലീഫയ്ക്ക് അയച്ചുകൊടുത്തു. അതിൻ്റെ പകർപ്പ് രാജകീയ ഗ്രന്ഥശേഖരത്തിൽ വരവ് വച്ചു. പിൽക്കാലത്ത് അത്വാഉ ബ്നി ദീനാറിൻ്റെ പേരിൽ അറിയപ്പെട്ട വ്യാഖ്യാനം യഥാർത്ഥത്തിൽ സഈദ് ബ്നി ജുബൈറിൻ്റെ രചനയാണ്.( മീസാനുൽ ഈ തിദാലിനെ ഉദ്ധരിച്ച് അല്ലാമാ ശിബ് ലി നുഅമാനി - ഉലൂമെ ഖുർആൻ എന്ന അധ്യായത്തിൽ,മഖാലാതെ ശിബ് ലി 1/27) അന്നത്തെ രചനയെന്ന് കേൾക്കുമ്പോൾ ഇന്നത്തെ രചനാരീതിയുമായി കൂട്ടി വായിക്കരുത്. പ്രധാനമായും ഗുരുവര്യർ ശിഷർക്ക് പറഞ്ഞു കൊടുക്കലും അവർ കുറിച്ചെടുക്കലുമാണത്. പിന്നീടാണ് അവ ഗ്രന്ഥരൂപം പ്രാപിക്കുന്നത്.

തുടർന്നു ഗവേഷണ പടുക്കളായ ഇമാമുമാരും അവരുടെ സമകാലികരും തഫ്സീർ (ഖുർആൻ വ്യാഖ്യാനം) വിവരണത്തിൽ മുന്നിൽ നിന്നു. അവരിൽ സുഫ്യാൻ ബിൻ ഉയൈന, ശുഉബ, യസീദ് ബിൻ ഹാറൂൻ, അബ്ദുർ റസ്സാഖ്, അബൂബക്റ് ബിൻ അബീശൈബ തുടങ്ങിയവരും വ്യാഖ്യാനരംഗത്ത് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ചവരാണ്. പിന്നെയും നൂറ്റാണ്ടുകളിലൂടെ ഈ ശ്രമങ്ങൾ അനുസ്യൂതം തുടർന്നു. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (8) ഖുർആൻ വ്യാഖ്യാന ചരിത്രം

തഫ്സീറുകൾ മാത്രമല്ല, ഖുർആൻ വിജ്ഞാനീയങ്ങളുടെ ചെപ്പു തുറക്കുന്ന വേറെയും രചനകൾ ഉണ്ടായിക്കൊണ്ടിരുന്നു. പലതും തഫ്സീറുകളെക്കാൾ കൂടുതൽ പ്രയോജനപ്രദമായ രചനകൾ. ഖുർആൻ്റെ വെളിച്ചത്തിൽ കർമശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന കൃതികൾ, അവതരണകാരണങ്ങളിൽ മാത്രം ഊന്നിയുള്ള രചനകൾ, ഖുർആനിലെ അനറബി പദങ്ങൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ, അത് പോലെ ഖുർആനിലെ ഉപമകൾ, വചനങ്ങളിലെ ആവർത്തനങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ ഇങ്ങനെ 80 ൽ പരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓരോ ശാസ്ത്ര ശാഖയിലെ പണ്ഡിത കേസരികൾ ഇത്തരം വിഷയങ്ങളിൽ സ്വതന്ത്ര കൃതികൾ രചിക്കുന്നതിൽ അവരുടെ മികവുകൾ പുറത്തെടുത്തു. ഇങ്ങനെ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ഈ രംഗത്ത് പിറവി കൊണ്ടു.(മഖാലതെ ശിബ് ലി: 1/27-28).

ഇസ് ലാമിക ചരിത്രത്തിലും ഖുർആൻ വിജ്ഞാനീയങ്ങളിലും നിസ്തുല സേവനങ്ങൾ കാഴ്ചവച്ച വിഖ്യാത ഇന്ത്യൻ പണ്ഡിതൻ അല്ലാമാ ശിബ് ലി നുഅമാനി ആരംഭകാലത്തെ തഫ്സീർ ചരിത്രം സംബന്ധിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അന്ന് വിരചിതമായ തഫ്സീർ കൃതികൾ നൂറുകണക്കിന് വരുമെങ്കിലും അവയെ ആറ് വിഭാഗങ്ങളായി തരം തിരിക്കാമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 

ഒന്ന്: കർമശാസ്ത്ര പരം: ഈ വിഭാഗത്തിൽ പെടുന്ന കൃതികൾ ഖുർആനിലെ കർമശാസ്ത്ര വിധികൾ അപഗ്രഥിച്ചെടുക്കാവുന്ന വചനങ്ങളെ സമാഹരിച്ചിരിക്കുന്നു. ഇസ്മായീൽ ബിൻ ഇസ്ഹാഖിൻ്റെ അഹ്കാമുൽ ഖുർആൻ, അബൂബക്റ് റാസിയുടെ അഹ്കാമുൽ ഖുർആൻ, ഖാസി യഹ് യ ബിൻ അക്സമിൻ്റെ അഹ്കാമുൽ ഖുർആൻ എന്നിവ ഉദാഹരണം. 

സാഹിത്യ പരം: ഖുർആന് ഭാഷാ മികവ്, സാഹിത്യ ഭംഗി എന്നിവയിലൂടെ എങ്ങനെ അമാനഷികത കൈവന്നുവെന്ന് ഇത്തരം കൃതികൾ ചർച്ച ചെയ്യുന്നു. അത് പോലെ ഖുർആനിലെ ഉപമാലങ്കാരങ്ങൾ, ചമൽക്കാര പ്രയോഗങ്ങൾ, ആവർത്തനങ്ങൾ, ക്രമീകരണരീതികൾ,നവ്യഭാവങ്ങൾ എല്ലാം ഈ വിഭാഗത്തിൽ പെടുന്നു. 

ചരിത്രപരം: ഖുർആനിൽ വിവരിച്ച പ്രവാചകർ, മഹാത്മാക്കൾ, പൂർവജനതകൾ തുടങ്ങിയവരുടെ കഥകളും ചരിത്രങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ. 

വ്യാകരണപരം: ഖുർആനിലെ ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തിൽ അറബി വ്യാകരണ സംബന്ധിയായ ചർച്ചകൾ. റാസിയുടെ ഈ റാബുൽ ഖുർആൻ ഉദാഹരണം. 

ഭാഷാപരം: ഖുർആനിൽ പ്രയോഗിച്ച പദങ്ങളുടെ ഉറവിടം,ഘടന തുടങ്ങിയ ചർച്ചകളിൽ അബൂഉബൈദയുടെ ലുഗാതുൽ ഖുർആൻ പോലുള്ള കൃതികൾ വിരചിതമായി. 

വചന ശാസ്ത്രപരം: ഖുർആനിലൂടെ വിശ്വാസപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കൃതികൾ. ഈ മേഖലകളിലെല്ലാം പൂർവകാല പണ്ഡിതർ സമർപ്പിച്ച കഠിനാധ്വാത്തിൻ്റെ ഫലങ്ങൾ കനപ്പെട്ട ഗ്രന്ഥക്കളായി പുറത്ത് വന്നു.

പക്ഷെ, ഇവയിൽ പലതും പിൽക്കാലത്ത് നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. അപൂർവം കൃതികൾ മാത്രമേ കാലത്തിൻ്റെ തിരിച്ചടികളെ അതിജീവിച്ചു പിടിച്ചു നിന്നുള്ളു. അത്തരം കൃതികൾ പലതും ഇന്നും അച്ചടിച്ച് പ്രചരിച്ച് വരുന്നു.(മഖാലാതെ ശിബ് ലിയിലെ ആശയങ്ങളുടെ ചുരുക്കം. പേജ്: 29)

സ്വഹാബികളുടെയും താബിഉകളുടെയും  കാലത്ത് തഫ്സീറുകളുടെ വ്യത്യസ്ത വിദ്യാലയങ്ങൾ രൂപപ്പെട്ടു. അബ്ദുല്ലാഹിബ്നി അബ്ബാസും ശിഷ്യഗണങ്ങളും അടങ്ങിയ മക്കയിലെ വിദ്യാലയം. അവിടെയാണ് സഈദ് ബിൻ ജുബൈർ, മുജാഹിദ്, ഇക് രിമ മൗലാ അബ്ബാസ്, ത്വാഊസ്ബ് നി കൈസാൻ അൽ യമാനി, അത്വാബ് നി അബീ റബാഹ് തുടങ്ങിയവർ തെളിഞ്ഞു വന്നത്. 

മദീനയിൽ: ഉബയ്യ്ബ്നി കഅബിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട തഫ്സീർ വിദ്യാലയത്തിൽ സൈദ്ബ് നി അസ് ലം, അബുൽ ആലിയ, മുഹമ്മദ് ബ്നി കഅബ് തുടങ്ങിയവരാണ് ഉയർന്ന് വന്നത്.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (7 ) ഖുർആൻ: ചില കൗതുക വിവരങ്ങൾ

ഇറാഖിൽ: രണ്ടാം ഖലീഫയുടെ കാലത്ത് കൂഫയിലെ ഗവർണറായി അമ്മാർ ബിൻ യാസിറിനെ നിയോഗിച്ചപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ സഹായിയായി, ജനങ്ങൾക്ക് അറിവ് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തവുമായി അബ്ദുല്ലാഹിബ്നി മസ്ഊദി (റ)നെയും അയച്ചിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അവിടെ രൂപപ്പെട്ട വിദ്യാലയത്തിൽ അൽഖമ ബിൻ ഖൈസ്, മസ്റൂഖ്, അൽ അസ് വദ് ബിൻ യസീദ്, മുർറ അൽ ഹമദാനി, ആമിർ ശഅബി, ഹസൻ ബസരി, ഖതാദ തുടങ്ങിയവരുടെ അരങ്ങേറ്റമുണ്ടായി. 

ഇങ്ങനെ പ്രചാരം നേടിയ തഫ്സീർ വിജ്ഞാനങ്ങളിൽ സ്വാഭാവികമായും പ്രാദേശിക നിറങ്ങളും പ്രകടമായി. മദീനയിലും മറ്റും കൂടുതൽ സഹാബികളെ നേരിൽ കണ്ടവരും കേട്ടവരമായതിനാൽ അവരുടെ വ്യാഖ്യാനങ്ങളിൽ നഖ്ല് (ഉദ്ധരണികൾ) മികച്ചു നിന്നു. എന്നാൽ ഇറാഖിലും മറ്റും രൂപപ്പെട്ട വ്യാഖ്യാന വൃത്തങ്ങളിൽ ബുദ്ധിപരമായ വ്യാഖ്യാനങ്ങൾ കൂടുതൽ സ്വാധീനം നേടി. അങ്ങനെ പിൽക്കാലത്ത് ഖുർആൻ വ്യാഖ്യാനരംഗത്ത് തഫ്സീർ ബിൽ മൻഖൂൽ(ഉദ്ധരണിക്ക് പ്രാമുഖ്യം), തഫ്സീർ ബിർ റഅ'യ് ( ബൗദ്ധിക വ്യാഖ്യാനത്തിന് മുൻതൂക്കം) എന്നീ രണ്ട് സരണികൾ രൂപം കൊണ്ടു. പിൽക്കാലത്ത് വിരചിതമായ നൂറുകണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളെ ഈ രണ്ട് സരണികളിലായാണ് വിലയിരുത്തപ്പെടുന്നത്.

കൂടാതെ രണ്ടാം നൂറ്റാണ്ടോടു കൂടി അവാന്തരവിഭാഗങ്ങളും ചിന്താ പ്രസ്ഥാനങ്ങളും സജീവമായി. ഓരോ വിഷയങ്ങളിലും വ്യത്യസ്ത വിഭാഗക്കാർ അവരുടെ വീക്ഷണങ്ങൾക്കനുരൂപമായി വചനങ്ങളെ വ്യാഖ്യാനിച്ചു തുടങ്ങി. അങ്ങനെ അഹ് ലുസ്സുന്ന വൽ ജമാഅ എന്ന മുഖ്യധാരയുടെ കാഴ്ചപ്പാടുകളുമായി ബഹു ഭൂരിഭാഗം തഫ്സീർ ഗ്രന്ഥങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ശിആ വിഭാഗത്തിൻ്റെയും മുഅതസില വിഭാഗത്തിൻ്റെയും മറ്റും വീക്ഷണങ്ങൾ ഉൾക്കൊണ്ട പണ്ഡിതരുടെ വകയായി വേറെയും വ്യാഖ്യാന കൃതികൾ പിറന്നു വീണു. തുടർന്നുള്ള കാലഘട്ടം എല്ലാ തരം വിജ്ഞാനങ്ങളുടെയും നവോത്ഥാന കാലമായി മാറി. ഗ്രന്ഥരചനയും വൈജ്ഞാനിക വിപുലീകരണവും അന്നിൻ്റെ മുഖമുദ്രയായി തീർന്നു. സ്വാഭാവികമായും ഖുർആൻ വിജ്ഞാനീയങ്ങളിൽ അഭൂതപൂർവകമായ മുന്നേറ്റമാണ് തുടർന്നുള്ള കാലഘട്ടങ്ങൾ സാക്ഷ്യം വഹിച്ചത്.

കടപ്പാട്:ചന്ദ്രിക ദിനപ്പത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter