റമദാന്‍ ചിന്തകള്‍ - നവൈതു 4. ഉറക്കം പോലും ത്യജിച്ച് നാഥന് മുന്നിലെത്തുന്നവര്‍

ഉറക്കം, അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. ശാരീരിക മാനസിക പ്രശ്നങ്ങളൊന്നുമില്ലാത്തിടത്തോളം എത്ര ഉറങ്ങിയാലും മതിവരാറില്ല. അതേ സമയം, ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാവുന്നതോടെ, ആദ്യം നഷ്ടപ്പെടുന്നത് ഉറക്കമായിരിക്കും. ഉറക്കം വരാത്ത രാവുകളും ഉറക്കം നഷ്ടപ്പെടുന്ന നിമിഷങ്ങളും എന്നും ഭീതിയുടെയും ആശങ്കയുടെയും സൂചകങ്ങളാണ്.

എന്നാല്‍ അതിസുഖകരമായി ഉറങ്ങാന്‍ കഴിയുമ്പോഴും അത് വേണ്ടെന്ന് വെച്ച് രാത്രിയുടെ യാമങ്ങളില്‍ കിടക്കയില്‍നിന്നെണീറ്റ് സ്രഷ്ടാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥനകളോടെ കൈകളുയര്‍ത്തുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. അതും ത്യാഗത്തിന്റെ ഭാഗം തന്നെ. ആരും നിര്‍ബന്ധിക്കാനോ എന്ത് കൊണ്ട് ചെയ്തില്ലെന്ന് ചോദിക്കാനോ ഇല്ലാതെ തന്നെ, സ്വയം നിര്‍ബന്ധിക്കുന്ന ഇത്തരം ത്യാഗങ്ങള്‍ സമ്മാനിക്കുന്നത് വല്ലാത്ത സംതൃപ്തിയും ആത്മ നിര്‍വൃതിയുമാണ്.

വിശ്വാസിയുടെ ജീവിതം തന്നെ ഇത്തരം ത്യാഗങ്ങളാണ്. മനസ്സ് ഇച്ഛിക്കുന്ന പലതും കൈയ്യെത്തും ദൂരത്തുണ്ടാവുമ്പോഴും, തന്നെ സൃഷ്ടിച്ച നാഥന്‍ അത് അരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവ വേണ്ടെന്ന് വെക്കുന്നവനാണ് വിശ്വാസി. കാണാന്‍ മറ്റാരുമില്ലെന്ന് ഉറപ്പുള്ള ഇടങ്ങളിലെത്തുമ്പോള്‍ പോലും എല്ലാം കാണുന്ന എന്റെ റബ്ബ് വീക്ഷിക്കുന്നുണ്ടെന്ന ബോധമുള്ളവനാണ് അവന്‍. പാലില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഖലീഫാ ഉമറിന്റെ കല്പനയുണ്ടെന്നതിന്, അതിന് ഖലീഫ ഉമര്‍ ഇത് കാണുന്നില്ലല്ലോ എന്ന് പറയുമ്പോള്‍, ഖലീഫ ഉമറിന്റെ റബ്ബ് ഇത് കാണുന്നില്ലേ എന്ന മറുചോദ്യം ഉയരുന്നത് അവിടെയാണ്.

Read More : റമദാന്‍ ചിന്തകള്‍ - നവൈതു 3. ഇസ്‍ലാം.. അതിന് വില ഏറെയാണ്..

സി.സി.ടി.വി കേമറകളെ പേടിച്ച് പലതും വേണ്ടെന്ന് വെക്കുന്നതിന് പകരം, എല്ലായിടത്തും ഒരു പോലെ നോട്ടമെത്തുന്ന, കൂരിരുട്ടുള്ള രാത്രിയിലെ കറുത്തുറുമ്പിന്റെ ചലനം പോലും സൂക്ഷ്മമായി അറിയുന്ന, കടലിരമ്പങ്ങള്‍ക്കിടയിലെ കുഞ്ഞുമീനിന്റെ ആവലാതി പോലും കേള്‍ക്കുന്ന ആ നാഥനുണ്ടെന്ന ബോധം, അവനെ എല്ലാം ബോധിപ്പിക്കണമല്ലോ എന്ന ചിന്ത, എല്ലാത്തിനും നാളെ അവന്റെ മുന്നില്‍ കൈകെട്ടി മറുപടി പറയേണ്ടിവരുമെന്ന വിചാരം, അതാണ് ഏതൊരു വിശ്വാസിയുടെയും കാതല്‍. ഈ ചിന്തയാണ് അവന്റെ ജീവിതം നിയന്ത്രിക്കുന്നതും അതിനെ ഇത്രമേല്‍ സുന്ദരമാക്കുന്നതും. അതോടെ സമൂഹത്തിന്റെ ജീവിതം തന്നെ സുഭഗവും സുഗമമവുമായിത്തീരുകയും ചെയ്യുന്നു.

മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ഈ ചിന്തയും വിചാരവും ഉള്ളവനാണ് യഥാര്‍ത്ഥ വിശ്വാസി. അതില്ലാത്തവനെ, അവന്റെ പേര് എന്ത് തന്നെയായാലും പൂര്‍ണ്ണ വിശ്വാസി എന്ന് പറയാനൊക്കില്ല. ആ പദവിയിലേക്ക് വ്യക്തികളെ ഉയര്‍ത്തുകയാണ് വിശുദ്ധ റമദാന്‍ ചെയ്യുന്നത്. അത് തന്നെയാണ്, വിശുദ്ധ ഖുര്‍ആന്‍ നോമ്പിന്റെ ലക്ഷ്യമായി, നിങ്ങള്‍ ഭയഭക്തിയുള്ളവരാവാന്‍ വേണ്ടി എന്ന് പറഞ്ഞതും...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter