റമദാന്‍ ചിന്തകള്‍ - നവൈതു..11. ളുഹാ സമയം, അതും പ്രധാനം തന്നെ

ളുഹാ സമയത്തെ തന്നെയാണ് സത്യം, സൂര്യനെയും അതിന്റെ ളുഹാ സമയത്തെയും തന്നെയാണ് സത്യം.. വിശുദ്ധ ഖുര്‍ആനില്‍ ഇടക്കിടെ കാണാവുന്ന സത്യവാചകങ്ങളില്‍ പെട്ടതാണ് ഇത്. 

സൂര്യനുദിച്ച് അല്‍പ സമയം കഴിയുന്നത് മുതലുള്ള സമയത്തെയാണ് ളുഹാ സമയം എന്ന് പറയുന്നത്. ഇത് പലതിന്റെയും പ്രതീകമാണ്. ഒരു പുതിയ ജന്മത്തിന്റെ, ഉല്‍സാഹത്തോടെയുള്ള തുടക്കത്തിന്റെ, പ്രതീക്ഷകളോടെയുള്ള ചുവടുവെപ്പിന്റെ. ആ സമയത്താണ് പക്ഷികള്‍ അന്നം തേടി കൂടുവിട്ടിറങ്ങുന്നത്. എന്തെന്നോ എവിടെയെന്നോ ഒന്നുമറിയാതെയാണ്, ഒട്ടിയ വയറുമായി അവ അനന്തമായി ആകാശം നോക്കി ചിറകടിച്ചുപറക്കുന്നത്. നാളേക്ക് വേണ്ടി ഒന്നും നീക്കിവെക്കാത്ത, അന്നേ ദിവസത്തേക്ക് ആവശ്യമായത് മാത്രം അന്നാന്ന് കണ്ടെത്തുന്ന അവ നമുക്ക് അനേകം പാഠങ്ങള്‍ നല്കുന്നുണ്ട്. നിര്‍ഭയത്വവും ശാരീരിക-മാനസിക സൗഖ്യവും അന്നേക്കാവശ്യമായ ഭക്ഷണവും ഉള്ളവന്‍, ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കിയവനെ പോലെയാണെന്ന പ്രവാചകവചനം ഇതിനോട് ചേര്‍ത്ത് വായിക്കാം.

പുതുനാമ്പുകള്‍ പ്രകാശലോകത്തേക്ക് കണ്ണ് തുറക്കുന്ന സമയം കൂടിയാണ് ളുഹാ സമയം. പല പുഷ്പങ്ങളും വിരിയുന്നത് ഈ നേരത്താണ്. അഥവാ, ജനനത്തിന്റെ, വിശേഷങ്ങളുടെ പുതിയ ലോകത്തേക്കുള്ള മിഴി തുറക്കലിന്റെ സമയം കൂടിയാണ് ഇത്.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു..10. അന്നം തേടി ഇറങ്ങുന്നതും ആരാധന തന്നെ

എല്ലാത്തിലുമുപരി, പ്രവാചകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സമയമാണ് ഇത്. അവിടുന്ന് യാത്ര തുടങ്ങാനും യാത്ര കഴിഞ്ഞ് വീടണയാനുമെല്ലാം ഇഷ്ടപ്പെട്ടിരുന്നത് ഈ സമയത്തായിരുന്നു. ദിവ്യബോധനം അല്‍പദിവസം മുടങ്ങിയതോടെ മാനസികമായ ഏറെ പ്രയാസപ്പെട്ട പ്രവാചകരെ ആശ്വസിപ്പിച്ച് ഇറങ്ങിയ സൂക്തത്തിന്റെ പേര് പോലും സൂറതുള്ളുഹാ എന്നാണ്. ളുഹാ സമയത്തെ കൊണ്ട് സത്യം ചെയ്താണ്, അങ്ങയെ താങ്കളുടെ നാഥന്‍ കൈവിട്ടിട്ടില്ല എന്ന തുടങ്ങുന്ന ആ ആശ്വാസവചസ്സുകള്‍ ആരംഭിക്കുന്നത് തന്നെ. 

ബഹുഭൂരിഭാഗം പേരും അന്നം തേടിയിറങ്ങുന്ന സമയമാണ് ഇത്. ജീവിതത്തിന്റെ നിഖില മേഖലകളിലും മതത്തിന്റെ മൂല്യങ്ങള്‍ പാലിക്കേണ്ട വിശ്വാസിക്ക് ഇവിടെയുമുണ്ട് ചില നിര്‍ദ്ദേശങ്ങള്‍. ആ സമയത്ത് പ്രത്യേകം സുന്നതുള്ള നിസ്കാരം രണ്ട് റക്അതെങ്കിലും നിസ്കരിച്ച് നാഥന് മുന്നില്‍ സുജൂദുകള്‍ അര്‍പ്പിച്ചായിരിക്കണം ഈ സമയവും അവന് കഴിഞ്ഞ് കടക്കേണ്ടത്. ളുഹാനിസ്കാരം എന്നറിയപ്പെടുന്ന ഈ റക്അതുകള്‍ക്ക്, ഐഛിക നിസ്കാരങ്ങളില്‍ ഏറെ പ്രാധാന്യം നല്കപ്പെടുന്നതും അത് കൊണ്ട് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter