സഅ്ദീ ഷീറാസി: സ്വൂഫീ സാഹിത്യലോകത്തെ അതുല്യപ്രതിഭ

ലോകസാഹിത്യത്തില്‍ തന്നെ വിശ്രുതമായ നാമമാണ് സഅ്ദീ ശീറാസിയുടേത്. മുശ്‍രിഫുദ്ധീൻബ്നു മുസ്‍ലിഹുദ്ധീൻ അബ്ദുല്ല സഅദി എന്നാണ് പൂര്‍ണ്ണ നാമം. 1184ൽ ഇറാനിലെ ഷിറാസിൽ ജനിച്ചു. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപെട്ട സഅദി തുടർ പഠനത്തിനായി ബഗ്ദാദിലെ നിസാമിയ്യ മദ്രസയിലെത്തുകയും അവിടെ നിന്ന് ഇസ്‍ലാമിക ശാസ്ത്രം, നിയമം, അറബി സാഹിത്യം, തിയോളജി എന്നിവയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. ജീവിതത്തിലെ പട്ടിണി മാറ്റാൻ എഴുതി തുടങ്ങിയ സഅദി, പിന്നെ പേർഷ്യൻ സാമൂഹിക ചിന്താധാരകളിൽ അസാമാന്യ കഴിവ് തെളിയിച്ച്  മധ്യ കാലഘട്ടത്തിലെ പേർഷ്യൻ കവികളിൽ പ്രധാനിയായി മാറി.  കുട്ടിക്കാലത്തേ പിതാവിനെ നഷ്ടപ്പെട്ടതിനാൽ മാതാവിന്റെ തണലിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ ജനനം ഒരു ഇസ്‍ലാമിക പണ്ഡിത കുടുംബത്തിൽ നിന്നായതിനാൽ തന്നെ അദ്ദേഹത്തിന്റെ പഠന ജീവിതം വളരെ നന്നായി മുന്നോട്ട് പോയി.

ജീവിതത്തിൽ യാത്രകളെ ഇഷ്ടപ്പെട്ട സഅദി ഇന്ത്യ, എത്യോപ്യ, യെമൻ ഈജിപ്ത്, മൊറോക്കോ, ഫലസ്തീൻ തുടങ്ങിയ അനേകം രാജ്യങ്ങളിൽ പര്യടനം നടത്തി. ഈ യാത്രകളുടെ ഒക്കെ തന്നെ സ്വാധീനം നമുക്ക് അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്.  ഓരോ രാജ്യത്ത് വെച്ചും വിവിധ തരം ആളുകളുമായി സംവദിക്കുന്നതും പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ആലപ്പോയിൽ വെച്ച് കുരിശുപോരാളികൾക്കെതിരെ കഠിന യുദ്ധം നയിക്കുന്ന സൂഫി സംഘത്തോടൊപ്പം ചേരുകയും അദ്ദേഹത്തെ കുരിശു സൈന്യം പിടികൂടുകയും ഏഴു വര്ഷം അവരുടെ കീഴിൽ അടിമയായി ജീവിക്കേണ്ടിവരികയും ചെയ്തു. പിന്നീട് മംലൂക് ഭരണകൂടമാണ് അദ്ദേഹത്തെ മോചിപ്പിക്കുന്നത്. ഒരുപാട് കാലത്തെ യാത്രക്ക് ശേഷം കുട്ടിക്കാലം ചിലവഴിച്ച ഇസ്ഫഹാനിലേക്കും അടുത്തുള്ള പ്രദേശങ്ങളിലേക്കും സന്ദർശനം നടത്തി. അവിടെ വെച്ച് പല സൂഫികളുമായും ബന്ധം സ്ഥാപിച്ച സഅദി മഹാനായ ഒരു സൂഫി കൂടിയായി മാറി.  പന്ത നാമ, ദീവാൻ, പോലോത്ത ഇരുപത്തിമൂന്നോളം രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ഗുലിസ്താൻ, ബുസ്താൻ എന്നീ കൃതികളാണ്. 

ഗുലിസ്താൻ 

സഅദീ ശീറാസിയുടെ കൃതികളിൽ ഏറെ പ്രശസ്തമായ രചനയാണ് ഗുലിസ്താൻ. മലയാള ഭാഷയിൽ പൂന്തോപ്പെന്നർത്ഥം വരുന്ന ഗുലിസ്താൻ പേർഷ്യൻ സാഹിത്യത്തിന്റെ ഒരു പ്രധാന അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചെറുകഥകളും നാട്ടുകഥകളും നിറഞ്ഞ ഗുലിസ്താൻ സഅദിയുടെ പേർഷ്യൻ സാഹിത്യത്തിലെ അതിവൈഭവത്തെ വിളിച്ചോതുന്നുണ്ട്. 1258ലാണ് സഅദി ഗുലിസ്താന്റെ രചന പൂർത്തിയാക്കുന്നത്. റോസാപ്പൂ നിറഞ്ഞ പൂന്തോപ്പെന്ന പോലെ ഗുലിസ്താൻ റോസാപ്പൂ പോലോത്ത കഥകൾ നിറഞ്ഞ പൂന്തോപ്പാണ്. ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗുലിസ്താൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഡോ. ഉബൈദ് ആണ്. ഇസ്‍ലാമിന്റെ മനോഹരമായ പാരമ്പര്യത്തെയും ചരിത്രത്തെയും സഅദി ഗുലിസ്താനിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ബുസ്താൻ

സഅദീ ഷിറാസിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കൃതിയാണ് ബുസ്താൻ.  മലയാളത്തിൽ പൂന്തോപ്പ് എന്നർത്ഥം വരുന്ന ബുസ്താൻ, സഅ്ദിയുടെ കവിതാ സമാഹാരമാണ്.   മസ്നവി ശൈലി, അതായത്  ഈരടി കവിതകളായിട്ടാണ് സഅദി ബൂസ്താൻ രചിച്ചിരിക്കുന്നത്. സഅദി തന്റെ യത്രാനുഭവസമ്പത്തും വിദ്യാസമ്പത്തും ഉപയോഗിച്ച് മനോഹരമായ ആശയങ്ങളുള്ള വരികൾ ലോകത്തിന് സമ്മാനിച്ചു. കഥാ വിവരണത്തിലും സാരോപദേശത്തിലും ഈസോപ്പ് കഥകളോട് സാമ്യം തോന്നിക്കുന്ന ബുസ്താൻ, അതിവേഗം തന്നെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. Bokklubben World Library [നോർവീജിയൻ ബുക്ക് ക്ലബ്] പുറത്തു വിട്ട ലോകത്തിലെ മികച്ച നൂറ് പുസ്തകങ്ങളിൽ സഅ്ദിയുടെ ബുസ്താനും ഉൾപ്പെടുന്നു.  ഇന്ത്യയിലെ ഒരുപാട് മക്തബുകളിൽ സഅ്ദിയുടെ ഗുലിസ്താനും ബുസ്തനും പഠിപ്പിക്കപ്പെടുകയും പല വിദ്യാർത്ഥികളും അത് മനഃപാഠമാക്കുകയും ചെയ്തിരുന്നു. പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ബുസ്താൻ, ഇംഗ്ലീഷിലേക്ക്, ഓർച്ചാർഡ് എന്ന നാമത്തില് എ. ഹാർട്ട് എഡ്‌വേഡ്സും ഡച്ച് ഭാഷയിലേക്ക് 1688 ഇൽ ഡാനിയേൽ ഹവാർട്ടുമാണ്  വിവർത്തനം ചെയ്തത്. 

1291ലാണ് സഅ്ദീ ഷീറാസിയുടെ മരണം എന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞും ഇന്നും അദ്ദേഹം തന്റെ കൃതികളിലൂടെ ലോകജനതക്ക് മുമ്പില്‍ ജീവിച്ചുകൊണ്ടേ ഇരിക്കുകയാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter